അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ വൈറ്റ് ഹൗസ് ബോള്‍റൂം ആണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. 250 മില്യണ്‍ ഡോളര്‍(ഏകദേശം 2194 കോടി രൂപ) ചെലവ് വരുന്ന പുതിയ വൈറ്റ് ഹൗസ് ബോള്‍റൂം നിര്‍മ്മാണം ആരംഭിച്ചതോടെ, അതിനെക്കുറിച്ചുള്ള കൗതുകങ്ങള്‍ക്കൊപ്പം വിവാദവും ഉയര്‍ന്നിട്ടുണ്ട്. അമേരിക്കയിലെ മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും പ്രസിദ്ധമായ ഔദ്യോഗിക വസതിയില്‍ നടത്തുന്ന പുതിയ നിര്‍മാണ പ്രവര്‍ത്തിയെക്കുറിച്ച് സുപ്രധാനമായ വിവരങ്ങള്‍ പങ്കുവയ്ക്കാം;
90,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് ബോള്‍റൂം പണികഴിപ്പിക്കുന്നത്. ഇതിന്റെ നിര്‍മാണം ഈ ആഴ്ച ഔദ്യോഗികമായി ആരംഭിച്ചു.
വൈറ്റ് ഹൗസ് ആതിഥ്യം വഹിക്കുന്ന വലിയ ഔദ്യോഗിക പരിപാടികള്‍, സ്റ്റേറ്റ് ഡിന്നറുകള്‍, മറ്റ് പ്രധാന ഒത്തുചേരലുകള്‍ എന്നിവ നടത്തുന്നതിനായി നിലവിലുള്ള ഈസ്റ്റ് റൂമിന് പകരമായാണ് കൂടുതല്‍ വിശാലമായ പുതിയ സൗകര്യം ഒരുക്കുന്നത്.
പ്രധാന പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് ഈസ്റ്റ് റൂമില്‍ സൗകര്യം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ നിര്‍മിതിക്ക് പ്രസിഡന്റ് ഒരുങ്ങിയത്. 999 അതിഥികളെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തിലാണ് ഈ ആഢംബര നിര്‍മിതി ഒരുക്കുന്നത്.
ബോള്‍റൂം നിര്‍മാണത്തിന്റെ ആദ്യ ആലോചനയില്‍ ഇത് 650 അതിഥികളെ ഉള്‍ക്കൊള്ളുന്ന, 200 മില്യണ്‍ ഡോളര്‍ ചെലവ് വരുന്ന ഒന്നായിരുന്നു. അവിടെ നിന്നാണ് 250-300 മില്യണ്‍ ഡോളറായി ഉയര്‍ന്നതും അതിഥികളുടെ ശേഷി 999 പേരായി വര്‍ദ്ധിപ്പിക്കുന്നതും.
വൈറ്റ് ഹൗസ് പുറത്തുവിട്ട ചിത്രങ്ങള്‍ പ്രകാരം, ട്രംപിന്റെ മാര്‍-എ-ലാഗോയിലെ ബോള്‍റൂമിനെ അനുസ്മരിപ്പിക്കുന്ന, സ്വര്‍ണ്ണം പൂശിയ ഡിസൈനാണ് വൈറ്റ് ഹൗസ് ബോള്‍റൂമിനും നല്‍കിയിരിക്കുന്നത്.
പുതിയ ബോള്‍ റൂം നിര്‍മിക്കുന്നത് തന്റെ വക വ്യക്തിപരമായ സാമ്പത്തി സംഭാവന നല്‍കുമെന്നാണ് ട്രംപ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ബാക്കി തുക സ്വകാര്യ വ്യക്തികളില്‍ നിന്നും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നാണ് സ്വീകരിക്കുന്നത്. ആപ്പിള്‍, ആമസോണ്‍, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, മെറ്റാ, ലോക്ക്ഹീഡ് മാര്‍ട്ടിന്‍, കോയിന്‍ബേസ്, കോംകാസ്റ്റ്, റിപ്പിള്‍, ടി-മൊബൈല്‍, പാലന്തിര്‍ തുടങ്ങിയ കമ്പനികള്‍ സംഭാവന നല്‍കിയിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു.
വിങ്ക്‌ലെവോസ് സഹോദരങ്ങള്‍, അഡല്‍സണ്‍ കുടുംബം, കൊമേഴ്സ് സെക്രട്ടറി ഹൊവാര്‍ഡ് ലുട്ട്‌നിക് തുടങ്ങിയ സമ്പന്ന വ്യക്തികളും സംഭാവന നല്‍കിയിട്ടുണ്ട്. ട്രസ്റ്റ് ഫോര്‍ ദി നാഷണല്‍ മാള്‍ എന്ന ലാഭരഹിത സ്ഥാപനമാണ് സംഭാവനകള്‍ കൈകാര്യം ചെയ്യുന്നത്.
