അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രികളുടെ വാതിലുകൾക്കപ്പുറം, വെളുത്ത ഗൗൺ അണിഞ്ഞ ഒരു വിഭാഗം ആരോഗ്യപ്രവർത്തകർ നേരിടുന്നത് സുരക്ഷാഭീഷണികളും കടുത്ത മാനസിക സമ്മർദ്ദങ്ങളുമാണ്. എറണാകുളം മെഡിക്കൽ കോളേജിലെ ഡോക്ടർ ലിയ ‘അഴിമുഖത്തോട്’ പങ്കുവെച്ച അനുഭവങ്ങൾ, കേരളത്തിലെ ഡോക്ടർമാർ ദൈനംദിനം നേരിടുന്ന അശാസ്ത്രീയമായ തൊഴിൽ സാഹചര്യങ്ങളെയും, മാനേജ്‌മെന്റ് സമ്മർദ്ദങ്ങളെയും, സുരക്ഷിതത്വമില്ലായ്മയെയും കുറിച്ചുള്ള കൂടുതൽ വ്യക്തമായ ചിത്രമാണ് നൽകുന്നത്.
ആശുപത്രികളിൽ, പ്രത്യേകിച്ച് ഒ.പി വിഭാഗത്തിൽ, രോഗികളിൽ നിന്നുള്ള ആക്രമണോത്സുകമായ പെരുമാറ്റം ഒരു ഒറ്റപ്പെട്ട സംഭവമല്ല, മറിച്ച് ദിനംപ്രതി കൈകാര്യം ചെയ്യേണ്ടി വരുന്ന ഒരു വെല്ലുവിളിയാണ്. നമ്മുടെ പൊതുസമൂഹത്തിൽ, ഒ.പി. അടിസ്ഥാനത്തിൽ ഡോക്ടറെ കാണുന്നതിനെക്കുറിച്ചും അതിന്റെ സമയക്രമങ്ങളെക്കുറിച്ചുമുള്ള ധാരണകൾ പരിമിതമാണ്.
‘നമ്മുടെ പൊതുധാരണ ‘ആശുപത്രികൾ 24 മണിക്കൂറും എല്ലാവർക്കും എപ്പോഴും വന്നു കാണാൻ സാധിക്കുന്ന സ്ഥലങ്ങളാണ്’ എന്നുള്ളതാണ്. എന്നാൽ, മിക്ക മെഡിക്കൽ കോളേജുകളിലും ഒ.പി. സമയം ഉച്ചയ്ക്ക് 2 മണിവരെയാണ്. പനി പോലുള്ള സാധാരണ രോഗങ്ങൾക്ക് ഒ.പി.യിലാണ് ചികിത്സ തേടേണ്ടത്. എന്നാൽ പലപ്പോഴും അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടുന്ന ഗുരുതര രോഗികളേക്കാൾ കൂടുതലായി, ‘പനി വന്നിട്ട് ശ്രദ്ധിച്ചില്ല’ എന്ന തരത്തിലുള്ള പരാതികളും അതിനെ തുടർന്നുള്ള പ്രശ്നങ്ങളുമാണ് അവിടെ ഉണ്ടാവാറുള്ളത്’.
Also Read: ‘ഡോക്ടർമാർ ദൈവങ്ങളല്ല, സാധാരണ മനുഷ്യരാണ്’ അവർ ആക്രമിക്കപ്പെടുമ്പോൾ തകരുന്നത് പൊതുജനാരോഗ്യം
ഇതിനുപുറമെ, മാനസിക സമ്മർദ്ദം, സോഡിയം കുറയുന്നത്, തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങൾ എന്നിവയും രോഗികളിൽ ആക്രമണ സ്വഭാവം വർദ്ധിപ്പിക്കാൻ കാരണമാകാറുണ്ട്. എന്നാൽ ആക്രമണ സ്വഭാവമുള്ള രോഗികളെ കൈകാര്യം ചെയ്യാനുള്ള കൃത്യമായ മാർഗ്ഗരേഖകളോ പ്രത്യേക പരിശീലനങ്ങളോ ആരോഗ്യ പ്രവർത്തകർക്ക് ലഭ്യമല്ല എന്നുള്ളതാണ് പ്രധാന പ്രശ്നമെന്ന് ഡോക്ടർ ലിയ ചൂണ്ടിക്കാട്ടുന്നു.
