June 03, 2026 |
Share on

‘ഐ ഡൂ കെയർ’; മാധ്യമപ്രവർത്തകയ്ക്ക് പിന്തുണയുമായി കെ പി സി സി വക്താവ്

വിമർശനവുമായി കോൺ​ഗ്രസ് അനുകൂലികൾ

കോൺഗ്രസിന്‍റെ യുവനേതാവിൽ നിന്നും മോശം അനുഭവം ഉണ്ടായതായുള്ള യുവനടിയുടെ വെളിപ്പെടുത്തലിൽ, നടിക്ക് പിന്തുണയുമായി കെ പി സി സി വക്താവ് ഡോ. ജിന്‍റോ ജോർജ്. ഐ ഡൂ കെയർ എന്നാരംഭിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആരോപണത്തിന്‍റെ വിവിധ തലങ്ങളിലൂടെ സഞ്ചരിച്ച് കൊണ്ട് ഡോ. ജിന്‍റോ ജോർജ് തനിക്കുണ്ടായ മോശം അനുഭവത്തെ പറ്റി തുറന്നു പറഞ്ഞ റിനി ആൻ ജോർജിന് പിന്തുണ നൽകിയത്.

ആ പെൺകുട്ടിക്ക് നേരിട്ടിട്ടുള്ള അശ്ലീലവും അധിക്ഷേപകരവുമായ അനുഭവം പരസ്യമായി പറയാൻ അവർ തയ്യാറായത് പിന്തുണക്കേണ്ടതാണെന്ന് ഒരു കോൺഗ്രസ് പ്രവർത്തകനെന്ന നിലയിൽ ഞാൻ കരുതുന്നതായും അദ്ദേഹം എ‍ഴുതി. വേട്ടക്കാരന്‍റെ പേര് ധൈര്യമായി തുറന്നു പറയണമെന്നും അദ്ദേഹം പറഞ്ഞു.

തന്‍റെ പാർട്ടിയിലെയടക്കം പ്രവർത്തകരും സാധാരണക്കാരും ഒരു സങ്കടം പറയാൻ വിളിക്കുമ്പോൾ ഒന്ന് ഫോൺ എടുക്കാൻ പോലും നേരമില്ലാത്ത ജനപ്രതിനിധികൾ, ആരെങ്കിലും പാതിരായ്ക്ക് ഉറക്കമൊഴിച്ചിരുന്ന് പെൺകുട്ടികൾക്ക് അശ്ലീല സന്ദേശമയക്കുന്ന വിനോദത്തിലാണ് ഏർപ്പെട്ടിരിക്കുന്നതെങ്കിൽ അത് ഓഡിറ്റ് ചെയ്യപ്പെടണമെന്നും ഡോ. ജിന്‍റോ പറഞ്ഞു. ഇക്കാര്യത്തിൽ നിയമപരമായി നീങ്ങണമെന്നും അദ്ദേഹം പറയുന്നു.

കോൺഗ്രസ് പ്രവർത്തകനായിട്ടും തെറ്റ് ചൂണ്ടിക്കാണിച്ച് കൊണ്ട് രംഗത്തുവന്ന ഡോ ജിന്റോ ജോർജിനെതിരെ വിമർശനങ്ങളുയരുന്നുണ്ട്. ജിന്റോ ജോർജ് പങ്കുവച്ച പോസ്റ്റിന് താഴെ കോൺഗ്രസ് അനുകൂല സമൂഹ്യ മാധ്യമ ഹാൻഡിലുകളിൽ നിന്ന് പോലും വിമർശനങ്ങളുയരുന്നു. അവസരം കിട്ടാൻ വേണ്ടി കാത്തു നിന്ന പോലെ ഉണ്ടല്ലോ പോസ്റ്റ്‌…! ആരോപണത്തിനു ഇത് വരെ ഒരു അടിസ്ഥാനം ഇല്ലാത്തപ്പോളും ഇങ്ങനെ സഹ പ്രവർത്തകനെ പറയുന്നത് എത്രത്തോളം ശെരി ആണെന്ന് സ്വയം ചിന്തിക്കുക. എന്നാണ് കോൺഗ്രസ് പോരാളിയെന്ന് പാർട്ടി ഹാൻഡിൽ നിന്ന് വന്ന കമന്റ്. വ്യക്തമായ തെളിവുകളുണ്ടായിട്ടും ആരോപണങ്ങളെ വിമർശിച്ച് കൊണ്ടാണ് പലരും രം​ഗത്തു വരുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് എതിരെ ഉണ്ടായിട്ടുള്ള ആരോപണങ്ങളുമായും ഇതിനെ താരതമ്യം ചെയ്യുന്നുണ്ട്.

പ്രമുഖ യുവ കോൺഗ്രസ് നേതാവിൽ നിന്നും ഉണ്ടായ മോശമായ അനുഭവം തുറന്നുപറഞ്ഞ് മാധ്യമപ്രവർത്തകയും നടിയുമായ റിനി ആൻ ജോർജ് രംഗത്ത് വന്നിരുന്നു. നേതാവിന്റെ പേര് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇയാളില്‍ നിന്നും വലിയ പ്രശ്‌നങ്ങള്‍ നേരിട്ട പെണ്‍കുട്ടികള്‍ പ്രതികരിക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ തുറന്ന് പറഞ്ഞതെന്നും ഇവർ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

content summary: KPCC spokesperson backs actress in Rahul Mamkoottathil case, drawing criticism from Congress supporters

Leave a Reply

Your email address will not be published. Required fields are marked *

×