June 25, 2026 |
Share on

ലൈവിനിടയില്‍ ബോംബാക്രമണം, ഭയന്നോടി വാര്‍ത്ത അവതാരക; സിറിയയില്‍ ഇസ്രയേല്‍ ആക്രമണം രൂക്ഷമാകുന്നു

ഡമാസ്കസിന്റെ ഭരണത്തിനെതിരായ ഏറ്റവും ഗുരുതരമായ വെല്ലുവിളിയാണ് ഈ അക്രമം

ഡമാസ്കസിലെ സിറിയൻ പ്രതിരോധ മന്ത്രാലയത്തിന് നേരെ ആക്രമണം നടത്തി ഇസ്രായേൽ സൈന്യം. മാസങ്ങൾക്കിടെ രാജ്യം കണ്ട ഏറ്റവും മാരകമായ അക്രമമായിരുന്നു ഇത്. പ്രതിരോധ മന്ത്രാലയത്തിന് നേരെ രണ്ടുതവണയാണ് ആക്രമണം നടത്തിയത്. മന്ത്രാലയത്തിന്റെ നാല് നിലകളും മുൻഭാഗവും തകർന്നു. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സിറിയൻ ഉദ്യോഗസ്ഥർ പറഞ്ഞു. തുടർച്ചയായ മൂന്നാം ദിവസവും ഇസ്രായേൽ സിറിയ്ക്ക് നേരെ ബോംബാക്രമണം നടത്തുകയാണ്.

ഇതിനിടെ ഡമാസ്കസിലെ ഇസ്രായേൽ ബോംബാക്രമണത്തിനിടെ സിറിയൻ വാർത്ത ചാനലിൽ തത്സമയ സംപ്രേഷണത്തിനിടെ അവതാരിക പേടിച്ചോടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡയയിൽ വൈറലായി. തത്സമയ സംപ്രേഷണത്തിനിടെ ദമാസ്കസിൽ ഇസ്രായേലിൻ്റെ ആക്രമണം ഉണ്ടായപ്പോഴാണ് അവതാരക പേടിച്ച് ഇറങ്ങിയോടിയത്. തെക്കൻ സിറിയയിൽ സിറിയൻ സൈന്യവും ഡ്രൂസ് പോരാളികളും തമ്മിലുള്ള ഏറ്റുമുട്ടലിലാണ് ഇസ്രയേൽ സൈന്യത്തിന്റെ ഇടപെടൽ.

കഴിഞ്ഞ ഡിസംബറിൽ പ്രസിഡന്റ് ബാഷർ അൽ-അസദിന്റെ 54 വർഷം നീണ്ട ഭരണം അവസാനിച്ചതിന് ശേഷം സിറിയയിൽ വിവിധ ന്യൂനപക്ഷ വിഭാഗങ്ങൾ തമ്മിലുള്ള പോരാട്ടം വർധിച്ചിരിക്കുകയാണ്. തെക്കൻ സിറയയിൽ ന്യൂനപക്ഷ വിഭാഗമായ ഡ്രൂസ് സമൂദായവും പ്രാദേശിക മുസ്ലീം സായുധ സംഘങ്ങളും തമ്മിലാണ് സംഘർഷം. സിറിയയ്ക്ക് നൽകിയിരുന്ന മുന്നറിയിപ്പുകൾ ഇതോടെ അവസാനിച്ചതായും, സിറിയയിലുള്ള ഡ്രൂസ് സമുദായത്തിന് ഇസ്രായേലി ഡിഫെൻസ് ഫോഴ്സ് സുരക്ഷ ഉറപ്പ് വരുത്തുമെന്നും ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് സോഷ്യൽ മീഡിയയിൽ പ്രസ്താവനയിലൂടെ അറിയിച്ചു.

