June 25, 2026 |
Share on

ടിആര്‍പി കൂട്ടാന്‍ ‘യുദ്ധം’ വേണ്ട; വാര്‍ത്ത ചാനലുകളുടെ റേറ്റിംഗ് തടഞ്ഞ് കേന്ദ്രം

അനാവശ്യ ഭീതിയും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നുവെന്നാണ് വാര്‍ത്ത ചാനലുകള്‍ക്കെതിരേയുള്ള കേന്ദ്ര സര്‍ക്കാരിന്റെ പരാതി

യുഎസ്-ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് വാര്‍ത്താ ചാനലുകള്‍ അനാവശ്യ ഭീതിയും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നത് തടയാന്‍ കര്‍ശന നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ടെലിവിഷന്‍ റേറ്റിംഗ് ഏജന്‍സിയായ ബാര്‍ക്കിനോട് (BARC) വാര്‍ത്താ ചാനലുകളുടെ റേറ്റിംഗ് (ടിആര്‍പി) പുറത്തുവിടുന്നത് അടിയന്തരമായി നിര്‍ത്തിവെക്കാന്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം ഉത്തരവിട്ടു. നാല് ആഴ്ചത്തേക്കോ അല്ലെങ്കില്‍ അടുത്ത ഉത്തരവ് ഉണ്ടാകുന്നത് വരെയോ ആണ് ഈ നിയന്ത്രണം.

നിലവിലെ യുദ്ധസാഹചര്യത്തില്‍ ചില വാര്‍ത്താ ചാനലുകള്‍ ‘അനാവശ്യമായ സെന്‍സേഷനലിസവും’ വസ്തുതാപരമല്ലാത്ത ഊഹാപോഹങ്ങളും സംപ്രേഷണം ചെയ്യുന്നതായി മന്ത്രാലയം നിരീക്ഷിച്ചു. സംഘര്‍ഷ മേഖലകളില്‍ സുഹൃത്തുക്കളോ ബന്ധുക്കളോ ഉള്ളവരിലും പൊതുജനങ്ങളിലും ഇത്തരം വാര്‍ത്തകള്‍ വലിയ തോതില്‍ പരിഭ്രാന്തി സൃഷ്ടിക്കാന്‍ ഇടയാക്കുമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

മന്ത്രാലയത്തിന്റെ പോളിസി ഗൈഡ്ലൈനിലെ ക്ലോസ് 24.2 പ്രകാരം നല്‍കിയിട്ടുള്ള അധികാരം ഉപയോഗിച്ചാണ് ഈ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. പൊതുജനതാല്‍പ്പര്യം മുന്‍നിര്‍ത്തി റേറ്റിംഗ് റിപ്പോര്‍ട്ടുകള്‍ അടിയന്തരമായി മരവിപ്പിക്കാന്‍ ബാര്‍ക്കിനോട് ആവശ്യപ്പെട്ടതായി ഔദ്യോഗിക ഉത്തരവില്‍ പറയുന്നു.

കഴിഞ്ഞ ഒരാഴ്ചയായി പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ ഇന്ത്യന്‍ ടെലിവിഷന്‍ മാധ്യമങ്ങളില്‍ വലിയ വാര്‍ത്താ പ്രാധാന്യമാണ് നേടുന്നത്. റേറ്റിംഗ് കൂട്ടാനായി വാര്‍ത്തകള്‍ അതിശയോക്തിപരമായി നല്‍കുന്നത് തടയാനാണ് ഈ നീക്കം. ഇതിനുമുമ്പ് 2020-ല്‍ ഡാറ്റാ കൃത്രിമത്വവുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടര്‍ന്ന് സമാനമായ രീതിയില്‍ വാര്‍ത്താ ചാനലുകളുടെ റേറ്റിംഗ് ആഴ്ചകളോളം കേന്ദ്ര സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Content Summary: Iran War; Centar asked to BARC to immediately withhold reporting TRPs for News channels for unwarranted sensationalism and speculative content

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×