കലാസമൂഹം ജനപ്രിയ കലാരൂപങ്ങളിലൂടെ രാഷ്ട്രീയം ചർച്ച ചെയ്തിരുന്നതിന്റെ അടയാളം കൂടിയാണ് നാം സീതാറാമിനൊപ്പം ചർച്ച ചെയ്തത്
സി പി ഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടേയും അദ്ദേഹത്തിന്റെ ഭാര്യയും വിഖ്യാത മാധ്യമപ്രവർത്തകയുമായ സീമാ ചിസ്തിയുടേയും സൗത്ത് ഡൽഹിയിലെ വസന്ത് കുഞ്ജിലെ വീടിന്നുള്ളിൽ യെച്ചൂരിയുടെ മൃതദേഹത്തിന് സമീപത്തെ ചുമരിലെ ഒരു വലിയ സിനിമ പോസ്റ്റർ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയായിൽ വലിയ ചർച്ചയായിരുന്നു. 1949- ൽ പുറത്തിറങ്ങിയ ‘ അന്താസ് ‘ എന്ന ഹിന്ദി ചിത്രത്തിന്റേതായിരുന്നു പോസ്റ്റർ. എന്താണ് ആ ചിത്രവും സീതാറാം യെച്ചൂരിയും തമ്മിലുള്ള ബന്ധം? സീമാ ചിസ്തി കുറച്ച് കാലം മുമ്പ് സൗത്ത് ഡൽഹിയിലെ ഹൗസ്‌കാസ് മാർക്കറ്റിൽ നിന്ന് വാങ്ങിയതാണ് ആ പോസ്റ്റർ എന്നതിനപ്പുറം വ്യക്തിപരമായി സീതാറാമിനേയും സീമയേയും ആ സിനിമയുമായി ബന്ധപ്പെടുത്തുന്ന കാര്യങ്ങളൊന്നും ആരും പറഞ്ഞിട്ടില്ല. അരിവാൾ ചുറ്റിക അടയാളം ആയിരുന്നു മെഹബൂബ് പ്രൊഡക്ഷൻ ആരംഭിക്കുമ്പോൾ ലോഗോ.
പക്ഷേ സി പി ഐ എമ്മിന്റെ ജനറൽ സെക്രട്ടറിയുടെ വീട്ടിൽ യാദൃശ്ചികമായി കാണപ്പെട്ട ഒരു പോസ്റ്ററല്ല ‘ അന്താസ് ‘ എന്ന ചിത്രത്തിന്റേത്. ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിൽ വലിയ സ്ഥാനമുള്ള സിനിമയാണത്. ഇന്ത്യൻ ചലച്ചിത്ര രംഗത്തെ മഹാരഥരിൽ ഒരാളായ മെഹ്ബൂബ് ഖാൻ നിർമ്മിച്ച് സംവിധാനം ചെയ്ത ‘ അന്താസ് ‘ (ശൈലി) അക്കാലത്ത് വലിയ ജനപ്രീതി നേടുക മാത്രമല്ല, അതുവരെയുള്ള ബോക്‌സ്ഓഫീസ് റെക്കോർഡുകൾ മുഴുവൻ തകർക്കുകയും ചെയ്തു. ദിലീപ് കുമാറും നർഗീസും രാജ്കപൂറും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ത്രികോണ പ്രണയകഥയാകട്ടെ കുടുംബ പ്രേക്ഷകർ ദീർഘകാലം മനസിൽ സൂക്ഷിച്ചതാണ്. നൗഷാദിന്റെ സംഗീത സംവിധാനത്തിൽ സാക്ഷാൽ മജ്‌റൂഹ് സുൽത്താൻ പുരി രചിച്ച ഗാനങ്ങൾ അക്കാലത്തെ വൻ ഹിറ്റുകളുമായിരുന്നു.
