UPDATES

കന്യാമറിയത്തിന്റെ പ്രതിമ കരഞ്ഞതും, പൊരിച്ച ബ്രഡ്ഡില്‍ ക്രിസ്തുവിനെ കണ്ടതുമൊന്നും കണ്ണടച്ച് വിശ്വസിക്കേണ്ട

‘ അത്ഭുതപ്രവര്‍ത്തി’കളുടെ കാര്യത്തില്‍ വത്തിക്കാന്റെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍

                       

കന്യാമറിയത്തിന്റെ പ്രത്യക്ഷപ്പെടലും, യേശു ക്രിസ്തുവിന്റെ കണ്ണുനീരുമൊക്കെ കത്തോലിക്ക സഭയില്‍ കാലങ്ങളായി കൊണ്ടാടപ്പെടുന്ന ‘ അത്ഭുത പ്രവര്‍ത്തികളാണ്’. വിശ്വാസികളെ ആകര്‍ഷിക്കുന്നതിനൊപ്പം തന്നെ, വ്യാപക തട്ടിപ്പുകള്‍ ഇത്തരം ‘ അത്ഭുതങ്ങളുടെ’ മറവില്‍ നടക്കുന്നുണ്ടെന്നതും വെളിപ്പെട്ടതാണ്. ഇക്കാലമത്രയും ഇത്തരം പ്രവര്‍ത്തികളില്‍ കാര്യമായ ഇടപെടലുകള്‍ നടത്താതിരുന്ന കത്തോലിക്ക സഭ ഒടുവില്‍ സോഷ്യല്‍ മീഡിയ കാലത്ത് ചില പുനര്‍വിചിന്തനങ്ങള്‍ക്ക് തയ്യാറെടുത്തിരിക്കുകയാണ്. കാതലായ മാറ്റം എന്നതിനെ വിശേഷിപ്പിക്കാം. vatican new rules supernatural occurrences,apparitions

പ്രത്യക്ഷീകരണങ്ങളുടെയും അത്ഭുതപ്രവര്‍ത്തനങ്ങളുടെയും ആധികാരികതയെ കുറിച്ച് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ വെള്ളിയാഴ്ച്ച വത്തിക്കാന്‍ പുറത്തിറക്കിയിരിക്കുകയാണ്. ഇനി മുതല്‍ പ്രത്യക്ഷീകരണങ്ങളും വെളിപാടുകളും, അമാനുഷിക പ്രവര്‍ത്തികളായി പ്രഖ്യാപിക്കാനുള്ള അവകാശം പ്രാദേശിക ബിഷപ്പുമാരില്‍ നിന്നും മാറി മാര്‍പാപ്പയില്‍ നിക്ഷിപ്തമാകുമെന്നാണ് മേയ് 17 ന് വത്തിക്കാന്‍ ഡികാസ്റ്ററി(ഡികാസ്റ്ററി ഫോര്‍ ദ ഡോക്ട്രിന്‍ ഓഫ് ദി ഫെയ്ത്ത്)പുറത്തിറക്കിയ ‘ ആരോപിതമായ അമാനുഷിക പ്രതിഭാസങ്ങളുടെ വിവേചനാധികരവുമായി ബന്ധപ്പെട്ടുള്ള മാനദണ്ഡങ്ങള്‍‘ വ്യക്തമാക്കിയിരിക്കുന്നത്. 1978 ല്‍ പുറത്തിറക്കിയ മാനദണ്ഡങ്ങളുടെ പരിഷ്‌കരിച്ച രൂപമാണ് ഇപ്പോഴത്തേത്. പഴയ മാനദണ്ഡങ്ങള്‍ അപര്യാപ്തമായെന്ന ആലോചനയിലാണ് പുതിയ പരിഷ്‌കരണം.

‘ക്രിസ്തുവിന്റെയോ പരിശുദ്ധ കന്യകയുടെയോ പ്രത്യക്ഷീകരണമോ വെളിപാടുകളോ പോലുള്ള അമാനുഷിക സംഭവങ്ങള്‍ വിശ്വാസത്തെ ശക്തിപ്പെടുത്തുകയും ഭക്തിയെ പ്രോത്സാഹിപ്പിക്കുകയും ചില സന്ദര്‍ഭങ്ങളില്‍ പ്രശസ്തമായ ആരാധനാലയങ്ങള്‍ സ്ഥാപിക്കുന്നതിലേക്ക് നയിക്കുകയും ചെയ്തിട്ടുണ്ടെന്ന് പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നുണ്ട്. അതേ സമയം തന്നെ പ്രതിമകളുടെ കണ്ണീല്‍ നിന്നും രക്തമൊഴുകുന്നു, പൊരിച്ച ബ്രഡില്‍ തിരുരൂപം പ്രത്യക്ഷമായിരിക്കുന്നു തുടങ്ങിയ അവകാശവാദങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കൂടി വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നതില്‍ ആശങ്കയുണ്ടെന്നും വത്തിക്കാന്‍ ഡികാസ്റ്ററി ചൂണ്ടിക്കാണിക്കുന്നു. പുതിയ തീരുമാനങ്ങള്‍ നിയന്ത്രണങ്ങള്‍ക്കോ അടിച്ചമര്‍ത്തലുകള്‍ക്കോ വേണ്ടിയുള്ളതല്ലെന്നാണ് വത്തിക്കാന്‍ ഡോക്ട്രിന്‍ ഓഫിസ് തലവന്‍ കര്‍ദിനാള്‍ വിക്ടര്‍ മാനുവല്‍ ഫെര്‍ണാണ്ടസ് പറയുന്നത്. ചില സാഹചര്യങ്ങളില്‍ അതീന്ദ്രായാനുഭവങ്ങളുടെ പേര് പറഞ്ഞു ലാഭമുണ്ടാക്കാനും അധികാരം സ്ഥാപിക്കാനും വ്യക്തിതാത്പര്യം സംരക്ഷിക്കാനും മറ്റുള്ളവരുടെ മേല്‍ നിയന്ത്രണം നേടാനും അവരെ ചൂഷണം ചെയ്യാനുമൊക്കെ ശ്രമം നടക്കുന്നുണ്ടെന്നും കര്‍ദിനാള്‍ ചൂണ്ടിക്കാട്ടി. ദൈവികമായ ഒരു ഉദ്യമമെന്ന വ്യാജേന ആരെങ്കിലും നടത്തുന്ന കള്ളത്തരങ്ങള്‍ക്ക് വിശ്വാസികള്‍ ഇരകളാക്കപ്പെടുന്നുണ്ടെന്നും കര്‍ദിനാള്‍ ഫെര്‍ണാണ്ടസ് പറഞ്ഞു.