അക്രമാസക്തരാകുന്ന രോഗികൾക്കും അടിയന്തര ചികിത്സ ഉറപ്പാകേണ്ടതുണ്ട്. എന്നാൽ അത്തരം സാഹചര്യങ്ങളെ നേരിടാൻ നിലവിൽ പ്രത്യേക സ്റ്റാഫോ സൗകര്യങ്ങളോ ഇല്ല. ഇത്തരം രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് എപ്പോൾ വേണമെങ്കിലും ശാരീരികമായ ഉപദ്രവങ്ങൾ ഏൽക്കാനുള്ള സാധ്യതയുണ്ട്. രോഗിയുടെ സുരക്ഷയും ചികിത്സയും ഉറപ്പാക്കുന്നതിനൊപ്പം ജീവനക്കാരുടെ സുരക്ഷയും അപകടത്തിലാകുന്നു എന്നതാണ് ഈ വിഷയത്തിൽ നിലനിൽക്കുന്ന പ്രധാന വെല്ലുവിളി.
നിലവിലെ സാഹചര്യത്തിൽ, അക്രമാസക്തരാകുന്ന രോഗികളെ നിയന്ത്രിക്കുന്നതിനായി ആശുപത്രിയിലെ അറ്റൻഡർമാരുടെയോ മറ്റ് ജീവനക്കാരുടെയോ സഹായത്തോടെ നിയന്ത്രണത്തിലാക്കി ചികിത്സ നൽകേണ്ടി വരും. ഇത്തരം സാഹചര്യങ്ങളെ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച ജീവനക്കാരോ, സുരക്ഷിതമായ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ചുള്ള പരിശീലന പരിപാടികളോ ലഭ്യമല്ല.
രോഗം പകരുന്ന തൊഴിലിടം: ഇൻഷുറൻസിന്റെ അഭാവം
ആരോഗ്യ പ്രവർത്തകർക്ക് രോഗികളിൽ നിന്ന് അസുഖങ്ങൾ പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. മാസ്ക്, സാനിറ്റൈസർ എന്നിവ ഉപയോഗിച്ച് തടയാൻ കഴിയുന്ന അണുബാധകൾക്ക് ഒരു പരിധിയുണ്ട്. എന്നാൽ, രോഗി ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ പുറത്തുവരുന്ന സ്രവങ്ങൾ വഴിയുള്ള അണുബാധകൾ ഇവിടെ ഒരു വെല്ലുവിളിയാണ്. കൂടാതെ, രോഗി ഉപയോഗിച്ച വസ്തുക്കളിലോ ശരീരസ്രവങ്ങളിലോ സ്പർശിക്കുന്നത് വഴിയും അണുബാധകൾ പകരാൻ സാധ്യതയുണ്ട്.

രോഗികൾ കൈകാര്യം ചെയ്ത കേസ് ഷീറ്റുകളിലും മറ്റ് രേഖകളിലും അണുക്കൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇതുവഴിയും രോഗം പകരാനുള്ള സാധ്യത നിലനിൽക്കുന്നു. ഒരു ഡോക്ടർക്ക് ആശുപത്രിയിൽവെച്ച് രോഗം പകരാനുള്ള സാധ്യത പൂർണ്ണമായും തള്ളിക്കളയാനാവില്ല. എന്നാൽ ഇത്രയധികം അപകടസാധ്യതകൾ ഉണ്ടായിരുന്നിട്ടും, ജോലി സംബന്ധമായി രോഗം വന്നാൽ പോലും ഡോക്ടർമാർക്ക് സംസ്ഥാന സർക്കാരിൻ്റെ ഭാഗത്തുനിന്ന് ആരോഗ്യ ഇൻഷുറൻസോ മറ്റ് സാമ്പത്തിക സുരക്ഷാ പദ്ധതികളോ ലഭ്യമല്ല എന്നതാണ് ശ്രദ്ധേയം.
‘കഴിഞ്ഞ രണ്ട് വർഷമായി ഞാൻ ഈ മേഖലയിൽ പ്രവർത്തിക്കുന്നു. ഇത് ഉയർന്ന അപകടസാധ്യതയുള്ള ഒരു ജോലിയാണ്. അതുകൊണ്ടുതന്നെ, ഇത്രയും റിസ്ക് എടുത്ത് ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്’ ഡോക്ടർ ലിയ പറയുന്നു.
