നേപ്പാളിലെ ജെന്‍ സി പ്രക്ഷോഭം രാഷ്ട്രീയ നേതൃത്വത്തിനെതിരെയുള്ള വലിയ പ്രക്ഷോഭമായി മാറിയതോടെ സുപ്രീംകോടതിയുടെ പ്രവര്‍ത്തനവും താളം തെറ്റി. പ്രക്ഷോഭത്തിനിടയിലുണ്ടായ തീപിടിത്തത്തിൽ കെട്ടിടം പൂർണ്ണമായും നശിച്ചതിനാൽ കേസ് സംബന്ധമായ വാദം കേൾക്കുന്നത് അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ് കോടതി. യുവാക്കളുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭങ്ങൾക്കിടെ നേപ്പാൾ സുപ്രീം കോടതി കെട്ടിടത്തിന് ചൊവ്വാഴ്ച തീയിടുകയായിരുന്നു.
നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും പുനർനിർമ്മാണ പദ്ധതികൾ ആവിഷ്കരിക്കുന്നതിനും ശേഷമേ കോടതിയുടെ പ്രവർത്തനം എപ്പോൾ പുനരാരംഭിക്കുമെന്നതിനെക്കുറിച്ച് എന്തെങ്കിലും പറയാൻ കഴിയൂ എന്ന് അധികൃതർ അറിയിച്ചു. പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയുടെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന്, സുപ്രീം കോടതിക്ക് പുറമെ പാർലമെന്റ് മന്ദിരം, പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി, ധനമന്ത്രിയുടെ വീട് തുടങ്ങിയവയ്ക്കും പ്രക്ഷോഭകർ തീയിട്ടിരുന്നു. ഈ സംഭവവികാസങ്ങളെ തുടർന്ന് രാജ്യത്ത് അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം നിലനിൽക്കുന്നുണ്ട്.
നേപ്പാളിൻ്റെ ദേശീയ സുരക്ഷാ ചുമതലയേറ്റ സൈന്യം, പൊതു സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി രാജ്യവ്യാപകമായി കർഫ്യൂ പ്രഖ്യാപിച്ചു. സെപ്റ്റംബർ 11 വൈകുന്നേരം 5 മണി വരെ കർഫ്യൂ ഏർപ്പെടുത്തിയ സൈന്യം, പിന്നീട് അത് സെപ്റ്റംബർ 12 രാവിലെ 6 മണി വരെയായി നീട്ടി. പ്രക്ഷോഭകർ അക്രമം, കൊള്ളയടിക്കൽ, വസ്തുവകകൾ നശിപ്പിക്കൽ, ആക്രമണങ്ങൾ എന്നിവ തുടരുന്നതിനാലാണ് ഈ നീക്കം അത്യാവശ്യമായതെന്ന് സൈന്യം പ്രസ്താവനയിൽ അറിയിച്ചു. അക്രമങ്ങൾ തടയുന്നതിനും ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനും വേണ്ടിയാണ് കർഫ്യൂ എന്നും അധികൃതർ വ്യക്തമാക്കി.
പ്രതിഷേധക്കാര്‍ സര്‍ക്കാര്‍ കെട്ടിടങ്ങളും മന്ത്രിമാരെ അടക്കം ആക്രമിക്കുകയും രാഷ്ട്രീയ നേതാക്കളുടെ വീടുകള്‍ തകര്‍ക്കുകയും ചെയ്യുന്നതിനിടെയാണ് മുന്‍ പ്രധാനമന്ത്രിയുടെ വീടിന് നേരെയും ആക്രമണം ഉണ്ടായത്. നേപ്പാള്‍ ധനമന്ത്രി വിഷ്ണുപ്രസാദ് പൗഡേലിനും മര്‍ദനമേറ്റു. പ്രതിഷേധക്കാര്‍ പൗഡേലിനെ തെരുവിലൂടെ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു. പൗഡേലിന്റെ ഭാര്യയ്ക്കും മര്‍ദനമേറ്റതായി റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തില്‍ ഷേര്‍ ബഹാദൂര്‍ ദേവൂബയുടെ ഭാര്യയ്ക്കും വിദേശകാര്യ മന്ത്രിയായ അര്‍സു റാണ ദേവൂബയ്ക്കും പരിക്കേറ്റിട്ടുണ്ട്.
നേരത്തെ പ്രസിഡന്റ് രാം ചന്ദ്ര പൗഡലിന്റെയും പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയുടെയും സ്വകാര്യ വസതികള്‍ക്ക് പ്രതിഷേധക്കാര്‍ തീയിട്ടിരുന്നു. കൂടാതെ നേപ്പാളി പാര്‍ലമെന്റ് മന്ദിരത്തില്‍ അതിക്രമിച്ചു കയറി കെട്ടിടത്തിനും തീയിട്ടു. പ്രസിഡന്റിന്റെ വസതിക്ക് പുറത്തുകൂടി ജനങ്ങള്‍ ചുറ്റിനടന്ന് കെട്ടിടം നശിപ്പിക്കുന്നതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നു.
വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, എക്സ് (ട്വിറ്റർ), യൂട്യൂബ് തുടങ്ങിയ 26 സമൂഹമാധ്യമ സൈറ്റുകൾക്ക് നേപ്പാൾ സർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ചാണ് വിദ്യാർത്ഥികളും യുവജനങ്ങളും തെരുവിലിറങ്ങി പ്രതിഷേധം ആരംഭിച്ചത്. സമൂഹമാധ്യമ നിരോധനത്തെ തുടർന്നുണ്ടായ പ്രതിഷേധങ്ങളിൽ 19 പേർ കൊല്ലപ്പെടുകയും 400-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ വിഷയത്തിൽ ആഭ്യന്തര മന്ത്രി രമേശ് ലേഖക് ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് നേരത്തെ രാജിവെച്ചിരുന്നു. സമൂഹമാധ്യമങ്ങളുടെ നിരോധനം മാത്രമല്ല, സർക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങളും പ്രക്ഷോഭം ശക്തമാകാൻ കാരണമായി. സർക്കാർ ഉദ്യോഗസ്ഥരും നേതാക്കളും കൈക്കൂലിയും അഴിമതിയും നടത്തുന്നുവെന്ന് ആരോപിച്ചാണ് പ്രതിഷേധക്കാർ രംഗത്തെത്തിയത്.
Content Summary: Nepal’s Supreme Court has indefinitely halted hearings after a fire, sparked during youth-led protests, destroyed its building