ഇടത്പക്ഷാനുഭാവമുള്ള, കമ്മ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളുമായ എഴുത്തുകാർ ആരംഭിച്ച പ്രോഗ്രസീവ് റൈറ്റേഴ്‌സ് അസോസിയേഷനിലെ അംഗങ്ങളായിരുന്നു മെഹ്ബൂബ് ഖാനും ഇതിലെ ഗാനരചയിതാവായിരുന്ന മജ്‌റൂഹ് സുൽത്താൻപുരിയുമെല്ലാം. 1935- ൽ ലണ്ടനിൽ ആരംഭിച്ച ഇന്ത്യൻ പ്രോഗ്രസീവ് റൈറ്റേഴ്‌സ് അസോസിയേഷൻ 1936- ൽ കൊൽക്കത്ത കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാരംഭിച്ചു. അതേവർഷം ലഖ്‌നൗവിലും പുരോഗമന രാഷ്ട്രീയമുള്ള എഴുത്തുകാരുടെ സംഘടനയുണ്ടായി. 1943 കാലമായപ്പോഴാണ് ഈ സംഘടന സിനിമ മേഖലയിലേയ്ക്ക് പ്രവേശിക്കുന്നത്. നാടകങ്ങൾ അവതരിപ്പിക്കുന്ന തീയേറ്ററുകളിലും കോഫീ ഹൗസുകളിലും പത്രഓഫീസുകളിലും മുശൈറകൾ എന്ന ഗസൽ ആലാപന സംഘങ്ങളിലും കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഈ സോഷ്യലിസ്റ്റ് ആശയക്കാർ പതുക്കെ ജനപ്രിയ സിനിമകളിലേയ്ക്കും കേന്ദ്രീകരിക്കുകയായിരുന്നു.
ഖ്വാജ അഹ്‌മദ് അബ്ബാസ്, സഹീർ ലുധിയാൻവി, മജ്‌റൂഹ് സുൽത്താൻ പുരി, ചേതൻ ആനന്ദ്, രജീന്ദർ കിഷൻ, ഇന്ദർ രാജ് ആനന്ദ, സാദത്ത് ഹസൻ മന്തോ, ഇസ്മത് ചുഗ്തായ്, കൈഫി ആസ്മി, ജാൻ നിസാർ അഖ്തർ തുടങ്ങിയവർ ഇവരിൽ ചിലർ മാത്രമായിരുന്നു. ഗുജറാത്തിൽ നിന്നും ലാഹോറിൽ നിന്നും അമൃത്‌സറിൽ നിന്നും സുൽത്താൻ പൂരിൽ നിന്നും ലഖ്‌നൗവിൽ നിന്നും ഗ്വാളിയോറിൽ നിന്നുമെല്ലാം ഉള്ള ഈ എഴുത്തുകാർ ബോംബേ സെൻട്രൽ കേന്ദ്രീകരിച്ച് ജനപ്രിയ സിനിമകളിലൂടെ ദരിദ്രരായ മനുഷ്യരുടെ ജീവിതങ്ങളെ കുറിച്ചും പ്രണയത്തെ കുറിച്ചും ജീവിത സമരങ്ങളെ കുറിച്ചും പറയാൻ ആരംഭിച്ചു.
ഗുജറാത്തിലെ സൂറത്തിൽ ഒരു ചെറിയ ഗ്രാമത്തിൽ ജനിച്ച മെഹ്ബൂബ് ഖാൻ ബോംബേയിലെത്തുന്നത് ഒരു നൂർ മുഹമ്മദ് അലി ബന്ധിയാവാല എന്ന കുതിരക്കച്ചവടക്കാരന്റെ ലായത്തിന്റെ പണിക്കാരനായാണ്. ചലച്ചിത്ര നിർമ്മാണ വ്യവസായവും നൂർ മുഹമ്മദ് അലിക്കുണ്ടായിരുന്നു. അങ്ങനെയാണ് തെന്നിന്ത്യയിൽ നിന്നുള്ള ഒരു ചലച്ചിത്ര സംവിധായകൻ ചന്ദ്ര ശേഖറിന്റെ കണ്ണിൽ നൂർ മുഹമ്മദിന്റെ വിശ്വസ്തനും ഉത്സാഹവാനുമായ ജോലിക്കാരൻ പയ്യൻ പെടുന്നത്. സിനിമയോടുള്ള ആ പയ്യന്റെ താതപര്യം മനസിലാക്കി നൂർ മുഹമ്മദിന്റെ അനുവാദത്തോടെ മെഹ്ബൂബിനെ ചന്ദ്രശേഖർ കൂടെ കൂട്ടി. മുപ്പതുകളുടെ പകുതി ആയപ്പോഴേയ്ക്കും മെഹ്ബൂബ് ഖാൻ സ്വന്തം ചിത്രങ്ങൾ സംവിധാനം ചെയ്യാനാരംഭിച്ചു. ബോംബേയിൽ നാൽപ്പതുകളിൽ തഴച്ച് വളർച്ച സിനിമ വ്യവസായത്തിന്റെ ഭാഗമായപ്പോഴേയ്ക്കും സോഷ്യലിസ്റ്റ്, കമ്മ്യൂണിസ്റ്റ് എഴുത്തുകാരുടേയും സംഘത്തിലും അദ്ദേഹം എത്തിയിരുന്നു.
