പുതിയ സോഫ്റ്റ്‌വെയറിലുള്ള സാങ്കേതിക പ്രശ്നങ്ങൾ കാരണം തപാൽ ഓഫീസുകളുടെ പ്രവർത്തനം മന്ദഗതിയിൽ. സേവനങ്ങളിലെ അക്കൗണ്ടിങ്ങിന് വളരെയധികം സമയം വേണ്ടിവരുന്നുവെന്നതാണ് നിലവിൽ നേരിടുന്ന പ്രധാന പ്രശ്നം. പാഴ്‌സൽ ബുക്കിങ്, പോസ്റ്റൽ ഇൻഷുറൻസ് തുടങ്ങിയ സേവനങ്ങളുടെയെല്ലാം അക്കൗണ്ടുകൾ രേഖപ്പെടുത്തുന്നതിലാണ് കാലതാമസം നേരിടുന്നത്. മുൻപ് വളരെ വേഗത്തിൽ ചെയ്തുകൊണ്ടിരുന്ന ജോലികൾ 15 മുതൽ 20 മിനിറ്റോളം സമയമെടുത്താണ് ഇപ്പോൾ ചെയ്യുന്നതെന്നാണ് ജീവനക്കാർ പറയുന്നത്.
തപാൽ ഓഫീസുകളിലെ ജോലികൾ സോഫ്റ്റ്‌വെയർ പ്രശ്നങ്ങളാൽ വൈകുന്നത് ജനങ്ങൾക്കും ജീവനക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടാണെന്ന് പിറവം പോസ്റ്റ്മാസ്റ്റർ അഴിമുഖത്തോട് പറഞ്ഞു.
‘തപാൽ ഓഫീസുകളിലെ ജോലികൾ എല്ലാം ഓൺലൈനാക്കിയതിന്റെ ഭാഗമായി കൗണ്ടറിൽ രജിസ്റ്റേഡ് പോസ്റ്റിന്റെ വേഗത, ബുക്കിങ്ങ് ഉൾപ്പെടെയുള്ള സേവനങ്ങൾ വളരെ പതിയെയാണ് നടക്കുന്നത്. ഞങ്ങൾ തന്നെ ജോലികൾ പലപ്പോഴും വീട്ടിൽ വന്നതിന് ശേഷമാണ് തീർക്കുന്നത്. ജനങ്ങൾക്കും തപാൽ ഓഫീസുകളിലെ ജീവനക്കാർക്കും ഇത് ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. മുൻപ് ഒരു സ്വകാര്യ കമ്പനിയുടെ സോഫ്റ്റ്‌വെയറാണ് ഉപയോഗിച്ചിരുന്നത്. അവരുടെ സേവനത്തിന്റെ കാലാവധി കഴിഞ്ഞപ്പോൾ പോസ്റ്റൽ വകുപ്പിലെ തന്നെ ടെക്നോളജി സെക്ഷൻ വികസിപ്പിച്ചെടുത്തതാണ് പുതിയ സോഫ്റ്റ്‌വെയർ. അതാണ് നിലവിൽ ഉപയോഗിക്കുന്നത്.

പുതിയ സോഫ്റ്റ് വെയറിലേക്ക് മാറിയതിനു ശേഷം എറണാകുളം കോളേജ് പോസ്റ്റാഫീസിലെ കാഴ്ച.
ഏതൊരു സംവിധാനത്തിന്റെ ആയാലും പ്രാരംഭ ഘട്ടത്തിൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. വരും ദിവസങ്ങളിൽ അത് എത്രത്തോളം രൂക്ഷമാകുമെന്നോ ലഘൂകരിക്കപ്പെടുമെന്നോ അറിയില്ല. ബുക്കിനാണെങ്കിൽ തന്നെ ആവശ്യക്കാർ വന്നുനിൽക്കുന്നത് നമുക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ്. മുൻപ് ബുക്കിങ്ങ് ഓഫ് ലൈനായിരുന്നു. അതിനാൽ ജനങ്ങൾക്ക് അത് എളുപ്പത്തിൽ ചെയ്യാൻ സാധിച്ചിരുന്നു. നിലവിൽ നെറ്റ് വർക്കിന്റെയും സെർവറിന്റെയും പ്രശ്നമുണ്ടായാൽ അതിനെല്ലാം തടസം നേരിടും.
ജൂലൈ 22 നാണ് ഒരു വിഭാഗം തപാൽ ഓഫീസുകളിൽ സോഫ്റ്റ്‌വെയർ അപ്ഗ്രേഡിങ്ങ് നടന്നത്. പലയിടത്തും പല സമയത്താണ് നടന്നതെന്നാണ് അറിയാൻ കഴിഞ്ഞത്. ഇത് മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പോസ്റ്റൽ അധികൃതരെ അറിയിച്ചിട്ടുണ്ട്’, പിറവം പോസ്റ്റ്മാസ്റ്റർ അഴിമുഖത്തോട് പറഞ്ഞു.
