July 16, 2026 |
Share on

വെടിയുതിര്‍ത്ത് എഞ്ചിന്‍ റൂമില്‍ സുഷിരമുണ്ടാക്കി; ‘ തൂസ്‌ക’ പിടിച്ചെടുത്ത് അമേരിക്ക

കപ്പല്‍ പിടിച്ചെടുത്ത യുഎസ് നടപടിയില്‍ ഇറാന്‍ പ്രകോപിതരാണ്. തിരിച്ചടിക്കുമെന്നാണ് വെല്ലുവിളി

മിഡില്‍-ഈസ്റ്റിനെ വീണ്ടും സംഘര്‍ഷഭരിതമാക്കുന്ന കാര്യങ്ങള്‍ നടക്കുന്നു. മേഖല വീണ്ടും യുദ്ധസമാന അന്തരീക്ഷത്തിലായിരിക്കുകയാണ്. ഗള്‍ഫ് മേഖലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധത്തിന്റെ ഭാഗമായി ഇറാന്റെ ചരക്കുകപ്പല്‍ അമേരിക്കന്‍ സൈന്യം പിടിച്ചെടുത്തതാണ് കാര്യങ്ങള്‍ വഷളാക്കിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് പാകിസ്താനില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന രണ്ടാം ഘട്ട സമാധന ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന നിലപാടിലാണ് ഇറാന്‍.

നിര്‍ത്താനുള്ള മുന്നറിയിപ്പ് അവഗണിച്ചതിനെത്തുടര്‍ന്ന് ‘തൂസ്‌ക’ എന്ന ഇറാനിയന്‍ കപ്പലാണ് യുഎസ് നേവി കസ്റ്റഡിയിലെടുത്തതെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ ‘ട്രൂത്ത് സോഷ്യല്‍’ പ്ലാറ്റ്ഫോമിലൂടെ അറിയിച്ചത്. എന്നാല്‍ അമേരിക്കയുടെ ഈ നടപടി നിലവിലുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമാണെന്നും ‘സായുധമായ കടല്‍ക്കൊള്ള’യ്ക്ക് വൈകാതെ തന്നെ ശക്തമായ തിരിച്ചടി നല്‍കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി.

രണ്ടാം ഘട്ട സമാധാന ചര്‍ച്ചകള്‍ക്കായി വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പാകിസ്ഥാനിലേക്ക് പോകുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നാടകീയ നീക്കങ്ങള്‍ ഉണ്ടായത്. ഏകദേശം 900 അടി നീളമുള്ളതും ഒരു വിമാനവാഹിനിക്കപ്പലിനോളം ഭാരമുള്ളതുമായ തൂസ്‌ക, അമേരിക്കന്‍ ഉപരോധം മറികടക്കാന്‍ ശ്രമിച്ചപ്പോഴാണ് ആക്രമിക്കപ്പെട്ടത്. കപ്പല്‍ നിര്‍ത്താതിരുന്നതിനെത്തുടര്‍ന്ന് അമേരിക്കന്‍ യുദ്ധക്കപ്പലില്‍ നിന്ന് വെടിയുതിര്‍ക്കുകയും എന്‍ജിന്‍ റൂമില്‍ സുഷിരമുണ്ടാക്കി കപ്പലിനെ നിശ്ചലമാക്കുകയുമായിരുന്നുവെന്ന് ട്രംപ് വ്യക്തമാക്കി. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ചരിത്രമുള്ളതിനാല്‍ ഈ കപ്പല്‍ നേരത്തെ തന്നെ യുഎസ് ട്രഷറിയുടെ ഉപരോധ പട്ടികയിലുള്ളതാണ്. കപ്പലില്‍ എന്താണുള്ളതെന്ന് പരിശോധിച്ചു വരികയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഒമാന്‍ കടലില്‍ വെച്ച് ഇറാനിയന്‍ വാണിജ്യ കപ്പലിന് നേരെ അമേരിക്ക വെടിവെപ്പ് നടത്തിയെന്നും നാവിക വിനിമയ സംവിധാനങ്ങള്‍ തകരാറിലാക്കിയ ശേഷം മറീനുകളെ ഇറക്കി കപ്പല്‍ പിടിച്ചെടുക്കുകയായിരുന്നുവെന്നും ഇറാന്റെ സൈനിക കമാന്‍ഡ് ആയ ‘ഖതാം അല്‍-അന്‍ബിയ’ പ്രസ്താവനയില്‍ അറിയിച്ചു. വെടിനിര്‍ത്തല്‍ നിലവിലിരിക്കെ നടന്ന ഈ ആക്രമണം അംഗീകരിക്കാനാവില്ലെന്നാണ് ഇറാന്റെ നിലപാട്. ഒരു കരാറില്‍ എത്തുന്നത് വരെ ഇറാന്റെ തുറമുഖങ്ങള്‍ ഉപരോധിക്കുന്നത് തുടരുമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി 28-ന് ഇറാനിലുടനീളം അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങളോടെയാണ് നിലവിലെ സംഘര്‍ഷം ആരംഭിച്ചത്. അഞ്ച് ആഴ്ച നീണ്ട യുദ്ധത്തിന് ശേഷം രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയായിരുന്നു.

