2011-ല്‍ ഇന്ത്യ ലോകകപ്പില്‍ വേദിയായപ്പോഴാണ് 28 വര്‍ഷത്തെ കാത്തിരിപ്പിന്റെ കടം വീട്ടി രണ്ടാം ലോകകീരീടം സ്വന്തമാക്കുന്നത്. വീണ്ടുമൊരിക്കല്‍ കൂടി ഇന്ത്യ ലോകകപ്പ് വേദിയായിരിക്കുന്നു. മൂന്നാം ലോക കിരീടം എന്ന സ്വപ്നം വാനോളം ഉയര്‍ത്തുന്ന പ്രകടനമാണ് ടീം ഇന്ത്യ ഇതുവരെ കാഴ്ച്ചവെച്ചിരിക്കുന്നത്. ബുധനാഴ്ച്ച നടക്കുന്ന സെമി ഫൈനലില്‍ ഇന്ത്യ നേരിടുന്നത് ന്യൂസിലന്‍ഡിനെയാണ്. 2019, ജൂലൈ 9 ന്, ഓള്‍ഡ് ട്രാഫോര്‍ഡ് മൈതാനത്ത് മാര്‍ട്ടിന്‍ ഗുപ്ടിലിന്റെ ത്രോ ലോക കിരീടം എന്ന സ്വപ്നം ഉടച്ചു കളഞ്ഞത് ഇതുപോലൊരു സെമിയിലായിരുന്നു. മൈതാനത്തു നിന്നും വേദനയോടെ തല കുനിച്ച് നടന്നു നീങ്ങിയ ധോണിയുടെ ചിത്രം ഒരു ക്രിക്കറ്റ് പ്രേമിയുടെയും മനസ്സില്‍ നിന്ന് മാഞ്ഞിട്ടുണ്ടാകില്ല. എല്ലാ വേദനകളും മറക്കാന്‍ തന്നെയാണ് രോഹിത് ശര്‍മ്മയും സംഘവും തീരുമാനിച്ചിരിക്കുന്നത്. സെമി വരെയുള്ള, ഒമ്പത് ആധികാരിക തുടര്‍ വിജയങ്ങളില്‍ നില്‍ക്കുന്ന ടീമിന് ഏത് വെല്ലുവിളിയും മറികടക്കാനുള്ള ശക്തിയുണ്ട്. അനിശ്ചിതത്വത്തിന്റെ കളിയാണ് ക്രിക്കറ്റ്. എന്തും സംഭവിക്കാം.
ഇന്ത്യയുടെ സെമി സാധ്യതകളെക്കുറിച്ചും ഈ ലോകകപ്പിലെ ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തെക്കുറിച്ചും കേരള രഞ്ജി ടീം മുന്‍ ക്യാപ്റ്റന്‍ സോണി ചെറുവത്തൂര്‍ അഴിമുഖത്തോട് സംസാരിക്കുന്നു;
കടുപ്പമാകും സെമി
ലോക കപ്പിന്റെ തുടക്കം മുതല്‍ കളിച്ച മത്സരങ്ങള്‍ എല്ലാം വളരെ ആധികാരികതയോടെയാണ് ജയിച്ചു വന്നിട്ടുള്ളത്. അതുകൊണ്ട് വലിയ വെല്ലുവിളികള്‍ ഒന്നുമില്ലാതെ സെമിയും, ഫൈനലും ജയിച്ച് കപ്പെടുക്കാന്‍ സാധിക്കണമെന്നില്ല. ലോകത്തിലെ ഏറ്റവും മികച്ച നാലു ടീമുകളാണ് സെമി ഫൈനലില്‍ എത്തിയിട്ടുള്ളത്. ഇന്ത്യയെ പോലെ കരുത്തരും, ആധികാരികമായി കളിച്ചു ജയിച്ചവരുമാണ് സെമിയില്‍ ഇടം നേടിയിട്ടുള്ള ഓരോ ടീമും.
