പൊതു പ്രക്ഷേപണത്തിനുള്ള ഫെഡറൽ ധനസഹായം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർത്തലാക്കിയതോടെ യുഎസിലുടനീളം നൂറുകണക്കിന് ടെലിവിഷൻ, റേഡിയോ സ്റ്റേഷനുകൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നതായി റിപ്പോർട്ട്. പ്രത്യയശാസ്ത്രപരമായ വേർതിരിവുകൾ മാധ്യമങ്ങളിൽ പ്രകടമായി കാണുന്നുണ്ടെന്ന ട്രംപിന്റെ ആരോപണങ്ങളെ തുടർന്നാണ് ഈ വെട്ടിക്കുറവുകൾ. അടുത്ത രണ്ട് വർഷത്തേക്ക് നൽകാമെന്ന് അംഗീകരിച്ചിരുന്ന 1.1 ബില്യൺ ഡോളർ ധനസഹായം പിൻവലിക്കാൻ റിപ്പബ്ലിക്കൻ നിയമനിർമ്മാതാക്കൾ വോട്ട് ചെയ്തതായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
1967 ൽ പ്രസിഡന്റ് ലിൻഡൺ ജോൺസന്റെ കീഴിൽ വന്ന കോർപ്പറേഷൻ ഫോർ പബ്ലിക് ബ്രോഡ്കാസ്റ്റിംഗിന് (സിപിബി) വേണ്ടിയായിരുന്നു ഈ പണം. ഈസ്റ്റ് കോസ്റ്റ് മുതൽ അലാസ്ക വരെയുള്ള 1,500 ഓളം പ്രാദേശിക പൊതു റേഡിയോ, ടിവി സ്റ്റേഷനുകളെ ട്രംപിന്റെ ഈ നീക്കം സാരമായി ബാധിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇവയിൽ പലതും സിപിബിയെ ആശ്രയിച്ച് പ്രവർത്തിക്കുന്നവയാണ്.
ഫണ്ടിംഗ് വെട്ടിക്കുറയ്ക്കലിന്റെ അനന്തരഫലങ്ങളെക്കുറിച്ച് പൊതു പ്രക്ഷേപണ സ്റ്റേഷനുകൾ മുൻപും ആശങ്ക ഉന്നയിച്ചിട്ടുള്ളതാണ്. 60 വർഷമായി നോർത്ത് ഡക്കോട്ടയിൽ പ്രവർത്തിക്കുന്ന പ്രൈറി പബ്ലിക് ബ്രോഡ്കാസ്റ്റിംഗ്, ഫണ്ടിംങ് വെട്ടിക്കുറവുകൾ കാരണം ബജറ്റിന്റെ 26 ശതമാനം നഷ്ടമുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്.
തങ്ങൾ ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണെന്നും തങ്ങളുടെ പ്രേക്ഷകർ ഈ തീരുമാനത്തെ നല്ല രീതിയിലാവില്ല ഏറ്റെടുക്കുകയെന്നും വിവിധ ടെലിവിഷൻ, റേഡിയോ സ്റ്റേഷനുകൾ അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
ഈ വർഷം മെയ് മാസത്തിന്റെ തുടക്കത്തിൽ എൻപിആർ, പിബിഎസ് എന്നിവയ്ക്കുള്ള ഫെഡറൽ പിന്തുണ അവസാനിപ്പിക്കുന്നതിനുള്ള ഒരു എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു. പക്ഷാപാതപരമായ വാർത്തകൾ നൽകുന്നുവെന്ന് ആരോപിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ നീക്കം. ഇത്തരം മാധ്യമങ്ങൾക്കുള്ള ധനസഹായം നികുതിദായകരുടെ പണത്തിന് ഉപയോഗമില്ലാതാക്കുന്നവെന്നും ട്രംപ് വാദിച്ചിരുന്നു.
ടെലിവിഷൻ, റേഡിയോ സ്റ്റേഷനുകൾ അടച്ചുപൂട്ടുന്നത് ഗ്രാമപ്രദേശങ്ങളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നതെന്ന് നോർത്ത് ഈസ്റ്റേൺ യൂണിവേഴ്‌സിറ്റിയിലെ ജേണലിസം പ്രൊഫസറായ ഡാൻ കെന്നഡി പറഞ്ഞു. നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ മെഡിൽ സ്കൂളിന്റെ കണക്ക് പ്രകാരം 2005 മുതൽ അമേരിക്കൻ പത്രങ്ങളിൽ ഏകദേശം 3,300 അടച്ചുപൂട്ടിയിട്ടുണ്ട്.
Content Summary: Trump’s Budget Cuts Put Public Broadcasting at Risk