July 16, 2026 |
Share on

‘അവര്‍ വെടിയുതിര്‍ത്തു, ഇന്ന് ജുഡീഷ്യറി ചോരയൊലിക്കുന്നു’; എന്‍സിഇആര്‍ടി പാഠപുസ്തകത്തിന് സുപ്രീം കോടതിയുടെ നിരോധനം

കേസ് അടുത്ത മാസം വീണ്ടും പരിഗണിക്കും

എന്‍സിഇആര്‍ടി പുറത്തിറക്കിയ എട്ടാം ക്ലാസ്സിലെ പുതിയ പാഠപുസ്തകത്തില്‍ ജുഡീഷ്യറിയിലെ ‘അഴിമതി’, ‘കേസ് നടത്തിപ്പിലെ കാലതാമസം’ എന്നിവ പരാമര്‍ശിക്കുന്ന അധ്യായം ഉള്‍പ്പെടുത്തിയ നടപടിയെ സുപ്രീം കോടതി വ്യാഴാഴ്ച രൂക്ഷമായി വിമര്‍ശിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് സിലബസില്‍ ചേര്‍ത്ത ഈ ഭാഗം പിന്‍വലിച്ചെങ്കിലും, ഇതിന് പിന്നില്‍ ‘ആഴത്തില്‍ വേരൂന്നിയ ഗൂഢാലോചന’ ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു. പാഠപുസ്തകത്തിന്റെ അച്ചടി, വിതരണം, ഡിജിറ്റല്‍ പ്രചാരണം എന്നിവയ്ക്ക് കോടതി പൂര്‍ണ്ണ വിലക്കേര്‍പ്പെടുത്തി. വിഷയത്തില്‍ എന്‍സിഇആര്‍ടി ഡയറക്ടര്‍ ഡോ. ദിനേശ് പ്രസാദ് സക്ലാനി, സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എന്നിവര്‍ക്ക് കോടതി ക്രിമിനല്‍ കോടതിയലക്ഷ്യ നോട്ടീസ് അയച്ചു.

‘അവര്‍ വെടിയുതിര്‍ത്തു, ഇന്ന് ജുഡീഷ്യറി ചോരയൊലിക്കുന്നു’ എന്ന ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം പാഠഭാഗത്തോടുള്ള കോടതിയുടെ തീവ്രമായ പ്രതിഷേധം വെളിവാക്കുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയെന്നത് തങ്ങളുടെ കടമയാണ്. ഉത്തരവാദികളെ കണ്ടെത്തും വരെ ഞങ്ങള്‍ നിയമനടപടികള്‍ അവസാനിപ്പിക്കില്ലെന്നും തലകള്‍ ഉരുണ്ടേ മതിയാവുയെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്ര പറഞ്ഞു. ജുഡീഷ്യറിയുടെ അന്തസ്സിനെ താഴ്ത്തിക്കെട്ടാനും സ്ഥാപനപരമായ അധികാരത്തെ ദുര്‍ബലപ്പെടുത്താനുമുള്ള മനഃപൂര്‍വമായ നീക്കമാണിതെന്ന് കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുല്‍ എം. പഞ്ചോളി എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.

കുട്ടികളുടെ മനസ്സിനെ സ്വാധീനിക്കുന്ന പാഠപുസ്തകങ്ങളില്‍ ഇത്തരത്തിലുള്ള പക്ഷപാതപരമായ വിവരങ്ങള്‍ നല്‍കുന്നത് നീതിന്യായ വ്യവസ്ഥയോടുള്ള പൊതുബോധത്തെ തകര്‍ക്കുമെന്നും കോടതി ആശങ്ക പ്രകടിപ്പിച്ചു.

2026 ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ ‘എക്‌സ്‌പ്ലോറിംഗ് സൊസൈറ്റി: ഇന്ത്യ ആന്‍ഡ് ബിയോണ്ട്’ എന്ന പുസ്തകത്തിലെ ഉള്ളടക്കത്തിനെതിരെയാണ് നടപടി. പുസ്തകത്തിന്റെ നിലവിലുള്ള എല്ലാ പകര്‍പ്പുകളും പിടിച്ചെടുക്കാനും ഡിജിറ്റല്‍ പതിപ്പുകള്‍ ഇന്റര്‍നെറ്റില്‍ നിന്ന് നീക്കം ചെയ്യാനും കോടതി നിര്‍ദ്ദേശിച്ചു. എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

വിഷയത്തില്‍ എന്‍സിഇആര്‍ടി നല്‍കിയ വിശദീകരണത്തില്‍ പശ്ചാത്താപമില്ലെന്നും മറിച്ച് ഉള്ളടക്കത്തെ ന്യായീകരിക്കാനാണ് ശ്രമിക്കുന്നതെന്നും ബെഞ്ച് കുറ്റപ്പെടുത്തി. ഇത് ആഴത്തില്‍ വേരൂന്നിയ ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് കോടതി സംശയിക്കുന്നു. പാഠഭാഗം തയ്യാറാക്കിയ സിലബസ് ബോര്‍ഡ് അംഗങ്ങളുടെ വിവരങ്ങളും യോഗങ്ങളുടെ മിനിറ്റ്‌സും ഹാജരാക്കാന്‍ കോടതി ഡയറക്ടറോട് ആവശ്യപ്പെട്ടു.

വിയോജിപ്പും ആരോഗ്യകരമായ ചര്‍ച്ചകളും ജനാധിപത്യത്തിന്റെ ഭാഗമാണെന്നും എന്നാല്‍ ജുഡീഷ്യറിയുടെ പവിത്രത ഇല്ലാതാക്കുന്ന തരത്തിലുള്ള പ്രചാരണം അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. കേസ് അടുത്ത മാസം വീണ്ടും പരിഗണിക്കും.

Content Summary: Supreme Court bans NCERT textbook over corruption in judiciary

Leave a Reply

Your email address will not be published. Required fields are marked *

×