ബംഗ്ലാദേശ് സമീപ ആഴ്ച്ചകളായി സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ്. ന്യൂനപക്ഷമായ ഹിന്ദു സമുദായവും ഭൂരിപക്ഷമായ മുസ്ലിം സമുദായവും തമ്മിലുള്ള സ്പര്‍ദ്ധ ആഭ്യന്തരമായി മാത്രമല്ല, ഒരു രാജ്യന്തര പ്രശ്‌നം കൂടിയായി മാറിയിരിക്കുകയാണ് ബംഗ്ലാദേശിന്. വഷളായി നില്‍ക്കുന്ന സാഹചര്യത്തെ ആളിക്കത്തിക്കുന്നതിനാണ് രാജ്യത്തെ ഭരണസംവിധാനത്തിന്റെയും നിയമസംവിധാനത്തിന്റെയും ഇടപെടല്‍ കാരണമായിരിക്കുന്നത്. ഇസ്‌കോണ്‍ പുരോഹിതന്‍ ചിന്മോയി കൃഷ്ണദാസ് ബ്രഹ്‌മചാരിക്കെതിരായ കേസിലെ കോടതി വിധിയാണ് പ്രശ്‌നങ്ങള്‍ വഷളാക്കിയത്. ചിന്മോയിയുടെ അറസ്റ്റ്, അദ്ദേഹത്തിന്റെ അനുയായികളും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിനും തുടര്‍ന്നുള്ള അക്രമസംഭവങ്ങള്‍ക്കും കാരണമായി.
രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ചിന്മോയി കൃഷ്ണദാസ് ബ്രഹ്‌മചാരിയെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിന് ജാമ്യം അനുവദിക്കാനും കോടതി തയ്യാറായില്ല. തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളില്‍ 35 വയസുള്ള അഭിഭാഷകന്‍ സെയ്ഫുള്‍ ഇസ്ലാം അലിഫ് കൊല്ലപ്പെട്ടതോടെ കാര്യങ്ങള്‍ കൈവിട്ടു. ദൃക്‌സാക്ഷികള്‍ പറയുന്നത്, അലിഫിനെ പ്രതിഷേധിക്കാര്‍ കൊന്നതാണെന്നാണ്. പൊലീസും ഇക്കാര്യം തന്നെയാണ് പറയുന്നത്. എങ്കിലും, സാഹചര്യങ്ങളുടെ നിയന്ത്രണം തങ്ങളുടെ കൈയിലാണെന്നും പൊലീസ് അവകാശപ്പെടുന്നുണ്ട്. ദാരുണമായ ഈ കൊലപാതകം, ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന ബംഗ്ലാദേശിലെ ഹിന്ദു-മുസ്ലിം ബന്ധത്തെ കൂടുതല്‍ പ്രതിസന്ധികളിലേക്ക് തള്ളിയിട്ടിരിക്കുകയാണ്.
ബംഗ്ലാദേശിലെ സംഘര്‍ഷങ്ങള്‍ക്ക് പലഘടകങ്ങള്‍ ഉള്ളതായി കാണാം, അതില്‍ പ്രധാനം തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ വേരൂന്നിയതാണ്, പ്രത്യേകിച്ച് ഹിന്ദു ന്യൂനപക്ഷത്തെ ലക്ഷ്യം വച്ചുള്ളത്. ഷേഖ് ഹസീന സര്‍ക്കാര്‍ പുറത്താക്കപ്പെട്ട്, ഓഗസ്റ്റില്‍ പുതിയ ഭരണകൂടം നിലവില്‍ വന്നതിനു പിന്നാലെ തങ്ങള്‍ക്കെതിരേ നടക്കുന്ന ആക്രമണങ്ങളും, അവഹേളിക്കലുകളും പരാതിപ്പെട്ട് ഹിന്ദു സമുദായം രംഗത്തുവന്നിരുന്നു. ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങളുടെ സുരക്ഷിതത്വം അപകടത്തിലാക്കുന്നതിലേക്കായിരുന്നു കാര്യങ്ങള്‍ പോയത്.