നാൽപ്പതുകളുടെ കാഠിന്യങ്ങളെല്ലാം പുരോഗമന രചനകളേയും ബാധിച്ചു. ലോകമഹായുദ്ധത്തിന്റെ കെടുതികൾ ഒരു വശത്ത്. ഇന്ത്യയെ കഠിനമായി ബാധിച്ച പട്ടിണിയും പകർച്ച വ്യാധികളും മറുവശത്ത്. പോരാത്തതിന് രാജ്യത്തിന്റെ രാഷ്ട്രീയ ചിത്രം മാറാനും ആരംഭിച്ചു. ഇന്ത്യമഹാരാജ്യത്തിന്റെ വിഭജനത്തോടെ ദുരിതങ്ങളും ദുഖങ്ങളും യാതനകളും അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയിരുന്നു. ബംഗാൾ ക്ഷാമത്തിന്റേയും ദാരിദ്രത്തിന്റെയും നടുവിൽ മരിച്ച് വീഴുന്ന മനുഷ്യരുടെ ദുരന്തത്തിൽ നിന്നാണ് ഖ്വാജ അഹമദ് അബ്ബാസിന്റെ ‘ധർത്തി കേ ലാൽ’ ഉണ്ടാകുന്നത്. സാമ്രാജ്യത്വ ബൂർഷ്വാസിയുടെ കാൽച്ചുവട്ടിൽ പെട്ടുപോയ മനുഷ്യരുടെ യാതനകളായിരുന്നു ചേതൻ ആനന്ദിന്റെ ‘നീചാ നഗർ’. അബ്ബാസ് രചിച്ച ‘ആവാര’യാകട്ടെ നമ്മുടെ സാമൂഹ്യയാഥാർത്ഥ്യങ്ങളിലേയ്ക്ക് തിരിച്ച് വച്ച കണ്ണാടിയായിരുന്നു.
മജ്‌റൂഹ് സുൽത്താൻ പുരിയാകട്ടെ വിഭജനത്തിന്റെ കണ്ണീർക്കടിലിൽ നിന്നാണ് ‘തൂ ഹിന്ദു ബനേഗാ, നാ മുസൽമാൻ ബനേഗാ, ഇൻസാൻ കീ ഔലാദ് ഹേ ഇൻസാൻ ബനേഗ’ എഴുതുന്നത്. നിങ്ങൾ ഹിന്ദുവോ മുസ്ലീമോ ഒക്കെ ആകുമായിരിക്കും, പക്ഷേ മനുഷ്യരുടെ മക്കളെല്ലാം മനുഷ്യരാണ് എന്ന അടിസ്ഥാന പ്രഖ്യാപനമായിരുന്നു അത്. 1946-മെഹ്ബൂബ് പ്രൊഡക്ഷൻസ് ആരംഭിക്കുന്ന മെഹ്ബൂബ് ഖാൻ പുരോഗമനാശയാക്കാരുടെ നാടകസംഘമായ ഇപ്റ്റയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന രാജ്കപൂറിനേയും നർഗീസിനേയും ദിലീപ്കുമാറിനേയും പ്രധാന വേഷത്തിൽ അവതരിപ്പിച്ച ‘അന്താസ’ നിർമ്മിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. ഉത്തർപ്രദേശിലെ സുൽത്താൻ പുരിയിൽ നിന്ന് ബോംബേയിലെത്തി സിനിമയിൽ പ്രവർത്തിക്കാൻ ആരംഭിച്ച മജ്‌റൂഹ് സുൽത്താൻ പുരിയുടെ ഗാനരചയിതാവ് എന്ന നിലയിലുള്ള ദീർഘ ജീവിതം ആരംഭിക്കുന്നതും ‘അന്താസി’ ലൂടെ ആണ്.
അതിന് ശേഷവും പ്രകോപനപരവും ശക്തവുമായ രചനകൾ നടത്തിയ മജ്‌റൂഹ് അതേ വർഷം രാഷ്ട്രീയ രചനകളുടെ പേരിൽ രണ്ട് വർഷം ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്തു. ജയിലിൽ നിന്നിറങ്ങിയ ശേഷവും ആറുപതിറ്റാണ്ട് ഇന്ത്യൻ സിനിമകൾക്ക് പാട്ടുകളെഴുതിയ മജ്‌റൂഹ് 1993-ൽ ദാദാസഹേബ് ഫാൽക്കേ പുരസ്‌കാരത്താൽ ആദരിക്കപ്പെട്ടു.
