July 16, 2026 |
Share on

തെരുവുനായ: സുപ്രീം കോടതി വിധിയിൽ കേരളത്തിനും പ്രതീക്ഷ

എതിർത്ത് പ്രതിപക്ഷം

രാജ്യതലസ്ഥാനമായ ഡൽഹി-എൻ.സി.ആർ. മേഖലയിലെ തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ സുപ്രീം കോടതി പുറപ്പെടുവിച്ച നിർണായകമായ ഉത്തരവ് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ജനങ്ങളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ടുള്ള ഈ വിധി, നിലവിലെ നിയമങ്ങളെയും അതിനോടുള്ള രാഷ്ട്രീയ നേതാക്കളുടെ സമീപനങ്ങളെയും ചോദ്യം ചെയ്യുന്നതാണ്.

ഡൽഹിയിലെ പൂത്കാലാൻ ഗ്രാമത്തിൽ ആറുവയസ്സുകാരി പേവിഷബാധയേറ്റ് മരിച്ച ദാരുണ സംഭവത്തെത്തുടർന്ന് സുപ്രീം കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് മനുഷ്യജീവനാണ് ഏറ്റവും പ്രധാനമെന്ന് വ്യക്തമാക്കി. നായ്ക്കളുടെ ഭീഷണിയില്ലാതെ കുട്ടികൾക്ക് സ്വതന്ത്രമായി തെരുവിൽ നടക്കാൻ കഴിയണമെന്നും, പേവിഷബാധയേറ്റ് ഇനി ആരും മരിക്കാൻ ഇടയാകരുതെന്നും കോടതി ഊന്നിപ്പറഞ്ഞു.

മൃഗസ്നേഹികളുടെ വികാരങ്ങൾ ഈ വിഷയത്തിൽ പരിഗണിക്കില്ലെന്ന് കോടതി തുറന്നുപറഞ്ഞു. “പേവിഷബാധയേറ്റ് മരിച്ച കുഞ്ഞുങ്ങളെ മൃഗസ്നേഹികൾക്ക് തിരികെ കൊണ്ടുവരാൻ സാധിക്കുമോ?” എന്ന കോടതിയുടെ ചോദ്യം ഈ വിഷയത്തിലുള്ള അതിന്റെ നിലപാട് എത്രത്തോളം കണിശമാണെന്ന് വ്യക്തമാക്കുന്നു. തെരുവുനായ്ക്കളെ പിടികൂടുന്നതിനെ എതിർക്കുന്ന വ്യക്തികൾക്കോ സംഘടനകൾക്കോ എതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

ഷെൽട്ടറുകൾ നിർമ്മിച്ച് തെരുവുനായകളെ അങ്ങോട്ട് മാറ്റാനുള്ള ഉത്തരവാദിത്തം സംസ്ഥാന സർക്കാർ, ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ, ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ എന്നിവയ്ക്കാണ്. ഡൽഹിയോട് ചേർന്നുള്ള നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം തുടങ്ങിയ നഗരങ്ങളിലും ഈ നിർദേശം നടപ്പാക്കണം. ജനവാസ മേഖലകളിൽ നിന്ന് അകലെയാകണം ഷെൽട്ടറുകൾ സ്ഥാപിക്കേണ്ടത്.

കേരളത്തിന് പുതിയ സാധ്യതകൾ

തെരുവുനായ ശല്യം രൂക്ഷമായ കേരളത്തിൽ ഡൽഹിയിലെ ഈ വിധി തെരുവുനായ പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരം കണ്ടെത്താൻ സഹായിക്കുമെന്നാണ് സർക്കാർ കരുതുന്നത്. വന്ധ്യംകരണം ചെയ്ത ശേഷം നായകളെ തിരിച്ച് പഴയ സ്ഥലത്ത് തന്നെ കൊണ്ടുപോയി വിടണമെന്ന കേന്ദ്ര നിയമമാണ് നിലവിൽ സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങൾക്ക് തടസ്സമായിരുന്നത്. ഈ നിയമം അപ്രായോഗികമാണെന്നും അശാസ്ത്രീയമാണെന്നും കേരളം നേരത്തെ തന്നെ വാദിച്ചിരുന്നു.