എച്ച്.ഐ.വി. രോഗികളെ ചികിത്സിക്കുമ്പോൾ നീഡിൽ സ്റ്റിക്ക് ഇഞ്ചുറി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഗ്ലൗസുകൾക്കിടയിലൂടെ പോലും സർജൻമാർക്ക് സൂചി കൊണ്ട് പരിക്കേൽക്കുകയും, രക്തത്തിലൂടെ അണുബാധകൾ പകരാനും സാധ്യതയുണ്ട്. ഈ അപകടസാധ്യതകളെ പൂർണ്ണമായി ഒഴിവാക്കാൻ സാധ്യമല്ല.
Also Read: “36 മണിക്കൂർ ഡ്യൂട്ടി, ശമ്പള൦ 45,000 രൂപ, ജോലി സമ്മർദം ആത്മഹത്യയ്ക്ക് തുല്യം”
നീഡിൽ സ്റ്റിക്ക് ഇഞ്ചുറി പോലുള്ള സാഹചര്യങ്ങൾ ഉണ്ടായാൽ, ആരോഗ്യ പ്രവർത്തകർക്ക് പി.ഇ.പി. (PEP – Post-Exposure Prophylaxis) ചികിത്സയുടെ ഭാഗമായി എച്ച്.ഐ.വി. മരുന്നുകൾ കഴിക്കേണ്ടതായി വരും. ഇത് സാധാരണയായി ആറുമാസത്തോളം തുടരേണ്ട ഒരു ചികിത്സയാണ്. എച്ച്.ഐ.വി. രോഗികൾ ഉപയോഗിക്കുന്ന മുഴുവൻ മരുന്നുകളും കഴിക്കേണ്ടി വരില്ലെങ്കിലും, സാധാരണയായി രണ്ട് മരുന്നുകൾ വരെ കഴിക്കേണ്ടി വരും. ഈ മരുന്നുകൾക്ക് കടുത്ത പാർശ്വഫലങ്ങൾ ഉള്ളതിനാൽ, അവ സഹിച്ചുകൊണ്ട് തന്നെയാണ് ആരോഗ്യ പ്രവർത്തകർ ജോലിയും തുടരേണ്ടി വരുന്നത്.
അശാസ്ത്രീയമായ ഡ്യൂട്ടിയും ലിംഗപരമായ വിവേചനവും
ഗർഭകാലവുമായി ബന്ധപ്പെട്ട ഡ്യൂട്ടികളിൽ പോലും ചിലപ്പോൾ 24 മുതൽ 36 മണിക്കൂർ വരെ നീളുന്ന ഷിഫ്റ്റുകൾ എടുക്കേണ്ടി വരാറുണ്ട്. ഈ സമയങ്ങളിൽ കൃത്യമായ അവധിയോ വിശ്രമ സൗകര്യങ്ങളോ ലഭിക്കാറില്ല. ആറ് മാസം വരെ മാതൃത്വ അവധി ലഭിക്കുമെങ്കിലും, ഗർഭകാലത്തും പ്രസവശേഷവും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം വലിയ രീതിയിൽ അപകടത്തിലാകാൻ ഈ തൊഴിൽ സാഹചര്യം കാരണമാകുന്നുണ്ട്. ഗർഭിണികളായ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും പൊതുവെ മറ്റുള്ളവരേക്കാൾ അസുഖങ്ങൾ പകരാൻ കൂടുതൽ സാധ്യതയുള്ളവരാണ്. എന്നാൽ, ഈ പ്രധാനപ്പെട്ട വിഷയങ്ങളൊന്നും വേണ്ടത്ര ശ്രദ്ധിക്കപ്പെടുകയോ പരിഹരിക്കപ്പെടുകയോ ചെയ്യുന്നില്ല.
“ഡോക്ടർമാരുടെ പ്രശ്നങ്ങൾ കേരള സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. കൊൽക്കത്ത സംഭവത്തിന് ശേഷം ആശുപത്രികളിൽ സുരക്ഷ വർധിപ്പിക്കുകയും ഹോസ്റ്റലുകളിൽ സി.സി.ടി.വി. സ്ഥാപിക്കുകയും ചെയ്തു. എന്നാൽ, ജോലി സമയം നിയന്ത്രിക്കുന്നത് സംസ്ഥാന സർക്കാരിന്റെ അധികാരപരിധിയിലല്ല, അത് കേന്ദ്ര നിയമങ്ങൾക്ക് കീഴിലാണ് വരുന്നത്. നിലവിലെ കേന്ദ്ര നിയമങ്ങൾ പോലും 8 മണിക്കൂർ ഡ്യൂട്ടി സമയമാണ് നിർദ്ദേശിക്കുന്നത്.”