‘അന്താസി’ന്റെ വലിയ വിജയത്തിന് ശേഷം പുരോഗമന എഴുത്തുകാരുടെ പക്ഷത്ത് നിന്ന് മറ്റ് വലിയ രചനകളുമുണ്ടായി. 1953-ൽ ഇന്ത്യയിലെ ആദ്യത്തെ ഔട്ട് ഡോർ സിനിമകളിലൊന്നായ ‘ദോ ബീഖ ജമീൻ’ ബിമൽ റോയ് സംവിധാനം ചെയ്തു. ഫ്യൂഡലിസത്തിന്റെ അപചയവും സാധാരണക്കാരായ മനുഷ്യരുടെ ജീവിതദുഖങ്ങളുമായിരുന്നു ‘ദോ ബീഖ ജമീനി’ന്റെ ഉള്ളടക്കം. മഹ്ബൂബ് ഖാനാകട്ടെ 1957-ൽ നിർമ്മിച്ച് സംവിധാനം ചെയ്ത ‘മദർ ഇന്ത്യ’ ഏറ്റവും മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ഓസ്‌കാർ പുരസ്‌കാരത്തിന്റെ നോമിനേഷനിൽ ഉൾപ്പെട്ടു. എക്കാലത്തേയും ഏറ്റവും മികച്ച ഇന്ത്യൻ സിനിമകളിലൊന്നായി കണക്കാക്കപ്പെടുന്ന ‘മദർ ഇന്ത്യ’യുടെ പ്രമേയം ഇന്ത്യൻ സമൂഹത്തിന്റെ ദുരിതകളുടെ ആകെത്തുകയായിരുന്നു.
അമേരിക്കൻ സിനിമ രംഗത്ത് പുരോഗമന പക്ഷക്കാരായ, ഇടത്പക്ഷാനുഭാവികളെ സംഘടിച്ച ഡാൽട്ടൻ ട്രംബോയെ പോലൊരു ജനപ്രിയ ചലച്ചിത്ര പ്രവർത്തകന്റെ പ്രവർത്തനങ്ങളെ ഓർമ്മിപ്പിക്കുന്ന ജീവിതമായിരുന്നു ഇവരുടേത്. കമ്മ്യൂണിസ്റ്റ് അനുഭാവത്തിന്റെ പേരിൽ സിനിമകളിൽ നിന്ന് വിലക്കപ്പെടുകയും ജയിലടക്കപ്പെടുകയും ചെയ്ത ജീവിതമായിരുന്നു ഈ ചലച്ചിത്രകാരന്മാരുടേത്. മെഹ്ബൂബ് ഖാൻ ‘മെഹ്ബൂബ് സ്റ്റുഡിയോസ്’ ആരംഭിക്കുന്ന 1943-ൽ തന്നെയാണ് ട്രംബോ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമാകുന്നതും ഹോളിവുഡിലെ കമ്മ്യൂണിസ്റ്റ് വിരുദ്ധലോബിയുടെ നോട്ടപ്പുള്ളിയാകുന്നതും. എക്‌സോഡസ്, സ്പാർട്ടക്കസ്, 30 സെക്കൻഡ് ഓവർ ടോക്കിയോ തുടങ്ങി ഹോളിവുഡിലെ ഏറ്റവും വലിയ ഹിറ്റുകളുടെ രചയിതാവായ ട്രംബോക്ക് തന്റെ വിഖ്യാത രചനയായ ‘റോമൻ ഹോളിഡേ’ക്ക് ക്രെഡിറ്റ് ലഭിക്കുന്നത് ചിത്രമിറങ്ങി അറുപത് വർഷങ്ങൾക്ക് ശേഷമാണ്. അദ്ദേഹം മരണപ്പെട്ട് ഏതാണ്ട് 35 വർഷങ്ങൾക്ക് ശേഷം.
അഥവാ ‘അന്താസ്’ എന്ന ചിത്രത്തിന്റെ പോസ്റ്റർ ഇന്ത്യൻ ഇടത്പക്ഷത്തിന്റെ എക്കാലത്തേയും ഏറ്റവും വലിയ പോരാളികളിലൊരാളായ സീതാറാം യെച്ചൂരിയുടെ വിടവാങ്ങലിനൊപ്പം ചർച്ച ചെയ്യപ്പെടുന്നത് യാദൃശ്ചികമല്ല.
ഇന്ത്യയിലെ പുരോഗമന ചിന്താഗതിക്കാരായ കലാസമൂഹം ജനപ്രിയ കലാരൂപങ്ങളിലൂടെ രാഷ്ട്രീയം ചർച്ച ചെയ്തിരുന്നതിന്റെ അടയാളം കൂടിയാണ് നാം സീതാറാമിനൊപ്പം ചർച്ച ചെയ്തത്.
contnet summary;