അദേഴ്‌സ് എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിനിടെ നടി ഗൗരി കിഷന്റെ ശരീരഭാരത്തെക്കുറിച്ച് ചോദ്യം ഉന്നയിച്ച യൂട്യൂബറുടെ പെരുമാറ്റത്തെ ശക്തമായി അപലപിച്ച് ചെന്നൈ പ്രസ് ക്ലബ്ബ്
ഒരു സിനിമയെക്കുറിച്ച് ചർച്ച ചെയ്യേണ്ട ഔദ്യോഗിക വേദിയിൽ, ഒരു വനിതാ താരത്തിന്റെ ശാരീരിക ഘടനയെ പരിഹസിക്കാനോ അപമാനിക്കാനോ ലക്ഷ്യമിട്ടുള്ള ചോദ്യങ്ങൾ ഉന്നയിക്കുന്നത് വളരെ മോശവും തികച്ചും അപലപനീയവുമാണെന്ന് പ്രസ് ക്ലബ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ഗൗരി കിഷൻ തന്റെ അസ്വസ്ഥതയും എതിർപ്പും വ്യക്തമായി പ്രകടിപ്പിച്ചിട്ടും, യൂട്യൂബർ തന്റെ പരാമർശങ്ങളെ ന്യായീകരിക്കുകയും നടിയുമായി വാദപ്രതിവാദത്തിൽ ഏർപ്പെടുകയും ചെയ്തു.
ഇത്തരം പെരുമാറ്റങ്ങളെ ചെന്നൈ പ്രസ് ക്ലബ്ബ് ശക്തമായി അപലപിക്കുന്നു. കൂടാതെ, ലൈംഗികച്ചുവയോടെയോ അനാദരവോടെയോ പെരുമാറുന്ന വ്യക്തികളെ ചോദ്യം ചെയ്യാനും പുറത്തുകൊണ്ടുവരാനും സഹപ്രവർത്തകരായ മാധ്യമപ്രവർത്തകരോട് ക്ലബ്ബ് ആവശ്യപ്പെടുകയും ചെയ്തു. മാത്രമല്ല, പത്രസമ്മേളനത്തിൽ കൂട്ടായ ആക്രമണം നേരിട്ടപ്പോഴും തന്റെ അഭിപ്രായങ്ങൾ ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും പ്രകടിപ്പിച്ച നടി ഗൗരി കിഷനെ ചെന്നൈ പ്രസ് ക്ലബ്ബ് അഭിനന്ദിക്കുകയും ചെയ്തു.
പ്രസ് മീറ്റിനിടെ തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയിമിങ്ങിനെതിരെ പരസ്യമായി തന്നെ നടി ഗൗരി കിഷൻ തുറന്നടിച്ചിരുന്നു. നടിയുടെ ഭാരമെത്രയെന്ന് ചിത്രത്തിലെ നായകനോട് ചോദിച്ച യൂട്യൂബർക്കാണ് ഗൗരി മറുപടി നൽകിയത്. പുതിയ സിനിമയായ അദേഴ്സിന്റെ പ്രസ് മീറ്റിനിടയിലായിരുന്നു നടിയ്ക്ക് ഇത്തരത്തിലൊരു അധിക്ഷേപം നേരിടേണ്ടി വന്നത്.
എന്തുകൊണ്ടാണ് നടിമാരോട് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത്. ഹീറോയോട് പോയി ഭാരം എത്രയാണെന്ന് ചോദിക്കുമോ? എനിക്കിത് തമാശയായി തോന്നുന്നില്ല, ബോഡി ഷെയിമിങ്ങിനെ നോര്‍മലൈസ് ചെയ്യരുത്. ഈ സിനിമയെ പറ്റിയോ എന്‍റെ കഥാപാത്രത്തെ പറ്റിയോ ഒരു ചോദ്യം പോലുമില്ല, ഈ സാറിന് എന്‍റെ ഭാരം എത്രയാണെന്നാണ് അറിയേണ്ടത്,’ ഗൗരി പറഞ്ഞു. എന്നാല്‍ ചോദ്യത്തെ ന്യായീകരിച്ച യൂട്യൂബർ ഗൗരിയോട് തട്ടിക്കയറുകയാണ് ചെയ്തത്. ആ സമയത്തും താരത്തിന് കൂടെയുള്ള ആളുകൾ നിശബ്ദ പാലിക്കുന്നുണ്ട്.
താന്‍ ചോദിച്ചത് ഇൻട്രസ്റ്റിങ്ങായ ചോദ്യമാണെന്നായിരുന്നു ചോദ്യകര്‍ത്താവിന്‍റെ വാദം. നിങ്ങള്‍ ചെയ്യുന്നത് ജേർണലിസമല്ല എന്ന് ഗൗരി പറഞ്ഞപ്പോള്‍ പിന്നെ മോദിയെ പറ്റിയും ട്രംപിനെ പറ്റിയും ചോദിക്കണോ എന്നായിരുന്നു മറുചോദ്യം. മാപ്പ് പറയാനും മീഡിയക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ മാപ്പ് പറയാന്‍ പറ്റില്ലെന്നായിരുന്നു ഗൗരിയുടെ നിലപാട്. പ്രസ് മീറ്റിന് വന്ന മീഡിയക്കാരെല്ലാം ഒന്നിച്ചാണ് ഗൗരിയെ ചോദ്യം ചെയ്തത്.
content summary: Justifying the question despite the objection being raised was wrong, said the Chennai Press Club, which extended its support to actress Gouri Kishan