ട്രംപ് ഭരണകൂടം എച്ച്-1ബി വിസ നിയമങ്ങളിൽ മാറ്റങ്ങൾ വരുത്താൻ പോകുന്നു എന്ന പ്രഖ്യാപനം ഇടിത്തീപോലെയാണ് ഇന്ത്യയിൽ അവധിക്കെത്തിയ ആയിരക്കണക്കിന് ഐടി പ്രൊഫഷണലുകളുടെമേൽ പതിച്ചത്. ഞായറാഴ്ച മുതൽ യുഎസിൽ വീണ്ടും പ്രവേശിക്കുന്നതിന് 100,000 ഡോളർ ഫീസ് നൽകേണ്ടി വരുമെന്ന് അറിഞ്ഞതോടെ, സമയപരിധിക്കുള്ളിൽ യുഎസിൽ തിരിച്ചെത്താനുള്ള തിടുക്കത്തിലായിരുന്നു പലരും.
അർദ്ധരാത്രി മുതൽ തന്നെ ഗൂഗിൾ, ആമസോൺ, മൈക്രോസോഫ്റ്റ് തുടങ്ങിയ വൻകിട കമ്പനികളിൽ നിന്ന് ജീവനക്കാർക്ക് ‘അടിയന്തിരമായി മടങ്ങുക’ എന്ന നിർദേശം ലഭിച്ചു തുടങ്ങിയിരുന്നു. ഇതോടെ മുംബൈ-സാൻ ഫ്രാൻസിസ്കോ എയർ ഇന്ത്യ ഫ്ലൈറ്റ് 179-ൽ സീറ്റുകൾക്കായി വലിയ തിരക്കായി. ടിക്കറ്റുകൾ പെട്ടെന്ന് വിറ്റുപോയപ്പോൾ, മറുഭാഗത്ത് ചില ഓൺലൈൻ ഗ്രൂപ്പുകൾ ടിക്കറ്റുകൾ ബുക്ക് ചെയ്യുകയും റദ്ദാക്കുകയും ചെയ്ത് യാത്രക്കാരെ ബുദ്ധിമുട്ടിക്കാനും ശ്രമം നടത്തിയതായി ദി വാൾ സ്ട്രീറ്റ് ജേർണലിന്റെ റിപ്പോർട്ടിൽ പറയുന്നു.
Also Read: H-1B വിസയില്‍ തട്ടി ടെക് ലോകം; ഇന്ത്യന്‍ ഐടി സ്വപ്‌നങ്ങളെ തകര്‍ക്കുന്ന ട്രംപ്
സെപ്റ്റംബർ 20-ന് ഉച്ചയ്ക്ക് 1:25-ന് മുംബൈയിൽ നിന്ന് പുറപ്പെട്ട് രാത്രി 8:25-ന് സാൻ ഫ്രാൻസിസ്കോയിൽ എത്തേണ്ട വിമാനം പലർക്കും രക്ഷപ്പെടാനുള്ള അവസാന മാർഗമായിരുന്നു. പ്രതിശ്രുത വരന്റെ പിതാവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പൂനെയിൽ എത്തിയ ഒരു യുവതി രാവിലെ 6:30-നാണ് വിവരമറിയുന്നത്. വെറും ഒന്നര മണിക്കൂറിനുള്ളിൽ, വസ്ത്രങ്ങളും സാധനങ്ങളും എടുക്കാൻ പോലും സമയം കിട്ടാതെ അവർ പാസ്‌പോർട്ടുമെടുത്ത് വിമാനത്താവളത്തിലേക്ക് തിരിച്ചു. പലർക്കും തന്റെ കുടുംബത്തോടോ കുട്ടികളോടോ യാത്ര പറയാൻ പോലും അവസരം ലഭിച്ചിരുന്നില്ല.
