ആഗോള എണ്ണ വിപണിയുടെ ജീവനാഡിയായ ഹോര്‍മുസ് കടലിടുക്കിന് മേലുള്ള നിയന്ത്രണം തിരിച്ചുപിടിക്കാന്‍ ഇറാനെതിരെ ശക്തമായ സൈനിക നീക്കവുമായി അമേരിക്ക. കടലിടുക്കിന് സമീപമുള്ള ഇറാന്റെ തന്ത്രപ്രധാനമായ മിസൈല്‍ കേന്ദ്രങ്ങള്‍ക്ക് നേരെ യുഎസ് സൈന്യം വന്‍തോതിലുള്ള ബോംബാക്രമണം നടത്തി. അമേരിക്കന്‍ ആയുധപ്പുരയിലെ ഏറ്റവും മാരകമായ 5,000 പൗണ്ട് (2,268 കിലോ) ഭാരമുള്ള ‘ബങ്കര്‍ ബസ്റ്റര്‍’ ബോംബുകളാണ് ആക്രമണത്തിന് ഉപയോഗിച്ചത്.
ഇറാനിയന്‍ തീരപ്രദേശത്തെ ഭൂഗര്‍ഭ മിസൈല്‍ കേന്ദ്രങ്ങള്‍ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ഈ ദൗത്യം നടത്തിയത്. അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിന് ഭീഷണിയായ ഇറാന്റെ കപ്പല്‍വേധ ക്രൂയിസ് മിസൈലുകളെ ലക്ഷ്യം വച്ചായിരുന്നു ആക്രമണമെന്ന് സൈന്യം എക്‌സിലൂടെ അറിയിച്ചു.
‘കരുത്തുറ്റ ഇറാനിയന്‍ മിസൈല്‍ കേന്ദ്രങ്ങളില്‍ ആഴത്തിലുള്ള പെനട്രേറ്റര്‍ യുദ്ധോപകരണങ്ങള്‍ വിജയകരമായി പ്രയോഗിച്ചു. ലോകത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയായ തടസ്സങ്ങള്‍ നീക്കുകയാണ് ലക്ഷ്യം,’ എന്ന് യുഎസ് സൈനിക കമാന്‍ഡ് വ്യക്തമാക്കി.
യുഎസ്-ഇസ്രയേല്‍ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോഴും നാറ്റോ രാജ്യങ്ങള്‍ ഈ നീക്കത്തില്‍ പങ്കുചേരാന്‍ തയ്യാറാകാത്തത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. സഖ്യകക്ഷികളുടെ ഈ പിന്മാറ്റത്തെ ‘വളരെ മണ്ടത്തരമായ തെറ്റ്’ എന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിശേഷിപ്പിച്ചത്.
ജര്‍മ്മനിയും ഫ്രാന്‍സും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നിലവില്‍ ഈ സംഘര്‍ഷത്തില്‍ സജീവ പങ്കാളികളാകാന്‍ വിമുഖത പ്രകടിപ്പിച്ചു. എന്നാല്‍, ലോകം തന്റെ ശ്രമങ്ങളെ അംഗീകരിച്ചില്ലെങ്കിലും ‘ആഗോള നന്മയ്ക്ക് വേണ്ടി’ താന്‍ ഈ പോരാട്ടം തുടരുമെന്ന് ട്രംപ് ആവര്‍ത്തിച്ചു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സമ്മര്‍ദ്ദവും ഈ സൈനിക നീക്കത്തിന് പിന്നിലുണ്ടെന്ന് സൂചനയുണ്ട്.
ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് മാര്‍ച്ച് ആദ്യവാരം മുതല്‍ ഇറാന്‍ അടച്ചിട്ടിരിക്കുകയാണ്. ഇതോടെ സമുദ്ര ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെടുകയും ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുകയും ചെയ്തു. ഇത് വരും ദിവസങ്ങളില്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഇന്ധനവില വര്‍ദ്ധനവിന് കാരണമായേക്കാം.
തങ്ങളുടെ ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങള്‍ക്കാണെന്നും ആണവായുധം നിര്‍മ്മിക്കാന്‍ ലക്ഷ്യമില്ലെന്നും ഇറാന്‍ ആവര്‍ത്തിച്ചു. അമേരിക്കയുടെയും ഇസ്രയേലിന്റെയും കടന്നുകയറ്റത്തിന് എതിരെ ശക്തമായ പ്രതിരോധം തുടരുമെന്നും അവര്‍ വ്യക്തമാക്കി.
Content Summary: US hits Iran missile sites near Strait of Hormuz with 5,000-pound ‘Bunker Buster’ bombs