UPDATES

വിദേശം

വിസ നിയന്ത്രണം: യുകെയും കാനഡയും ഉപേക്ഷിച്ച് മലയാളി വിദ്യാര്‍ത്ഥികള്‍

അവര്‍ ചേക്കേറുന്നത് ഈ രാജ്യങ്ങളിലേക്ക്

                       

ഹയർ സെക്കന്ററി പഠനത്തിന് ശേഷം അടുത്തത് എന്താണെന്ന ചോദ്യത്തിന് കേരളത്തിലുൾപ്പെടെയുള്ള യുവാക്കളുടെ ഉത്തരം വിദേശ പഠനമായിരിക്കും. ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനൊപ്പം മികച്ച ശമ്പളത്തോടയുള്ള ജോലിയും വിദേശ രാജ്യങ്ങൾ വാഗ്‌ദത്ത ഭൂമിയായി കണകാക്കാൻ വിദ്യാർത്ഥികളെ പ്രേരിപ്പിച്ചിരുന്നു. ജോലി ചെയ്തുകൊണ്ട് തന്നെ വിദ്യാഭ്യാസം സ്വന്തം അധ്വാനത്തിൽ പൂർത്തിയാക്കാമെന്നതും മിച്ചം വരുന്ന തുക വീട്ടിലേക്കുള്ള സമ്പാദ്യമായി അയക്കാമെന്നതുമായിരുന്നു വിദേശ കുടിയേറ്റത്തിൽ കാണാൻ സാധിച്ചിരുന്ന പോസറ്റീവ് ഘടകം. അതിനുമപ്പുറം മികച്ച ജോലി നേടിയാൽ ആശ്രിതരെയും അടുത്ത കുടുംബാഗത്തെയും യുകെയിലേക്ക് കൊണ്ടുവരാമെന്നതും മറ്റൊരു ഘടകമായിരുന്നു.

മെച്ചപ്പെട്ട വിദ്യാഭ്യാസവും ജീവിത സാഹചര്യവും കണക്കിലെടുത്താണ് ഉന്നത വിദ്യാഭ്യസത്തിനായി പലരും ഇന്ത്യ വിടുന്നത്. ഇന്ത്യയിലെ സമർത്ഥരായ വിദ്യാർഥികൾ വിദേശത്ത് കുടിയേറുന്നതോടെ ഇന്ത്യക്ക് ബ്രെയിൻ ഡ്രെയിൻ സംഭവിക്കുന്നതായും, വരും കാലങ്ങളിൽ സാമ്പത്തികം, വിദ്യാഭ്യാസം തുടങ്ങിയവയെ ബാധിക്കുമെന്നും വിമർശനങ്ങൾ ഉന്നയിക്കപ്പെടുന്നുണ്ട്. അതെ സമയം ഇന്ത്യയിൽ തൊഴിലില്ലായ്മയും, കണക്കുകൾക്ക് പുറത്തേക്ക് വികസിക്കേണ്ട വിദ്യാഭ്യാസ മേഖലയും, അടിസ്ഥാന ജീവിത സൗകര്യങ്ങളും കുടിയേറ്റത്തെ അനുകൂലിക്കുന്നവർ ചൂണ്ടികാണിക്കുന്നു.

