June 13, 2026 |
Share on

വൈറ്റ് ഹൗസിനെ അമ്പരപ്പിച്ച് എപ്സ്റ്റീന്‍ വിവാദത്തില്‍ മെലാനിയ; എല്ലാം ട്രംപിന്റെ അറിവോടെയോ?

എപ്സ്റ്റീനുമായി ബന്ധപ്പെട്ട മെലാനിയയുടെ പ്രസ്താവന അമേരിക്കന്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്

ആത്മഹത്യ ചെയ്ത ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് പ്രസ്താവിച്ച് അമേരിക്കന്‍ പ്രഥമ വനിത മെലാനിയ ട്രംപ്. വ്യാഴാഴ്ച വൈറ്റ് ഹൗസില്‍ നടത്തിയ അപ്രതീക്ഷിത പ്രസ്താവനയിലാണ് തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളെ അവര്‍ ശക്തമായി നിഷേധിച്ചത്. എപ്സ്റ്റീന്റെ ഇരകള്‍ക്ക് വേണ്ടി കോണ്‍ഗ്രസ് പരസ്യമായ ഹിയറിംഗ് നടത്തണമെന്നും അവര്‍ ഈ അവസരത്തില്‍ ആവശ്യപ്പെട്ടു.

‘അപമാനിതനായ ജെഫ്രി എപ്സ്റ്റീനുമായി എന്നെ ബന്ധിപ്പിച്ചു കൊണ്ടുള്ള നുണപ്രചാരണങ്ങള്‍ ഇന്ന് അവസാനിക്കണം,’ വൈറ്റ് ഹൗസിലെ പ്രധാന ഫോയറില്‍ സംസാരിക്കവെ മെലാനിയ പറഞ്ഞു. തനിക്കെതിരെ നുണ പറയുന്നവര്‍ക്ക് ധാര്‍മ്മിക മൂല്യങ്ങളോ ബഹുമാനമോ ഇല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എപ്സ്റ്റീന്‍ നടത്തിയ പീഡനങ്ങളെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നും അദ്ദേഹത്തിന്റെ വിമാനത്തിലോ സ്വകാര്യ ദ്വീപിലോ താന്‍ ഒരിക്കലും പോയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. തന്നെയും എപ്സ്റ്റീനെയും ബന്ധിപ്പിച്ചു കൊണ്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രങ്ങളും പ്രസ്താവനകളും വ്യാജമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഡൊണാള്‍ഡ് ട്രംപ് 1990-കളിലും 2000-ന്റെ തുടക്കത്തിലും എപ്സ്റ്റീനുമായി സാമൂഹിക ബന്ധം പുലര്‍ത്തിയിരുന്നു. ട്രംപും മെലാനിയയും എപ്സ്റ്റീനൊപ്പമുള്ള ചിത്രങ്ങളും മുന്‍പ് പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ എപ്സ്റ്റീനുമായി തനിക്ക് വ്യക്തിപരമായ സൗഹൃദം ഉണ്ടായിരുന്നില്ലെന്നും ന്യൂയോര്‍ക്കിലെയും പാം ബീച്ചിലെയും ചില പൊതുചടങ്ങുകളില്‍ ഒരേസമയം പങ്കെടുത്തു എന്നത് മാത്രമാണ് വസ്തുതയെന്നും മെലാനിയ വിശദീകരിച്ചു. ട്രംപിനെ തനിക്ക് പരിചയപ്പെടുത്തിയത് എപ്സ്റ്റീന്‍ ആണെന്ന വാദവും അവര്‍ തള്ളി. 1998-ല്‍ ന്യൂയോര്‍ക്കിലെ കിറ്റ് കാറ്റ് ക്ലബ്ബില്‍ വെച്ച് ഒരു സുഹൃത്താണ് തന്നെ ട്രംപിന് പരിചയപ്പെടുത്തിയതെന്ന് അവര്‍ വ്യക്തമാക്കി.

