ഒരു ഉത്തരവാദിത്തമുള്ള ഇന്ത്യൻ പൗരൻ എന്ന നിലയിൽ, നമ്മുടെ രാജ്യത്തിന്റെ വിദേശനയത്തെ സംബന്ധിച്ച് ചില ആശങ്കകൾ കേന്ദ്ര സർക്കാരിന്റെ സമക്ഷം അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നു. പശ്ചിമേഷ്യയിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷങ്ങളിലും പ്രത്യേകിച്ച് അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനെതിരെ നടത്തിയ സൈനിക നടപടികളുടെയും സാഹചര്യത്തിലാണ് ഈ എഴുത്ത്.
ഇന്ത്യ-ഇറാൻ സൗഹൃദത്തിന് കേവലം നയതന്ത്ര ബന്ധത്തിലുപരി ദീർഘകാല ചരിത്രമുണ്ട്. ബി സി 3000- ൽ ഋഗ്വേദ കാലം മുതൽ ഭാഷാപരവും സാംസ്കാരികവുമായി അടുത്ത ബന്ധമുള്ള രാജ്യങ്ങളാണ് ഇറാനും ഇന്ത്യയും. അതിൽ പ്രധാനമായതാണ് , നമ്മുടെ രാജ്യം പ്രതിസന്ധിയിലായപ്പോൾ ഇറാൻ കാണിച്ച സൗഹൃദവും ധൈര്യവും. 1998-ലെ പോഖ്രാൻ ന്യൂക്ലിയർ പരീക്ഷണത്തിന് ശേഷം അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും ഇന്ത്യക്കെതിരെ സാമ്പത്തികവും സാങ്കേതികവുമായ ഉപരോധങ്ങൾ ഏർപ്പെടുത്തിയപ്പോൾ, പല രാജ്യങ്ങളും ഇന്ത്യയുമായി ഇടപാടുകളിൽ നിന്ന് അകന്നു നിന്നപ്പോൾ ഇറാൻ നമ്മോടൊപ്പം നിന്നു. അവർ നമ്മുടെ രാജ്യവുമായി ഊർജ്ജ സഹകരണം തുടർന്നു. 60 ദിവസത്തെ പേയ്‌മെന്റ് സൗകര്യം, ഷിപ്പിംഗ് ഡിസ്കൗണ്ട്, സൗജന്യ ഇൻഷുറൻസ് എന്നി ആനുകൂല്യങ്ങളോടെയാണ് ഇറാൻ നമുക്ക് ക്രൂഡ് ഓയിൽ നൽകിയത്. 2008-09 ൽ നമ്മുടെ അസംസ്‌കൃത എണ്ണ ഇറക്കുമതിയുടെ 16.5% ഇറാനിൽ നിന്നായിരുന്നു.

തന്ത്രപ്രധാനമായ ചബഹാർ തുറമുഖത്തിലേക്കുള്ള പ്രവേശനം നമുക്ക് നൽകിയതിലൂടെ പാകിസ്താൻ റൂട്ട് ഉപയോഗിക്കാതെ അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കും എത്താൻ സാധിക്കും . പാകിസ്താനെതിരെ OIC-യിലും മറ്റ് അന്താരാഷ്ട്ര വേദികളിലും പാകിസ്താനെതിരെ ഇറാൻ എപ്പോഴും ഇന്ത്യക്ക് അനുകൂലമായാണ് നിലകൊണ്ടിരുന്നത്.
അടുത്തകാലത്ത് ഹോർമുസ് കടലിടുക്ക് അടച്ചപ്പോൾ ഇന്ത്യയിൽ രൂക്ഷമായ പാചകവാതക പ്രതിസന്ധി ഉടലെടുത്തു. 28 ഇന്ത്യൻ കപ്പലുകൾ പേർഷ്യൻ ഗൾഫിൽ കുടുങ്ങി. ഇന്ത്യയുടെ പാചക വാതകത്തിന്റെ 60% ഇറക്കുമതിയെ ആശ്രയിച്ചിരിക്കുന്നതിനാൽ സാധാരണക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടായി. അപ്പോൾ എന്താണ് സംഭവിച്ചത്? അമേരിക്കയും ഇസ്രായേലും ഇറാനെ ആക്രമിക്കുന്ന സമയത്ത്, ഇന്ത്യ ആ ആക്രമണങ്ങളെക്കുറിച്ച് പരസ്യമായി ഒരു നിലപാടും സ്വീകരിക്കാതിരുന്നിട്ടും ഇറാൻ ഇന്ത്യയെ സഹായിച്ചു. ശിവാലിക്, നന്ദാദേവി എന്നീ എൽപിജി ടാങ്കറുകൾ സുരക്ഷിതമായി കടത്തിവിടുകയും 92,700 മെട്രിക് ടൺ വാതകം ഇന്ത്യയിലേക്ക് അയക്കുകയും ചെയ്തു.