ഇറാന്റെ തുറമുഖങ്ങള്‍ക്കും തീരപ്രദേശങ്ങള്‍ക്കും മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം, നിലവിലുള്ള വെടിനിര്‍ത്തല്‍ കരാറിനെ ലംഘിക്കുന്ന തരത്തിലുള്ള കടന്നാക്രമണമാണെന്നാണ് വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഗായ് ആരോപിച്ചത്.

ഇറാനിലെ ജനതയെ മൊത്തമായി ശിക്ഷിക്കുന്ന തരത്തിലുള്ള അമേരിക്കയുടെ ബോധപൂര്‍വ്വമായ ഈ നീക്കങ്ങള്‍ യുദ്ധക്കുറ്റത്തിനും മാനവികതയ്ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കും തുല്യമാണെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. അമേരിക്കന്‍ ഉപരോധത്തിന് മറുപടിയായി തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ പൂര്‍ണ്ണമായും അടച്ചതിനെത്തുടര്‍ന്ന് മേഖലയില്‍ കപ്പല്‍ ഗതാഗതത്തിന് ഭീഷണി വര്‍ധിച്ച സാഹചര്യത്തിലാണ് ഞായറാഴ്ച ബഗായിയുടെ ഈ പ്രതികരണം ഉണ്ടായത്.

പാകിസ്ഥാന്‍ മധ്യസ്ഥത വഹിക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ അമേരിക്കന്‍ സംഘം തിങ്കളാഴ്ച ഇസ്ലാമാബാദില്‍ എത്തും. ജെ.ഡി. വാന്‍സിനൊപ്പം ട്രംപിന്റെ ഉപദേശകരായ സ്റ്റീവ് വിറ്റ്കോഫ്, ജാരെഡ് കുഷ്‌നര്‍ എന്നിവരും സംഘത്തിലുണ്ട്. എന്നാല്‍, ചര്‍ച്ചകളില്‍ പങ്കെടുക്കുമെന്ന വാര്‍ത്ത ഇറാന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐ.ആര്‍.എന്‍.എ നിഷേധിച്ചു. അമേരിക്കയുടെ ഉപരോധവും ഭീഷണികളും ചര്‍ച്ചകളുടെ പുരോഗതിക്ക് തടസ്സമാണെന്ന് അവര്‍ വ്യക്തമാക്കി. ചര്‍ച്ചകള്‍ നടക്കേണ്ട ഹോട്ടലിലെ താമസക്കാരോട് ഒഴിയാന്‍ പാകിസ്ഥാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചതായാണ് വിവരം. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും ഞായറാഴ്ച ഫോണില്‍ സംസാരിച്ചെങ്കിലും ചര്‍ച്ചകളെക്കുറിച്ച് ഔദ്യോഗികമായി ഒന്നും വെളിപ്പെടുത്തിയിട്ടില്ല.

ലോകത്തെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് നിലവില്‍ അടച്ചിട്ടിരിക്കുകയാണ്. അമേരിക്കന്‍ ഉപരോധം നീക്കുന്നത് വരെ കടലിടുക്ക് തുറക്കില്ലെന്നാണ് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡിന്റെ നിലപാട്. എന്നാല്‍ ഹോര്‍മുസ് കടലിടുക്ക് കാണിച്ച് അമേരിക്കയെ ഭീഷണിപ്പെടുത്താന്‍ നോക്കേണ്ടെന്നും സമാധാന കരാറിന് തയ്യാറായില്ലെങ്കില്‍ ഇറാന്റെ ഓരോ പാലവും പവര്‍ പ്ലാന്റും തകര്‍ക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി. ശനിയാഴ്ച ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിച്ച ഫ്രഞ്ച്, ബ്രിട്ടീഷ് കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തിയെന്നും ഇത് വെടിനിര്‍ത്തല്‍ ലംഘനമാണെന്നും ട്രംപ് ആരോപിച്ചു. ഇതിനിടെ, രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെയും മേഖലയില്‍ വെടിവെപ്പ് നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ആഗോള ഊര്‍ജ്ജ വിപണിയെ കടുത്ത പ്രതിസന്ധിയിലാഴ്ത്തിക്കൊണ്ട് ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതം ഞായറാഴ്ചയും പൂര്‍ണമായി നിലച്ചിരിക്കുകയാണ്.

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×