കേന്ദ്ര നിയമമനുസരിച്ച് 8 മണിക്കൂറാണ് ഡ്യൂട്ടി സമയമെങ്കിലും, ആശുപത്രികളിലെ ഹയരാർക്കിക്കൽ സംവിധാനം കാരണം ഇത് പാലിക്കപ്പെടുന്നില്ല. അസിസ്റ്റന്റ് പ്രൊഫസർമാർ ഉൾപ്പെടെയുള്ള സീനിയർ ഡോക്ടർമാർ 24 മണിക്കൂറും സേവനത്തിനായി ലഭ്യമായിരിക്കും. എന്നിരുന്നാലും, വാർഡുകളിലെ രോഗികളെ പരിചരിക്കുന്ന പി.ജി. ഡോക്ടർമാർക്കും ഹൗസ് സർജൻസി ഡോക്ടർമാർക്കും അവരുടെ ഔദ്യോഗിക ഡ്യൂട്ടി സമയം 8 മണിക്കൂറാണെങ്കിൽ പോലും തുടർച്ചയായി 24 മണിക്കൂർ ഡ്യൂട്ടി ചെയ്യേണ്ടിവരുന്നു.
സുരക്ഷയില്ലാത്ത തൊഴിലിടങ്ങൾ
സ്ത്രീകളായ ഡോക്ടർമാർക്ക് നേരെ രോഗികളിൽ നിന്നും കൂട്ടിരിപ്പുകാരിൽ നിന്നും ലിംഗപരമായ അതിക്രമവും മോശം പെരുമാറ്റവും ഉണ്ടാവാറുണ്ട്. ഒ.പി.യിൽ പോലും ആക്രമണോത്സുകമായ സംസാരം പതിവാണ്. അത്യാഹിത വിഭാഗത്തിൽ കളിയാക്കലുകളും മോശം പെരുമാറ്റവും അധികരിക്കാറുണ്ട്.”
ഹൗസ് സർജൻസി ഡോക്ടർമാർക്കും പി.ജി. വിദ്യാർത്ഥികൾക്കും ഡ്യൂട്ടി സമയത്തിന് ശേഷം വിശ്രമിക്കാനുള്ള കൃത്യമായ സൗകര്യങ്ങൾ മെഡിക്കൽ കോളേജുകളിൽ ലഭ്യമല്ല. എറണാകുളം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ വിശ്രമത്തിനായി ഒരു റൂം മാത്രമാണുള്ളത്. ഈ റൂമിന് പൂട്ടോ സ്വകാര്യതയോ ഇല്ല. വിവിധ ഡിപ്പാർട്ടുമെന്റുകളിൽ പോസ്റ്റ് ചെയ്തിട്ടുള്ള എട്ടോളം ഡോക്ടർമാർക്ക് രാത്രിയിൽ വിശ്രമിക്കാൻ രണ്ട് കട്ടിലുകൾ മാത്രമാണ് ഉള്ളത്.
ഡോക്ടർമാർക്കുള്ള വിശ്രമ സൗകര്യങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ ഇടപെടലുണ്ടായപ്പോഴും സ്ഥലപരിമിതി ഒരു പ്രധാന വെല്ലുവിളിയായി. മറ്റ് വകുപ്പുകളിൽ സ്ത്രീ-പുരുഷ ഹൗസ് സർജൻമാർക്ക് പ്രത്യേക വിശ്രമമുറികൾ ലഭ്യമാണെങ്കിലും, അത്യാഹിത വിഭാഗത്തിൽ അതിനുള്ള സൗകര്യമില്ല. ഏകദേശം ഒരു മുറിയാണ് അവിടെയുള്ളത്. സർക്കാർ ഇടപെടലിലൂടെ ആ മുറി ഒരു പരിധി വരെ മെച്ചപ്പെടുത്തിയെങ്കിലും, രണ്ട് കട്ടിലുകൾ മാത്രമാണ് ഇപ്പോഴും ലഭ്യമായിട്ടുള്ളത്.
“സ്വകാര്യ ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിൽ, ഡ്യൂട്ടിയിലുള്ള ഒരൊറ്റ ഡോക്ടർക്ക് സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ ഒരേ വിശ്രമമുറി പങ്കിടേണ്ടി വരാറുണ്ട്. ക്ലിനിക്കുകളിൽ ജോലി ചെയ്യുന്ന സീനിയർ ഡോക്ടർമാർക്ക് മോശം അനുഭവങ്ങളും മാനേജ്‌മെന്റിന്റെ കടുത്ത സമ്മർദ്ദവും നേരിടേണ്ടി വരുന്നു. എന്നാൽ, ഇത്തരം പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാനോ പരിഹാരം കാണാനോ ഉള്ള കൃത്യമായ സംവിധാനങ്ങൾ നിലവിൽ ലഭ്യമല്ല.”