ഇതാണ് ഇറാന്റെ സൗഹൃദം. ബുദ്ധിമുട്ടുള്ള സമയത്ത് ഇന്ത്യയെ കൈവിടാത്ത, പാശ്ചാത്യ ശക്തികളുടെ സമ്മർദ്ദങ്ങൾക്കിടയിലും നമ്മെ പിന്തുണച്ച ഒരു രാജ്യം. എന്നാൽ ഇന്ന് ആ സുഹൃത്ത് നേരിടുന്ന ആക്രമണങ്ങളിൽ ഇന്ത്യയുടെ നിശബ്ദത അസ്വീകാര്യവും നാണക്കേടുമാണ്.യാതൊരു പ്രകോപനവുമില്ലാതെ അവരുടെ നേരെയുള്ള അക്രമം തുടങ്ങിയത് അമേരിക്കയും ഇസ്രായേലുമാണ്. ഇവർക്കിടയിൽ ഒരു സമാധാനത്തിനായി ഇടപെടാൻ ഇന്ത്യ മുൻകൈ എടുക്കണം.
ഇറാനെതിരെ നടന്ന സൈനിക നടപടികളിൽ റിപ്പോർട്ടുകൾ പ്രകാരം ആയിരക്കണക്കിന് സാധാരണക്കാരും 181 കുട്ടികളും കൊല്ലപ്പെട്ടു. അവരുടെ പരമോന്നത നേതാവിനെയും വധിച്ചു. ഇറാനിയൻ ജനത മഹാത്മാഗാന്ധിയോടുള്ള ബഹുമാനാർത്ഥം സ്ഥാപിച്ച, 32,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള, 22 നിലകളുള്ള മഹാത്മാഗാന്ധി ആശുപത്രി പോലുള്ള സ്ഥാപനങ്ങളും സ്കൂളുകളും റെഡ് ക്രസന്റ് സൗകര്യങ്ങളും തകർത്തു. യുഎൻ ചാർട്ടർ, ജനീവ കൺവെൻഷൻ എന്നിവ പ്രകാരം ആശുപത്രികളും സ്കൂളുകളും സിവിലിയൻ പ്രദേശങ്ങളും ആക്രമിക്കുന്നത് യുദ്ധക്കുറ്റങ്ങളാണ്. നമ്മുടെ രാഷ്ട്ര പിതാവിന്റെ പേരിലുള്ള ആശുപത്രി തകർന്നപ്പോൾ ഇന്ത്യ നിശബ്ദയായിരുന്നു.ഗാന്ധിജിയുടെ രാജ്യ നിവാസികൾക്ക് ഇതിലും വലിയ അപമാനം എന്താണ് ?
ഇറാൻ BRICS സംഘടനയുടെ അംഗരാജ്യമാണ്. ഈ സംഘടനയിൽ ഇന്ത്യ സ്ഥാപക അംഗവും നേതൃപരമായ പങ്ക് വഹിക്കുന്ന രാജ്യവുമാണ്. ബഹുധ്രുവ ലോകക്രമത്തിന്റെ പ്രതീകവും പാശ്ചാത്യ ആധിപത്യത്തിന് ബദലുമായി BRICS വളർന്നുവരുന്ന ഈ സമയത്ത്, ഒരു അംഗരാജ്യത്തിനെതിരായ അനധികൃത സൈനിക ആക്രമണങ്ങളെക്കുറിച്ച് വ്യക്തമായ നിലപാട് സ്വീകരിക്കേണ്ടത് നമ്മുടെ രാജ്യത്തിന്റെ ധാർമ്മികവും നയതന്ത്രപരവുമായ ഉത്തരവാദിത്തമാണ്
ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 51, രാഷ്ട്രം “അന്താരാഷ്ട്ര സമാധാനവും സുരക്ഷയും പ്രോത്സാഹിപ്പിക്കണം” എന്ന് നിർദ്ദേശിക്കുന്നു. എന്നാൽ ഇന്ത്യയുടെ നിലവിലെ നിശബ്ദത ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധമാണ്.
മഹാത്മാഗാന്ധി പറഞ്ഞതുപോലെ, “അനീതി കണ്ടിട്ടും നിശബ്ദരായിരിക്കുക എന്നത് അനീതിയുടെ പക്ഷം ചേരുന്നതിന് തുല്യമാണ് .”
