July 03, 2026 |
Share on

പ്രതിഭകളെ ആകർഷിക്കാനൊരുങ്ങി ചൈന; ട്രംപിന്റെ എച്ച്-1ബി വിസ നയത്തിന് മറുപടിയായി ചൈനയുടെ ‘കെ വിസ’

ഒക്ടോബർ 1 മുതൽ പുതിയ ‘കെ വിസ’ എന്ന വിഭാഗം ചേർക്കാൻ തീരുമാനം

‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ’ (MAGA) പിന്തുണക്കാരെ തൃപ്തിപ്പെടുത്താൻ കൂടി ലക്ഷ്യമിട്ടുള്ള ട്രംപിന്റെ എച്ച്-1ബി വിസ നിയന്ത്രണങ്ങൾ ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ പ്രൊഫഷണലുകളെ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്. എന്നാൽ ഈ വിസ നയം ​ഗുണം ചെയ്യുന്നൊരു രാജ്യം ചൈനയാണ്.

ട്രംപ് എച്ച്-1ബി വിസയ്ക്ക് 100,000 ഡോളർ ഫീസ് ഏർപ്പെടുത്തിയതിനെക്കുറിച്ച് പ്രതികരിക്കാൻ ചൈനീസ് വിദേശകാര്യ മന്ത്രാലയം വിസമ്മതിച്ചെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികച്ച പ്രതിഭകളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു എന്ന് ചൈന വ്യക്തമാക്കുകയുണ്ടായി. അതിന് പിന്നിലെ പ്രധാന കാരണം, ചൈന ഇപ്പോൾ ആരംഭിക്കുന്ന ‘കെ വിസ’യാണ്. ‘വിദേശികളുടെ പ്രവേശനം, ഭരണനിർവഹണം തുടങ്ങിയ കാര്യങ്ങൾ പരിഷ്കരിച്ച് കൊണ്ട് ഒക്ടോബർ 1 മുതൽ പുതിയ ‘കെ വിസ’ എന്ന വിഭാഗം ചേർക്കാൻ ചൈനയുടെ സ്റ്റേറ്റ് കൗൺസിൽ അടുത്തിടെ തീരുമാനിച്ചിരുന്നു. വിദേശ ശാസ്ത്ര-സാങ്കേതിക പ്രതിഭകളെ ലക്ഷ്യമിട്ടാണ് ഈ പുതിയ വിസ. ട്രംപിന്റെ നിയന്ത്രണങ്ങൾ വരുന്നതിന് മുൻപാണ് ഇത് നടപ്പാക്കിയതെങ്കിലും യുഎസ് ഭരണകൂടത്തിന്റെ കർശനമായ കുടിയേറ്റ നയങ്ങൾക്ക് ഒരു തിരിച്ചടി കൂടെയായിട്ടാണ് കെ വിസ വരുന്നതെന്നാണ് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്.

അന്താരാഷ്ട്ര സർവകലാശാലകളിൽ നിന്നോ ഗവേഷണ സ്ഥാപനങ്ങളിൽ നിന്നോ സയൻസ്, ടെക്നോളജി, എഞ്ചിനീയറിങ്ങ്, മാത്തമാറ്റിക്സ് മേഖലകളിൽ ബിരുദമോ നേടിയവർക്കും ഗവേഷണം നടത്തുന്ന വിദേശ പ്രൊഫഷണലുകൾക്കും കെ വിസയ്ക്ക് അപേക്ഷിക്കാൻ സാധിക്കും. നിലവിലുള്ള സാധാരണ ചൈനീസ് വിസകളെ അപേക്ഷിച്ച്, കെ വിസക്കാർക്ക് പ്രവേശനത്തിലും കാലാവധിയിലും കൂടുതൽ ഇളവുകൾ ലഭിക്കും. ഏറ്റവും പ്രധാനമായി, അപേക്ഷകർക്ക് ഇനി ഒരു പ്രാദേശിക സ്ഥാപനത്തിന്റെ സ്പോൺസർഷിപ്പ് ആവശ്യമില്ല. 2013-ൽ ചൈന അവതരിപ്പിച്ച R വിസയുടെ ഒരു വിപുലീകരണമായിട്ടാണ് കെ വിസയെ കാണുന്നത്. ശാസ്ത്ര-സാങ്കേതിക മേഖലകളിൽ പ്രവർത്തിക്കുന്ന യുവ വിദേശ പ്രതിഭകളെ കെ വിസ പ്രത്യേകം ലക്ഷ്യമിടുന്നു. ഇത് അടുത്ത തലമുറയിലെ ശാസ്ത്രജ്ഞരെയും ഗവേഷകരെയും ആകർഷിക്കുന്നതിൽ ചൈനയുടെ പുതിയ നീക്കമായും കണക്കാക്കാം.

പുതിയ വിസ നയം സാങ്കേതികവിദ്യ, നവീകരണം, ശാസ്ത്ര ഗവേഷണം പോലുള്ള നിർണ്ണായകമായ മേഖലകളിൽ പ്രതിഭകൾക്ക് അവസരം നൽകുന്നനുള്ള ചൈനയുടെ പ്രതിബദ്ധതയെ കാണിക്കുന്നുവെന്ന് ട്രിങ്സിൻഹുവ യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് പബ്ലിക് പോളിസി ആൻഡ് മാനേജ്മെന്റിലെ അസോസിയേറ്റ് പ്രൊഫസറും അസോസിയേറ്റ് ഡീനുമായ യിൻ ചെങ്ഷി പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസിൻ്റെ റിപ്പോർട്ടിൽ പറയുന്നു. എഐ, ബയോടെക്നോളജി തുടങ്ങിയ നിർണ്ണായക മേഖലകളിലെ ഗവേഷണ സ്ഥാപനങ്ങളിലും സ്വകാര്യമേഖലയിലെ ഗവേഷണ സ്ഥാപനങ്ങളിലും ഇത് നവീകരണത്തിന് വേഗത കൂട്ടിയേക്കാമെന്നും ദീർഘകാലാടിസ്ഥാനത്തിൽ ചൈനയുടെ ഗവേഷണ-വികസന ശേഷി വർദ്ധിപ്പിക്കാനും പുതിയ ഉയർന്ന വളർച്ചയുള്ള വ്യവസായങ്ങൾ സൃഷ്ടിക്കാനും ചൈനീസ് വ്യവസായങ്ങളുടെ മത്സരശേഷി മെച്ചപ്പെടുത്താനും സഹായിക്കുമെന്നും യിൻ ചെങ്ഷി പറഞ്ഞു.

പ്രസിഡന്റ് ഷി ജിൻപിംഗും മറ്റ് ഉന്നത നേതാക്കളും ചൈനയെ വിദേശ പ്രതിഭകൾക്ക് കൂടുതൽ ആകർഷകമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ആവർത്തിച്ച് സംസാരിച്ചിട്ടുള്ളതിനാൽ കെ വിസ അതിനെല്ലാമുള്ള ഒരു വഴിയാണെന്നും അഭിപ്രായങ്ങളുണ്ട്.

Content Summary: Beijing will launch the new K Visa, which is aimed at attracting skilled workers in STEM, on October 1. The K Visa will allow successful applicants to study and work in China without having first received a job offer or research position

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×