ഇന്ത്യ-ന്യൂസിലാന്‍ഡ് സെമി മത്സരമായിരിക്കും ഏറ്റവും കടുപ്പമേറിയത് എന്നാണ് എന്റെ നിരീക്ഷണം. കാരണം, കഴിഞ്ഞ ലോകകപ്പ് മത്സരങ്ങള്‍ എടുത്തു നോക്കുമ്പോള്‍ നോക്ക് ഔട്ട് മത്സരങ്ങളിലടക്കം ഇന്ത്യക്ക് കല്ലുകടി ആയിട്ടുള്ളത് ന്യൂസിലാന്‍ഡുമായുള്ള മത്സരമാണ്. ധോണിയുടെ റണ്‍ ഔട്ട് നമ്മുടെ മനസിലേക്ക് ഓടിയെത്തും. വലിയ സൂപ്പര്‍ സ്റ്റാര്‍ഡം ഒന്നുമില്ലാത്തവരുടെ ടീം ആണ് ന്യൂസിലാന്‍ഡ്. എന്നാലവര്‍ ഒരുമിച്ച് കൂടുമ്പോള്‍ ശക്തരാകുന്നു. ഇതേ തന്ത്രം അവര്‍ പലപ്പോഴും പയറ്റി വിജയിച്ചിട്ടുണ്ട്. ഈ ലോകകപ്പിലും അവര്‍ അതു തന്നെയാണ് ചെയ്യുന്നത്. രചിന്‍ രവീന്ദ്രയെ പോലുള്ള പുത്തന്‍ താരോദയങ്ങളും, കെയ്ന്‍ വില്ല്യംസിനെ പോലുള്ള പരിചയസമ്പന്നരായ താരങ്ങളും അവര്‍ക്കു കരുത്തായിട്ടുണ്ട്.
ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയാണെങ്കില്‍, പുതിയ പന്തില്‍ വിക്കറ്റുകള്‍ നഷ്ടപെടുന്ന സാഹചര്യമുണ്ടായാല്‍ മിഡില്‍ ഓര്‍ഡറിലും ലോവര്‍ ഫ്രണ്ട് ഓര്‍ഡറിലും വലിയ സമ്മര്‍ദ്ദം ഉണ്ടാകും. അതുപോലെ ന്യൂസിലന്‍ഡിന്റെ ഡാരന്‍ മിച്ചലും, കെയിന്‍ വില്യംസും ഉള്‍പ്പെടുന്ന ടോപ് ഓര്‍ഡര്‍ നല്ല രീതിയിലുള്ള തുടക്കം അവര്‍ക്ക് നല്‍കി കഴിഞ്ഞാല്‍ വലിയ ടോട്ടലിലേക്ക് എത്തിക്കാനുളള ശക്തി ന്യൂസിലാന്‍ഡിന്റെ ബാറ്റിംഗ് നിരക്കുണ്ട്. സെമി ഫൈനല്‍ മികച്ച പോരാട്ടമായിരിക്കും നമുക്ക് കാണാന്‍ സാധിക്കുക.
ക്യാപ്റ്റന്‍ എന്ന ആത്മവിശ്വാസം
രോഹിത് ശര്‍മയുടെ ക്യാപ്റ്റിന്‍സിയെ പറ്റി പറയുമ്പോള്‍ അദ്ദേഹത്തിന്റെ ബാറ്റിംഗ് മികവിനെ പറ്റി പറയാതിരിക്കാന്‍ സാധിക്കില്ല. ലോകകപ്പില്‍ വര്‍ദ്ധിതമായ ആത്മവിശ്വാസത്തോടു കൂടിയാണ് രോഹിത് ശര്‍മ ബാറ്റ് ചെയ്യുന്നത്. ആ ആത്മവിശ്വാസവും ധൈര്യവും ടീമിലേക്ക് കൂടി പകരാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഒരു മത്സരത്തിലും തോല്‍വിക്ക് കീഴ്‌പെടാതെ സെമി ഫൈനലിലേക്ക് എത്താന്‍ സാധിച്ചു എന്നതുകൊണ്ട് തന്നെ വലിയ വെല്ലുവിളികള്‍ ഒന്നും തന്നെ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിക്ക് നേരെ ഉണ്ടായി എന്നു പറയാന്‍ സാധിക്കില്ല. അതൊരുപക്ഷെ സെമിയിലുണ്ടായേക്കാം. അതിനെ തരണം ചെയ്യാനും ഉചിതമായ തീരുമാനങ്ങള്‍ എടുക്കാനുമുള്ള പക്വതയും പരിചയ സമ്പത്തും രോഹിത് ശര്‍മ എന്ന ക്യാപ്റ്റനുണ്ട് എന്നുതന്നെയാണ് വിശ്വാസം.
