UPDATES

വിദേശം

മാര്‍പാപ്പയാകുമെന്ന് സ്വയം കരുതിയിരുന്ന, വത്തിക്കാനിലെ അതിശക്തനായിരുന്നൊരു കര്‍ദിനാള്‍ ഇനി ജയിലില്‍, കുറ്റം സാമ്പത്തിക തട്ടിപ്പ്

ചരിത്രപരമായ ഈ വിചാരണ ഫ്രാന്‍സിസ് പാപ്പ കത്തോലിക്ക സഭയില്‍ നടത്തുന്ന ഒരു നവീകരണം കൂടിയാണ്

                       

ഒരിക്കല്‍ അതിശക്തനായിരുന്നു കര്‍ദിനാള്‍ ആഞ്ചേലോ ബേച്ചൂ. ഫ്രാന്‍സിസ് പാപ്പയുടെ മുന്‍ ഉപദേഷ്ടാവ്. മാര്‍പാപ്പയാകാന്‍ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നവരിലൊരാള്‍, വിശുദ്ധരെ പ്രഖ്യാപിക്കുന്ന സമിതിയുടെ തലവന്‍…

ചരിത്രപരമായൊരു കോടതി വിചാരണയ്ക്കിപ്പുറം വത്തിക്കാന്‍ കോടതി അദ്ദേഹത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നു. സാമ്പത്തിക കുറ്റമാണ് വത്തിക്കാന്റെ അധികാരശൃംഖലയില്‍ കരുത്തനായിരുന്നൊരു പുരോഹിതനെ അഞ്ചര വര്‍ഷത്തെ തടവിന് തടവറയിലേക്ക് അയക്കാനുള്ള കാരണം. വത്തിക്കാന്‍ ക്രിമിനല്‍ കോടതിയില്‍ വിചാരണ നേരിടേണ്ടി വന്ന കത്തോലിക്ക സഭയിലെ ഏറ്റവു മുതിര്‍ന്ന പുരോഹിതനെന്ന അപമാനം കൂടി 75 കാരന്‍ ആഞ്ചേലോ ബേച്ചൂ നേരിടേണ്ടി വരും.

ലണ്ടനിലെ സ്വത്ത് ഇടപടില്‍ നടന്ന ക്രമക്കേടുകളില്‍ കര്‍ദിനാളിനൊപ്പം, മറ്റ് ഒമ്പതുപേര്‍ കൂടി വിചാരണ നേരിടുന്നുണ്ടായിരുന്നു. ഇവരില്‍ വത്തിക്കാന്‍ മുന്‍ ജീവനക്കാര്‍, അഭിഭാഷകര്‍, സാമ്പത്തികകാര്യ ചുമതലക്കാരൊക്കെയുണ്ട്.

ശനിയാഴ്ച്ചയാണ് കോടതി അധ്യക്ഷന്‍ ജൂസെപ്പെ പിഗ്നാട്ടണ്‍ അഞ്ചലോ ബേച്ചൂവിനെതിരേ വിധി പറഞ്ഞത്. പണാപഹരണം, പദവി ദുര്യുപയോഗം, സാക്ഷികളെ നിശബ്ദരാക്കല്‍ എന്നീ കുറ്റങ്ങളാണ് ബേച്ചുവിനെതിരേ കോടതി ചുമത്തിയത്. വിധിയെ മാനിക്കുന്നുവെന്നും എന്നാല്‍ അപ്പീലിന് പോകുമെന്നുമാണ് ബേച്ചൂവിന്റെ അഭിഭാഷകന്‍ ഫാബിയോ വിഗ്‌ലിയോണെ പറയുന്നത്. കോടതിയില്‍ 7, 28,331 രൂപ(8000 യൂറോ) കര്‍ദിനാള്‍ പിഴയായും ഒടുക്കിയിട്ടുണ്ട്.