തെരുവുനായകളെ പിടികൂടി പുനരധിവസിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ മൃഗസ്നേഹികൾ കോടതിയെ സമീപിച്ച കാര്യവും സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ, “ആളുകൾ സാഹചര്യത്തിനനുസരിച്ച് പെരുമാറുകയാണ് വേണ്ടത്” എന്ന് കോടതി നൽകിയ മറുപടി കേരള സർക്കാരിന്റെ നിലപാടുകൾക്ക് ശക്തി നൽകുന്നു.

ഡൽഹി വിഷയത്തിൽ സുപ്രീം കോടതി സ്വീകരിച്ച ഈ സമീപനം കേരളത്തിലും സമാനമായ രീതിയിൽ തെരുവുനായ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്താൻ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. ഈ വിധി കേന്ദ്ര നിയമത്തിലെ അപ്രായോഗികമായ വ്യവസ്ഥകൾ തിരുത്താനുള്ള ഒരു അവസരം കൂടിയായി മാറുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

എ.ബി.സി ചട്ടങ്ങൾ ഫലപ്രദമല്ല എന്ന സത്യം ഒടുവിൽ സുപ്രീം കോടതി വിളിച്ചുപറഞ്ഞിരിക്കുന്നുവെന്നും, കഴിഞ്ഞ മൂന്ന് വർഷമായി താൻ ഇക്കാര്യം ആവർത്തിച്ചുപറഞ്ഞിട്ടും മാധ്യമങ്ങൾ കേട്ടഭാവം നടിച്ചില്ലെന്നുമായിരുന്നു സുപ്രീംകോടതി വിധിക്ക് പിന്നാലെ മന്ത്രി എംബി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചത്. ബി.സി. ചട്ടങ്ങളിലെ അപ്രായോഗികവും അർത്ഥശൂന്യവുമായ വ്യവസ്ഥകളെക്കുറിച്ച് പല പത്രസമ്മേളനങ്ങളിലും താൻ പറഞ്ഞിട്ടും മാധ്യമങ്ങൾ അത് ജനങ്ങളോട് പറയാൻ തയ്യാറായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

“സർക്കാരിനെ കടിച്ചുകീറാൻ ഒന്നാം പേജും എഡിറ്റോറിയലുമെല്ലാം നിറയ്ക്കാനായിരുന്നു ചിലർക്ക് താൽപര്യം,” അദ്ദേഹം പറഞ്ഞു. കേരളത്തിൽ മാത്രമാണ് തെരുവുനായ പ്രശ്നമുള്ളതെന്നും, സംസ്ഥാന സർക്കാർ പട്ടികളെ കെട്ടഴിച്ചുവിട്ടതാണെന്നുമുള്ള രീതിയിലാണ് മാധ്യമങ്ങൾ വാർത്തകൾ നൽകിയിരുന്നതെന്നും അദ്ദേഹം ആരോപിച്ചു.

സുപ്രീം കോടതിയുടെ ചോദ്യങ്ങൾ

തെരുവുനായയെ വന്ധ്യംകരിച്ച് ആറു ദിവസം ശുശ്രൂഷിച്ച ശേഷം തിരിച്ച് അതേ സ്ഥലത്ത് തന്നെ കൊണ്ടുചെന്നുവിടണമെന്ന എ.ബി.സി. ചട്ടത്തിലെ വ്യവസ്ഥയെ “എന്ത് വെളിവില്ലാത്ത നിബന്ധനയാണ്” എന്നാണ് സുപ്രീം കോടതി രൂക്ഷമായ ഭാഷയിൽ വിശേഷിപ്പിച്ചതെന്നും, അതിനെ തികച്ചും അസംബന്ധം എന്ന് കോടതി വിളിച്ചുവെന്നും എം.ബി. രാജേഷ് ചൂണ്ടിക്കാട്ടി.

കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പോലും “വന്ധ്യംകരിച്ചതുകൊണ്ട് തെരുവുപട്ടി കടിക്കാതിരിക്കുന്നില്ല, ജനനനിയന്ത്രണത്തിന് മാത്രമേ അത് സഹായിക്കൂ,” എന്ന് സമ്മതിച്ചതായും അദ്ദേഹം പറഞ്ഞു. തങ്ങൾ ഇത്രയും കാലം പറഞ്ഞിരുന്ന കാര്യങ്ങൾ തന്നെയാണ് ഇപ്പോൾ സുപ്രീം കോടതിയും കേന്ദ്രസർക്കാരും അംഗീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ നടത്തിയ വാദങ്ങൾക്ക് സുപ്രീം കോടതിയുടെ പുതിയ വിധി ശക്തി നൽകുന്നതാണ്.

അതെ സമയം, സുപ്രീം കോടതിയുടെ ഈ കര്‍ശന നിലപാടിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. തെരുവുനായകളെ പിടികൂടി കൂട്ടിലടയ്ക്കാനുള്ള ഉത്തരവ്, പതിറ്റാണ്ടുകളായി ഇന്ത്യ പിന്തുടർന്ന് വരുന്ന മാനുഷികവും ശാസ്ത്രീയവുമായ നയങ്ങളിൽ നിന്നുള്ള പിൻമാറ്റമാണെന്നാണ് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റിലെ വിമർശനം.

നിരവധി ആളുകൾക്ക് തെരുവുനായകളുടെ ആക്രമണത്തിൽ ജീവൻ നഷ്ടമാവുകയും പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിൽ, ജനങ്ങൾക്ക് ദുരിതം സമ്മാനിക്കുന്ന വിധത്തിലുള്ള ഈ നിലപാട് പൊതുസമൂഹത്തിൽ വലിയ അതൃപ്തി ഉണ്ടാക്കി. കേന്ദ്ര സർക്കാരല്ലാതെ ആരും എതിർവാദവുമായി വരേണ്ടെന്ന് കോടതി വ്യക്തമാക്കിയിട്ടും, ജനങ്ങളുടെ വികാരങ്ങൾ കണക്കിലെടുക്കാതെയുള്ള രാഹുൽ ഗാന്ധിയുടെ പ്രസ്താവന രാഷ്ട്രീയമായി വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്.

കോടതിയുടെ ഈ നിർദ്ദേശത്തിനെതിരെ ബോളിവുഡ് സിനിമാ മേഖലയിലെ ചില താരങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. മനുഷ്യത്വപരമല്ലാത്തതും അപ്രായോഗികവുമാണ് ഈ ഉത്തരവെന്നാണ് ഇവരുടെ പ്രധാന വാദം. മൃഗാവകാശങ്ങളെ പിന്തുണയ്ക്കുന്നവരാണ് ഈ താരങ്ങളിൽ പലരും.

തെരുവുനായ്ക്കളെ കൂട്ടത്തോടെ മാറ്റിപ്പാർപ്പിക്കുന്നത് അവയുടെ ജീവിതത്തെ ദോഷകരമായി ബാധിക്കുമെന്നും, വന്ധ്യംകരണവും വാക്സിനേഷനുമാണ് ഈ പ്രശ്നത്തിന് ശാശ്വതമായ പരിഹാരമെന്നും അവർ അഭിപ്രായപ്പെടുന്നു. ചില താരങ്ങൾ കോടതിയുടെ ഉത്തരവിനെതിരെയുള്ള തങ്ങളുടെ പ്രതിഷേധം ഇൻസ്റ്റാഗ്രാം സ്റ്റോറികളിലൂടെയും ട്വിറ്റർ പോസ്റ്റുകളിലൂടെയും അറിയിച്ചു. അതേസമയം, പൊതുജനങ്ങളിൽ നിന്ന് ഈ താരങ്ങളുടെ നിലപാടിനെതിരെ ശക്തമായ വിമർശനങ്ങളും ഉയരുന്നുണ്ട്.

content summary: Stray Dog Issue, Supreme Court’s Historic Verdict Sparks Debate

 

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×