ന്യൂസിലാന്‍ഡിന്റെ പ്രശ്‌നങ്ങള്‍
ന്യൂസിലന്‍ഡിന്റെ ലോവര്‍ മിഡില്‍ ഓഡര്‍ ബാറ്റിംഗ് അത്രശക്തമല്ല. ഗ്ലെന്‍ ഫിലിപ്‌സിന്റെ ബാറ്റിംഗ് ഒഴിച്ച് നിര്‍ത്തിയാല്‍, ടോപ് ഓര്‍ഡറില്‍ വിക്കറ്റുകള്‍ നഷ്ടമായി കഴിഞ്ഞാല്‍ കളിയിലേക്ക് പിന്നെയൊരു തിരിച്ചുവരവ് കുറച്ച് ബുദ്ധിമുട്ടാണ്. മത്സരങ്ങള്‍ ജയിപ്പിക്കാന്‍ പാകത്തിന് ശക്തിയുള്ള ഒരു മിഡില്‍ ഓര്‍ഡര്‍ ന്യൂസിലാന്‍ഡിനുണ്ടോ എന്നുള്ള കാര്യത്തില്‍ സംശയമാണ്. മിച്ചല്‍ സാന്റ്‌നര്‍ അല്ലാതെ സ്ഥിതിഗതികള്‍ നിയന്ത്രണത്തില്‍ വയ്ക്കാന്‍ കെല്പുള്ള ബൗളര്‍മാര്‍ ന്യൂസിലാന്‍ഡിനു കുറവാണ്. ന്യൂ ബോളില്‍ അവര്‍ക്ക് വിക്കറ്റ് എടുക്കാന്‍ സാധിച്ചില്ലെങ്കില്‍ വളരെ ഓര്‍ഡിനറി ആയിട്ടുള്ള ബൗളിംഗ് അറ്റാക്കിലേക്ക് ന്യൂസിലന്‍ഡിന്റെ ബൗളിംഗ് ലൈന്‍ അപ്പ് മാറാം. നമ്മുടെ ബുംറയെ പോലെ സെമി ന്യൂ ബോളില്‍ വിക്കറ്റ് എടുക്കാന്‍ പാകത്തില്‍ സ്‌കില്‍ സെറ്റുള്ള ബോളേഴ്സോ, മികച്ച സ്പിന്നേഴ്സോ അവര്‍ക്കുണ്ടെന്നു തോന്നുന്നില്ല.
വാങ്കഡേയുടെ പിന്തുണ
വാങ്കഡേയിലാണ് സെമി ഫൈനല്‍ നടക്കുന്നതെന്നതിനാല്‍ കാര്യങ്ങള്‍ കുറച്ച് കൂടി ഇന്ത്യക്ക് അനുകൂലമായുള്ള സാധ്യതയുണ്ട്. ഡ്രൈ ആയുള്ള ഒരു ടേണ്‍ ഉണ്ടാക്കിയേക്കാവുന്ന വിക്കറ്റുകള്‍ കിട്ടുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്. അത്തരത്തിലുള്ള വിക്കറ്റ് ആണെങ്കില്‍ ന്യൂസിലാന്‍ഡ് ബോളിങ് ലൈന്‍ അപ്പ് അത്ര മികച്ചതാണോ എന്നു പറയാന്‍ പ്രയാസമാണ്. കഴിഞ്ഞ മത്സരങ്ങള്‍ എടുത്തു നോക്കിയാല്‍ വാങ്കഡേ വലിയ സ്‌കോറുകള്‍ പിറന്ന മത്സരങ്ങള്‍ ഉണ്ടായ പിച്ചാണെന്നു കാണാം. ഇന്ത്യയിലെ സ്റ്റേഡിയത്തില്‍ കളിക്കുന്ന മുന്‍തൂക്കം കൂടി ഇന്ത്യക്കുണ്ട്. സ്പിന്നിനെ തുണയ്ക്കുന്ന തരത്തിലുള്ള വിക്കറ്റുകള്‍ ആയിരിക്കും ചിലപ്പോള്‍ നമുക്ക് വാങ്കഡേയില്‍ കാണാന്‍ സാധിക്കുക.
