June 26, 2026 |
Share on

മുസ്തഫിസുര്‍ റഹ്‌മാനെ ഒഴിവാക്കി ബിസിസിഐ; ബംഗ്ലാദേശില്‍ ഐപിഎല്‍ സംപ്രേഷണത്തിന് വിലക്ക്

നടപടി ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമില്‍ നിന്ന് ഫാസ്റ്റ് ബൗളര്‍ മുസ്തഫിസുര്‍ റഹ്‌മാനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടര്‍ന്ന്, ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ സംപ്രേഷണത്തിനും പ്രമോഷനും ബംഗ്ലാദേശ് സര്‍ക്കാര്‍ അനിശ്ചിതകാല വിലക്ക് ഏര്‍പ്പെടുത്തി.

ഐപിഎല്ലുമായി ബന്ധപ്പെട്ട എല്ലാ സംപ്രേഷണങ്ങളും പ്രമോഷനുകളും കവറേജുകളും ഉടനടി നിര്‍ത്തിവച്ചതായി അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നടപടി പ്രാബല്യത്തില്‍ തുടരുമെന്നും പ്രസ്താവനയില്‍ പറയുന്നു.

2026 ലെ ഐപിഎല്‍ സീസണിന് മുന്നോടിയായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മുസ്തഫിസുര്‍ റഹ്‌മാനെ ടീമില്‍ നിന്ന് ഒഴിവാക്കിയതിനെ തുടര്‍ന്നാണ് നടപടി. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബിസിസിഐ) നിര്‍ദ്ദേശപ്രകാരമാണ് നീക്കമെന്ന് ബംഗ്ലാദേശ് അധികൃതര്‍ ആരോപിച്ചു. മതിയായ വിശദീകരണമില്ലാതെ തങ്ങളുടെ താരത്തെ ഒഴിവാക്കിയ നടപടി അംഗീകരിക്കാനാവില്ലെന്നും അവര്‍ വ്യക്തമാക്കി.

ബിസിസിഐയുടെ ഈ തീരുമാനത്തിന് പിന്നില്‍ യുക്തിസഹമായ കാരണങ്ങളൊന്നുമില്ലെന്നും, ഇത് ബംഗ്ലാദേശിലെ ജനങ്ങള്‍ക്കിടയില്‍ വലിയ തോതിലുള്ള പ്രതിഷേധത്തിനും മാനസിക വിഷമത്തിനും കാരണമായതായും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ രാജ്യത്തുടനീളം ഐപിഎല്‍ സംബന്ധമായ എല്ലാ പരിപാടികളും നിര്‍ത്തിവെക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ഐപിഎല്‍ മത്സരങ്ങള്‍, അനുബന്ധ പരിപാടികള്‍, പ്രമോഷനുകള്‍ എന്നിവയുടെ സംപ്രേഷണം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടിയന്തരമായി നിര്‍ത്തിവെക്കണമെന്ന് പ്രസ്താവനയിലൂടെ അധികൃതര്‍ ആവശ്യപ്പെട്ടു.

മാര്‍ച്ച് 26 ന് ആരംഭിക്കാനിരുന്ന ഐപിഎല്ലിനുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമില്‍ നിന്ന് ബംഗ്ലാദേശ് താരം മുസ്തഫിസുര്‍ റഹ്‌മാനെ ഒഴിവാക്കിയ ബിസിസിഐ തീരുമാനത്തിനെതിരെ ബംഗ്ലാദേശിലെ ജനങ്ങള്‍ പ്രതിഷേധത്തിലാണ്. അതേസമയം, മുസ്തഫിസുര്‍ റഹ്‌മാനെ ഒഴിവാക്കാന്‍ ബിസിസിഐ കെകെആറിനോട് ആവശ്യപ്പെട്ടതായി ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ സ്ഥിരീകരിച്ചു.

Content Summary: Bangladesh bans IPL broadcasts and promotions

Leave a Reply

Your email address will not be published. Required fields are marked *

×