June 26, 2026 |

ആര്‍എസ്എസ് ശാഖയിലെ ലൈംഗിക പീഡനം: മുമ്പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് – ഡിവൈഎഫ്‌ഐ

പോക്‌സോ വകുപ്പ് പ്രകാരം കേസെടുക്കണം

ആര്‍എസ്എസ് ശാഖയില്‍ വച്ച് ക്രൂര ലൈംഗിക പീഡനങ്ങള്‍ ഏറ്റുവാങ്ങിയതായി വെളിപ്പെടുത്തി ജീവനൊടുക്കിയ അനന്തുവിന്റെ മരണത്തിന് ഉത്തരവാദികള്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. ആത്മഹത്യാ കുറിപ്പില്‍ പറയുന്ന എന്‍എം എന്ന ആളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് കാഞ്ഞിരപ്പള്ളി വാഴൂര്‍ ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ഗൗതം അഴിമുഖത്തോട് പ്രതികരിച്ചു.

”അനന്തുവും കുടുംബവും മുമ്പ് താമസിച്ചത് ആര്‍എസ്എസിന് അതിപ്രസരമുള്ള പ്രദേശത്തായിരുന്നു. അവരാരും അനന്തു ഉന്നയിച്ച കാര്യങ്ങളില്‍ അന്വേഷണം നടത്താന്‍ മുന്നോട്ട് വരില്ല. അനന്തു ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍, മുമ്പും ഈ നാട്ടില്‍ ആര്‍എസ്എസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളതാണ്” ഗൗതം പറഞ്ഞു.

”അനന്തുവിന്റെ അവസാനമായി പങ്കുവച്ച കുറിപ്പില്‍ പറയുന്ന എന്‍എം എന്ന വ്യക്തി ഞങ്ങള്‍ കരുതുന്നത് ഇവിടെ തന്നെയുള്ള ആളാണെന്നും മുമ്പും അയാളുടെ പേരില്‍ സമാനമായ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നിട്ടുള്ളതുമാണ്. ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്.

മറ്റൊന്ന് അനന്തു സൂചിപ്പിക്കുന്നത്, താന്‍ മാത്രമല്ല മറ്റ് കുട്ടികളും ഇതേ രീതിയില്‍ ബലിയാടാക്കപ്പെട്ട കാര്യം അറിയാം എന്നതാണ്. ഇതിലും അന്വേഷണം വേണം എന്ന് ആവശ്യപ്പെട്ടാണ് പൊന്‍കുന്നം പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. പോക്‌സോ വകുപ്പ് പ്രകാരം കേസെടുക്കണം” ഗൗതം അഴിമുഖത്തോട് വ്യക്തമാക്കി.

സോഷ്യല്‍ മീഡിയയില്‍ താന്‍ പങ്കുവച്ചിരിക്കുന്ന പോസ്റ്റ്, മരണമൊഴിയായി കാണണമെന്നായിരുന്നു അനന്തു കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. കോട്ടയം കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി അനന്തു അജി (24) ആണ് താന്‍ നേരിട്ട പീഡനങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ഷെഡ്യൂള്‍ ചെയ്ത പോസ്റ്റ് മരണശേഷമാണ് പബ്ലിക്കായത്. തിരുവനന്തപുരം തമ്പാനൂരിലെ ലോഡ്ജില്‍ വ്യാഴാഴ്ച വൈകിട്ടാണ് അനന്തുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

നാല് വയസ്സുള്ളപ്പോള്‍ ശാഖയില്‍വെച്ച് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ആര്‍.എസ്.എസിലെ പലരില്‍നിന്നും ലൈംഗിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഇത് തന്നെ വിഷാദരോഗത്തിന് അടിമായാക്കിയെന്നും യുവാവ് കുറിപ്പില്‍ പറയുന്നു. ലൈംഗിക പീഡനം മാത്രമല്ല, ക്രൂരമായ ആക്രമണത്തിനും ഇരയായി. ദണ്ഡ് ഉപയോഗിച്ച് തല്ലിയിട്ടുണ്ട്. ശാഖയില്‍ നിന്ന് പുറത്തുവന്നത് കൊണ്ടാണ് തനിക്കിത് പറയാന്‍ പറ്റിയത്.

ആര്‍എസ്എസ് ക്യാംപില്‍ നിരവധി പേര്‍ ഇപ്പോഴും ലൈംഗിക പീഡനത്തിന് ഇരയാകുന്നുണ്ട്. തന്റെ കൈയ്യില്‍ ഇതിന് മറ്റ് തെളിവുകളില്ലെന്നും തന്റെ ജീവിതം തന്നെയാണ് ഇതിന് തെളിവെന്നും കുറിപ്പില്‍ പറയുന്നു.

ജീവിതത്തില്‍ തനിക്ക് ഇത്രയധികം വെറുപ്പുള്ള മറ്റൊരു സംഘടനയില്ലെന്നും ഒരിക്കലും ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനെ സുഹൃത്താക്കരുത്. അത് അച്ഛനാണെങ്കിലും സഹോദരനാണെങ്കിലും മകനാണെങ്കിലും അവരെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കണമെന്നും അത്രയ്ക്ക് വിഷം കൊണ്ട് നടക്കുന്നവരാണ് ആര്‍എസ്എസുകാര്‍ എന്നുമാണ് യുവാവ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്.

Content Summary: RSS shakha sexual abuse: similar incidents have occurred before – DYFI

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×