മണിരത്നം സംവിധാനം ചെയ്ത ‘പൊന്നിയിന്‍ സെല്‍വന്‍ 2’ എന്ന ചിത്രത്തിലെ ‘വീര രാജ വീര’ എന്ന ഗാനത്തില്‍ അന്തരിച്ച ധ്രുപദ് സംഗീതജ്ഞരായ ഉസ്താദ് എന്‍. ഫയാസുദ്ദീന്‍ ദാഗര്‍ക്കും ഉസ്താദ് എന്‍. സാഹിറുദ്ദീന്‍ ദാഗര്‍ക്കും (ജൂനിയര്‍ ദാഗര്‍ ബ്രദേഴ്‌സ്) ക്രെഡിറ്റ് നല്‍കാന്‍ തയ്യാറായി എ ആര്‍ റഹ്‌മാന്‍. സുപ്രീം കോടതിയെ ഇക്കാര്യം റഹ്‌മാന്‍ അറിയിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വി വഴിയാണ് റഹ്‌മാന്‍ തന്റെ നിലപാട് കോടതിയില്‍ വ്യക്തമാക്കിയത്. ദാഗര്‍ സഹോദരങ്ങള്‍ക്ക് പ്രത്യേക ക്രെഡിറ്റ് നല്‍കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മുന്‍ നിലപാട്. അതാണിപ്പോള്‍ തിരുത്തിയത്.
കേസിന്റെ തുടക്കത്തില്‍ റഹ്‌മാന്റെയും, മണിരത്നത്തിന്റെ നിര്‍മ്മാണ കമ്പനിയായ മദ്രാസ് ടാക്കീസിന്റെയും അഭിഭാഷകര്‍ ഈ അവകാശവാദത്തെ ശക്തമായി എതിര്‍ത്തിരുന്നു. വസീഫുദ്ദീന്‍ ദാഗറുടെ പകര്‍പ്പവകാശവാദം തെറ്റായ ധാരണയുടെ അടിസ്ഥാനത്തിലുള്ളതാണെന്നും പണത്തിനും പ്രശസ്തിക്കും വേണ്ടിയുള്ള ശ്രമമാണെന്നുമാണ് അവര്‍ അന്ന് വാദിച്ചിരുന്നത്. പതിമൂന്നാം നൂറ്റാണ്ടില്‍ നാരായണ പണ്ഡിതാചാര്യന്‍ രചിച്ച പരമ്പരാഗതമായ ഒരു കൃതിയാണ് ഇതെന്നായിരുന്നു നിര്‍മ്മാണ കമ്പനിയുടെ അവകാശവാദം. എന്നാല്‍ ഇപ്പോള്‍ റഹ്‌മാന്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് തര്‍ക്കം പരിഹരിക്കാനുള്ള ശ്രമമായും മുതിര്‍ന്ന കലാകാരന്മാരോടുള്ള ബഹുമാനമായുമാണ് വിലയിരുത്തപ്പെടുന്നത്.
ഫയാസുദ്ദീന്‍ ദാഗറുടെ മകനും സാഹിറുദ്ദീന്റെ അനന്തരവനുമായ വസീഫുദ്ദീന്‍ ദാഗര്‍ 2023-ലാണ് ഈ കേസ് ഫയല്‍ ചെയ്തത്. തന്റെ പിതാവും അമ്മാവനും ചേര്‍ന്ന് ആലപിച്ച ‘ശിവസ്തുതി’ എന്ന ഭക്തിഗാനത്തിന്റെ അതേ സംഗീത അടിത്തറയും രചനാശൈലിയുമാണ് റഹ്‌മാന്റെ ഗാനത്തിനുള്ളതെന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി. 1978-ല്‍ ആംസ്റ്റര്‍ഡാമില്‍ റെക്കോര്‍ഡ് ചെയ്ത ഈ കൃതി തന്റെ അമ്മാവന്‍ ഉസ്താദ് സാഹിറുദ്ദീന്‍ ദാഗര്‍ ചിട്ടപ്പെടുത്തിയതാണെന്നും അദ്ദേഹം വാദിച്ചു. വസീഫുദ്ദീന്റെ കൈവശമുള്ള സാഹിറുദ്ദീന്റെ ഡയറിയില്‍ ഈ ശിവസ്തുതി എഴുതിയിട്ടുണ്ട്. വാമൊഴിയായി കൈമാറ്റം ചെയ്യപ്പെടുന്ന ക്ലാസിക്കല്‍ സംഗീത പാരമ്പര്യത്തില്‍ പലപ്പോഴും കലാകാരന്മാര്‍ തങ്ങളുടെ സൃഷ്ടികള്‍ക്ക് പകര്‍പ്പവകാശം എടുക്കാറില്ല. ഈ സാഹചര്യം മുതലെടുത്ത് വലിയ നിര്‍മ്മാണ കമ്പനികള്‍ ഇത്തരം സൃഷ്ടികള്‍ തങ്ങളുടേതാക്കി മാറ്റുന്നത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ധ്രുപദ് സംഗീത കച്ചേരികളുടെ അവസാന ഭാഗമായി പാടാറുള്ള ഈ ശിവസ്തുതി ദാഗര്‍ പാരമ്പര്യത്തിലെ മറ്റ് ശിഷ്യന്മാരും പാടിവരുന്നതാണ്. സിനിമയിലെ ഹിന്ദി പതിപ്പ് ആലപിച്ച അര്‍മാന്‍ ദെഹ്ലവിയും ശിവം ഭരദ്വാജും വസീഫുദ്ദീന്റെ ശിഷ്യന്മാരായിരുന്നു എന്നതും ഈ മെലഡി എങ്ങനെ സിനിമയിലേക്ക് എത്തിയെന്ന ചോദ്യത്തിന് ആക്കം കൂട്ടുന്നു. വിചാരണ തീരുന്നത് വരെ നീതി ഉറപ്പാക്കാന്‍ ഈ ക്രമീകരണം സഹായിക്കുമെന്നും പേരുകള്‍ മറച്ചുവെക്കാന്‍ തങ്ങള്‍ക്ക് താല്പര്യമില്ലെന്നും അഭിഷേക് മനു സിംഗ്വി കോടതിയില്‍ പറഞ്ഞു.
വൈകിയാണെങ്കിലും തെറ്റ് തിരുത്താനും ദാഗര്‍വാണി പാരമ്പര്യത്തിന് അര്‍ഹമായ ബഹുമാനവും അംഗീകാരവും നല്‍കാനുമുള്ള റഹ്‌മാന്റെ ഈ തീരുമാനം ഏറെ സ്വാഗതാര്‍ഹമാണെന്നാണ് പൊതുവെയുള്ള അഭിപ്രായം.
Content Summary: Mani Ratnam’s Ponniyin Selvan II movie song copyright case; AR Rahman’s acknowledgement of the Dagar brothers.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.