2026 ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് മത്സരങ്ങളുടെ ഇന്ത്യയിലെ സംപ്രേക്ഷണാവകാശത്തിനായി ശ്രമിച്ച ഹൈദരാബാദ് കമ്പനിയെ പറ്റിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയ അമേരിക്കന്‍ വ്യവസായിക്കെതിരെ തെലങ്കാന പോലീസ് കേസെടുത്തു. ഹൈദരാബാദ് ആസ്ഥാനമായുള്ള ‘മെറ്റലോയ്ഡ് പ്രൊഡക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന മീഡിയ ആന്‍ഡ് ഇവന്റ് മാനേജ്മെന്റ് കമ്പനി മാനേജിംഗ് ഡയറക്ടറായ പ്രീതിഷ് കൊല്ലാട്ടിയുടെ പരാതിയിലാണ് കേസ്. വാഷിംഗ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘അവ്‌നി എല്‍.എല്‍.സി’ എന്ന കമ്പനി ഉടമയും ഇന്ത്യന്‍ വംശജനുമായ ദിലീപ് മസ്‌കെ (സാം മസ്‌കെ) എന്ന വ്യവസായിക്കും കൂട്ടാളികള്‍ക്കുമെതിരെയാണ് തെലങ്കാന പൊലീസിന്റെ സെന്‍ട്രല്‍ ക്രൈം സ്റ്റേഷന്‍ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിരിക്കുന്നത്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ എന്നിവരുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന് അവകാശപ്പെട്ടായിരുന്നു ഇയാള്‍ ദിലീപിനെ സ്വാധീനിച്ച് തട്ടിപ്പ് നടത്തിയത്.
2025 സെപ്റ്റംബറില്‍ ഇന്ത്യയിലെ ദേശീയ ചാനലിന്റെ പങ്കാളിത്തത്തോടെ 70.57 മില്യണ്‍ യു.എസ് ഡോളര്‍ (ഏകദേശം 670 കോടി രൂപ) ലേലത്തുക സമര്‍പ്പിച്ചാണ് മെറ്റലോയ്ഡ് കമ്പനി ഫിഫ ലോകകപ്പിന്റെ സംപ്രേഷണാവകാശത്തിന് ശ്രമിച്ചത്. ലേലത്തില്‍ കമ്പനി വിജയിച്ചതായും കരാര്‍ നടപടികളിലേക്ക് കടക്കാമെന്നും സെപ്റ്റംബര്‍ 18-ന് ഫിഫ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. എന്നാല്‍, ടെന്‍ഡര്‍ നടപടികള്‍ക്ക് ശേഷം ചില പ്രായോഗിക ബുദ്ധിമുട്ടുകളും നിയന്ത്രണങ്ങളും കാരണം ദേശീയ ചാനല്‍ ഈ പങ്കാളിത്തത്തില്‍ നിന്ന് പിന്മാറി. ഇതോടെ കരാര്‍ പ്രകാരം നല്‍കേണ്ട വലിയ തുക കണ്ടെത്താനായി മെറ്റലോയ്ഡ് കമ്പനി മറ്റ് നിക്ഷേപകരെ തിരയാന്‍ തുടങ്ങി. ഈ സാഹചര്യത്തിലാണ് ഒരു സുഹൃത്ത് വഴി ദിലീപ് മസ്‌കെയെ പരിചയപ്പെടുന്നത്.
വലിയ ഫണ്ട് ശരിയാക്കാന്‍ ശേഷിയുള്ള ഒരു ആഗോള ബിസിനസുകാരനാണ് താനെന്നാണ് മസ്‌കെ സ്വയം പരിചയപ്പെടുത്തിയത്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടുംബാംഗങ്ങളുമായും മുതിര്‍ന്ന യു.എസ് ഉദ്യോഗസ്ഥരുമായും തനിക്ക് ബന്ധമുണ്ടെന്ന് കാണിക്കാന്‍ ചില ചിത്രങ്ങളും സെല്‍ഫികളും ഇയാള്‍ പ്രീതിഷിനെ കാണിച്ചു. കൂടാതെ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയുമായി സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങളും സ്‌ക്രീന്‍ഷോട്ടുകളും കാണിച്ച് വിശ്വാസ്യത പിടിച്ചുപറ്റി. ഇത് വിശ്വസിച്ച മെറ്റലോയ്ഡ് കമ്പനി, ലോകകപ്പ് മീഡിയ അവകാശം സ്വന്തമാക്കുന്നതിനായി 50 മില്യണ്‍ ഡോളറിന്റെ നിക്ഷേപം വാഗ്ദാനം ചെയ്ത മസ്‌കെയുടെ ‘അവ്‌നി എല്‍.എല്‍.സി’യുമായി കരാറിലേര്‍പ്പെട്ടു.
തുടര്‍ന്ന് നിക്ഷേപത്തിന്റെ ഭാഗമായി മസ്‌കെയും കൂട്ടാളികളും ഫിഫയ്ക്ക് മുന്നില്‍ ചില സാമ്പത്തിക രേഖകള്‍ സമര്‍പ്പിച്ചു. എന്നാല്‍ ഫിഫ നടത്തിയ പരിശോധനയില്‍ ഈ രേഖകളെല്ലാം വ്യാജമാണെന്നു മനസിലായി. ഇതോടെ മെറ്റലോയ്ഡ് കമ്പനിയുമായുള്ള കരാര്‍ തന്നെ ഫിഫ റദ്ദാക്കി. ഈ തട്ടിപ്പ് കാരണം തന്റെ കമ്പനിക്ക് നേരിട്ട് രണ്ടു കോടി രൂപയുടെ സാമ്പത്തിക നഷ്ടവും കടുത്ത മാനഹരിയും ഉണ്ടായതായി പ്രീതിഷ് പരാതിയില്‍ പറയുന്നു. ലേലം റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഫിഫയില്‍ നിന്ന് നിയമനടപടികള്‍ ഉണ്ടായാല്‍ കമ്പനി വലിയ പ്രതിസന്ധിയിലാകും. ഏകദേശം 800 മില്യണ്‍ ഡോളറിന്റെ നഷ്ടമാണ് ബിസിനസ്സ് രംഗത്ത് കമ്പനിക്ക് ഇതിലൂടെ ഉണ്ടായിട്ടുള്ളതെന്ന് സി.സി.എസ് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ചൈതന്യ കുമാര്‍ വ്യക്തമാക്കി.
പ്രതിയായ ദിലീപ് മസ്‌കെയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നിലവില്‍ ലഭ്യമായിട്ടില്ലെന്നും ഇയാള്‍ക്കായി ഉടന്‍ തന്നെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിക്കുമെന്നും ഡി.സി.പി അറിയിച്ചു. അമേരിക്കയിലുള്ള ഇയാളെ ഇന്ത്യയിലെത്തിച്ച് നിയമനടപടികള്‍ക്ക് വിധേയനാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.
Content Summary; Hyderabad police register a cheating case against a US-based businessman for allegedly using forged documents to derail a local firm’s $70.57 million bid for FIFA World Cup 2026 broadcast rights
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.