തപാൽ ഓഫീസുകളിലെ ഫോണുകളിലേക്ക് ജനങ്ങൾക്ക് വിവരങ്ങളന്വേഷിച്ച് വിളിക്കാനും സാധിക്കുന്നില്ല. ബിഎസ്എൻഎൽ ലാൻഡ് ഫോണുകളൊന്നും തന്നെ പ്രവർത്തിക്കാത്ത സ്ഥിതിയാണ്. അത്യാവശ്യ വിവരങ്ങളറിയാൻ ജനങ്ങൾക്ക് തപാൽ ഓഫീസുകളിൽ നേരിട്ട് പോകേണ്ടി വരുന്നു.
തപാൽ ഓഫീസുകളിലെ ഫോണുകൾക്ക് പ്രശ്നങ്ങളുണ്ടെന്ന് പോസ്റ്റ് ഓഫീസ് ജീവനക്കാരൻ അഴിമുഖത്തോട് പറഞ്ഞു. ഇക്കഴിഞ്ഞ നാലാം തീയതി ഓൾ ഇന്ത്യ റോൾഔട്ടായിരുന്നു. അതായത് എല്ലാ തപാൽ സ്ഥാപനങ്ങളിലും പുതിയ സോഫ്റ്റ്‌വെയർ കൊണ്ടുവന്നു. എന്നാൽ ഇതിന്റെ ഒരു ഓവർലോഡ് സെർവർ സ്വീകരിക്കാൻ സമയമെടുക്കുന്നു. ഓൾ ഇന്ത്യ സെർവർ ലോഡ് താങ്ങുന്നില്ലെന്നാണ് സാങ്കേതിക വിദഗ്ധർ പറയുന്നത്,ഓഫീസ് ജീവനക്കാരൻ അഴിമുഖത്തോട് പറഞ്ഞു.
രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കാനും ഇന്ത്യന്‍ തപാല്‍ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. 50 വര്‍ഷത്തോളം നീണ്ട സേവനം അടുത്തമാസം ഒന്നുമുതല്‍ ആണ് പോസ്റ്റല്‍ വകുപ്പ് നിര്‍ത്തലാക്കുന്നതെന്നാണ് റിപ്പോർട്ട്. തപാല്‍ സേവനങ്ങള്‍ ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി രജിസ്റ്റേര്‍ഡ് പോസ്റ്റ് സേവനങ്ങളെ സ്പീഡ് പോസ്റ്റുമായി ലയിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.
രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നതോടെ പോസ്റ്റ്മാൻ, പോസ്റ്റ്വുമൺ ജീവനക്കാർക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുമെന്ന് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത പോസ്റ്റ് ഓഫീസ് ജീവനക്കാരൻ അഴിമുഖത്തോട് പറഞ്ഞു. എല്ലാവർക്കും കൂടി ഒരു ഹെഡ്ഓഫീസ് പോലെ സജ്ജീകരിച്ചിട്ട് അവിടെ നിന്നും എല്ലാ സാധനങ്ങളും കൊണ്ട് വരിക അതാണ് ഇപ്പോൾ പദ്ധതിയിടുന്നത്. ഒരു ജില്ലയിലെ പോസ്റ്റ്ഓഫീസുകളുടെ എണ്ണം ചുരുക്കാനും തീരുമാനിക്കുന്നുണ്ട്. പോസ്റ്റ്മാൻ, പോസ്റ്റ്വുമൺ ജീവനക്കാരെ ഒരു സ്ഥലത്തേക്ക് മാറ്റുകയാണ് ചെയ്യുന്നത്. അവരുടെ ജോലിക്ക് പ്രശ്നമുണ്ടാകില്ല. ചെറിയ പോസ്റ്റ് ഓഫീസുകളിൽ കാര്യമായ ഡെപ്പോസിറ്റുകളൊന്നും ലഭിക്കുന്നില്ല, പോസ്റ്റ് ഓഫീസ് ജീവനക്കാരൻ അഴിമുഖത്തോട് പറഞ്ഞു.
അപ്പോയ്‌മെന്റ് ലെറ്ററുകള്‍, ലീഗല്‍ നോട്ടീസുകള്‍, സര്‍ക്കാരിന്റെ ഔദ്യോഗിക കത്തിടപാടുകള്‍ തുടങ്ങിയ സുപ്രധാന രേഖകള്‍ കൈമാറാന്‍ ബ്രിട്ടീഷ് കാലഘട്ടം മുതല്‍ തുടങ്ങിയ മാര്‍ഗമാണ് രജിസ്റ്റേഡ് പോസ്റ്റല്‍ സംവിധാനം.
Content Summary: new software for indian post office; services becomes slow
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.