കാലങ്ങളായി രാജ്യത്തെ പ്രബല മതവിഭാഗമായ മുസ്ലിങ്ങളില്‍ നിന്ന് വെറും 10 ശതമാനം മാത്രമായ ഹിന്ദു സമുദായം പലതരത്തിലുള്ള വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്നതാണ്. സാമൂഹിക ബഹിഷ്‌കരണം മുതല്‍ അക്രമാസക്തമായ പ്രകോപനങ്ങള്‍ വരെയുള്ള പലതരത്തിലുള്ള വിവേചനങ്ങള്‍ക്ക് ഹിന്ദുക്കള്‍ വിധേയരാകുന്നുണ്ട്. എങ്കിലും കഴിഞ്ഞ ഒരു പതിറ്റാണ്ടോളം ഷേഖ് ഹസീനയുടെ ഭരണത്തിന്‍ കീഴില്‍ പൊതുവില്‍ രണ്ട് സമുദായങ്ങളും പരമാവധി സമാധനത്തില്‍ കഴിഞ്ഞു പോകുന്ന സാഹചര്യമുണ്ടായിരുന്നു, ഒരു സെക്യുലര്‍ ചിന്താഗതി രാജ്യത്ത് നടപ്പാക്കാനായിരുന്നു ഹസീന യത്‌നിച്ചിരുന്നത്. എന്നാല്‍ ഹസീനയെ അധികാരഭൃഷ്ടയാക്കിയതോടെ, കഠിനാധ്വാനത്തിലൂടെ പുലര്‍ത്തിയിരുന്ന സംയമനം അപ്രത്യക്ഷമാവുകയും സാഹചര്യങ്ങള്‍ ഭീതിജനകമായി മാറുകയും ചെയ്തിരിക്കുകയാണ്.
ഷേഖ് ഹസീനയുടെ പതനവും മാറിയ രാഷ്ട്രീയ സാഹചര്യവും
രാജ്യത്ത് ഒരു രാഷ്ട്രീയ സ്ഥിരത നിലനിര്‍ത്താന്‍ തന്റെ ഭരണകാലയളവില്‍ ഷേഖ് ഹസീനയ്ക്ക് സാധിച്ചിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിനൊപ്പം ഇന്ത്യയുമായുള്ള വ്യാപരബന്ധം മെച്ചപ്പെടുത്തുന്നതിനും ഹസീനയ്ക്ക് സാധിച്ചിരുന്നു, അതിലും പ്രധാന നേട്ടം തന്നെയായിരുന്നു, മതപരമായ സംഘര്‍ഷങ്ങള്‍ കുറച്ചു നിര്‍ത്താന്‍ സാധിച്ചിരുന്നുവെന്നത്. ആഭ്യന്തര തീവ്രവാദ പ്രവര്‍ത്തനങ്ങളെ അവര്‍ ശക്തമായി അമര്‍ച്ച ചെയ്തിരുന്നു. തീവ്രവാദത്തിനെതിരേ ഇന്ത്യയുമായി അവര്‍ സഹകരിക്കുകയും സുരക്ഷസംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്തിരുന്നു.
2024 ല്‍ നടന്ന രാജ്യവ്യാപക പ്രതിഷേധം ഷേഖ് ഹസീനയുടെ അധികാരം നഷ്ടപ്പെടുത്തിയതിനു പിന്നാലെ ബംഗ്ലാദേശിലെ രാഷ്ട്രീയ ഭൂമികയിലും വ്യതിയാനം സംഭവിച്ചു. രാജ്യം പ്രക്ഷുബ്ധമായി. വര്‍ദ്ധിച്ചു വന്ന പണപ്പെരുപ്പം, തൊഴിലില്ലായ്മ അഴിമതി, ഭരണത്തിന്റെ സ്വേച്ഛാധിപത്യ സ്വഭാവം തുടങ്ങിയ കാരണങ്ങളായിരുന്നു ഹസീനയ്‌ക്കെതിരായ പ്രതിഷേധത്തിന് ആക്കം കൂട്ടിയത്. 2024 ല്‍ രാജ്യത്ത് നടന്ന പൊതുതെരഞ്ഞെടുപ്പാണ് തുടക്കം. പ്രതിപക്ഷം ബഹിഷ്‌കരിച്ച തെരഞ്ഞെടുപ്പ് പൊതുജനരോഷത്തിനും കാരണമായി.
