UPDATES

ആ ചെങ്കോലും ഇന്ത്യന്‍ ജനാധിപത്യവുമായി എന്തു ബന്ധം?

ആ ചെങ്കോല്‍ രാജഭരണത്തിന്റെ പ്രതീകമാണ്. ഒരു ജനാധിപത്യ വ്യവസ്ഥയില്‍ ഒരിക്കലും യോജിക്കാത്തൊരു വസ്തു

                       

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പരമോന്നത നിയമനിര്‍മാണ സഭ എല്ലാ സൗകര്യങ്ങളും നിറഞ്ഞൊരു പുതിയ കെട്ടിടത്തിലേക്ക് മാറ്റപ്പെടുകയാണ്. രാജ്യത്തെ ചരിത്ര മുഹൂര്‍ത്തങ്ങളിലൊന്ന്. എന്നാല്‍ വിവാദങ്ങളുടെയും പ്രതിഷേധങ്ങളുടെയും നടുവിലാണ് ആ ഉദ്ഘാടനം നടക്കാന്‍ പോകുന്നത്. പുതിയ പാര്‍ലമെന്റ് മന്ദിരവുമായി ബന്ധപ്പെട്ട ഒന്നാമത്തെ പ്രതിഷേധം, അതാര് ഉദ്ഘാടനം ചെയ്യുന്നു എന്നതുമായി ബന്ധപ്പെട്ടാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത്. ഇത് ചോദ്യം ചെയ്യുന്ന പ്രധാന പ്രതിപക്ഷ പാര്‍ട്ടികളെല്ലാം സംയുക്തമായി ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചു. രാഷ്ട്രപതിയാകണം ഉദ്ഘാടക ആകേണ്ടതെന്നും, രാഷ്ട്രപതിയെ അതിന് അനുവദിക്കാത്ത കേന്ദ്രസര്‍ക്കാര്‍ തീരുമാനം തെറ്റാണെന്നുമാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം. ഈ പ്രതിഷേധവും ആവശ്യവും കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുന്നു.

ആരാണ് ഉദ്ഘാടനം ചെയ്യേണ്ടത്?
ഭരണഘടനാനുസൃതമായി അതിനൊരുത്തരം പറയാനില്ലെന്നാണ് ലോക്‌സഭ മുന്‍ സെക്രട്ടറി ജനറല്‍ പിഡിടി ആചാരി അഴിമുഖത്തോട് പറഞ്ഞത്. പ്രത്യേക പ്രോട്ടോക്കോളോ, റൂളോ ഇക്കാര്യത്തില്‍ പറയുന്നില്ല, അതുകൊണ്ട് തന്നെ ഭരണഘടനാപരമായ ഉത്തരവാദിത്തം രാഷ്ട്രപതിക്കാണെന്ന് പറയാന്‍ കഴിയില്ലെന്നും പിഡിടി ആചാരി ചൂണ്ടിക്കാണിക്കുന്നു. മറിച്ച് ചില ഭരണഘടന മര്യാദകള്‍ പാലിക്കാവുന്നതായിരുന്നു എന്ന കാര്യമാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ വിയോജിപ്പിന് ജനാധിപത്യപരമായ അടിസ്ഥാനമുണ്ടെന്ന് വ്യക്തമാക്കി കൊണ്ട് ആചാരി പറയുന്നത്.

