ഇന്ത്യയ്ക്കെതിരെ 50 ശതമാനം തീരുവ ഏർപ്പെടുത്തിക്കൊണ്ടുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവിന് ശേഷം ഇന്ത്യ – യുഎസ് വ്യാപാരക്കരാറിന്റെ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഈ അസരത്തിലാണ് ഷാങ്‌ഹായ് സഹകരണ സംഘടനാ (എസ്‌സിഒ) ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലേക്ക് പോകുന്നത്. ഇന്ത്യ – യുഎസ് വ്യാപാരബന്ധം വഷളാകുന്ന സാഹചര്യത്തിൽ ചൈനയും റഷ്യയുമായുള്ള ബന്ധം ദൃഢപ്പെടുത്താനാണ് മോദി സർക്കാരിന്റെ ശ്രമമെന്ന് വിമർശനങ്ങളും ഉയരുന്നുണ്ട്.
ഏഴ് വർഷങ്ങൾക്ക് ശേഷമാണ് മോദി ചൈന സന്ദർശനം നടത്തുന്നത്. ഓഗസ്റ്റ് 31, സെപ്‌തംബർ ഒന്ന് തീയതികളിലാണ് ചൈനയിലെ ത്യാൻജിനിൽ വെച്ച് എസ്‌സിഒ ഉച്ചകോടി നടക്കുന്നത്. അതേസമയം ഇന്ത്യയുടെ ചൈന സന്ദർശനത്തെക്കുറിച്ചുള്ള വാർത്തകളിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല. 2018 ജൂണിലാണ് മോദി അവസാനമായി ചൈന സന്ദർശിച്ചത്. 2020 ൽ ഹിമാലയൻ അതിർത്തിയിലെ ഗാൽവനിലുണ്ടായ സൈനിക ഏറ്റുമുട്ടലിനുശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളായി. അതിന് ശേഷം മോദി ചൈനയിൽ സന്ദർശനം നടത്തിയിട്ടില്ല. അതേസമയം, ഒക്ടോബറിൽ റഷ്യയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ നടന്ന കൂടിക്കാഴ്ച ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ ലഘൂകരിക്കാൻ സഹായിച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരു രാജ്യങ്ങളും ബന്ധം പുനഃസ്ഥാപിക്കാനും വ്യാപാരം മെച്ചപ്പെടുത്താനും ശ്രമിക്കുന്നതായും റോയിട്ടേഴ്സ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യൻ ഉത്പന്നങ്ങൾക്ക് മേൽ ഉയർന്ന തീരുവ ചുമത്തുകയും ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിൽ കൂടുതൽ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തതിനെ തുടർന്നാണ് ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം വഷളാകാൻ തുടങ്ങിയത്. അമേരിക്കൻ വിരുദ്ധ നയങ്ങളുമായി യോജിക്കുന്നു എന്ന് വിശേഷിപ്പിച്ചതിന് ഇന്ത്യ ഉൾപ്പെടെയുള്ള ബ്രിക്സ് രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 10 ശതമാനം അധിക തീരുവ ചുമത്തുമെന്ന് മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് എണ്ണ വിറ്റുണ്ടാക്കുന്ന ലാഭം കൊണ്ടാണ് റഷ്യ, യുക്രെയ്നെതിരെ യുദ്ധം നടത്തുന്നതെന്ന വാദമുന്നയിച്ചാണ് ട്രംപ് ഇന്ത്യക്കെതിരെ താരിഫ് ഭീഷണി ഉയർത്തിയത്.
യുക്രെയ്നുമായുള്ള യുദ്ധത്തിൽ റഷ്യ സമാധാനക്കരാറിന് സമ്മതിക്കണമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകുന്ന സമയത്ത് ട്രംപിന്റെ ഉദ്യോഗസ്ഥനായ സ്റ്റീവ് വിറ്റ്കോഫ് മോസ്കോയിലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ റഷ്യ സന്ദർശിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അമേരിക്കയുടെ സമ്മർദ്ദം മൂലം റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി തുടരുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായാണ് സർക്കാർ വൃത്തങ്ങൾ അറിയിച്ചത്. എസ്-400 വ്യോമ പ്രതിരോധ സംവിധാനത്തിന്റെ വേഗത്തിലുള്ള വിതരണം, പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ഇന്ത്യ സന്ദർശനം എന്നിവയുൾപ്പെടെ ഇന്ത്യ-റഷ്യ പ്രതിരോധ ബന്ധങ്ങളെക്കുറിച്ചും ഡോവൽ സംസാരിക്കാൻ സാധ്യതയുണ്ട്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വരും ആഴ്ചകളിൽ റഷ്യ സന്ദർശിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
Content Summary: india- us trade deal; Modi is preparing to get closer to China
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.