June 25, 2026 |
Share on

ഇറാൻ ബന്ധം; എട്ട് ഇന്ത്യൻ കമ്പനികൾക്കും അഞ്ച് വ്യാപാരികൾക്കും ഉപരോധവുമായി യുഎസ്

ഇറാൻ ഭരണകൂടത്തിനെതിരെ നീക്കം ശക്തമാക്കുന്നതിൻ്റെ ഭാഗമായാണ് നടപടി

ഇറാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എട്ട് കമ്പനികൾക്കും അഞ്ച് ഇന്ത്യൻ പൗരന്മാർക്കുമെതിരെ ഉപരോധവുമായി അമേരിക്ക. ഇറാനിൽ നിന്ന് പെട്രോളിയം ഉത്പന്നങ്ങളോ മറ്റ് വസ്തുക്കളോ വാങ്ങുകയും ഇടപാടുകൾ നടത്തുകയും ചെയ്ത കമ്പനികളെയാണ് ഉപരോധിച്ചത്. ഇറാൻ ഭരണകൂടത്തിനെതിരെ നീക്കം ശക്തമാക്കുന്നതിൻ്റെ ഭാഗമായാണ് ഇന്ത്യ ഉൾപ്പെടെയുള്ള ഏതാനം രാജ്യങ്ങൾ കേന്ദ്രീകരിച് പ്രവർത്തിക്കുന്ന കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തിയത്.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഉപദേഷ്ടാവായ അലി ഷംഖാനിയുടെ മകൻ മുഹമ്മദ് ഹൊസൈൻ ഷംഖാനിയുടെ ഷിപ്പിംഗ് കമ്പനികളെയാണ് ഉപരോധങ്ങൾ പ്രധാനമായും ലക്ഷ്യമിടുന്നത്. മുഹമ്മദ് ഹൊസൈൻ ഷംഖാനിയുടെ ശൃഖംലയുടെ ഭാ​ഗമായ 15 ഷിപ്പിംഗ് സ്ഥാപനങ്ങൾ, 52 കപ്പലുകൾ, 12 വ്യക്തികൾ, 53 സ്ഥാപനങ്ങൾ എന്നിവയെയാണ് പുതിയ ഉപരോധങ്ങൾ ലക്ഷ്യമിടുന്നത്. ആറ് ഇന്ത്യൻ കമ്പനികളാണ് ഈ ഉപരോധ പട്ടികയുടെ ഭാ​ഗമാവുന്നത്. കാഞ്ചൻ പോളിമേഴ്സ്, ആൽകെമിക്കൽ സൊല്യൂഷൻസ്, ജുപീറ്റർ ഡൈ കെം, ഗ്ലോബൽ ഇൻഡസ്ട്രിയൽ കെമിക്കൽസ്, പെഴ്സിസ്റ്റൻ്റ് പെട്രോകെം, റാംനിക്ലാൽ എസ് ഗോസാലിയ ആൻഡ് കമ്പനി എന്നീ കമ്പനികളെയാണ് ഉപരോധിച്ചത്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ കണക്കനുസരിച്ച്, ഈ കമ്പനികൾ ദശലക്ഷക്കണക്കിന് ഡോളർ വിലമതിക്കുന്ന പെട്രോകെമിക്കലുകൾ ഇറാനിൽ നിന്ന് ഇറക്കുമതി ചെയ്തിട്ടുണ്ട്.

ഹൊസൈൻ ഷംഖാനിയുടെ ശൃംഖലയുമായുള്ള ബന്ധത്തിന്റെ പേരിൽ മുംബൈ ആസ്ഥാനമായുള്ള എൻസ ഷിപ്പ് മാനേജ്‌മെന്റും സൂറത്ത് ആസ്ഥാനമായുള്ള ശ്രീജി ജെംസും എന്നിങ്ങനെ രണ്ട് ഇന്ത്യൻ കമ്പനികൾ കൂടി ഓഫീസ് ഓഫ് ഫോറിൻ അസറ്റ് ആന്റ് കൺട്രോൾ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. മുഹമ്മദ് റഫീഖ് ഹബീബുള്ള, ജേക്കബ് കുര്യൻ, അനിൽ കുമാർ പനക്കൽ നാരായണൻ നായർ, പങ്കജ് നാഗ്ജിഭായ് പട്ടേൽ, ഇല്യാസ് ജാഫർ താംബെ എന്നിവരാണ് യുഎസ് ഉപരോധം ഏർപ്പെടുത്തിയ അഞ്ച് ഇന്ത്യൻ പൗരന്മാർ. വിദേശത്ത് ഭീകരതയെ പിന്തുണയ്ക്കുന്നതിനും സ്വന്തം ജനങ്ങളെ അടിച്ചമർത്തുന്നതിനും ഇറാൻ ഭരണകൂടം ഉപയോഗിക്കുന്ന വരുമാനത്തിന്റെ ഒഴുക്ക് തടയാൻ അമേരിക്ക നടപടിയെടുക്കുകായാണെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഇന്ത്യയിലെ ഇറാൻ എംബസി അമേരിക്കയെ വിമർശിച്ചു കൊണ്ട് രം​ഗത്തു വന്നിട്ടുണ്ട്. അവർ സമ്പദ്‌വ്യവസ്ഥയെ ആയുധമാക്കുകയാണെന്നും ഉപരോധത്തിലൂടെ മറ്റ് രാജ്യങ്ങളുടെ മേൽ തങ്ങളുടെ ഇഷ്ടം പ്രയോ​ഗിക്കാനും രാജ്യങ്ങളെ നിയന്ത്രിക്കാൻ ഉപകരണങ്ങളായി ഉപയോഗിക്കുകയാണെന്നും ആരോപിച്ചു. എക്സ് അക്കൗണ്ടിലൂടെയാണ് ഇന്ത്യയിലെ ഇറാൻ എംബസി പ്രതികരണം അറിയിച്ചത്. ഇറാന് മേൽ പരമാവധി സമ്മ‌ർദ്ദം ചെലുത്തുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപിന്റെ നടപടി. മുൻ ഘട്ടങ്ങളിലും ഉപരോധം ഏർപ്പെടുത്തിയ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പട്ടികയിൽ ഇന്ത്യൻ പൗരന്മാരും സ്ഥാപനങ്ങളും ഇടം നേടിയിരുന്നു. ജൂലൈയിൽ ആദ്യം യൂറോപ്യൻ യൂണിയൻ ഷംഖാനിക്ക് ഉപരോധം ഏർപ്പെടുത്തിയിരുന്നു. ബുധനാഴ്ചത്തെ നടപടി റഷ്യയെയും ഇറാനെയും ബാധിക്കുമെന്ന് യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

content summary: U.S. has imposed sanctions on eight Indian companies and five Indian nationals in its latest crackdown on Iran’s energy trade and shipping network

Tags:

Leave a Reply

Your email address will not be published. Required fields are marked *

×