July 03, 2026 |
Share on

ഗൗതം അദാനിക്കെതിരായ വാർത്തകൾ; കോടതിവിധിയെ ചോദ്യം ചെയ്ത് പ്രമുഖ മാധ്യമപ്രവർത്തകർ

പരംജോയ് ഗുഹ താക്കുർത്ത, രവി നായർ, അബിർ ദാസ്ഗുപ്ത, അയസ്കാന്ത് ദാസ്, ആയുഷ് ജോഷി എന്നിവരാണ് രണ്ട് പ്രത്യേക അപ്പീലുകളുമായി ജില്ലാ കോടതിയെ സമീപിച്ചത്

ഗൗതം അദാനിയുടെ അദാനി എന്റർപ്രൈസസ് ലിമിറ്റഡിനെതിരെ (എ.ഇ.എൽ) അപകീർത്തികരമായ ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് വിലക്കി ഡൽഹി കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ മാധ്യമപ്രവർത്തകർ രംഗത്ത്. പരംജോയ് ഗുഹ താക്കുർത്ത, രവി നായർ, അബിർ ദാസ്ഗുപ്ത, അയസ്കാന്ത് ദാസ്, ആയുഷ് ജോഷി എന്നിവരാണ് രണ്ട് പ്രത്യേക അപ്പീലുകളുമായി ജില്ലാ കോടതിയെ സമീപിച്ചത്.

സെപ്റ്റംബർ 6-ന് റോഹിണി കോടതിയിലെ സീനിയർ സിവിൽ ജഡ്ജി അനുജ് കുമാർ സിങ് പുറപ്പെടുവിച്ച ഉത്തരവ്, അപകീർത്തികരമെന്ന് ആരോപിക്കപ്പെടുന്ന ഉള്ളടക്കം നീക്കം ചെയ്യാനും കമ്പനിയെക്കുറിച്ച് സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത് നിർത്തിവെക്കാനും നിർദ്ദേശിച്ചിരുന്നു.

തങ്ങളുടെ വാർത്താ റിപ്പോർട്ടുകളിൽ അദാനി എന്റർപ്രൈസസ് ലിമിറ്റഡിനെ നേരിട്ട് പരാമർശിച്ചിട്ടില്ലെന്നും, പകരം ഗൗതം അദാനിയെയോ അദാനി ഗ്രൂപ്പിനെയോ മാത്രമാണ് സൂചിപ്പിച്ചിട്ടുള്ളതെന്നുമാണ് മാധ്യമപ്രവർത്തകർ തങ്ങളുടെ അപ്പീലുകളിൽ വാദിക്കുന്നത്. “അപകീർത്തികരമെന്ന് ആരോപിക്കപ്പെടുന്ന പ്രസിദ്ധീകരണങ്ങൾ പരിശോധിച്ചാൽ, ഒരു സ്ഥലത്തും പരാതിക്കാരനെ (എ.ഇ.എൽ) പേരെടുത്ത് വിളിക്കുകയോ, പരാമർശിക്കുകയോ, വിദൂരമായി പോലും സൂചിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് വ്യക്തമാണ്,” ഹർജിയിൽ പറയുന്നു.

താക്കുർത്തയുടെ അപ്പീലിൽ, ഏത് ഉള്ളടക്കമാണ് അപകീർത്തികരമെന്ന് വ്യക്തമാക്കാതെയാണ് കോടതി അതിവിപുലമായ വിലക്ക് ഉത്തരവ് പുറപ്പെടുവിച്ചതെന്നും ചൂണ്ടിക്കാട്ടുന്നു. മാധ്യമപ്രവർത്തകരും ആക്ടിവിസ്റ്റുകളും അദാനി ഗ്രൂപ്പിന്റെ സൽപ്പേരിന് കോട്ടം വരുത്തി, ഓഹരി ഉടമകൾക്ക് കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമുണ്ടാക്കി, ഇന്ത്യയുടെ പ്രതിച്ഛായയെ പോലും ബാധിച്ചു തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചാണ് അദാനി എന്റർപ്രൈസസ് സിവിൽ കോടതിയിൽ അപകീർത്തിക്കേസ് ഫയൽ ചെയ്തത്.

ഈ മാധ്യമപ്രവർത്തകരും ആക്ടിവിസ്റ്റുകളും “ഇന്ത്യാ വിരുദ്ധ താൽപ്പര്യങ്ങളുമായി യോജിച്ച് പ്രവർത്തിക്കുകയാണെന്നും” ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങൾക്കും ഊർജ്ജ സുരക്ഷയ്ക്കും നിർണായകമായ അദാനി എന്റർപ്രൈസസിന്റെ പദ്ധതികളെ തടസ്സപ്പെടുത്താൻ ദുരുദ്ദേശ്യത്തോടെ പ്രവർത്തിക്കുകയാണെന്നും എ.ഇ.എൽ വാദിച്ചിരുന്നു. paranjoy.in, adaniwatch.org, adanifiles.com.au എന്നീ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളെ എ.ഇ.എൽ ഉദാഹരണമായി ചൂണ്ടിക്കാട്ടി.

കേസ് പരിഗണിച്ച സിവിൽ കോടതി, ഇടക്കാല ഉത്തരവ് നൽകാൻ അദാനി എന്റർപ്രൈസസിന് പ്രഥമദൃഷ്ട്യാ സാധ്യതയുണ്ടെന്ന് വിധിച്ചതിനെ തുടർന്നാണ് മാധ്യമപ്രവർത്തകർ ജില്ലാ കോടതിയെ സമീപിച്ചത്.

അഡ്വക്കേറ്റുമാരായ അപർ ഗുപ്ത, ഇന്ദുമുഗി സി, നമൻ കുമാർ എന്നിവരാണ് താക്കുർത്തക്കുവേണ്ടി അപ്പീൽ ഫയൽ ചെയ്തത്. രവി നായർ, അബിർ ദാസ്ഗുപ്ത, അയസ്കാന്ത് ദാസ്, ആയുഷ് ജോഷി എന്നിവർക്കുവേണ്ടി അഡ്വക്കേറ്റ് നകുൽ ഗാന്ധി മുഖേന എൻ.ജി. ലോ ചേമ്പേഴ്‌സ് ആണ് അപ്പീൽ സമർപ്പിച്ചത്.

content summary: Journalists Challenge Delhi Court’s Gag Order in Defamation Suit Filed by Adani Enterprises

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×