June 04, 2026 |
Share on

ജാക്കും റോസുമായി ട്രംപും എപ്സ്റ്റീനും; വൈറ്റ് ഹൗസിനെ ഞെട്ടിച്ചൊരു ടൈറ്റാനിക്‌ പ്രതിമ

‘കിംഗ് ഓഫ് ദ വേള്‍ഡ്’ എന്ന് പേരിട്ടിരിക്കുന്ന ഈ പ്രതിമയുടെ പിന്നില്‍ ‘ദി സീക്രട്ട് ഹാന്‍ഡ്ഷേക്ക്’ എന്ന അജ്ഞാത കലാകാരന്മാരുടെ കൂട്ടായ്മയാണ്

വാഷിംഗ്ടണിലെ നാഷണല്‍ മാളില്‍ കഴിഞ്ഞ ചൊവ്വാഴ്ച പന്ത്രണ്ടടി ഉയരമുള്ള ഒരു സുവര്‍ണ്ണ പ്രതിമ ഉയര്‍ന്നു. ടൈറ്റാനിക്കിലെ ജാക്ക്-റോസ് കഥാപാത്രങ്ങളുടെ മാതൃകയിലാണ് ഈ പ്രതിമ. എന്നാല്‍ ഈ പ്രതിമ അമേരിക്കന്‍ ഭരണകൂടത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. അതിനൊരു കാരണമുണ്ട്, ഇവിടെ ജാക്കും റോസും ആയിരിക്കുന്നത്, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും, ജെഫ്രി എപ്സ്റ്റീനുമാണ്!

‘കിംഗ് ഓഫ് ദ വേള്‍ഡ്’ എന്ന് പേരിട്ടിരിക്കുന്ന ഈ സുവര്‍ണ്ണ പ്രതിമയില്‍, ടൈറ്റാനിക് കപ്പലിന്റെ അണിയത്ത് നില്‍ക്കുന്ന ജാക്കിനെയും റോസിനെയും പോലെയാണ് ട്രംപിനെയും എപ്സ്റ്റീനെയും ചിത്രീകരിച്ചിരിക്കുന്നത്. ട്രംപ് എപ്സ്റ്റീന്റെ പിന്നില്‍ കൈകള്‍ വിരിച്ചുപിടിച്ചു നില്‍ക്കുന്ന രൂപത്തിലുള്ള ഈ ശില്‍പം വാഷിംഗ്ടണ്‍ സ്മാരകത്തിന് അഭിമുഖമായാണ് സ്ഥാപിച്ചിരിക്കുന്നത്. ‘ദി സീക്രട്ട് ഹാന്‍ഡ്ഷേക്ക്’ എന്ന അജ്ഞാത കലാകാരന്മാരുടെ കൂട്ടായ്മയാണ് ഇതിന് പിന്നില്‍. ട്രംപും എപ്സ്റ്റീനും തമ്മിലുണ്ടായിരുന്ന സൗഹൃദത്തെ പരിഹസിക്കുന്ന മൂന്നാമത്തെ ഇന്‍സ്റ്റലേഷനാണിത്.

ശില്‍പത്തിനൊപ്പമുള്ള ഫലകത്തിലെ ചില കാര്യങ്ങളും എഴുതി വച്ചിട്ടുണ്ട്. അവയും ഇപ്പോള്‍ വൈറലാണ്.

‘ജാക്കിന്റെയും റോസിന്റെയും പ്രണയകഥ ആഡംബര യാത്രകളിലും പാര്‍ട്ടികളിലും രഹസ്യ നഗ്‌നചിത്രങ്ങളിലും കെട്ടിപ്പടുത്തതായിരുന്നു. ആഡംബര യാത്രകളും പാര്‍ട്ടികളും രഹസ്യ ചിത്രങ്ങളും തന്നെ അടിത്തറയായ ഡൊണാള്‍ഡ് ട്രംപും ജെഫ്രി എപ്സ്റ്റീനും തമ്മിലുള്ള ദൃഢബന്ധത്തെ ഈ സ്മാരകം ആദരിക്കുന്നു.’- ഇതാണ് ആ വാചകങ്ങള്‍.

പ്രതിമയ്ക്ക് സമീപം ‘മേക് അമേരിക്ക സേഫ് എഗൈന്‍’ എന്ന മുദ്രാവാക്യത്തോടൊപ്പം ഇരുവരും ഒന്നിച്ചുനില്‍ക്കുന്ന ചിത്രങ്ങളുള്ള പത്ത് ബാനറുകളും സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ അമേരിക്കന്‍ നീതിന്യായ വകുപ്പിന്റെ ഔദ്യോഗിക ചിഹ്നമുണ്ടെങ്കിലും അതിലെ ‘ജസ്റ്റിസ്’ എന്ന വാക്ക് കറുത്ത മഷി ഉപയോഗിച്ച് മായ്ച്ചു കളഞ്ഞ നിലയിലാണ്.