വത്തിക്കാന് നഷ്ടമുണ്ടാക്കിക്കൊണ്ട് 2014-ല്‍ ലണ്ടനിലെ സ്ലോണ്‍ അവെന്യൂവില്‍ മൂവായിരത്തി ഒരുന്നൂറ്റി എണ്‍പത്തിയാറ് കോടിയുടെ( 350 മില്യണ്‍ യൂറോ) ആഢംബരവസ്തുവകകള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയാണ് കേസിന് ആധാരമായത്. വിശുദ്ധ സിംഹാസനത്തെ ചുറ്റിയുള്ള സാമ്പത്തിനുമേല്‍ നടക്കുന്ന വഞ്ചനകള്‍ കണ്ടെത്തി നടപടിയെടുക്കുക എന്നത് 2013-ല്‍ സ്ഥാനമേറ്റതിനു പിന്നാലെ ഫ്രാന്‍സിസ് മാര്‍പാപ്പ മുന്നോട്ടുവച്ച നിര്‍ദേശങ്ങളിലൊന്നാണ്. ഇതിന്റെ ഭാഗമായി നടന്ന അന്വേഷണങ്ങളിലാണ് കര്‍ദിനാള്‍ ആഞ്ചേലോയും സംഘവും കുരുങ്ങുന്നതും. 2021-ല്‍ ആണ് ഈ കേസിന്റെ വിചാരണ തുടങ്ങുന്നത്.

കത്തോലിക്ക സഭയുടെ ചില പാരമ്പര്യങ്ങളെക്കൂടി പൊളിച്ചു കളയുകയാണ് കര്‍ദിനാള്‍ അഞ്ചലോയെ പോലുള്ളവരുടെ വിചാരണയിലൂടെ പോപ്പ് ഫ്രാന്‍സിസ് ചെയ്തിരിക്കുന്നത്. പാരമ്പര്യമനുസരിച്ച് കര്‍ദിനാളുമാരെയും ബിഷപ്പുമാരെയും വിചാരണ ചെയ്യുന്നത് കര്‍ദിനാള്‍ പദവിയിലുള്ള അധ്യക്ഷന്മാര്‍ നിയന്ത്രിക്കുന്ന വത്തിക്കാന്‍ കോടതികളായിരുന്നു. അഞ്ചലോ ബേച്ചൂവിന്റെ വിചാരണയ്ക്കു മുമ്പായി കര്‍ദിനാള്‍/ബിഷപ്പുമാരെ വിചാരണ ചെയ്യാനുള്ള അധികാരം മാര്‍പാപ്പ വത്തിക്കാന്‍ സിവില്‍ കോടതികള്‍ക്കും നല്‍കി.

പ്രോസിക്യൂട്ടര്‍ അലസാന്ദ്രോ ദിദി ഏഴു വര്‍ഷവും മൂന്നുമാസവുമുള്ള തടവായിരുന്നു കര്‍ദിനാളിന് നല്‍കാന്‍ ശുപാര്‍ശ ചെയ്തിരുന്നത്. മറ്റുള്ളവര്‍ക്ക് നാല് മുതല്‍ 13 വര്‍ഷം വരെയും.

തന്റെ മേല്‍ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ എല്ലാം തുടക്കം മുതല്‍ നിഷേധിക്കുകയായിരുന്നു അഞ്ചലോ ബേച്ചൂ. താന്‍ നിരപരാധിയാണെന്നും കണ്ടെത്തിയിട്ടില്ലാത്ത കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്നും ഒരു പോലും താന്‍ എടുത്തിട്ടില്ലെന്നുമാണ് ബേച്ചൂവിന്റെ വാദം. പ്രതികള്‍ കുറ്റക്കാരാണെന്നു കരുതി തന്നെ ശിക്ഷ കൊടുക്കണമെന്നായിരുന്നു വത്തിക്കാനിലെ അധികാര കേന്ദ്രം സ്റ്റേറ്റ് സെക്രട്ടറി പീട്രോ പരോലിന്‍ മുഖാന്തരം കോടതിയോട് നിര്‍ദേശിച്ചിരുന്നത്. പ്രതി ചേര്‍ക്കപ്പെട്ടവരില്‍ നിന്നും 177 മില്യണ്‍ യൂറോ നഷ്ടപരിഹാരം ഈടാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. വത്തിക്കാന്‍ മ്യൂസിയത്തിലെ ഒരു സമര്‍പ്പിച്ച മുറിക്കുള്ളില്‍ നടന്ന കോടതി നടപടിയില്‍ 80 ഓളം പേരെ വിചാരണ ചെയ്തിരുന്നു. തെളിവുകളെ ചൊല്ലിയുള്ള പ്രതിഭാഗത്തിന്റെ ചോദ്യം ചെയ്യലുകള്‍ വിചാരണയെ പലഘട്ടത്തിലും തര്‍ക്കത്തിലേക്ക് വലിച്ചിട്ടിരുന്നു.