എപ്സ്റ്റീന്റെ സഹായിയായിരുന്ന ഗിസ്ലെയ്ന്‍ മാക്സ്വെല്ലുമായുള്ള ബന്ധത്തെക്കുറിച്ചും മെലാനിയ സംസാരിച്ചു. 2002-ല്‍ മാക്സ്വെല്ലിന് അയച്ച ഒരു ഇമെയില്‍ സന്ദേശം ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തുവിട്ടിരുന്നു. എന്നാല്‍ അത് വെറുമൊരു സാധാരണ സൗഹൃദ സന്ദേശം മാത്രമായിരുന്നുവെന്നും അതിനപ്പുറം ഗൗരവകരമായ ബന്ധമൊന്നും തനിക്ക് മാക്സ്വെല്ലുമായി ഇല്ലെന്നും പ്രഥമ വനിത പറഞ്ഞു.

ഇറാനുമായുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ വൈറ്റ് ഹൗസ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സമയത്തുള്ള മെലാനിയയുടെ ഈ പെട്ടെന്നുള്ള പ്രതികരണം ഉദ്യോഗസ്ഥരെ പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. എപ്സ്റ്റീന്‍ തനിച്ചല്ല കുറ്റകൃത്യങ്ങള്‍ ചെയ്തതെന്നും സത്യം പുറത്തുകൊണ്ടുവരാന്‍ ഇരകളെ സത്യപ്രതിജ്ഞ ചെയ്ത് മൊഴി നല്‍കാന്‍ അനുവദിക്കുന്ന പരസ്യമായ ഹിയറിംഗ് കോണ്‍ഗ്രസ് നടത്തണമെന്നും അവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. എപ്സ്റ്റീന്റെ സാമൂഹിക വലയത്തില്‍ മെലാനിയയും ഉണ്ടായിരുന്നുവെന്ന് ആരോപിച്ച എഴുത്തുകാരന്‍ മൈക്കല്‍ വുള്‍ഫുമായി നിലവില്‍ മെലാനിയ നിയമപോരാട്ടത്തിലാണ്.

ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട മെലാനിയയുടെ പ്രസ്താവന അമേരിക്കന്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. പതിറ്റാണ്ടുകളോളം ഡൊണാള്‍ഡ് ട്രംപ് സൗഹൃദം പുലര്‍ത്തിയിരുന്ന എപ്സ്റ്റീനെ തനിക്ക് അറിയില്ലെന്നായിരുന്നു മെലാനിയയുടെ നിലപാട്. എന്നാല്‍, ഈ പ്രസ്താവനയെക്കുറിച്ച് പ്രസിഡന്റ് ട്രംപിന് മുന്‍കൂട്ടി അറിവുണ്ടായിരുന്നോ എന്ന കാര്യത്തില്‍ വൈരുദ്ധ്യങ്ങള്‍ നിലനില്‍ക്കുന്നു. മെലാനിയ ക്യാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നത് വരെ തനിക്ക് ഇതിനെക്കുറിച്ച് ‘ഒന്നും അറിയില്ലായിരുന്നു’ എന്ന് ട്രംപ് ഒരു മാധ്യമപ്രവര്‍ത്തകയോട് ഫോണിലൂടെ പ്രതികരിച്ചു. ‘അവള്‍ക്ക് അയാളെ അറിയില്ലായിരുന്നു’ എന്ന് കൂട്ടിച്ചേര്‍ത്ത ട്രംപ് ഉടന്‍ തന്നെ ഫോണ്‍ കട്ട് ചെയ്യുകയും ചെയ്തു. മെലാനിയയുടെ പ്രസ്താവനയെക്കുറിച്ച് ട്രംപിന് അറിയാമായിരുന്നു എന്ന് അവരുടെ വക്താവ് ആദ്യം പറഞ്ഞുവെങ്കിലും, പിന്നീട് ആ തിരുത്തുകയും പ്രസിഡന്റിന് വിഷയത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നോ എന്ന് ഉറപ്പില്ലെന്ന് അറിയിക്കുകയും ചെയ്തു.

