June 03, 2026 |
Share on

ഇന്ത്യൻ ടീമിൽ വിള്ളൽ? ഗംഭീർ-കോഹ്‌ലി-രോഹിത് ബന്ധം വഷളായി, ബിസിസിഐക്ക് ആശങ്ക

കോഹ്‌ലിയും രോഹിത്തും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം, ഗംഭീറുമായുള്ള സൗഹൃദം അത്ര സുഖകരമല്ല എന്നാണ്

ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയുടെയും ഏകദിന ടീമിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് അത്ര സുഖമുള്ള വാർത്തകളല്ല പുറത്തു വരുന്നത്. ഹെഡ് കോച്ച് ഗൗതം ഗംഭീറുമായി ഇരുവർക്കുമുള്ള ബന്ധം വഷളായതാണ് അഭ്യൂഹങ്ങൾക്കുള്ള പ്രധാന കാരണം. ടീമിലെ നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ബിസിസിഐ ഉന്നതതല ഇടപെടലിന് ഒരുങ്ങുകയാണ്. കോഹ്‌ലിയും രോഹിത്തും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം, ഗംഭീറുമായുള്ള സൗഹൃദം അത്ര സുഖകരമല്ല എന്നാണ് ദൈനിക് ജാഗ്രൺ ഉൾപ്പെടെയുള്ള പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇന്ത്യൻ ഡ്രസ്സിങ് റൂമിലെ നിലവിലെ അന്തരീക്ഷം ആശങ്കാജനകമാണ്. ഗൗതം ഗംഭീറും ടീമിലെ സീനിയർ താരങ്ങളും തമ്മിലുള്ള സംഭാഷണങ്ങൾ പോലും കുറഞ്ഞു. മുൻ പരിശീലകൻ രാഹുൽ ദ്രാവിഡിന് പകരക്കാരനായി ഗംഭീർ ചുമതലയേറ്റെടുത്തപ്പോൾ ഉണ്ടായിരുന്ന സഹകരണവും സൗഹൃദവും നിലവിൽ ടീമിനുള്ളിൽ കാണാനില്ല. വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് ശേഷമാണ് പരിശീലകനുമായുള്ള ബന്ധത്തിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങിയതെന്നും റിപ്പോർട്ടുകളുണ്ട്.

ഓസ്‌ട്രേലിയൻ ഏകദിന പരമ്പരയ്ക്കിടെ ക്യാപ്റ്റൻ രോഹിത് ശർമ്മയും സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറും തമ്മിൽ നല്ല ബന്ധത്തിലായിരുന്നില്ല എന്ന വാർത്തകളും പുറത്തു വന്നിരുന്നു. അതെ സമയം, ഗംഭീറിനെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ ബിസിസിഐ ആശങ്കയിലാണ്. ഗൗതം ഗംഭീറും വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും തമ്മിലുള്ള ബന്ധം ‘അത്ര നല്ലതല്ല’ എന്ന് ബിസിസിഐ വൃത്തങ്ങൾ സമ്മതിക്കുന്നു.

ഈ സാഹചര്യത്തിൽ, ഈ രണ്ട് സീനിയർ കളിക്കാരുടെയും ഭാവി തീരുമാനിക്കുന്നതിനായി ഒരു അടിയന്തര യോഗം നടന്നേക്കാം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര നടക്കുന്ന റായ്പൂരിലോ വിശാഖപട്ടണത്തോ വെച്ചായിരിക്കും ആദ്യ ചർച്ചകൾ. ഇതിന് പുറമെ, ദക്ഷിണാഫ്രിക്കൻ ഏകദിന പരമ്പരയ്ക്ക് ശേഷം അഹമ്മദാബാദിൽ വെച്ച് ബിസിസിഐ ഉദ്യോഗസ്ഥർ, പരിശീലകൻ ഗംഭീർ, സെലക്ടർ അജിത് അഗാർക്കർ എന്നിവർ ഉൾപ്പെടുന്ന മറ്റൊരു പ്രധാന കൂടിക്കാഴ്ചയും നടക്കും.

2027 ഏകദിന ലോകകപ്പിനുള്ള ടീമിന്റെ റോഡ്മാപ്പ് തയ്യാറാക്കുക എന്നതാണ് ഈ യോഗത്തിന്റെ പ്രധാന ലക്ഷ്യം. ഓസ്‌ട്രേലിയൻ പരമ്പരയിൽ കോഹ്‌ലിയും രോഹിത്തും മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും, ഒരു ഫോർമാറ്റ് മാത്രം കളിക്കുന്ന ഇവരുടെ കായികക്ഷമതയിലും സ്ഥിരതയിലും സെലക്ടർമാർക്ക് ആശങ്കയുണ്ട്. അതിനാൽ, ഇരുവർക്കും വിജയ് ഹസാരെ ട്രോഫി പോലുള്ള ആഭ്യന്തര മത്സരങ്ങളിൽ പങ്കെടുക്കാൻ ഉപദേശം നൽകിയേക്കാം. വരാനിരിക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് ശേഷമുള്ള ഈ കൂടിക്കാഴ്ചകൾ ഇന്ത്യൻ ഏകദിന ടീമിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ നിർണായകമാകും.

content summary: Gautam Gambhir’s Relationship With Virat Kohli, Rohit Sharma Turns Cold

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×