ആറാം ബൗളര്‍ എന്ന ആശങ്ക
നിലവിലെ കളി രീതി വച്ച് നോക്കുകയാണെങ്കില്‍ വളരെ സന്തുലിതമായ ബോളിങ് അറ്റാക്ക് ആണ് ഇന്ത്യയുടേത്. ലോകോത്തര നിലവാരമുള്ള മൂന്ന് ബൗളര്‍മാരാണ് നമുക്കുള്ളത്. അവര്‍ മികച്ച ഫോമിലുമാണ്. പല ടീമുകളും നൂറ് എത്താന്‍ തന്നെ കഷ്ടപ്പെടുന്നത് കണ്ടതാണ്. ഇതുപോലെ ബോളിങ് ലൈന്‍ അപ്പുള്ള ഏതെങ്കിലും ടീം ലോകകപ്പില്‍ ഇങ്ങനെ നിറഞ്ഞാടിയിട്ടുണ്ടോ എന്നു സംശയമാണ്. ഇതേ ഫോമം തുടര്‍ന്നും ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം. എന്നാലും ഒരു അപകടമുള്ളത്, കൃത്യം അഞ്ച് ബോളര്‍മാരുമായാണ് നമ്മള്‍ കളിക്കുന്നതെന്നതാണ്. ആര്‍ക്കെങ്കിലും പരിക്കുണ്ടാകാനുള്ള സാദ്ധ്യത കുറവാണെങ്കില്‍ പോലും, ഏതെങ്കിലും തരത്തില്‍ അവസ്ഥകള്‍ മോശമാകാന്‍ സാധ്യതയുള്ള സമയത്ത് ആ ബോളറുടെ മൂന്നോ നാലോ ഓവറുകള്‍ കവര്‍ ചെയ്യാന്‍ പോന്ന ഒരു ആറാം ബോളര്‍ നമുക്കില്ല എന്നത് വലിയ വെല്ലുവിളി തന്നെയാണ്. അതുകൊണ്ട് തന്നെ ആയിരിക്കണം നെതര്‍ലാന്‍ഡ്‌സുമായുള്ള മത്സരത്തില്‍ എല്ലാവര്‍ക്കും ഒന്നോ രണ്ടോ ഓവറുകള്‍ പന്തെറിയാന്‍ രോഹിത് ശര്‍മ അവസരം നല്‍കിയത്. ഹാര്‍ദിക്ക് പാണ്ഡ്യയെ പോലെ ഒരു മികച്ച ഓള്‍ റൗണ്ടറുടെ അഭാവം തീര്‍ച്ചയായും ഇന്ത്യന്‍ ടീമിനുണ്ട്.
വിനാശകാരികളായ ടോപ് ത്രീ
ഈ ലോകകപ്പിലെ ഏറ്റവും മികച്ച, ഏറ്റവും എക്‌സ്‌ക്ലൂസീവ് ആയിട്ടുള്ള ബാറ്റിംഗ് ലൈന്‍ അപ്പ് ആണ് ഇന്ത്യയുടെത്. ഈ സീസണില്‍ മാത്രം 1500 റണ്‍സ് നേടിയിട്ടുള്ള ശുഭ്മാന്‍ ഗില്ലും, ഏകദിനത്തില്‍ മൂന്ന് 200-കള്‍ നേടിയിട്ടുള്ള ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ഓപ്പണിങ് ജോഡികളാണ്. എന്നിരുന്നാലും ടീമിന്റെ പ്രധാന ശക്തി മൂന്നാം നമ്പറില്‍ വരുന്ന വിരാട് കോഹ്ലി എന്ന ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരം തന്നെയാണ്. അദ്ദേഹം തന്റെ കരിയറിലെ ഏറ്റവും മികച്ച ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ഏത് മത്സരവും വിജയിപ്പിക്കാന്‍ പാകത്തിലുള്ള ഒരു ടോപ് ത്രീയാണ് ഇന്ത്യയുടേത്.
