June 26, 2026 |
Share on

ഹമാസ് ശാശ്വത സമാധാനത്തിന് തയ്യാർ; ഇസ്രയേൽ ബോംബാക്രമണം ഉടൻ നിർത്തണമെന്ന് ട്രംപ്

ഗാസ മുനമ്പിലെ ഭരണാധികാരം ഒഴിഞ്ഞുനൽകാമെന്നും ഹമാസ്

​ഗാസയിലെ ബോംബാക്രമണം ഇസ്രയേൽ ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ​ഗാസ സമാധാന പദ്ധതി ഭാ​ഗികമായി അം​ഗീകരിച്ച ഹമാസിന്റെ നടപടിയിൽ പ്രതികരിക്കവെയാണ് ട്രംപ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഹമാസ് സമാധാനത്തിന് തയ്യാറാണെന്ന് താൻ വിശ്വസിക്കുന്നതായും ട്രംപ് പറഞ്ഞു.

ട്രംപിന്റെ പദ്ധതി പ്രകാരം ഇസ്രായേൽ ജയിലുകളിൽ തടവിലുള്ള പലസ്തീൻ തടവുകാർക്ക് പകരമായി എല്ലാ ബന്ദികളെയും മോചിപ്പിക്കാമെന്നും, അതോടൊപ്പം ഗാസ മുനമ്പിലെ ഭരണാധികാരം ഒഴിഞ്ഞുനൽകാമെന്നും ഹമാസ് ഉറപ്പ് നൽകി. ടെലിഗ്രാമിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഹമാസ് ഇക്കാര്യം അറിയിച്ചത്. ട്രംപ് മുന്നോട്ടുവെച്ച സമാധാന ഉടമ്പടി ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് അംഗീകരിച്ചില്ലെങ്കിൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പിനു പിന്നാലെയാണ് ഹമാസിന്റെ ഈ നീക്കം. അതെസമയം ട്രംപിന്റെ ഇരുപതിന പരിപാടിയിലെ എല്ലാ നിർദ്ദേശങ്ങളും അംഗീകരിക്കാൻ ഹമാസ് തയ്യാറല്ല. ഈ വിഷയങ്ങളിൽ കൂടുതൽ ചർച്ച ആവശ്യമാണെന്ന് ഹമാസ് വ്യക്തമാക്കി. കാര്യങ്ങൾ അന്തിമമാക്കുന്നതിനായി മധ്യസ്ഥ ചർച്ചകൾക്ക് തയ്യാറാണെന്നും ഹമാസ് അറിയിച്ചു.

‘ഹമാസ് ഇപ്പോൾ ഇറക്കിയ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ, അവർ ശാശ്വത സമാധാനത്തിന് തയ്യാറാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഗാസയിൽ ബോംബാക്രമണം നടത്തുന്നത് ഇസ്രയേൽ ഉടൻ അവസാനിപ്പിക്കണം. എന്നാലേ ബന്ദികളെ പെട്ടെന്നും സുരക്ഷിതമായും തിരികെ ലഭിക്കൂ. ഇപ്പോഴത്തെ സാഹചര്യത്തിൽ അത് ചെയ്യുക അസാധ്യമാണ്. ഇത് ഗാസയെക്കുറിച്ച് മാത്രമല്ല, മധ്യപൂർവദേശത്തിന്റെ ആകെ സമാധാനത്തിനു വേണ്ടിയുള്ളതാണ്’–ട്രംപ് പറഞ്ഞു.

ഗാസയിൽ നിന്ന് ഹമാസ് വിട്ടുപോകണമെന്നും, ഗാസ ഭരണത്തിൽ ഹമാസിന് പങ്കുണ്ടാകില്ലെന്നതുമടക്കം നിരവധി നിർദ്ദേശങ്ങൾ ട്രംപും നെതന്യാഹുവും തയ്യാറാക്കിയ സമാധാന പദ്ധതിയിലുണ്ട്. സമാധാന ഉടമ്പടി അംഗീകരിക്കാൻ ഹമാസിന് അവസാന അവസരം നൽകുകയാണെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.

ഞായറാഴ്ച വൈകുന്നേരം ആറ് മണിക്ക് ഹമാസ് ഒരു തീരുമാനത്തിലെത്തണമെന്നും, എല്ലാ രാജ്യങ്ങളും തന്റെ ഉടമ്പടിയിൽ ഒപ്പുവെച്ചിട്ടുണ്ടെന്നും ട്രംപ് പ്രസ്താവിച്ചു. ഈ അവസാന അവസരത്തിലുള്ള കരാർ നടന്നില്ലെങ്കിൽ ആരും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള നരകം ഹമാസിനെതിരെ പൊട്ടിപ്പുറപ്പെടും. ഒന്നുകിൽ ഒരു വഴിക്ക് അല്ലെങ്കിൽ മറ്റൊരു വഴിക്ക് മിഡിൽ ഈസ്റ്റിൽ സമാധാനം ഉണ്ടാകുമെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റുഫോമിൽ എഴുതി. ഗാസ മേഖലയിൽ നിന്ന് എല്ലാ നിരപരാധികളായ പലസ്തീനികളും ഉടൻ തന്നെ സുരക്ഷിത ഭാഗങ്ങളിലേക്ക് മാറണമെന്ന് താൻ ആവശ്യപ്പെടുന്നതായി അദ്ദേഹം ട്രൂത്തിൽ കുറിച്ചു. ഗാസക്കാരെ സഹായിക്കാൻ കാത്തിരിക്കുന്നവർ എല്ലാവരെയും നന്നായി പരിപാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ബന്ദി മോചനവും ഭരണക്കൈമാറ്റവും ഒഴികെയുള്ള ഉപാധികളിൽ ചർച്ച വേണമെന്ന ആവശ്യത്തെക്കുറിച്ച് ട്രംപ് പരാമർശിച്ചിട്ടില്ല. ഹമാസിന്റെ നിർദേശങ്ങളിലുള്ള സമ്പൂർണ പ്രതികരണം ഉൾക്കൊള്ളിക്കുന്ന വിഡിയോ ട്രംപ് ഉടൻ പുറത്തുവിടുമെന്നാണ് കരുതുന്നത്. വൈറ്റ് ഹൗസിലെ ഓവൽ ഓഫിസിൽ ക്യാമറയ്ക്കു മുന്നിൽ ട്രംപ് സംസാരിക്കുന്ന ചിത്രം വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

content summary: Hamas expresses willingness for lasting peace, Trump urges immediate halt to Israeli airstrikes

Leave a Reply

Your email address will not be published. Required fields are marked *

×