July 03, 2026 |
Share on

എച്ച്-1ബി വിസ ഫീസ്; ‘ഭയത്തോടെ ജീവിക്കരുത്, നാട്ടിലേക്ക് മടങ്ങൂ’, ഇന്ത്യന്‍ ടെക്കികളോട് സോഹോ സ്ഥാപകന്റെ ഉപദേശം

‘ജീവിതം പുനർനിർമ്മിക്കാനുള്ള സമയമാണിത്’

അമേരിക്കയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പ്രൊഫഷണലുകളോട് ഇന്ത്യയിലേക്ക് മടങ്ങിവരാൻ ആവശ്യപ്പെട്ട് ആ​ഗോള ടെക്നോളജി കമ്പനിയായ സോഹോയുടെ സ്ഥാപകനും ശതകോടീശ്വരനുമായ ശ്രീധർ വെമ്പു. H-1B വിസയുടെ വാർഷിക ഫീസ് 88 ലക്ഷം ആക്കി ഉയർത്തിയ യുഎസിൻ്റെ നടപടിയുടെ പശ്ചാത്തലത്തിലാണ് ശ്രീധർ വെമ്പുവിൻ്റെ പരാമർശം.

എച്ച് 1 ബി വിസയുടെ ചർച്ചകൾ ചൂടുപിടിക്കുന്ന ഈ സമയത്ത് ശ്രീധർ വെമ്പു എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. യു.എസിലെ അനിശ്ചിതാവസ്ഥയും ഭയവും സഹിക്കുന്നതിനേക്കാൾ ഇന്ത്യയിലേക്ക് മടങ്ങിവരികയാണ് ഉചിതമെന്ന് അദ്ദേഹം കുറിപ്പിൽ പറയുന്നു. ‘എൻ്റെ സിന്ധി സുഹൃത്തുക്കൾ പലപ്പോഴും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. പാർട്ടിഷൻ സമയത്ത് അവരുടെ കുടുംബങ്ങൾ എല്ലാം ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് വരേണ്ടി വന്നുവെന്നും പിന്നീട് അവർ ഇന്ത്യയിൽ ജീവിതം പുനർനിർമ്മിച്ചുവെന്നും ഇന്നത്തെ സിന്ധികൾ ഇന്ത്യയിൽ വളരെ മികച്ച സ്ഥാനം നേടിയെന്നും’ ശ്രീധർ വെമ്പു പറഞ്ഞു.

അമേരിക്കയിലെ കുടിയേറ്റ സാഹചര്യത്തിലെ മാറ്റങ്ങളെക്കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടാണ് ശ്രീധർ വെമ്പു പങ്കുവെച്ചത്. ഇത് പറയുന്നത് എനിക്ക് ദുഃഖകരമാണെന്ന് എനിക്ക് അറിയാം. എന്നാൽ അമേരിക്കയിലെ H-1B വിസക്കാരായ ഇന്ത്യക്കാർക്ക് ഇത് ആ സമയമായേക്കാം. സ്വന്തം നാട്ടിലേക്ക് മടങ്ങിവരൂ. ജീവിതം പുനർനിർമ്മിക്കാൻ അഞ്ചുവർഷം എടുക്കാം, പക്ഷേ അത് നിങ്ങളെ കൂടുതൽ ശക്തരാക്കും, ശ്രീധർ വെമ്പു കുറിപ്പിൽ പറയുന്നു. ഭയത്തിൽ കഴിയരുതെന്നും ധൈര്യമായ തീരുമാനമെടുക്കണമെന്നും ഉറപ്പായും നിങ്ങൾ വിജയിക്കുമെന്നും ശ്രീധർ വെമ്പു കൂട്ടിച്ചേർത്തു.

ശ്രീധർ വെമ്പുവിൻ്റെ ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വേഗത്തിൽ ശ്രദ്ധ നേടി. നിരവധി പ്രതികരണങ്ങളാണ് പോസ്റ്റിന് താഴെ വന്നത്. ചിലർ ശ്രീധർ വെമ്പുവിൻ്റെ അഭിപ്രായത്തോട് വിയോജിപ്പ് അറിയിച്ചാണ് കമൻ്റ് ചെയ്തത്. ‘ഞാൻ പഞ്ചാബി പാർട്ടിഷൻ കുടുംബത്തിൽ നിന്നാണ്. 2025ലെ അമേരിക്കയിലെ സാഹചര്യം പാർട്ടിഷന്റെ ക്രൂരതയുമായി താരതമ്യം ചെയ്യുന്നത് വിചാരശൂന്യമാണ്. യു.എസ്.യിലെ ജീവിതങ്ങൾ മാറിപ്പോകുന്നുണ്ടെങ്കിലും രക്തരൂക്ഷിതമായ ട്രെയിനുകളും മതത്തിന്റെ പേരിൽ മകളുടെ ജീവൻ കെടുത്തലും ഇവിടെ ഇല്ല’, എന്ന് ഒരാൾ പ്രതികരിച്ചു. ‘ഇതൊരു താൽക്കാലികമായ ബുദ്ധിമുട്ടാണെന്നും ഇന്ത്യക്കും ഇന്ത്യക്കാർക്കും വലിയ നേട്ടമാണ് ഉണ്ടാകുന്നതെന്നും’ മറ്റൊരാൾ അഭിപ്രായപ്പെട്ടു.’എന്റെ കുടുംബവും പാർട്ടിഷൻ സമയത്ത് സ്ഥലം മാറിയവരിൽപ്പെടുന്നു. ഞങ്ങളുടെ പാരമ്പര്യ ഭവനം ഇപ്പോഴും അവിടെ നിലകൊള്ളുന്നു, പക്ഷേ അത് ഇന്ന് ഞങ്ങൾക്ക് വെറും ഒരു കെട്ടിടം മാത്രമാണ്’, മൂന്നാമത്തെയാൾ എഴുതി.

ഇക്കഴിഞ്ഞ സെപ്റ്റംബർ ഏഴിനാണ് ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സാങ്കേതിക വിദഗ്ദ്ധരെ ആശ്രയിക്കുന്ന യുഎസ് ടെക് വ്യവസായത്തിന് കനത്ത തിരിച്ചടിയെന്നോണം H-1B വിസ അപേക്ഷകർക്ക് പ്രതിവർഷം 100,000 ഡോളർ ഈടാക്കാനുള്ള വിജ്ഞാപനത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചത്. ഈ നിയമം സെപ്റ്റംബർ 21 അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വരും.

Content Summary: Zoho founder Sridhar Vembu urges Indian H-1B workers in the US to return home. offered a strong message through X

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×