മാര്‍പാപ്പയാകുമെന്ന് സ്വയം കരുതിയിരുന്ന, വത്തിക്കാനിലെ അതിശക്തനായിരുന്നൊരു കര്‍ദിനാള്‍ ഇനി ജയിലില്‍, കുറ്റം സാമ്പത്തിക തട്ടിപ്പ്

പ്രത്യക്ഷപ്പെടലുകള്‍ ഉള്‍പ്പെടെയുള്ള ദൈവിക സംഭവങ്ങളുടെ ‘അതീന്ദ്രിയ’ സ്വഭാവം തിരിച്ചറിയാനുള്ള അധികാരം പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം ബിഷപ്പുമാരില്‍ നിന്ന് എടുത്തു കളയുന്നുണ്ടെങ്കിലും, അതിനുപകരമായി ബിഷപ്പുമാര്‍ക്ക് മറ്റ് ചില അവകാശങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഒരു പ്രതിഭാസം അമാനുഷികമല്ലെന്ന പ്രഖ്യാപിക്കാനുള്ള അവകാശവും അതില്‍ ഉള്‍പ്പെടുന്നുണ്ട്.

കന്യാമറിയത്തിന്റെ പ്രത്യക്ഷീകരണത്തിലൂടെ ആഗോള തീര്‍ത്ഥാടന കേന്ദ്രമായി മാറിയ ദേവാലയങ്ങളാണ് പോര്‍ച്ചുഗലിലെ ഫാത്തിമയും ഫ്രാന്‍സിലെ ലൂര്‍ദും. തീര്‍ത്ഥടക പ്രവാഹത്തിലൂടെ വന്‍ സാമ്പത്തിക നേട്ടവും ഇവിടങ്ങളില്‍ ലഭിക്കുന്നുണ്ട്. പാദ്രെ പിയോ, അസ്സീസിയിലെ സെന്റ്. ഫ്രാന്‍സിസ്, അതുപോലെ, തിരുമുറിവുകള്‍, സഭ നേതാക്കളുടെ അവകാശവാദങ്ങള്‍ തുടങ്ങി പല കാരണങ്ങള്‍ ലക്ഷകണത്തിന് കത്തോലിക്കരെ സ്വാധീനിച്ചിട്ടുണ്ട്. ഇതിനൊപ്പം തന്നെയാണ് വ്യാജമായ ചില അവകാശവാദങ്ങളിലൂടെ വിശ്വാസികള്‍ വഞ്ചിതരാകുന്നതെന്നും കര്‍ദിനാള്‍ വിക്ടര്‍ മാനുവല്‍ ഫെര്‍ണ്ടാണ്ടസ് പറയുന്നു. ബോസ്‌നിയ- ഹെര്‍സെഗോവിനയിലെ മെഡ്ജുഗോര്‍ജെയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ പ്രത്യക്ഷീകരണം ആയിരക്കണക്കിന് വിശ്വാസികളെയാണ് വര്‍ഷാവര്‍ഷം അങ്ങോട്ടേയ്ക്ക് ആകര്‍ഷിക്കുന്നത്. എന്നാല്‍ ഈ അത്ഭുതപ്രവര്‍ത്തി വ്യാജമാണെന്ന ആരോപണം ശക്തമായതിനെ തുടര്‍ന്ന് 2018 ല്‍ മാര്‍പാപ്പ ഇക്കാര്യത്തില്‍ അന്വേഷണത്തിന് ആവശ്യപ്പെട്ടിരുന്നു. ഇതുവരെ അതിലൊരു തീര്‍പ്പ് ഉണ്ടായിട്ടില്ല.

‘ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തിയിലൂടെ ദൈവം തന്റെ അനുഗ്രഹങ്ങള്‍ നമ്മില്‍ ചൊരിയുന്നത് അവസാനിപ്പിക്കില്ല. അതേസമയം വഞ്ചനകളില്‍ നിന്നും വിശ്വാസികളെ സംരക്ഷിക്കുകയെന്നത് സഭയുടെ ചുമതലയാണ്’; കര്‍ദിനാള്‍ പറയുന്നു.

Content Summary; Vatican new rules cracks down supernatural occurrences new apparition

Share on

മറ്റുവാര്‍ത്തകള്‍