ജോലി സംവരണത്തിനെതിരായ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധമാണ് വലിയൊരു കലാപത്തിലേക്ക് കത്തിക്കയറിയത്. വിദ്യാര്‍ത്ഥികളെ അടിച്ചൊതുക്കാനായിരുന്നു ഹസീന ഭരണകൂടം ശ്രമിച്ചത്. അത് പ്രധാനമന്ത്രിക്കെതിരേ രാജ്യവ്യാപകമായ പ്രതിഷേധത്തിന് കാരണമായി. ഒടുവില്‍ അധികാരവും സ്വന്തം രാജ്യവും വിട്ട് ഇന്ത്യയിലേക്ക് പ്രാണരക്ഷാര്‍ത്ഥം പലായനം ചെയ്യേണ്ടി വരികയായിരുന്നു ഷേഖ് ഹസീനയ്ക്ക്. ഹസീന പോയതോടെ രാജ്യത്തിന്റെ ഭരണസംവിധാനത്തില്‍ വന്ന ശൂന്യത രാജ്യത്തിനുള്ളില്‍ ഭിന്നതകള്‍ രൂക്ഷമാക്കുകയും വിഭാഗീയ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
മതന്യൂനപക്ഷങ്ങളും ഹിന്ദു വാദവും
രാഷ്ട്രീയ അസ്ഥിരതയിലേക്ക് രാജ്യം വീണതോടെ മതന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ച് ഹിന്ദുക്കള്‍ കൂടുതലായി അക്രമങ്ങള്‍ക്ക് ഇരകളായി. രാഷ്ട്രീയ പ്രക്ഷോഭത്തിനു പിന്നാലെ ഹിന്ദു ക്ഷേത്രങ്ങള്‍, ഹിന്ദുക്കളുടെ വീടുകളും വ്യാപരസ്ഥാപനങ്ങളുമെല്ലാം ആക്രമിക്കപ്പെട്ടു. തുടര്‍ന്ന് നാഷണല്‍ ഹിന്ദു ഗ്രാന്‍ഡ് അലയന്‍സ് പോലുള്ള ഹിന്ദു ഗ്രൂപ്പുകള്‍, ഈ ആക്രമണങ്ങള്‍ക്കെതിരേ രാജ്യവ്യാപകമായ മുന്നറിയിപ്പുകള്‍ നല്‍കുകയും, ഇത്തരം ആക്രമണങ്ങള്‍ ഹിന്ദു മതത്തിനെതിരായ ആക്രമണം എന്ന് ആരോപിക്കുകയും ചെയ്തു. ഷേഖ് ഹസീന സര്‍ക്കാര്‍ ഹിന്ദു ന്യൂനപക്ഷവുമായി ഉണ്ടാക്കിയ സഖ്യത്തിനെതിരായ പ്രതികാരം എന്ന നിലയില്‍ 48 ജില്ലകളിലായി 278 പ്രദേശങ്ങളില്‍ ഹിന്ദുക്കള്‍ക്കെതിരേ വ്യാപക ആക്രമണം നടന്നു. ഹിന്ദു സമൂഹം ഹസീനയുടെ മതേതരവും എല്ലാവരെ ഉള്‍ക്കൊള്ളുന്നതുമായ നയങ്ങളിലും രാഷ്ട്രീയത്തിലും വിശ്വസിച്ച് അവര്‍ക്കൊപ്പം ചേര്‍ന്നു നിന്നവരായിരുന്നു. എന്നാല്‍, ഹസീന വീണതോടെ യഥാസ്ഥിതിക മുസ്ലിം ശക്തികളുടെ പ്രധാന ലക്ഷ്യമായി ഹിന്ദുക്കള്‍ മാറി.
ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ വെളിപ്പെടുത്തുന്നൊരു വസ്തുത, ന്യൂനപക്ഷ സമുദായങ്ങളെ സംരക്ഷണമൊരുക്കുന്നതില്‍ രാഷ്ട്രീയ നേതൃത്വങ്ങളുടെ പരാജയമാണ്. ഹസീനയ്ക്ക് പിന്നാലെ ചുമതലയേറ്റ ഇടക്കാല സര്‍ക്കാര്‍, ഹിന്ദുക്കള്‍ ഉള്‍പ്പെടെ എല്ലാ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കുമെന്നായിരുന്നു വാഗ്ദാനം ചെയ്തതെങ്കിലും, സാമുദായിക സമാധാനം പുനഃസ്ഥാപിക്കാനുള്ള അവരുടെ കഴിവ് ചോദ്യം ചെയ്യുന്ന സംഭവങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. മതേതര വിഭാഗവും, മതപരമായ യാഥാസ്ഥിതിക ശക്തികളും തമ്മിലുള്ള ഭിന്നത വര്‍ദ്ധിക്കുകയാണ്. അതുകൊണ്ട് തന്നെ ബംഗ്ലാദേശിലെ ന്യൂനപക്ഷ അവകാശങ്ങളുടെയും സംരക്ഷണത്തിന്റെയും പ്രശ്‌നം അതീവ ഗുരുതരമായ ഒന്നാണ്.
ഇന്ത്യയുടെ പ്രതികരണം
ഇന്ത്യ അതിന്റെ അയല്‍രാജ്യവുമായി ചരിത്രപരമായ സാമ്പത്തിക-സാംസ്‌കാരിക ബന്ധം പുലര്‍ത്തുന്നുണ്ട്. ബംഗ്ലാദേശിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ അതുകൊണ്ട് തന്നെ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ചിന്‍മോയ് കൃഷ്ണ ദാസ് ബ്രഹ്‌മചാരിയുടെ അറസ്റ്റിലും ജാമ്യം നിഷേധിച്ചതിലും ഇന്ത്യന്‍ സര്‍ക്കാര്‍ ‘അഗാധമായ ഉത്കണ്ഠ’ അറിയിച്ചിട്ടുണ്ട്. ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള എല്ലാ ന്യൂനപക്ഷ സമുദായങ്ങളുടെയും സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാന്‍ ബംഗ്ലാദേശിന്റെ ഇടക്കാല സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എങ്കിലും ഇന്ത്യ കരുതലോടെയാണിരിക്കുന്നത്, ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കാനും ഇടയാക്കിയേക്കാം. 1971 ലെ സ്വാതന്ത്ര പോരാട്ടത്തില്‍ ബംഗ്ലാദേശിനെ പിന്തുണച്ചതിന്റെ ചരിത്രമാണ് ഇന്ത്യക്കുള്ളത്. ഈ യഥാര്‍ത്ഥ്യങ്ങളും മുന്നില്‍ വച്ചുകൊണ്ടാണ് ഇന്ത്യ അതിന്റെ പ്രതികരണങ്ങള്‍ രൂപപ്പെടുത്തുന്നതും. വ്യാപാരം, അടിസ്ഥാന സൗകര്യ വികസനം, സുരക്ഷ കാര്യങ്ങള്‍ എന്നിവയില്‍ ഇന്ത്യ ബംഗ്ലാദേശുമായി ബന്ധം പുലര്‍ത്തി വരുന്നുണ്ട്. ഹസീന ഭരണകാലത്ത് അവര്‍ ഇന്ത്യയുമായി ചേര്‍ന്ന് ശക്തമായ തീവ്രവാദ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. മേഖലയുടെ സമാധാനത്തിന് ഇന്ത്യയുമായി ചേര്‍ന്നു നില്‍ക്കുകയായിരുന്നു ഹസീന ചെയ്തത്. ബംഗ്ലാദേശില്‍ സംഭവിച്ച രാഷ്ട്രീയ പ്രക്ഷോഭത്തിനുശേഷവും, രാജ്യത്ത് അധികാരത്തില്‍ വരുന്ന ഏത് മതേതര ഭരണകൂടത്തിനും പിന്തുണ നല്‍കി, അവരുമായി നല്ല ബന്ധം പുലര്‍ത്താനും അയല്‍ക്കാരുമായുള്ള ചരിത്രപരമായ സൗഹൃദം നിലനിര്‍ത്താനുമാണ് ഇന്ത്യ ശ്രദ്ധിക്കുന്നത്.