ബാറ്റിംഗ് കരുത്തുണ്ട്, എങ്കിലും…
പരിക്കിന്റെ പിടിയിലായിട്ടും എന്തുകൊണ്ട് പിന്നെയും ടീമിലെടുത്തു എന്ന ചോദ്യങ്ങള്‍ക്ക് മറുപടി കൊടുക്കുന്ന പ്രകടനങ്ങളാണ് ശ്രേയസ് അയ്യരും കെ എല്‍ രാഹുലും നടത്തുന്നത്. ഹര്‍ദിക് പാണ്ഡ്യക്ക് പകരക്കാരനായെത്തിയ സൂര്യ കുമാര്‍ യാദവും വളരെ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. തകര്‍ച്ചയുടെ വക്കിലേക്ക് എത്തി നില്‍ക്കുന്ന ടീമിനെ പോലും തിരിച്ച് കൊണ്ട് വരാന്‍ സാധിക്കുന്ന തരത്തിലുള്ള പക്വതയും മനോവൃത്തിയും അദ്ദേഹം കാണിക്കുന്നു എന്നത് ബാറ്റിംഗ് ലൈനിനു വലിയ ധൈര്യം തന്നെയാണ്. അതുപോലെ തന്നെ ഓള്‍ റൗണ്ടര്‍ ആയ രവീന്ദ്ര ജഡേജ കൂടി എത്തുമ്പോള്‍ ഇന്ത്യന്‍ ബാറ്റിംഗ് കരുത്തുറ്റതായി മാറുന്നു. പക്ഷെ അതിനു ശേഷം വരുന്ന വാലറ്റം എത്രത്തോളം ശക്തമാണ് എന്ന സംശയം അപ്പോഴും ബാക്കി നില്‍ക്കുന്നുണ്ട്. രവീന്ദ്ര ജഡേജയെ ഒഴിച്ച് നിര്‍ത്തിയാല്‍ ബാക്കി നാലുപേര്‍ക്കും ബാറ്റിംഗില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിക്കുമോ എന്നത് കണ്ടറിയണം.
പ്രതീക്ഷയോടെ കാത്തിരിക്കാം
1983 ന് ശേഷം 2011 വരെ കാത്തിരിക്കേണ്ടി വന്നു നമുക്ക് ഒരു ലോകകപ്പ് കിരീടം സ്വന്തമാക്കാന്‍. ഇത്തവണ ശുഭ പ്രതീക്ഷകളാണ് ഓരോ ക്രിക്കറ്റ് ആരാധകരുടയും ഉള്ളില്‍. കഴിഞ്ഞ ലോകകപ്പുകള്‍ പരിശോധിക്കുമ്പോള്‍ സ്വന്തം നാട്ടില്‍ ഏകദിന റാങ്കിങ്ങില്‍ ഒന്നാമത് എത്തുന്ന ടീമിനാണ് പലപ്പോഴും ലോക കപ്പ് സ്വന്തമാക്കാന്‍ സാധിച്ചിട്ടുള്ളത്. നമ്മുടെ നാട്ടിലാണ് മത്സരം, ഏകദിന റാങ്കിങ്ങില്‍ നമ്മളാണ് ഒന്നാമത്. എല്ലാം കൊണ്ടും ശക്തിയാര്‍ജ്ജിച്ചിട്ടുള്ള മികച്ച ടീമാണ്. സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴടങ്ങാത്ത, ശുഭപ്രതീക്ഷയോടെ മുന്നേറുന്ന ഒരു ടീമിനുമേലുള്ള പ്രതീക്ഷയോടു കൂടി തന്നെയാണ് ഞാനും കാത്തിരിക്കുന്നത്.
(ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിന്റെ മികച്ച താരങ്ങളിലൊരാളാണ് സോണി കുര്യാക്കോസ് ചെറുവത്തൂര്‍. രഞ്ജി ട്രോഫി 2007, 2008, 2012 സീസണുകളില്‍ കേരളത്തെ നയിച്ചിട്ടുണ്ട്. കേരളത്തിനായി ഏറ്റവും വേഗത്തില്‍ 100 വിക്കറ്റ് നേടിയ താരമായ സോണി, കേരളത്തിനായി ഹാട്രിക് നേടുന്ന രണ്ടാമത്തെ താരവുമാണ്. അണ്ടര്‍ 19 കേരള ടീമിന്റെ പരിശീലകനായിരുന്നു.