19 മണിക്കൂർ നീണ്ട വിമാനയാത്രയിൽ പലരും വലിയ ആശങ്കയിലായിരുന്നു. രാത്രി 8:25-ന് വിമാനം എത്തിയാലും, കസ്റ്റംസ് ക്ലിയറൻസ് പൂർത്തിയാക്കാൻ അര മണിക്കൂറിൽ താഴെ മാത്രമേ സമയം ലഭിക്കുമായിരുന്നുള്ളൂ. വിമാനത്തിൽ വൈഫൈ ഇല്ലാതിരുന്നതിനാൽ പുറത്തുള്ള വിവരങ്ങൾ അറിയാനും കഴിഞ്ഞില്ല. ഇന്ധനം നിറയ്ക്കാൻ കൊൽക്കത്തയിൽ നിർത്തിയപ്പോൾ, എച്ച്-1ബി വിസക്കാരായ 125-ലധികം ആളുകൾ ചേർന്ന് ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി, പരസ്പരം സഹായം വാഗ്ദാനം ചെയ്തു.
വേഗത്തിൽ കസ്റ്റംസ് ക്ലിയറൻസ് ലഭിക്കാൻ വേണ്ടി ലാൻഡിംഗിന് ഒരു മണിക്കൂർ മുൻപ്, ഇക്കണോമി ക്ലാസിലെ എച്ച്-1ബി വിസക്കാർക്ക് ബിസിനസ് ക്ലാസ് യാത്രക്കാർ തങ്ങളുടെ സീറ്റുകൾ മാറിനൽകി. കൂടാതെ, വേഗത്തിൽ പുറത്തിറങ്ങേണ്ടവരെ സഹായിക്കുന്നതിനായി, തിരക്കില്ലാത്ത യാത്രക്കാരോട് സീറ്റിൽ തന്നെ തുടരാൻ വിമാനത്തിൻ്റെ ക്യാപ്റ്റനും അഭ്യർത്ഥിച്ചു.
Also Read: എച്ച്-1ബി വിസ ഫീസ് 88 ലക്ഷമാക്കി ട്രംപ്; അമേരിക്കന്‍ ടെക് വ്യവസായം തകരുമെന്ന് വിമര്‍ശനം
രാത്രി 7:59-നാണു വിമാനം സാൻ ഫ്രാൻസിസ്കോയിൽ ലാൻഡ് ചെയ്യുന്നത്. ഫോൺ സിഗ്നൽ ലഭിച്ചതോടെയാണ് ആശ്വാസവാർത്ത യാത്രക്കാരെ തേടിയെത്തിയത്. പുതിയ ഫീസ് നിലവിലുള്ള വിസ ഉടമകളെ ബാധിക്കില്ലെന്ന് വൈറ്റ് ഹൗസ് ട്വിറ്ററിൽ സ്ഥിരീകരിച്ചിരുന്നു. ഒരു മണിക്കൂറിലധികം നീണ്ട ആകാംഷക്കൊടുവിൽ ലഭിച്ച ഈ വാർത്തയിൽ പലരുടെയും കണ്ണുകൾ നിറഞ്ഞു. ‘എല്ലാം ക്ലിയറായി, അധിക ചോദ്യങ്ങളൊന്നും ഉണ്ടായില്ല’ എന്നായിരുന്നു കസ്റ്റംസ് കടന്ന ആദ്യത്തെ യാത്രക്കാരൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ സന്ദേശമയച്ചത്.
വൈറ്റ് ഹൗസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന പ്രകാരം, പുതിയ ഫീസ് നിലവിലുള്ള എച്ച്-1ബി വിസ ഉടമകളെ ബാധിക്കില്ല. ഇത് പുതിയതായി വിസയ്ക്ക് അപേക്ഷിക്കുന്നവർക്ക് മാത്രമാണ് ബാധകം. എച്ച്-1ബി വിസയുള്ളവർക്ക് യാത്രാ തടസ്സങ്ങൾ ഉണ്ടാകില്ലെന്നും അധികൃതർ അറിയിച്ചു.
content summary: H-1B Workers’ Desperate Dash Back to the U.S
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.