മാധ്യമപ്രവർത്തകൻ അഭിസാർ ശർമ്മയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി. അഭിസാർ ശർമ്മയ്ക്ക് നാലാഴ്ചത്തേക്ക് ഇടക്കാല സംരക്ഷണം അനുവദിച്ച് കൊണ്ടുള്ള ഉത്തരവും സുപ്രീം കോടതി പുറത്തുവിട്ടു. തൻ്റെ യൂട്യൂബ് ചാനലിൽ അസം സർക്കാരിൻ്റെ നയങ്ങളെ വിമർശിച്ചുകൊണ്ട് അദ്ദേഹം പോസ്റ്റ് ചെയ്ത വീഡിയോയുമായി ബന്ധപ്പെട്ടാണ് കേസ്.
എന്നാൽ, എഫ്.ഐ.ആർ റദ്ദാക്കാനുള്ള അദ്ദേഹത്തിൻ്റെ ആവശ്യം കോടതി നിരസിച്ചു. പകരം, എഫ്.ഐ.ആർ റദ്ദാക്കുന്നതിനായി ഗുവാഹത്തി ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രീം കോടതിയുടെ നിർദ്ദേശം. സുപ്രീം കോടതിയിലെ ജസ്റ്റിസുമാരായ എം എം സുന്ദരേശ്, എൻ കോടീശ്വർ സിംഗ് എന്നിവരടങ്ങുന്ന ബെഞ്ചാണ് എഫ്.ഐ.ആർ റദ്ദാക്കാനുള്ള ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കാൻ വിസമ്മതിച്ചത്. അഭിസാർ ശർമ നേരിട്ട് സുപ്രീം കോടതിയെ സമീപിച്ചതിനെയും ബെഞ്ച് ചോദ്യം ചെയ്തു. എഫ്ഐആർ പോലുള്ള കേസുകൾ ആദ്യം ചോദ്യം ചെയ്യേണ്ടത് ഹൈക്കോടതിയിലാണെന്നും ബെഞ്ച് ചൂണ്ടിക്കാണിച്ചു.
അഭിസാർ ശർമ്മ തൻ്റെ ഹർജിയിൽ ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 152-ൻ്റെ ഭരണഘടനാപരമായ സാധുതയും ചോദ്യം ചെയ്തിരുന്നു. രാജ്യത്തിൻ്റെ പരമാധികാരത്തെയും അഖണ്ഡതയെയും ബാധിക്കുന്ന കാര്യങ്ങൾ ശിക്ഷിക്കുന്ന ഈ വകുപ്പ് അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്നായിരുന്നു അദ്ദേഹത്തിൻ്റെ വാദം. ഈ വിഷയത്തിൽ കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയക്കുകയും സമാനമായ മറ്റ് കേസുകളോടൊപ്പം ഈ ഹർജിയും പരിഗണിക്കാമെന്ന് അറിയിക്കുകയും ചെയ്തു.
അസമിലെ ദിമ ഹസാഓ ജില്ലയിൽ 3,000 ബിഘ ഭൂമി ഒരു സ്വകാര്യ കമ്പനിക്ക് സിമൻ്റ് ഫാക്ടറി സ്ഥാപിക്കുന്നതിനായി അനുവദിച്ചതിനെ വിമർശിച്ച് അഭിസാർ ശർമ്മ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇത് വർഗീയ വിദ്വേഷം വളർത്താൻ ലക്ഷ്യമിട്ടുള്ളതാണെന്ന് ആരോപിച്ച് അദ്ദേഹത്തിനെതിരെ അസം പോലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 152 (രാഷ്ട്രത്തിൻ്റെ പരമാധികാരത്തെയും ഐക്യത്തെയും ബാധിക്കുന്ന പ്രവർത്തനങ്ങൾ), സെക്ഷൻ 196 (വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തുക), സെക്ഷൻ 197 (ദേശീയോദ്ഗ്രഥനത്തിന് വിരുദ്ധമായ കാര്യങ്ങൾ) എന്നിവ പ്രകാരമാണ് അദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്. എഫ്.ഐ.ആറിൻ്റെ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള അഭിസാർ ശർമ്മയുടെ അപേക്ഷ കോടതി പരിഗണിച്ചില്ല. എന്നാൽ, അദ്ദേഹത്തിന് നാലാഴ്ചത്തേക്ക് അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം നൽകുകയും ഈ സമയത്തിനുള്ളിൽ ഗുവാഹത്തി ഹൈക്കോടതിയെ സമീപിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. കൂടാതെ, ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 152-ൻ്റെ ഭരണഘടനാപരമായ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള അപേക്ഷയിൽ കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു.
ഹർജിക്കാരൻ്റെ അഭിഭാഷകനായ കപിൽ സിബൽ, സമാനമായ കേസുകളിൽ സുപ്രീം കോടതി മറ്റ് മാധ്യമപ്രവർത്തകർക്ക് സംരക്ഷണം നൽകിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. എന്നിരുന്നാലും, ഹർജി നേരിട്ട് പരിഗണിക്കാൻ സുപ്രീം കോടതി തയ്യാറായില്ല. ഹൈക്കോടതിയെ മറികടന്ന് നേരിട്ട് സുപ്രീം കോടതിയെ സമീപിച്ചത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.
content summary: Court stays journalist Abhisar Sharma’s arrest in sedition case