‘രാഷ്ട്രപതിയും ലോക്‌സഭയും രാജ്യസഭയും ചേരുന്നതാണ് പാര്‍ലമെന്റ്. രാഷ്ട്രപതി ഹെഡ് ഓഫ് ദ സ്റ്റേറ്റ് ആണ്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സ്ഥാനം വഹിക്കുന്ന വ്യക്തി, പാര്‍ലമെന്റിന്റെ ഭാഗം എന്നീ സ്ഥാനങ്ങളെല്ലാം പരിഗണിക്കുമ്പോള്‍, പുതിയ പാര്‍ലമെന്റ് ഉദ്ഘാടനം എന്ന, അത്രയും പ്രധാനപ്പെട്ടൊരു അവസരത്തില്‍ ആ കടമ നിര്‍വഹിക്കേണ്ടത് രാഷ്ട്രപതിയല്ലേയെന്ന ചോദ്യം ജനാധിപത്യപരമായി ന്യായമാണ്. പക്ഷേ, എന്തുകൊണ്ട് അങ്ങനെയല്ലാതാകുന്നു എന്ന ചോദ്യത്തിന് കേന്ദ്ര സര്‍ക്കാരില്‍ നിന്നും വ്യക്തമായ മറുപടിയും ഉണ്ടാകുന്നില്ല. പകരം ഉണ്ടാകുന്നതാകട്ടെ, എന്തുകൊണ്ട് പ്രധാനമന്ത്രിക്ക് ഉദ്ഘാടനം ചെയ്തുകൂടാ? എന്ന മറുചോദ്യമാണ്. ആദ്യത്തെ ചോദ്യത്തിനുള്ള ഉത്തരമാകുന്നില്ല, രണ്ടാമത്തെ ചോദ്യം. രണ്ടും രണ്ട് ചോദ്യങ്ങളാണ്, അവയ്ക്ക് രണ്ടുത്തരങ്ങളും ആവശ്യമാണ്’.

നമ്മുടെ സംവിധാനത്തില്‍ അധികാരങ്ങള്‍ മുഴുവന്‍ കേന്ദ്രീകരിച്ചിരിക്കുന്നത് പ്രധാനമന്ത്രിയിലാണെന്നാണ്, ഈ ചോദ്യങ്ങള്‍ക്കുള്ള തന്റെ മറുപടിയായി പിഡിടി ആചാരി വിശദീകരിച്ചു തുടങ്ങുന്നത്. ‘കാര്യങ്ങള്‍ തീരുമാനിക്കുന്നത് പ്രധാനമന്ത്രിയാണ്, എല്ലാ കാര്യത്തിലും അവസാനവാക്കും പ്രധാനമന്ത്രിയുടെതാകുന്നു. പുതിയ പാര്‍ലമെന്റ് കെട്ടിടം വേണമെന്ന് തീരുമാനിച്ചത് പ്രധാനമന്ത്രിയാണ്. അതിന് തറക്കല്ലിട്ടതും അദ്ദേഹമാണ്, എല്ലാക്കാര്യങ്ങളിലും ഇടപെടലുകളുണ്ടായിരുന്നു. ഉദ്ഘാടനവും താന്‍ തന്നെ ചെയ്യാമെന്ന് പ്രധാനമന്ത്രി തീരുമാനിക്കുന്നു. ആ തീരുമാനം തെറ്റാണെന്ന് പറയാന്‍ കഴിയില്ല’.

ചില മര്യാദകള്‍
ചില മുന്‍ മാതൃകകള്‍ കൂടി ലോക്‌സഭ മുന്‍ സെക്രട്ടറി ജനറല്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. നിലവിലെ പാര്‍ലമെന്റിലെ ലൈബ്രറി ഉദ്ഘാടനം ചെയ്തത്, രാഷ്ട്രപതിയായിരുന്നു. സ്പീക്കര്‍ക്ക് ഉദ്ഘാടനം ചെയ്യാമായിരുന്നു. എങ്കില്‍ കൂടിയും സ്പീക്കറുടെ അഭ്യര്‍ത്ഥനപ്രകാരം രാഷ്ട്രപതിയെ ഉദ്ഘാടനത്തിന് ക്ഷണിക്കുകയായിരുന്നു. അതൊരു ജനാധിപത്യരീതിയാണെന്നാണ് ആചാരി പറയുന്നത്.