എപ്സ്റ്റീനെ അറിയില്ലെന്ന മെലാനിയയുടെ അവകാശവാദം നിലനില്‍ക്കെത്തന്നെ, 2000-ല്‍ ട്രംപിന്റെ മാര്‍-എ-ലാഗോ ക്ലബ്ബില്‍ വെച്ച് എപ്സ്റ്റീനോടൊപ്പം നില്‍ക്കുന്ന മെലാനിയയുടെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കൂടാതെ, 2002-ല്‍ എപ്സ്റ്റീന്റെ സഹായിയായിരുന്ന ഗിസ്ലെയ്ന്‍ മാക്സ്വെല്ലിന് മെലാനിയ അയച്ച സൗഹൃദപരമായ ഇമെയിലും ചര്‍ച്ചയാകുന്നു. എപ്സ്റ്റീനെ പുകഴ്ത്തിക്കൊണ്ട് അക്കാലത്ത് ന്യൂയോര്‍ക്ക് മാഗസിനില്‍ വന്ന ലേഖനത്തെ മെലാനിയ പ്രശംസിച്ചിരുന്നു. ഇതേ ലേഖനത്തില്‍ തന്നെയായിരുന്നു എപ്സ്റ്റീന് യുവതികളോടുള്ള താല്‍പ്പര്യത്തെക്കുറിച്ച് ട്രംപ് നടത്തിയ വിവാദപരമായ പരാമര്‍ശങ്ങളും ഉള്‍പ്പെട്ടിരുന്നത്.

ഇറാന്‍ യുദ്ധം, എപ്സ്റ്റീന്‍ വിവാദം എന്നിവയില്‍ നിന്ന് ജനശ്രദ്ധ തിരിക്കാന്‍ ട്രംപ് കുടിയേറ്റ വിരുദ്ധ പ്രചാരണങ്ങളെ ആയുധമാക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഫ്‌ലോറിഡയില്‍ ഹെയ്തിയന്‍ കുടിയേറ്റക്കാരന്‍ ഒരു സ്ത്രീയെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ട്രംപ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. വളരെ ക്രൂരമായ ഈ കൊലപാതക ദൃശ്യങ്ങള്‍ മറയ്ക്കാതെയാണ് ട്രംപ് പ്രചരിപ്പിച്ചത്. കുടിയേറ്റക്കാരോടുള്ള വിദ്വേഷം വളര്‍ത്താനാണ് ട്രംപ് ഇത്തരം ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതെന്ന് കുടിയേറ്റ അവകാശ പ്രവര്‍ത്തകര്‍ വിമര്‍ശിക്കുന്നു. ഹെയ്തിയന്‍ കുടിയേറ്റക്കാര്‍ വളര്‍ത്തുമൃഗങ്ങളെ ഭക്ഷിക്കുന്നു എന്ന ട്രംപിന്റെ പഴയ വിദ്വേഷ പ്രചാരണങ്ങളുടെ തുടര്‍ച്ചയായാണ് ഇതിനെ വിലയിരുത്തുന്നത്. കുടിയേറ്റക്കാര്‍ക്കെതിരെയുള്ള വിദ്വേഷം പടര്‍ത്താന്‍ മുന്‍പ് ബ്രൈറ്റ്ബാര്‍ട്ട് പോലുള്ള വെബ്സൈറ്റുകള്‍ സ്വീകരിച്ചിരുന്ന ‘വംശീയ’ നയമാണ് ഇപ്പോള്‍ ട്രംപ് ഭരണകൂടം ഔദ്യോഗികമായി പിന്തുടരുന്നതെന്ന വിമര്‍ശനവും ശക്തമാണ്.

Content Summary: Melania Trump Denies Any Epstein Connection, Trump reportedly claims he did not know about Melania’s statement

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×