June 13, 2026 |
Share on

എയർ ഇന്ത്യ വിമാനപകടം; പൈലറ്റിന്റെ പിഴവ് ആരോപിക്കുന്ന റിപ്പോർട്ടിനെ ചോദ്യം ചെയ്ത് സുപ്രീം കോടതി

ഏവിയേഷൻ ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയാണ് പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കിയത്

എയർ ഇന്ത്യ വിമാന ദുരന്തത്തിലെ അന്വേഷണ റിപ്പോർട്ടിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. വിവിധ രാജ്യങ്ങളിൽനിന്നുള്ള നിന്നുള്ള അഞ്ചംഗ സമിതി തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ടിലെ ചില ഭാ​ഗങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത് നിരുത്തരവാദിത്തപരമായാണെന്ന് ചൂണ്ടിക്കാണിച്ചാണ് ആശങ്ക പ്രകടിപ്പിച്ചത്.

ഏവിയേഷൻ ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ പ്രാഥമിക റിപ്പോർട്ടാണ് കോടതി വിലയിരുത്തിയത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ. കോടീശ്വര സിംഗ് എന്നിവരടങ്ങുന്ന ബെഞ്ച്, സ്വതന്ത്രവും നീതിയുക്തവും വേഗത്തിലുള്ളതുമായ ഒരു അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര സർക്കാരിനും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും നോട്ടീസ് അയച്ചിരുന്നു. ജൂലൈ 12ന് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ, AI171 വിമാനം പറത്തിയിരുന്ന ബോയിങ് 787-8ലെ പൈലറ്റുമാർക്ക് വീഴ്ച പറ്റിയതായി സൂചിപ്പിച്ചിരുന്നു.

അന്വേഷണ സമിതിയിലെ മൂന്ന് അംഗങ്ങൾ ഏവിയേഷൻ റെഗുലേറ്ററിയിൽ നിന്നുള്ളവരായതിനാൽ എയ‍ർ ഇന്ത്യയുടെ താൽപ്പര്യത്തിന് വിധേയരാകുമെന്ന് അഡ്വ. പ്രശാന്ത് ഭൂഷൺ കോടതിയെ ധരിപ്പിച്ചിരുന്നു. പൈലറ്റുമാരുടെ വീഴ്ചയാണെന്ന് റിപ്പോർട്ട് സ്ഥാപിക്കാൻ മനപ്പൂർവ്വം ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാങ്കേതിക തകരാറാണോ അതോ അട്ടിമറിയാണോ എന്ന ചോദ്യങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളും ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്.

പൈലറ്റിൻ്റെ വീഴ്ചയാണ് അപകടത്തിന് കാരണമെന്ന് വരുത്തിത്തീർക്കുന്ന പ്രാഥമിക റിപ്പോർട്ടിനെ ചോദ്യം ചെയ്ത്, യഥാർത്ഥ കാരണം കണ്ടെത്താൻ ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡർ വിവരങ്ങൾ പുറത്തുവിടണമെന്ന് അദ്ദേഹം കോടതിയിൽ ആവശ്യപ്പെട്ടു.റിപ്പോർട്ട് പുറത്തുവിട്ട വിവരങ്ങൾ അപൂർണമാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. വിമാനത്തിന്റെ ഇന്ധനം വിച്ഛേദിക്കുന്ന സ്വിച്ചുകൾ റൺ എന്ന അവസ്ഥയിൽ നിന്ന് “കട്ട്ഓഫ്” എന്ന അവസ്ഥയിലേക്ക് മാറിയതാണ് അപകടത്തിന് കാരണം എന്ന് എഎഐബിയുടെ പ്രാഥമിക റിപ്പോർട്ട് പറയുന്നു. ഇത് പൈലറ്റിന്റെ പിഴവാണ് എന്ന് സൂചിപ്പിക്കുന്നു.

എന്നാൽ, ഹർജിയിൽ പറയുന്നതനുസരിച്ച്, ചില നിർണായക വിവരങ്ങൾ റിപ്പോർട്ടിൽ നിന്ന് മനഃപൂർവം ഒഴിവാക്കിയിട്ടുണ്ട്. മുഴുവൻ ഡിജിറ്റൽ ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡർ വിവരങ്ങൾ, കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡർ രേഖകൾ, ഇലക്ട്രോണിക് എയർക്രാഫ്റ്റ് ഫോൾട്ട് റെക്കോർഡിംഗ് ഡാറ്റ എന്നിവ സംബന്ധിച്ച വിവരങ്ങളാണ് റിപ്പോർട്ടിൽ നിന്ന് മനഃപൂർവം ഒഴിവാക്കിയിട്ടുണ്ട്. ഇതൊരു സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണത്തെ തടസ്സപ്പെടുത്തുന്നു എന്നും ഹർജിക്കാർ ആരോപിച്ചു.

അതേസമയം, കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിടുമ്പോൾ രഹസ്യാത്മകത, സ്വകാര്യത, അന്തസ്സ് തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് കോടതി ഊന്നിപ്പറഞ്ഞു. ചില വിവരങ്ങൾ പുറത്തുവിട്ടാൽ അത് എതിരാളികളായ വിമാനക്കമ്പനികൾ മുതലെടുക്കാൻ സാധ്യതയുണ്ടെന്നും കോടതി മുന്നറിയിപ്പ് നൽകി. എന്നാൽ, തങ്ങളുടെ നോട്ടീസ് ഒരു സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം ഉറപ്പാക്കാൻ മാത്രമാണെന്ന് കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

×