മറ്റൊരു ചരിത്രം കൂടി പിഡിടി ആചാരി ചൂണ്ടിക്കാണിക്കുന്നുണ്ട്. അത് നിലവിലുള്ള പാര്‍ലമെന്റ് ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ്. 1927 ജനുവരി 18 ന് അന്ന് ഹൗസ് ഓഫ് പാര്‍ലമെന്റ് എന്നറിയപ്പെട്ട മന്ദിരം ഉദ്ഘാടനം ചെയ്തത് ഇന്ത്യയുടെ വൈസ്രോയി ആയിരുന്ന ഇര്‍വിന്‍ പ്രഭു ആയിരുന്നു. വൈസ്രോയിയായിരുന്നു ഇന്ത്യയെ സംബന്ധിച്ച് അന്ന് പരമാധികാരി. ഇന്ത്യയുടെ പൂര്‍ണമായ അധികാരം വ്രൈസോയിക്കായിരുന്നു. അന്നും വേണമെങ്കില്‍ പാര്‍ലമെന്റ് ഉദ്ഘാടനം ബ്രിട്ടീഷ് രാജാവിനെക്കൊണ്ട് ചെയ്യിക്കാമായിരുന്നു. അങ്ങനെയുണ്ടായില്ല. പകരം ബ്രിട്ടീഷ് രാജാവിന്റെ സന്ദേശം വായിക്കുക മാത്രമായിരുന്നു ചെയ്തത്. 96 വര്‍ഷം പിന്നിടുന്ന ആ പാര്‍ലമെന്റ് മന്ദിരം ആരാണ് ഉദ്ഘാടനം ചെയ്തതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍ വൈസ്രോയി ഇര്‍വിന്‍ പ്രഭുവിന്റെ പേര് മാത്രമാണുള്ളത്. രാജാവിന്റെ പേരില്ല. ചരിത്രത്തില്‍ രേഖപ്പെടുന്നത് ഉദ്ഘാടനം ചെയ്തയാളാണ്. പുതിയ പാര്‍ലമെന്റിന്റെ കാര്യത്തിലും നാളെ ചരിത്രം പരിശോധിക്കുമ്പോള്‍ ഉദ്ഘാടനം ചെയ്തയാളുടെ പേര് മാത്രമാകും കാണാനാവുക.

ചെങ്കോലും ജനാധിപത്യവും
പുതിയ പാര്‍ലമെന്റുമായി ബന്ധപ്പെട്ടുള്ള മറ്റൊരു വിവാദം, ഒരു ചെങ്കോലുമായി ബന്ധപ്പെട്ടാണ്. പുതിയ പാര്‍ലമെന്റില്‍ സ്പീക്കറുടെ കസേരയ്ക്ക് താഴെയായി ചെങ്കോല്‍ സ്ഥാപിക്കും. ആ ചടങ്ങും ഉദ്ഘാടനം ചെയ്യുന്നത് പ്രധാനമന്ത്രി. സ്വാതന്ത്ര്യ കൈമാറ്റത്തിന്റെ ഭാഗമായുള്ള ചെങ്കോല്‍ ആണിതെന്നും വളരെയേറെ ചരിത്രപ്രാധാന്യം അതിനുണ്ടെന്നുമാണ് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമൊക്കെ പറയുന്നത്. നിലവില്‍ ആ ചെങ്കോള്‍ അലഹബാദ് മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ചെങ്കോലിന്റെ ചരിത്രം
ആ ചെങ്കോലിന് പറയാനുള്ള കഥ ഇതാണ്; ഭരണ കൈമാറ്റവുമായി ബന്ധപ്പെട്ട് വൈസ്രോയി മൗണ്ടന്‍ ബാറ്റണ്‍ പ്രഭുവിന്റെ ഒരു ചോദ്യമാണ് ചെങ്കോലിന്റെ പിറവിക്ക് കാരണം. അധികാര കൈമാറ്റത്തിന്റെ അടയാളമായി എന്തെങ്കിലും വേണ്ടെയെന്നു മൗണ്ട് ബാറ്റന്‍ തിരക്കിയപ്പോള്‍ സി രാജഗോപാലാചാരിയുടെ തലയില്‍ ഉദിച്ച ആശയമാണ്, അധികാര കൈമാറ്റത്തിന്റെ ചിഹ്നമായി ഒരു ചെങ്കോല്‍! ചോള രാജവംശത്തില്‍ പാരമ്പര്യമായി അധികാര കൈമാറ്റം നടത്തുമ്പോള്‍ ഉപയോഗിക്കുന്ന ഒരു ചെങ്കോല്‍ മാതൃകയില്‍ ഒന്ന് നിര്‍മിക്കാമെന്ന് രാജഗോപാലാചാരി പറയുകയും, മദ്രാസ് പ്രസിഡന്‍സിയിലെ വ്യാപാരിയായിരുന്ന വുമ്മിഡി ബെങ്കാരു ചെട്ടിയാരാല്‍ ഡിസൈന്‍ ചെയ്‌തെടുക്കുകയും വുമ്മിഡി എന്തിരാജലു, വുമ്മിഡി സുധാകര്‍ എന്നിവര്‍ നിര്‍മിച്ചെടുക്കുകയും ചെയ്ത ചെങ്കോലാണ് അധികാര കൈമാറ്റത്തിന്റെ അടയാളമായി ഉപയോഗിച്ചതെന്നു പറയുന്നു. 