കര്‍ദിനാള്‍ ആഞ്ചേലോ ബേച്ചൂവിന്റെ ശിക്ഷ, ആഗോള കത്തോലിക്ക സഭയെ മൊത്തത്തില്‍ പിടിച്ചുകുലുക്കുന്നൊരു വിധിയായി മാറുകയാണ്. കാരണം, അത്രയേറെ ശക്തനായിരുന്നു വത്തിക്കാന്റെ ഈ മുന്‍ നയതന്ത്ര പ്രതിനിധി. സ്റ്റേറ്റ് സെക്രട്ടേറിയേറ്റിലെ രണ്ടാമനായിരുന്നു അദ്ദേഹം ഒരിക്കല്‍. 2011 മുതല്‍ 2018 വരെ മാര്‍പാപ്പയുടെ ഏറ്റവും അടുത്ത സഹായി. വിശുദ്ധരെ പ്രഖ്യാപിക്കുന്ന സമിതിയുടെ തലപ്പത്തും കര്‍ദിനാള്‍ ആഞ്ചലോ ബേച്ചൂവുണ്ടായിരുന്നു. കേസില്‍ വിചാരണ നേരിടേണ്ടി വരുമെന്ന് ഉറപ്പായതോടെ 2020-ല്‍ ഈ സ്ഥാനത്ത് നിന്നും ഒഴിയേണ്ടി വന്നു.

വിചാരണയുടെ തുടക്കത്തില്‍ ബേച്ചൂ പറഞ്ഞത്, തന്റെ ജന്മനാടായ സര്‍ഡിനിയയിലെ ഒരു ചാരിറ്റി സ്ഥാപനത്തിന് വത്തിക്കാനില്‍ നിന്നുള്ള 125,000 യൂറോ സംഭാവന നല്‍കിയതുമായി ബന്ധപ്പെട്ട അന്വേഷമാണെന്നായിരുന്നു. എന്നാല്‍ പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞത്, ഈ ചാരിറ്റി സ്ഥാപനം നടത്തുന്നത് കര്‍ദിനാളിന്റെ സഹോദരന്‍ തന്നെയാണെന്നാണ്. പിന്നീട് ലണ്ടനിലെ വസ്തു ഇടപാടിലും കള്ളത്തരം നടന്നതായി കണ്ടെത്തിയത്. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം സ്വകാര്യ താത്പര്യത്തിനായി ദുര്യുപയോഗം നടത്തിയെന്നു വത്തിക്കാന്‍ കണ്ടെത്തുകയായിരുന്നു. മാലിയില്‍ വച്ച് തട്ടിക്കൊണ്ടുപോയൊരു കന്യാസ്ത്രിയുടെ മോചനത്തിന് സഹായിച്ചെന്ന പേരില്‍ സാര്‍ഡിനിയ(കര്‍ദിനാളിന്റെ ജന്മനാട്)യില്‍ നിന്നുള്ള സിസിലിയ മറോഗ്ന എന്ന യുവതിക്ക് പണം നല്‍കിയതിലും ആഞ്ചലോ ബേച്ചൂവിനെതിരേ ആരോപണമുണ്ടായിരുന്നു.

Related news


Share on

മറ്റുവാര്‍ത്തകള്‍