June 26, 2026 |
Share on

നാവിറ്റെയര്‍ സാങ്കേതിക തകരാര്‍: ഇന്ത്യയുള്‍പ്പെടെ ആഗോളതലത്തില്‍ വിമാന സര്‍വീസുകള്‍ താറുമാറായി

പ്രധാനമായും ഏഷ്യാ പസഫിക്, യൂറോപ്പ് മേഖലകളിലെ വിമാനക്കമ്പനികളെയാണ് ബാധിച്ചിരിക്കുന്നത്

ആഗോള വിമാന സര്‍വീസുകളെ ഏകോപിപ്പിക്കുന്ന പാസഞ്ചര്‍ സര്‍വീസ് സിസ്റ്റമായ ‘നാവിറ്റെയറില്‍’ ഉണ്ടായ സാങ്കേതിക തടസ്സം മൂലം ഇന്ത്യയുള്‍പ്പെടെ ലോകമെമ്പാടുമുള്ള വിമാനത്താവളങ്ങളില്‍ പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്. ഇന്ത്യയിലെ പ്രധാന വിമാനത്താവളമായ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തെ ഇത് കാര്യമായി ബാധിച്ചു.

നാവിറ്റെയര്‍ സംവിധാനത്തിലുണ്ടായ ഇടക്കാല തടസ്സം മൂലം വിമാനത്താവളങ്ങളിലെ ചെക്ക്-ഇന്‍ നടപടികള്‍ മന്ദഗതിയിലായി. പ്രധാനമായും ഏഷ്യാ പസഫിക്, യൂറോപ്പ് മേഖലകളിലെ വിമാനക്കമ്പനികളെയാണ് ഇത് ബാധിച്ചിരിക്കുന്നത്. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട വിമാനങ്ങള്‍ വൈകുന്നതായി അധികൃതര്‍ അറിയിച്ചു. പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടയുടന്‍ എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ വിമാനക്കമ്പനികള്‍ യാത്രക്കാര്‍ക്കായി ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പ്രശ്‌നം പൂര്‍ണ്ണമായും പരിഹരിച്ചതായും വിമാനത്താവളങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലായതായും റിപ്പോര്‍ട്ടുകളുണ്ട്.

വിമാനത്താവളങ്ങളിലെ സാങ്കേതിക തടസ്സങ്ങള്‍ ഇതാദ്യമല്ല. 2025 നവംബറില്‍ ഓട്ടോമാറ്റിക് മെസേജ് സ്വിച്ചിംഗ് സിസ്റ്റത്തില്‍ ഉണ്ടായ തകരാര്‍ മൂലം ഡല്‍ഹിയില്‍ നാനൂറിലധികം വിമാനങ്ങള്‍ വൈകിയിരുന്നു. അന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ക്ക് ഡാറ്റാ പ്ലാനുകള്‍ മാനുവലായി തയ്യാറാക്കേണ്ടി വന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. കഴിഞ്ഞ ഡിസംബറില്‍ മൂന്നാം കക്ഷി സംവിധാനത്തിലുണ്ടായ തകരാര്‍ മൂലവും വിമാനങ്ങള്‍ വൈകുകയും ചെക്ക്-ഇന്‍ തടസ്സപ്പെടുകയും ചെയ്തിരുന്നു.

എന്താണ് നാവിറ്റെയര്‍?

പ്രമുഖ ട്രാവല്‍ ടെക്‌നോളജി കമ്പനിയായ ‘അമേഡിയസിന്റെ’ കീഴിലുള്ള സ്ഥാപനമാണ് നാവിറ്റെയര്‍. കുറഞ്ഞ ചിലവില്‍ സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികള്‍ക്കും ഹൈബ്രിഡ് എയര്‍ലൈനുകള്‍ക്കും ഡിജിറ്റല്‍ പാസഞ്ചര്‍ സേവനങ്ങള്‍ നല്‍കുന്ന ‘ന്യൂ സ്‌കൈസ്’ എന്ന സിസ്റ്റമാണ് ഇവര്‍ കൈകാര്യം ചെയ്യുന്നത്. വിമാന ടിക്കറ്റ് റിസര്‍വേഷന്‍, ടിക്കറ്റിംഗ്, ചെക്ക്-ഇന്‍, ബോര്‍ഡിംഗ്, ബാഗേജ് ട്രാക്കിംഗ് തുടങ്ങിയ പ്രവര്‍ത്തനങ്ങളെല്ലാം ഈ ക്ലൗഡ് അധിഷ്ഠിത പ്ലാറ്റ്ഫോമിലൂടെയാണ് നടക്കുന്നത്. ഇതിലുണ്ടാകുന്ന ചെറിയ തകരാറുകള്‍ പോലും വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനത്തെ ആകെ ബാധിക്കാറുണ്ട്.

Content Summary: Navitaire technical glitch: flight services disrupted globally, including in India

Leave a Reply

Your email address will not be published. Required fields are marked *

×