ബംഗ്ലാദേശിന്റെ സമ്പദ്വ്യവസ്ഥ, പ്രത്യേകിച്ച് ഇന്ത്യയുമായുള്ള വ്യാപാരം ബന്ധം ഹസീനയുടെ ഭരണത്തിന്‍ കീഴില്‍ ക്രമാനുഗതമായ വളര്‍ച്ച നേരിട്ടിരുന്നുവെങ്കില്‍, നിലവിലെ രാഷ്ട്രീയ അസ്ഥിരത ഈ ഉഭയകക്ഷി ബന്ധത്തില്‍ കാര്യമായ അപകടസാധ്യതകള്‍ സൃഷ്ടിക്കുന്നുണ്ട്. ബംഗ്ലാദേശിലെ സ്ഥിതി കൂടുതല്‍ വഷളായാല്‍, അത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ വ്യാപാര-സാമ്പത്തിക സഹകരണം, അടിസ്ഥാന സൗകര്യ പദ്ധതികള്‍ എന്നിവയെ ബാധിക്കുമെന്ന് വിദഗ്ധര്‍ ആശങ്കപ്പെടുന്നു, പ്രത്യേകിച്ച് വടക്കുകിഴക്കന്‍ മേഖലയുമായുള്ള ബന്ധത്തിന്റെ കാര്യത്തില്‍.
പുറത്തു നിന്നുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍
ബംഗ്ലാദേശിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് വിശാലമായ പ്രാദേശിക പ്രത്യാഘാതങ്ങളും ഉണ്ടാകും. പ്രത്യേകിച്ച് ഇന്ത്യയുടെ തന്ത്രപരമായ താല്‍പ്പര്യങ്ങളുമായി ബന്ധപ്പെട്ട്. ഇന്ത്യ ബംഗ്ലാദേശുമായി ദീര്‍ഘമേറിയതും അതേസമയം വിടവുകള്‍ ഉള്ളതുമായി അതിര്‍ത്തി പങ്കിടുന്നുണ്ട്. ഇത് ഒരേസമയം സഹകരണത്തിന്റെയും സംഘര്‍ഷത്തിന്റെ ഉറവിടമായി മാറുന്നുണ്ട്. അതിര്‍ത്തിയിലെ സുരക്ഷ, അനധികൃത കുടിയേറ്റത്തിനുള്ള സാധ്യത, അതിര്‍ത്തിയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യത എന്നിവയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുന്നതാണ് നിലവിലെ അസ്വസ്ഥതകള്‍.
ബംഗ്ലാദേശിലെ പ്രശ്‌നങ്ങള്‍ പുറത്തു നിന്നുള്ളവരും മുതലെടുക്കാം. പ്രത്യേകിച്ച് മേഖലയില്‍ സ്വാധീനം ചെലുത്താന്‍ ശ്രമിക്കുന്ന ചൈന. ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ് (ബിആര്‍ഐ) പോലുള്ള സംരംഭങ്ങളിലൂടെ ദക്ഷിണേഷ്യയില്‍ സാന്നിധ്യം വിപുലീകരിക്കുന്ന ചൈനയ്ക്ക് ബംഗ്ലാദേശിന്റെ തന്ത്രപ്രധാനമായ സ്ഥാനവും സാമ്പത്തിക സാധ്യതയും ആ രാജ്യത്തെ തങ്ങളുടെ പങ്കാളിയാക്കുന്നതിന് മതിയായ കാരണങ്ങളാണ്. ചരിത്രപരമായി ബംഗ്ലാദേശില്‍ ഇന്ത്യക്ക് സ്വാധീനമുണ്ടെങ്കിലും മാറിയ സാഹചര്യത്തില്‍ കാര്യങ്ങള്‍ തങ്ങളുടെ കൈയില്‍ നിന്ന് വിട്ടുപോകാതിരിക്കാന്‍ ഇന്ത്യക്ക് ദ്രുതഗതിയിലുള്ള നീക്കങ്ങള്‍ ആവശ്യമാണ്.
