ആലപ്പുഴയിൽ രണ്ടാനമ്മയിൽ നിന്നും പിതാവിൽ നിന്നും നേരിട്ട പീഡനത്തെക്കുറിച്ച് കുറിച്ച നാലാം ക്ലാസുകാരിയ്ക്ക് നേരെ വീണ്ടും ആക്രമണം നടന്നതായി വ്യാജ വാർത്ത. പിതാവ് വീട്ടിൽ തിരികെയെത്തി കുഞ്ഞിന് നേരെ ആക്രമണം നടത്തിയതായാണ് കേരളത്തിലെ മുഖ്യാധാര മാധ്യമങ്ങളിലൊന്ന് കുറിച്ചത്. തൊട്ടടുത്ത വീട്ടിൽ വച്ചാണ് കുട്ടിയെ പിതാവ് ഉപദ്രവിച്ചതെന്നും വാർത്തയിൽ പറയുന്നു. ഈ വാർത്ത വസ്തുതാ വിരുദ്ധമാണെന്നും വാർത്ത നൽകിയ ചാനലിനെതിരെ നടപടികൾ സ്വീകരിക്കുമെന്നും ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ വിളിച്ചപ്പോൾ ആലപ്പുഴ ചൈൽഡ് ലൈനിൽ നിന്ന് ലഭിച്ച മറുപടി
അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. പ്രസ്തുത മാധ്യമം എന്ത് അടിസ്ഥാനത്തിലാണ് അങ്ങനെയൊരു വാർത്ത നൽകിയതെന്ന് അറിയില്ല. പതിനഞ്ച് മിനിറ്റ് മുമ്പും ഞങ്ങൾ കുട്ടിയുടെ രക്ഷിതാക്കളുമായി സംസാരിച്ചിരുന്നുവെന്ന് ആലപ്പുഴ ചൈൽഡ് ലൈൻ കോർഡിനേറ്റർ അഴിമുഖത്തോട് പറഞ്ഞു. കുട്ടി നിലവിൽ സുരക്ഷിതയാണ്. ആ വാർത്ത ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
അന്നത്തെ സംഭവത്തിന് ശേഷം കുട്ടിയ്ക്ക് മറ്റു തരത്തിലുള്ള ബുദ്ധിമുട്ടുകളൊന്നുമുണ്ടായിട്ടില്ല. നിലവിൽ കുട്ടി സുരക്ഷിതയാണ് മാനസികമായി സുഖം പ്രാപിച്ച് വരുന്നുണ്ട്. ഇത്തരം വ്യാജ വാർത്തകൾ നൽകുന്നതും കുട്ടിയെ മാനസികമായി തളർത്തിയേക്കാം. പിതാവിനെയും രണ്ടാനമ്മയേയും ഇതുവരെ പിടികൂടിയില്ല എന്നാൽ അതിനുള്ള ശ്രമങ്ങൾ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.
അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥൻ നേരിട്ട് ബന്ധപ്പെട്ടാണ് ഈ വിവരം ചോദിച്ചറിഞ്ഞത്. അക്കാദമിക്പരമായിട്ടും മറ്റും നല്ല കഴിവുള്ള കുട്ടിയാണ്. നിലവിൽ കുട്ടി അമ്മൂമ്മയുടെ കൂടെ സുരക്ഷിതയായിട്ടാണുള്ളത്. അതുകൊണ്ട് തന്നെ ആ വാർത്തയെക്കുറിച്ച് ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട് അതുമായി ബന്ധപ്പെട്ട കൂടുതൽ നടപടികൾ സ്വീകരിക്കുന്നതായിരിക്കുമെന്നും ആലപ്പുഴ ചൈൽഡ് ലൈൻ കോർഡിനേറ്റർ വ്യക്തമാക്കി.
ആലപ്പുഴ ചൈൽഡ് വെൽഫെയർ കമ്മിറ്റിയ്ക്ക് കീഴിൽ വന്ന കേസിലെ കുട്ടിയും ബന്ധുക്കളും താത്കാലിക സുരക്ഷിത സ്ഥാനമെന്ന നിലയ്ക്ക് കൊല്ലം ജില്ലയിലേക്ക് മാറിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ കുട്ടിയെ നേരിട്ട് കാണുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സംസാരിച്ച് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടുള്ളതായി കൊല്ലം ജില്ലയിലെ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൽ നിന്ന് അഴിമുഖത്തോട് വ്യക്തമാക്കി.
കൊല്ലം ജില്ലയിലെ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ അന്വേഷണത്തിലും ഇത്തരം ഒരു സംഭവം കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും അങ്ങനെ ഒരു സംഭവം നടന്നിട്ടുണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യപ്പെട്ടേനെയെന്നും ഓഫീസ് പറയുന്നു.
content summary: Childline to take legal action against mainstream media for spreading false news on Aathikkattukulangara child abuse case