ഇവിടെ ഉയരുന്ന പ്രധാന ചോദ്യം ഇതാണ്:ഇന്ത്യ BRICS നേതാവാണോ അതോ അമേരിക്കൻ താൽപര്യങ്ങൾക്ക് വഴങ്ങുന്ന രാജ്യമാണോ? സ്വതന്ത്ര വിദേശനയമുള്ള മഹാശക്തിയാണോ അതോ പാശ്ചാത്യ സമ്മർദ്ദത്തിന് കീഴടങ്ങുന്ന രാജ്യമാണോ?
ഇന്ത്യ എപ്പോഴും സത്യത്തിന്റെയും അഹിംസയുടെയും മാനുഷികതയുടെയും നാടായി അറിയപ്പെട്ടിരുന്നു. ബുദ്ധിമുട്ടുള്ള സമയത്ത് നമ്മെ സഹായിച്ച രാജ്യങ്ങളോട് നന്ദിയും വിശ്വസ്തതയും കാണിക്കുക എന്നത് നമ്മുടെ സാംസ്കാരിക പാരമ്പര്യമാണ്. അതേസമയം, സ്ട്രാറ്റജിക് യാഥാർത്ഥ്യങ്ങളെയും പരിഗണിക്കേണ്ടതുണ്ട്. 1998- ൽ ഇറാൻ പ്രസിഡന്റ് ഖത്താമി ഐക്യ രാഷ്ട്ര സഭയിൽ “നാഗരികതകൾ തമ്മിലുള്ള സംഭാഷണം” (Dialogue Among Civilizations) എന്ന ആശയം മുന്നോട്ട് വെച്ച് കൊണ്ട് സംസാരിച്ചത് ഓർമ്മയിൽ കൊണ്ട് വരികയാണ് . അതിനെ തുടർന്ന്
2001 ഏപ്രിലിൽ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി ഇറാൻ സന്ദർശിച്ച് തെഹ്‌റാൻ പ്രഖ്യാപനത്തിൽ ഒപ്പുവച്ചപ്പോൾ, അതിന്റെ കേന്ദ്രബിന്ദു “നാഗരികതകൾ തമ്മിലുള്ള സംഭാഷണം” എന്ന ആശയമായിരുന്നു. ഈ സങ്കല്പം അന്താരാഷ്ട്ര നയതന്ത്രത്തിലെ വിപ്ലവകരമായ ഒരു സമീപനമായിരുന്നു, അത് സംഘർഷത്തിനും യുദ്ധത്തിനും പകരം സമാധാനവും പരസ്പര ധാരണയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു ബദൽ മാർഗമായിരുന്നു. ആ പാരമ്പര്യത്തിന്റെ ഭാഗമായ രാജ്യമെന്ന നിലയിൽ, ഇന്ന് ഇറാനിലെ സമാധാന ദൗത്യത്തിൽ ഇന്ത്യക്ക് മറ്റാരെക്കാളും വലിയ പങ്ക് വഹിക്കാൻ സാധിക്കും
ഈ സാഹചര്യത്തിൽ, ഇനിപ്പറയുന്ന നിർദ്ദേശങ്ങൾ സജീവ പരിഗണനക്കായി സമർപ്പിക്കുകയാണ്:

മാനുഷിക മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ, BRICS നേതൃത്വത്തിന് അനുയോജ്യമായ ഉത്തരവാദിത്തപൂർവ്വകമായ നിലപാട് ഇന്ത്യ സ്വീകരിക്കണമെന്നാണ് ഒരു സാധാരണ പൗരൻ എന്ന നിലയിൽ എന്റെ അഭിപ്രായം. സ്വതന്ത്രവും സമതുലിതവുമായ വിദേശനയമാണ് ആഗോള വേദിയിൽ ഇന്ത്യയുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നത്. പശ്ചിമേഷ്യയിലെ സമാധാനത്തിന് ഇന്ത്യയുടെ നേതൃത്വം നിർണായകമാകുമെന്ന് ലോകം പ്രതീക്ഷിക്കുന്നു.
വിശ്വസമാധാനത്തിനും നീതിക്കും വേണ്ടി ധൈര്യത്തോടെ നിലകൊള്ളുമെന്ന പ്രതീക്ഷയോടെ,
ഒരു ഉത്തരവാദിത്തമുള്ള ഇന്ത്യൻ പൗരൻ.
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
Content Summary: Ensuring the xafety of millions: an open letter to the Govt. of India on the West Asia crisis