ഇന്ത്യന്‍ പാര്‍ലമെന്റില്‍ ആ ചെങ്കോലിന് സ്ഥാനമുണ്ടോ?
ആ ചെങ്കോല്‍ ഇന്ത്യയുടെ ഔദ്യോഗിക ചിഹ്നമല്ലെന്നാണ് പിഡിടി ആചാരി തന്റെ അനുഭവ പരിചയം വച്ച് പറയുന്നത്. അത് രാജഗോപാലാചാരിയുടെ തലയില്‍ ഉദിച്ചൊരു ഐഡിയയാണ്. ബ്രിട്ടീഷുകാരുടെ കൈയില്‍ നിന്നും അധികാരം വാങ്ങുമ്പോള്‍ അതിന് എന്തെങ്കിലും ഒരു അടയാളം വേണമല്ലോ, അങ്ങനെ വന്നൊരു ഐഡിയ. അതുപ്രകാരം തമിഴ്‌നാട്ടില്‍ ഉണ്ടാക്കി മൗണ്ട് ബാറ്റന് നല്‍കുന്നു. സ്വര്‍ണത്തിലും വെള്ളിയിലുമൊക്കെ തീര്‍ത്ത ചെങ്കോലിനോട് മൗണ്ട് ബാറ്റന് കൗതുകം തോന്നിയിരുന്നു. അതിനുശേഷം അത് നെഹ്‌റുവിന് കൊടുക്കാന്‍ പറയുന്നു. നെഹ്‌റു അത് മ്യൂസിയത്തിലേക്ക് വയ്ക്കാന്‍ പറയുന്നു. ഇതിനപ്പുറം ചരിത്ര പ്രധാന്യമൊന്നുമില്ലെന്നാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നും വ്യക്തമാകുന്നത്.

സ്വാതന്ത്ര്യം കിട്ടി ഇത്രനാളായിട്ടും, ഇപ്പോഴല്ലാതെ, മുമ്പൊരിക്കലും ആരും തന്നെ ആ ചെങ്കോലിന് പ്രധാന്യം കൊടുത്തിട്ടില്ലെന്നാണ് പിഡിടി ആചാരി തന്റെ ഓര്‍മയില്‍ നിന്നും പറയുന്നത്. അങ്ങനെയൊരു പ്രധാന്യം ആരെങ്കിലും കൊടുത്തിരുന്നെങ്കില്‍ ഇന്ത്യയുമായി ബന്ധപ്പെട്ട പ്രധാനമായൊരു ചരിത്രവസ്തുവായി അത് മാറില്ലായിരുന്നോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്.

40 വര്‍ഷം ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രവര്‍ത്തിച്ചൊരാളാണ് പിഡിടി ആചാരി. തന്റെ പ്രവര്‍ത്തന കാലയളവില്‍ ഒരാള്‍ പോലും ആ ചെങ്കോല്‍ പാര്‍ലമെന്റിലേക്ക് കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്.

ബ്രിട്ടീഷ് പാര്‍ലമെന്റ് പാസ്സാക്കിയ ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്ട് ബ്രിട്ടീഷ് രാജ്ഞി ഒപ്പ് വച്ചതോടെ ബ്രിട്ടീഷ് ഭരണം ഇന്ത്യയില്‍ അവസാനിച്ചു. പിന്നെയവിടെയൊരു ചെങ്കോലിന്റെ ആവശ്യം വരുന്നില്ലെന്ന കാര്യം കൂടി ലോക്‌സഭ മുന്‍ സെക്രട്ടറി ജനറല്‍ ചൂണ്ടിക്കാണിക്കുന്നു.