അതേസമയം വൈറ്റ് ഹൗസ് ബോള്‍റൂമിന് സംഭാവന നല്‍കുന്നത് അഴിമതിയുടെ മറ്റൊരു മുഖമാണെന്നാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്. ഫണ്ട് നല്‍കി കാര്യം കാണാനാണ് സംഭാവന കൊടുക്കുന്നവരുടെ ഉദ്ദേശമെന്നാണ് ആക്ഷേപം. ജോര്‍ജ്ജ് ഡബ്ല്യു. ബുഷ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥനായിരുന്ന റിച്ചാര്‍ഡ് പെയിന്റര്‍ ബിബിസിയോട് പറഞ്ഞത്, ബോള്‍റൂം പദ്ധതി ‘പണം വാങ്ങി വൈറ്റ് ഹൗസുമായി ബന്ധം സ്ഥാപിക്കാനുള്ള മാര്‍ഗമാക്കി മാറ്റിയിരിക്കുകയാണെന്നാണ്.
കോര്‍പ്പറേറ്റുകള്‍ സംഭാവനകള്‍ നല്‍കുന്നതു വഴി ഭരണകൂടത്തിനുള്ളില്‍ അനാവശ്യ സ്വാധീനം അവര്‍ ഉണ്ടാക്കിയെടുക്കുമെന്നും റിച്ചാര്‍ഡ് പെയിന്റര്‍ മുന്നറിയിപ്പ് നല്‍കുന്നു.
1990-കളിലെ ബില്‍ ക്ലിന്റന്റെ ലിങ്കണ്‍ ബെഡ്‌റൂം വിവാദം ഉള്‍പ്പെടെ മുന്‍ പ്രസിഡന്റുമാരുടെ കാലത്ത് നടന്ന സമാനമായ വിവാദങ്ങള്‍ ബോള്‍റൂം പദ്ധതിയിലും ഉണ്ടാകുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
ചില സംഭാവന ദാതാക്കള്‍, 25 മില്യണ്‍ ഡോളര്‍ വരെ വ്യക്തിപരമായി സംഭാവന നല്‍കാന്‍ സന്നദ്ധതയറിയിച്ചിരുന്നുവെന്നാണ് ട്രംപ് പറഞ്ഞത്. 2021 ജനുവരി 6-ലെ കാപ്പിറ്റോള്‍ കലാപത്തിന് ശേഷം ട്രംപിന്റെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ട നിയമപരമായ ഒത്തുതീര്‍പ്പിന്റെ ഭാഗമായി യൂട്യൂബ് 22 മില്യണ്‍ ഡോളര്‍ നല്‍കാന്‍ സമ്മതിച്ചിരുന്നു.
വൈറ്റ് ഹൗസ് നവീകരണത്തിനായി നികുതിദായകന് ഒരൊറ്റ പൈസ പോലും ചെലവഴിക്കില്ലെന്നും ഭാവി ഭരണകൂടങ്ങള്‍ക്ക് ഇത് പ്രയോജനകരമാകുമെന്നുമാണ് വൈറ്റ് ഹൗസ് ഉറപ്പിച്ചു പറയുന്നത്.
പുതിയ നിര്‍മാണത്തിനായി ഈസ്റ്റ് വിങ്ങിന്റെ മുന്‍ഭാഗം പൊളിച്ചുനീക്കുന്നത് ചരിത്രകാരന്മാരെയും സംരക്ഷണവാദികളെയും നിരാശരാക്കിയിട്ടുണ്ട്. നാഷണല്‍ ട്രസ്റ്റ് ഫോര്‍ ഹിസ്റ്റോറിക് പ്രിസര്‍വേഷന്‍, ഈ പദ്ധതി നിര്‍ത്തിവയ്ക്കാന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. ആകെ 55,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വൈറ്റ് ഹൗസില്‍, 90,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ബോള്‍റൂം നിര്‍മിച്ചാല്‍, അത് വൈറ്റ് ഹൗസിന്റെ പ്രസക്തി തന്നെ നഷ്ടപ്പെടുത്തിക്കളയും എന്നാണ് അവര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
പ്രസിഡന്‍ഷ്യല്‍ ചരിത്രകാരനായ ജോനാഥന്‍ ആള്‍ട്ടര്‍ ഈ നിര്‍മ്മാണത്തെ ‘ട്രംപ് ഭരണകൂടത്തിന്റെ തികഞ്ഞ പ്രതീകം’ എന്നാണ് പരിഹസിച്ചത്. ഇത് ‘നിയമവാഴ്ചയ്ക്ക് നേരെയുള്ള അതിക്രമത്തിന് തുല്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. അതേസമയം ഈ നിര്‍മിതിയെ പിന്തുണയ്ക്കുന്നവരും ഏറെയുണ്ട്. വൈറ്റ് ഹൗസിന്റെ ആതിഥേയ ശേഷി കൂട്ടുമെന്ന് കരുതുന്ന, മുന്‍ പ്രഥമ വനിത ലോറ ബുഷിന്റെ ചീഫ് ഓഫ് സ്റ്റാഫ് അനിത മക്‌ബ്രൈഡ് പോലുള്ളവര്‍ അവരില്‍ ഉള്‍പ്പെടുന്നു.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.