എന്നാൽ 2023 ന്റെ അവസാനം തൊട്ട് 2024 ഏപ്രിൽ വരെ വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ ഈ സ്വപ്നങ്ങൾക്ക് മങ്ങലേൽപ്പിക്കുന്നതാണ്. കാനഡ, ബ്രിട്ടൻ ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ വലിയ വിസ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്താൻ ഒരുങ്ങുന്നത്. വിദ്യാർത്ഥികൾക്ക് പഠനശേഷം രാജ്യത്തിനകത്ത് തുടരാനും, ജോലി ചെയ്യാനും അവസരം നൽകുന്ന ടെംപററി ഗ്രാജ്വേറ്റ് വിസ പ്രായപരിധി വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയ. ജൂലൈ ഒന്നു മുതൽ വിസയുടെ പ്രായപരിധി വെട്ടിക്കുറക്കാനാണ് തീരുമാനം. 35 വയസിനു മുകളിലുള്ള വിദ്യാർത്ഥികൾക്ക് ടെംപററി ഗ്രാജ്വേറ്റ് ,അല്ലെങ്കിൽ സ്റ്റേ ബാക്ക് വിസ ലഭിക്കില്ല. ഗ്രാജ്യൂവേറ്റ് വർക്ക് സ്ട്രീം വിസയും പോസ്റ്റ് സ്റ്റഡി സ്ട്രീം എന്നിങ്ങനെ രണ്ടു തരത്തിലാണ് ഈ വിസ സാധാരണയായി നൽകി വരാറുള്ളത്. ഈ രണ്ടുവിസകളെയും ഓസ്‌ട്രേലിയൻ സർക്കാരിന്റെ പുതിയ നയം ബാധിക്കും.

ഇത് നടപ്പിലാക്കുന്നതോടെ ഒന്നുകിൽ സ്ഥിര പൗരത്വം സ്വീകരിക്കേണ്ടി വരുകയോ അല്ലാത്തപക്ഷം മറ്റു രാജ്യങ്ങളിലേക്ക് മാറേണ്ടി വരികയും ചെയുമെന്ന് ഒരു കൺസൾട്ടൻസി പറയുന്നു. 35 വയസ്സിനു ശേഷമാണ് പഠനം പൂർത്തിയാകുകയെങ്കിൽ എംപ്ലോയർ സ്‌പോൺസേർഡ് വിസകളിലൂടെ വിസ കാലാവധി നീട്ടാൻ സാധിക്കും. എന്നാൽ സ്റ്റേ ബാക്കിലേക്ക് പോകുന്ന വിദ്യാർത്ഥിക്ക് മറ്റൊരു സ്റ്റുഡന്റ്റ് വിസക്ക് അപേക്ഷിക്കുമ്പോൾ, എന്തുകൊണ്ടാണിതെന്ന് വ്യക്തമാക്കേണ്ടി വരും. താൽകാലികമായി മാത്രമേ ഓസ്‌ട്രേലിയയിൽ തുടരുകയുള്ളു എന്ന് ബോധ്യപ്പെടുത്തേണ്ടിയിരിക്കുന്നു. ഓസ്‌ട്രേലിയയിലേക്ക് പോകാൻ ശ്രമിക്കുന്ന വിദ്യാർത്ഥികളെ മോശമായി ബാധിക്കും. ഓസ്‌ട്രേലിയയെ സംബന്ധിച്ച് വിദ്യാഭ്യാസം വലിയ വ്യവസായം കൂടിയാണ് ഇത്. സർവ്വകലാശാലകളെയും ഇത് മോശമായി ബാധിക്കുമെന്നതിൽ സംശയമില്ല. നിരവധി കോളേജുകളിൽ അധ്യാപകർക്കടക്കം തൊഴിൽ ഇല്ലായ്മ നേരിടാനുള്ള സാഹചര്യം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