രാജഭക്തിയോ രാഷ്ട്രീയമോ?
ബ്രിട്ടനിലും അതിന്റെ കോളനി രാജ്യങ്ങളിലും മുമ്പ് സ്പീക്കറുടെ അധികാര ചിഹ്നമായി ഗദ ആകൃതിയിലുള്ള(MACE) ഒരു ദണ്ഡം ഉണ്ടായിരുന്നു. സ്പീക്കര്‍ സഭയിലേക്ക് വരുമ്പോള്‍ സെര്‍ജന്റ് ഓഫ് ആം ഈ ദണ്ഡും പിടിച്ചു മുമ്പേ പോകാറുണ്ടായിരുന്നു. തുടര്‍ന്ന് സഭയില്‍ സ്പീക്കര്‍ക്ക് മുന്നിലെ വലിയ മേശയ്ക്ക് പുറത്ത് ആ ദണ്ഡ് വയ്ക്കും. സ്പീക്കറുടെയും സഭയുടെയും അധികാരം സൂചിപ്പിക്കുന്നതായിരുന്നു ആ ദണ്ഡ്. അതുപോലെ സ്പീക്കര്‍ക്ക് പ്രത്യേക വിഗ്ഗും, യൂണിഫോമുമൊക്കെ ഉണ്ടായിരുന്നു. ഇന്ത്യ സ്വതന്ത്രമാകുമ്പോള്‍ നെഹ്‌റു അടക്കമുള്ളവര്‍ എടുത്ത പ്രധാന തീരുമാനങ്ങളിലൊന്നും കൊളോണിയല്‍ ഹാംഗ്ഓവര്‍ പേറുന്ന ഒന്നും നമുക്ക് പിന്തുടരേണ്ടെന്നായിരുന്നു. അത്തരം വസ്തുക്കളുടെയൊക്കെ സ്ഥാനം അങ്ങനെ മ്യൂസിയങ്ങളിലേക്ക് മാറി; പിഡിടി ആചാരി ചൂണ്ടിക്കാണിക്കുന്ന മറ്റൊരു ചരിത്ര വസ്തുതയാണിത്.

ഇവിടെയിപ്പോള്‍ സംഭവിക്കുന്നത്, മ്യൂസിയത്തിലേക്ക് മാറ്റിയിരുന്ന പലതും തിരിച്ച് ഇന്ത്യയുടെ പരമോന്നത സഭയിലേക്ക് വരുന്നു എന്നതാണ്. ഇന്ത്യയുടെ ഔദ്യോഗിക രേഖകളിലൊന്നുമില്ലാത്ത ചെങ്കോല്‍ പോലുള്ള വസ്തുക്കള്‍ പാര്‍ലമെന്റില്‍ സ്ഥിരപ്രതിഷ്ഠം നേടുന്നുന്നത് ഭയപ്പെടേണ്ട ചില മാറ്റങ്ങളുടെ ഭാഗമായി കാണേണ്ടതുണ്ടെന്നാണ് ഇന്ത്യന്‍ ഭരണഘടനയും രാജ്യത്തിന്റെ ചരിത്രവുമൊക്കെ അറിയാവുന്നവര്‍ മുന്നറിയിപ്പ് തരുന്നത്. ആ ചെങ്കോല്‍ രാജഭരണത്തിന്റെ പ്രതീകമാണ്. ഒരു ജനാധിപത്യ വ്യവസ്ഥയില്‍ ഒരിക്കലും യോജിക്കാത്തൊരു വസ്തു. രാജഭരണത്തിനോടുള്ള പ്രതിപത്തിയാണത് സൂചിപ്പിക്കുന്നത്. അങ്ങനെയൊരു ചെങ്കോല്‍ ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് കടന്നുവരുന്നതിന് ചില രാഷ്ട്രീയമാനങ്ങളുണ്ട്. ഒരു ഹിന്ദു രാഷ്ട്രത്തിന്റെ പ്രതീകമായി ആ ചെങ്കോലിനെ കാണാം. ഹിന്ദു രാഷ്ട്രത്തിലേക്ക് ഇന്ത്യയെ രൂപാന്തരപ്പെടുത്താനുള്ള നീക്കങ്ങളുടെ തുടക്കമായും-എന്നാണ് ആ മുന്നറിയിപ്പ്.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