സ്വകാര്യ ആശുപത്രികളിൽ രാത്രി ഡ്യൂട്ടിയിൽ സുരക്ഷാ ജീവനക്കാർ ഇല്ലാത്തത് വലിയ പ്രശ്നമാണ്. വനിതാ ഡോക്ടർമാർ ഉൾപ്പെടുന്ന ഡ്യൂട്ടി ഷിഫ്റ്റുകളിൽ അവരുടെ സുരക്ഷ ചോദ്യം ചെയ്യപ്പെടുന്നു. അതുപോലെ, ഇപ്പോൾ വ്യാപകമാകുന്ന ഹോം വിസിറ്റ് ചികിത്സാ രീതിയിലും, വനിതാ ഡോക്ടർമാരുടെയും സ്റ്റാഫുകളുടെയും സുരക്ഷിതത്വം ഉറപ്പാക്കാൻ യാതൊരു നടപടികളും സ്വീകരിക്കുന്നില്ല.”
സ്വകാര്യ ആശുപത്രികളിലെ മാനേജ്‌മെന്റ് സമ്മർദ്ദം
സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ പലപ്പോഴും മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുള്ള കടുത്ത സമ്മർദ്ദങ്ങൾക്ക് വിധേയരാകാറുണ്ട്, ഇത് ചികിത്സാ തീരുമാനങ്ങളെയും തൊഴിൽ അന്തരീക്ഷത്തെയും ബാധിക്കുന്നു.ചില സ്വകാര്യ ആശുപത്രികളിൽ ഉയർന്ന വിലയുള്ളതോ അനാവശ്യമോ ആയ മരുന്നുകൾ നിർദ്ദേശിക്കാൻ ഡോക്ടർമാർക്ക് സമ്മർദ്ദമുണ്ടാകാറുണ്ട്.
‘അസിത്രോമൈസിൻ (Azithromycin)’ ഉൾപ്പെടെയുള്ള വിപുലമായ ആന്റിബയോട്ടിക്കുകൾ (Higher/Vast spectrum antibiotics) നിർബന്ധമായി എഴുതാൻ ആവശ്യപ്പെടുന്നത് രോഗിയുടെ ചികിത്സാ നിലവാരത്തെയും ആന്റിബയോട്ടിക് പ്രതിരോധത്തെയും ദോഷകരമായി ബാധിക്കും. ചികിത്സാപരമായ കാര്യങ്ങളിൽ പോലും നോൺ-മെഡിക്കൽ വിഭാഗത്തിലുള്ള മാനേജ്‌മെന്റ് സ്റ്റാഫുകൾ ഇടപെടുന്നതും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.
ഒരു രോഗിയെ ചികിത്സിക്കാൻ കഴിയില്ലെന്ന് ഡോക്ടർ വ്യക്തമാക്കിയാൽ പോലും, ചികിത്സ തുടരുന്നതിനായി ഡോക്ടർക്ക് മാനേജ്‌മെന്റുമായി സംസാരിക്കേണ്ടി വരും. ഇത് ഡോക്ടറുടെ ചികിത്സാപരമായ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്നു. മാനേജ്‌മെന്റിന്റെ ഇടപെടൽ മൂലം ചികിത്സയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നങ്ങളോ സങ്കീർണ്ണതകളോ ഉണ്ടായാൽ, അതിന്റെയെല്ലാം ഉത്തരവാദിത്തം ഡോക്ടർക്ക് മേൽ വരുകയും ചെയ്യും. ഈ സമ്മർദ്ദങ്ങൾ കാരണം ചികിത്സയുടെ നിലവാരം കുറയുകയോ, ഡോക്ടറുടെ നിർദ്ദേശങ്ങൾ പാലിക്കപ്പെടാതിരിക്കുകയോ ചെയ്താൽ, അതിന്റെ ദേഷ്യം രോഗി പ്രകടിപ്പിക്കുന്നതും ഇതേ ഡോക്ടറോടായിരിക്കും.
content summary: When Hospitals in Kerala become Unsafe Workplaces for Women Doctors
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.