സിറിയൻ സർക്കാർ സേനയും ബെഡൂയിൻ അറബ് ഗോത്രങ്ങളും ഡ്രൂസ് പോരാളികളും തമ്മിലുള്ള സംഘർഷത്തിന് പുറമേ ഇസ്രായേലി ബോംബാക്രമണം പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുകയാണ്. യുകെ ആസ്ഥാനമായുള്ള സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് (SOHR) പ്രകാരം നാല് ദിവസത്തെ ഏറ്റുമുട്ടലുകളിൽ 250 ൽ അധികം ആളുകൾ കൊല്ലപ്പെട്ടു കഴിഞ്ഞു.വെടിനിർത്തൽ പ്രഖ്യാപനങ്ങളും അസ്ഥാനത്താണ്. സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ യുഎൻ  സുരക്ഷാ കൗൺസിൽ വ്യാഴാഴ്ച യോഗം ചേരുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. സുന്നി സർക്കാർ സേനയും ഡ്രൂസ് പോരാളികളും തമ്മിൽ ഏറ്റുമുട്ടുന്നത് കൂടുതൽ വിശാലമായ വിഭാഗീയ സംഘർഷത്തിന് കാരണമായിട്ടുണ്ട്.

തീരദേശ കൂട്ടക്കൊലകൾക്ക് ശേഷം ഡമാസ്കസിന്റെ ഭരണത്തിനെതിരായ ഏറ്റവും ഗുരുതരമായ വെല്ലുവിളിയാണ് ഈ അക്രമം. രാജ്യത്തിന്റെ തെക്ക് ഭാഗത്തുള്ള സ്വീഡ പ്രവിശ്യയിലെ ജനസംഖ്യയുടെ ഭൂരിഭാഗവും മതന്യൂനപക്ഷമായ ഡ്രൂസ് വിഭാഗമാണ്. അസദിന്റെ പതനത്തിനുശേഷം, ഏതെങ്കിലും തരത്തിലുള്ള സ്വയംഭരണം നേടുന്നതിനായി അവർ ഡമാസ്കസിലെ ഇസ്ലാമിക നേതൃത്വത്തിലുള്ള അധികാരികളുമായി ചർച്ച നടത്തിവരികയാണ്. ഇതുവരെ കരാറിലെത്താൻ അവർക്ക് കഴിഞ്ഞിട്ടില്ല.

ഡമാസ്കസിന് തെക്കുള്ള പ്രധാന റോഡിൽ വെച്ച് ബെഡൂയിൻ ഗോത്രക്കാർ ഒരു ഡ്രൂസ് മനുഷ്യനെ കൊള്ളയടിച്ചതിനെ തുടർന്നാണ് സംഘർഷങ്ങൾ ആരംഭിക്കുന്നത്. ഇത് രണ്ട് ഗ്രൂപ്പുകൾക്കിടയിൽ പ്രതികാര അക്രമങ്ങളുടെ ഒരു പരമ്പരയ്ക്ക് തുടക്കമിട്ടു.സമീപ വർഷങ്ങളിൽ, ഡ്രൂസ്, ബെഡൂയിൻ സമുദായങ്ങളിലെ അംഗങ്ങൾക്കിടയിൽ ഇടയ്ക്കിടെയുള്ള അക്രമം ഈ പ്രദേശത്ത് സാധാരണമാണ്. സിറിയൻ സർക്കാർ സൈന്യം സ്വീഡയിലേക്ക് പ്രവേശിക്കുന്നത് തടയുമെന്ന് ചില ഡ്രൂസ് മിലിഷ്യകൾ പ്രതിജ്ഞയെടുക്കുകയും അവരെ ആക്രമിക്കുകയും ചെയ്തു, ഇത് ഏറ്റുമുട്ടലുകൾ രൂക്ഷമാക്കി.

സർക്കാർ സൈന്യം സ്വീഡയിൽ പ്രവേശിച്ചതോടെ മനുഷ്യാവകാശ ലംഘനങ്ങളുടെ കണക്കുകൾ പുറത്തുവരാൻ തുടങ്ങി. ചൊവ്വാഴ്ച ഉച്ചയോടെ, സ്വീഡയിലെ റാദ്‌വാൻ കുടുംബത്തിന്റെ സ്വീകരണ ഹാളിൽ ആയുധധാരികളായ തോക്കുധാരികൾ അതിക്രമിച്ച് കയറി നിരായുധരായ 15 പുരുഷന്മാരെയും ഒരു സ്ത്രീയെയും കൊലപ്പെടുത്തിയതായി എസ്‌ഒ‌എച്ച്‌ആർ റിപ്പോർട്ട് ചെയ്തിരുന്നു.

content summary: Anchor flees as Israeli strike hits Syrian state TV studio during live broadcast

 

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×