ഇറാന്‍ യുദ്ധത്തിന്റെ മറവില്‍ എപ്സ്റ്റീന്‍ വിവാദത്തില്‍ നിന്നും രക്ഷപ്പെടാമെന്നാണ് ട്രംപ് വിചാരിക്കുന്നതെന്നും, എന്നാല്‍ എപ്സ്റ്റീന്‍ ഫയലുകളില്‍ ആയിരക്കണക്കിന് തവണ പരാമര്‍ശിക്കപ്പെട്ട ട്രംപിന്റെ പേര് പൊതുശ്രദ്ധയില്‍ നിലനിര്‍ത്താനാണ് ഈ ശ്രമമെന്നാണ് പ്രതിമയ്ക്ക് പിന്നിലുള്ള കലാകാരന്മാര്‍ പറയുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ ഇരുവരും കൈകോര്‍ത്തു നില്‍ക്കുന്ന ‘ബെസ്റ്റ് ഫ്രണ്ട്‌സ് ഫോറെവര്‍’ എന്ന പ്രതിമയും, ജനുവരിയില്‍ എപ്സ്റ്റീന് ട്രംപ് അയച്ചതെന്ന് പറയപ്പെടുന്ന ജന്മദിന സന്ദേശത്തിന്റെ വലിയ മാതൃകയും ഇവര്‍ ഇതേപോലെ സ്ഥാപിച്ചിരുന്നു.

നിലവിലെ പ്രതിമ സ്ഥാപിക്കാനുള്ള അനുമതി പത്രത്തില്‍ അത് നീക്കം ചെയ്യേണ്ട തീയതി കറുത്ത മഷി ഉപയോഗിച്ച് മായ്ച്ചിരിക്കുകയാണ്. ഇത് മനപ്പൂര്‍വ്വം ചെയ്തതാണോ അതോ ഉദ്യോഗസ്ഥരുടെ പിഴവാണോ എന്ന് വ്യക്തമല്ല.

ട്രംപ്- എപ്സ്റ്റീന്‍ പ്രതിമയെ വൈറ്റ് ഹൗസ് ശക്തമായി അപലപിച്ചു. ഇത് രാഷ്ട്രീയമായ ഇരട്ടത്താപ്പാണെന്നാണ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി അബിഗയില്‍ ജാക്‌സണ്‍ ആരോപിച്ചത്. ലൈംഗിക കുറ്റവാളിയെന്ന് വിധിക്കപ്പെട്ട ശേഷവും എപ്സ്റ്റീനുമായി ബന്ധം പുലര്‍ത്തിയ ഡെമോക്രാറ്റിക് നേതാക്കള്‍ക്കെതിരെ എന്തുകൊണ്ട് ഇത്തരം പ്രതിമകള്‍ ഉയരുന്നില്ലെന്നാണ് അവര്‍ ചോദിച്ചത്.

എപ്സ്റ്റീന്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുവന്നതോടെ താന്‍ പൂര്‍ണ്ണമായും നിരപരാധിയാണെന്ന് തെളിഞ്ഞതായാണ് ട്രംപിന്റെ വാദം. 2000-മാണ്ടിന്റെ മധ്യത്തില്‍ തങ്ങള്‍ തമ്മില്‍ പിണങ്ങിയെന്നും എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നുമാണ് ട്രംപ് ആവര്‍ത്തിക്കുന്നത്. എങ്കിലും, 2003-ല്‍ എപ്സ്റ്റീന് അയച്ചതെന്ന് കരുതപ്പെടുന്ന കത്തുകളും ചിത്രങ്ങളും ഇപ്പോഴും വിവാദമായി തുടരുന്നു.

വിവാദങ്ങളും ആരോപണങ്ങളും മുറുകുമ്പോഴും വാഷിംഗ്ടണിലെ വിനോദസഞ്ചാര കേന്ദ്രത്തില്‍ ഉയര്‍ന്നിരിക്കുന്ന ട്രംപ്-എപ്സ്റ്റീന്‍ പ്രതിമ കാണാന്‍ നിരവധി ആളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്.

Content Summary; Titanic-themed Trump-Epstein statue at National Mall, sparks political controversy

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×