മുന്നിലേക്കുള്ള പാത
ബംഗ്ലാദേശില്‍ കാര്യങ്ങള്‍ എത്തുംപിടിയുമില്ലാത്ത അവസ്ഥയിലാണ്. രാഷ്ട്രീയവും മതവും രാജ്യത്തിന്റെ ഭാവി അനിശ്ചിതത്വത്തിലാക്കുകയാണ്. സര്‍ക്കാര്‍ സംവിധാനത്തിന്റെ സുരക്ഷയില്‍ രാജ്യത്തെ ഹിന്ദുക്കളും മറ്റ് ന്യൂനപക്ഷ സമുദായങ്ങളും കടുത്ത ആശങ്ക പ്രകടിപ്പിക്കുകയാണ്. സാമുദായിക സംഘര്‍ഷങ്ങള്‍ ശമിക്കുന്നില്ലെങ്കില്‍, മത സൗഹാര്‍ദ്ദത്തിന്റെയും മതേതര ഭരണസംവിധാനത്തിന്റെയും ഇത്രയും കാലത്തെ പുരോഗതിയെ ഇല്ലാതാക്കും.
ഇന്ത്യയെ സംബന്ധിച്ച് നിലവിലെ പ്രശ്‌നങ്ങള്‍ക്കിടയിലും ബംഗ്ലാദേശുമായുള്ള ബന്ധം നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോകണമെന്ന വെല്ലുവിളിയുമുണ്ട്. ബംഗ്ലാദേശിലെ ന്യൂനപക്ഷ വിഭാഗങ്ങളെ പിന്തുണയ്ക്കുന്നതിനൊപ്പം തന്നെ മേഖലയിലെ വിശാലവും തന്ത്രപരവുമായ അതിന്റെ താത്പര്യങ്ങളും സംരക്ഷിക്കേണ്ടതുണ്ട്. ബംഗ്ലാദേശില്‍ അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുകയാണെങ്കില്‍, ഇരു രാജ്യങ്ങള്‍ക്കും, പ്രത്യേകിച്ച് വ്യാപാരം, സുരക്ഷ, പ്രാദേശിക സഹകരണം എന്നിവയുടെ കാര്യത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.
ആത്യന്തികമായി, ബംഗ്ലാദേശിലെ ഹിന്ദു-മുസ്ലിം ബന്ധത്തിന്റെ ഭാവി, സമാധാനം പുനഃസ്ഥാപിക്കുന്നതിനും എല്ലാ മതസമൂഹങ്ങളുടെയും സംരക്ഷണം ഉറപ്പാക്കുന്നതിനുമുള്ള ആ രാജ്യത്തെ രാഷ്ട്രീയ നേതൃത്വത്തിന്റെ കഴിവിനെ ആശ്രയിച്ചിരിക്കും. മതപരമായി നടക്കുന്ന അക്രമങ്ങളുടെയും വിവേചനത്തിന്റെയും മൂലകാരണങ്ങള്‍ പരിഹരിക്കാനുള്ള യോജിച്ച ശ്രമങ്ങളില്ലെങ്കില്‍, ബംഗ്ലാദേശിലെ പ്രതിസന്ധി രാജ്യത്തിനുമാത്രമല്ല, മേഖലയിലും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. Hindu-Muslim Tensions in Bangladesh and the Recent Crisis
Content Summary; Hindu-Muslim Tensions in Bangladesh and the Recent Crisis