ഫാമിലി വിസയിൽ ഒരു കുടുംബാംഗത്തെ സ്പോൺസർ ചെയ്യുന്നതിനുള്ള കുറഞ്ഞ വരുമാന നിരക്ക് ഉയർത്തിയിരിക്കുന്ന  യുകെയും  സമാന നിലപാട് കടുപ്പിച്ചിരിക്കുകയാണ്. രാജ്യത്തെ സർവ്വകലാശാലകളിൽ അപേക്ഷിക്കുന്ന  ഇന്ത്യക്കാരുടെ എണ്ണത്തിൽ നാല് ശതമാനം  ഇടിവാണുണ്ടായിരിക്കുന്നത്. സർക്കാർ പ്രഖ്യാപിച്ച ശമ്പള പരിധി അനുസരിച്ച്, യോഗ്യത നേടുന്നതിന് അപേക്ഷകർക്ക് ഏറ്റവും കുറഞ്ഞ വാർഷിക ശമ്പളം  ബ്രിട്ടീഷ് പൗണ്ട്29,000  ഉണ്ടായിരിക്കണം.  ഇന്ത്യൻ വിദ്യാർത്ഥികൾ യുകെ തിരഞ്ഞെടുക്കുമ്പോഴും ബ്രെക്‌സിറ്റിന് ശേഷമുള്ള യുകെയുടെ സാമ്പത്തിക വെല്ലുവിളികൾ നേരിടുന്നുണ്ടുന്നത് തിരിച്ചടിയാണ്. ബ്രിട്ടീഷ് പൗണ്ട് 18,600 എന്ന മുൻ പരിധിയിൽ നിന്ന് 55 ശതമാനം വർധനവാണ് ഇത് സൂചിപ്പിക്കുന്നത്. ഇതോടെ ഉന്നത വിദ്യാഭ്യാസത്തിനു മാത്രം പ്രാധാന്യം കൊടുക്കുന്ന ആളുകൾ മാത്രമാണ് നിലവിൽ ഇത്തരം വിസ നിയന്ത്രണങ്ങളുള്ള രാജ്യങ്ങളിൽ ഉന്നതപഠനത്തിന് അപേക്ഷിക്കുന്നത്. 2019 നും 2023 നും ഇടയിൽ പഠന വിസ അനുവദിച്ച ഇന്ത്യക്കാരുടെ എണ്ണം 85,849 വർദ്ധിച്ചിരുന്നു. 2023-ൽ ഇന്ത്യൻ പൗരന്മാർക്കുള്ള വിസ ഗ്രാൻ്റുകൾ 2022-നെ അപേക്ഷിച്ച് 14 ശതമാനം കുറവായിരുന്നു. ഇന്ത്യക്ക് പുറമെ മറ്റു രാജ്യങ്ങളിൽ നിന്നുള്ള അന്താരഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിലെ ഇടിവും യുകെ നേരിടുന്നുണ്ട്.

ഈ രാജ്യങ്ങൾക്ക് പുറമെ  കാനഡയും വിസാനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 2024 സെപ്റ്റംബർ 1-ന് ആരംഭിക്കുന്ന അക്കാദമിക് സെഷനിൽ, പുതിയ അന്താരാഷ്ട്ര വിദ്യാർത്ഥി പെർമിറ്റുകളുടെ എണ്ണം 2023 നെ  അപേക്ഷിച്ച് 35 ശതമാനം കുറയ്ക്കാനാണ് കനേഡിയൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. താൽകാലിക വിസയിലെത്തുന്നവർ രാജ്യത്ത് സ്ഥിര താമസമാക്കുന്നുവെന്ന കാരണം ചൂണ്ടികാണിച്ചാണ് കാനഡയും വിസാനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വഷളായതോടെ ഉന്നത വിദ്യാഭ്യാസത്തിനായി കാനഡ തെരഞ്ഞെടുക്കുന്ന വിദ്യാർത്ഥികളുടെ അളവിൽ കുറവ് വന്നിട്ടുണ്ട്.

യൂറോപ്യയൻ രാജ്യങ്ങളുടെ വിസ നിയന്ത്രണം വഴി വച്ചിരിക്കുന്നത് മറ്റൊരു മാറ്റത്തിലേക്കാണ്. അയർലന്റ്, നെതർലന്റ്, ഫിൻലാന്റ് പോലുള്ള രാജ്യങ്ങൾ കൂടുതൽ ആളുകളെ സ്കോളർഷിപ്പോടെ സ്വീകരിക്കാൻ തുടങ്ങിയതോടെ ഇന്ത്യയിൽ നിന്ന് പലരും ഉപരിപഠനത്തിനായി ഈ രാജ്യങ്ങളിലേക്ക് ചേക്കേറി തുടങ്ങിയിട്ടുണ്ട്. സമാനമായി, ഏഷ്യയിൽ സിംഗപ്പൂരും ദക്ഷിണ കൊറിയയും വിദ്യാഭ്യാസത്തിനും കുടിയേറ്റത്തിനുമുള്ള ആകർഷകമായ ഇടമായി മാറുകയാണെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.

Share on

മറ്റുവാര്‍ത്തകള്‍