June 26, 2026 |
Share on

യുദ്ധം കടലില്‍ ആഘാതം ആകാശത്ത്; 20,000 സര്‍വീസുകള്‍ വെട്ടിക്കുറച്ച് ലുഫ്താന്‍സ വിമാനക്കമ്പനി

ഹോര്‍മുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നത് യൂറോപ്പിലെ വ്യോമയാന മേഖലയെ സാരമായി ബാധിക്കുന്നു

അമേരിക്കയും ഇസ്രയേലും പങ്കാളികളായി ഇറാനെതിരേ നടത്തുന്ന യുദ്ധം ലോകത്തെ എങ്ങനെയെല്ലാം ബാധിക്കുന്നുവെന്നതിന്റെ മറ്റൊരു തെളിവായിരിക്കുകയാണ് പ്രമുഖ ജര്‍മ്മന്‍ വിമാനക്കമ്പനിയായ ലുഫ്താന്‍സ ഗ്രൂപ്പ്. അടുത്ത ആറ് മാസത്തിനുള്ളില്‍ 20,000 സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാനാണ് അവര്‍ നിര്‍ബന്ധിതരായിരിക്കുന്നത്. ഇന്ധന ലഭ്യത കുറയുകയും വില കുതിച്ചുയരുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് വിമാന ഇന്ധനം ലാഭിക്കാനായി കമ്പനി ഈ കടുത്ത തീരുമാനമെടുത്തത്. മെയ് മാസം വരെയുള്ള റദ്ദാക്കിയ വിമാനങ്ങളുടെ പട്ടിക കമ്പനി ഇതിനോടകം പുറത്തുവിട്ടു. ഒക്ടോബര്‍ അവസാനത്തോടെ ഏകദേശം 40,000 മെട്രിക് ടണ്‍ ഇന്ധനം ലാഭിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വരും ആഴ്ചകളിലേക്കാവശ്യമായ ഇന്ധനം തങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ കമ്പനി വ്യക്തമാക്കി.

ഇറാന്‍ തീരത്തെ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നത് യൂറോപ്പിലെ വ്യോമയാന മേഖലയെ സാരമായി ബാധിക്കുമെന്ന് കമ്പനികള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ലോകത്തെ ഊര്‍ജ്ജ വിതരണത്തിന്റെ നിര്‍ണായക പാതയായ ഹോര്‍മുസ് വഴിയാണ് യൂറോപ്പിനാവശ്യമായ വിമാന ഇന്ധനത്തിന്റെ 41 ശതമാനവും എത്തുന്നത്. ഫെബ്രുവരി അവസാന വാരം യുദ്ധം ആരംഭിച്ചതു മുതല്‍ ആഗോള വിപണിയില്‍ വിമാന ഇന്ധന വിലയില്‍ 70 ശതമാനത്തിലധികം വര്‍ദ്ധനവാണുണ്ടായത്. യൂറോപ്പില്‍ ആറ് ആഴ്ചത്തേക്കാവശ്യമായ ഇന്ധന ശേഖരം മാത്രമേ അവശേഷിക്കുന്നുള്ളൂ എന്ന് അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സി മേധാവി ഫാത്തി ബിറോള്‍ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.

ഊര്‍ജ്ജ പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതിനായി യൂറോപ്യന്‍ ഗതാഗത മന്ത്രിമാര്‍ ചൊവ്വാഴ്ച യോഗം ചേര്‍ന്നു. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് പകരമായി ഇന്ധനം എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് യൂറോപ്യന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അപ്പോസ്തലോസ് സിസിക്കോസ്റ്റാസ് അറിയിച്ചു. ഇന്ധന വിതരണത്തില്‍ കടുത്ത പ്രതിസന്ധിയുണ്ടായാല്‍ അടിയന്തര ശേഖരം ഉപയോഗിക്കുമെന്നും ഇന്ധന വിതരണ ഏകോപനത്തില്‍ വിമാന ഇന്ധനത്തിന് മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലാഭകരമല്ലാത്ത ഹ്രസ്വദൂര സര്‍വീസുകളാണ് ലുഫ്താന്‍സ പ്രധാനമായും വെട്ടിക്കുറയ്ക്കുന്നത്. ഫ്രാങ്ക്ഫര്‍ട്ട്, മ്യൂണിക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍വീസുകളെയാണ് ഇത് ബാധിക്കുക. അതേസമയം സൂറിച്ച്, വിയന്ന, ബ്രസല്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കാനും കമ്പനി ആലോചിക്കുന്നുണ്ട്. ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായി ലുഫ്താന്‍സ സിറ്റിലൈനിന്റെ 27 പഴക്കമേറിയ വിമാനങ്ങള്‍ സ്ഥിരമായി നിലത്തിറക്കാനും തീരുമാനിച്ചിട്ടുണ്ട്.

ലുഫ്താന്‍സയ്ക്ക് പുറമെ മറ്റ് യൂറോപ്യന്‍ വിമാനക്കമ്പനികളും പ്രതിസന്ധിയിലാണ്. മെയ് മാസം വരെ മാത്രമേ ഇന്ധനം ഉറപ്പുനല്‍കാന്‍ സാധിക്കൂ എന്ന് റയാന്‍ എയര്‍ അറിയിച്ചു. ഇന്ധന ലാഭത്തിനായി ആംസ്റ്റര്‍ഡാമിലേക്കുള്ള 80 സര്‍വീസുകള്‍ കെഎല്‍എം റദ്ദാക്കി. ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ പോര്‍ച്ചുഗീസ് വിമാനക്കമ്പനിയായ ടാപ് തീരുമാനിച്ചപ്പോള്‍, നോര്‍സ് അറ്റ്‌ലാന്റിക് എയര്‍വേയ്സ് ലോസ് ഏഞ്ചല്‍സിലേക്കുള്ള വിമാനങ്ങള്‍ പൂര്‍ണ്ണമായും റദ്ദാക്കി. ഈസി ജെറ്റ് ഇന്ധനത്തിനായി കഴിഞ്ഞ മാസം മാത്രം 25 ദശലക്ഷം പൗണ്ട് അധികമായി ചെലവഴിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്ധന വിപണിയിലെ അനിശ്ചിതത്വം വരും മാസങ്ങളില്‍ വ്യോമയാന മേഖലയെ കൂടുതല്‍ തളര്‍ത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

Content Summary; Closed Strait of Hormuz remains a challenge Lufthansa Cuts 20,000 Flights to Save Fuel. Iran War

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×