June 25, 2026 |
Share on

കൊടും പട്ടിണി; ഗാസയിലെ ജനങ്ങൾ നടക്കുന്ന ശവങ്ങളാണെന്ന് യുഎൻ

സഹായപ്രവർത്തനം നടത്തുന്നവരക്കം പട്ടിണിയിൽ

ഗാസയിലെ ജനങ്ങൾ കൊടും പട്ടിണിയിലാണെന്നും മാനുഷിക വ്യവസ്ഥ തന്നെ ഇല്ലാതാകുമെന്നും മുന്നറിയിപ്പ് നൽകി യുഎൻആർഡബ്ല്യുഎ(പലസ്തീൻ അഭയാർത്ഥികൾക്കായുള്ള യുഎൻ ഏജൻസി) ചീഫ് ഫിലിപ്പ് ലസാരിനി. സഹായപ്രവർത്തനം നടത്തുന്നവരക്കം പട്ടിണിയിലാണ്. ഗാസയിലെ ജനങ്ങൾ മരിച്ചവരോ ജീവിച്ചിരിപ്പുള്ളവരോ അല്ല, അവർ നടക്കുന്ന ശവങ്ങളാണ്, ഫിലിപ്പ് ലസാരിനി പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. എക്സിലൂടെയാണ് യുഎൻആർഡബ്ല്യുഎ തലവൻ ആശങ്ക അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ മാത്രം കുറഞ്ഞത് 113 പേരാണ് പട്ടിണി മൂലം മരിച്ചത്. സഹായ പ്രവർത്തകർക്ക് പോലും ഭക്ഷണം കണ്ടെത്താൻ കഴിയാതെ വരുമ്പോൾ, മുഴുവൻ മാനുഷിക സംവിധാനവും തകരാൻ തുടങ്ങും, ഫിലിപ്പ് ലസാരിനി പറഞ്ഞു.

ഗാസയിലേക്ക് ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളുമെത്തിക്കാൻ മറ്റ് രാജ്യങ്ങൾ ശ്രമിക്കുന്നുണ്ട്. ജോർദാനിലും ഈജിപ്തിലും ഭക്ഷണവും മരുന്നും നിറച്ച ഏകദേശം 6,000 ട്രക്കുകളാണ് കാത്തിരിക്കുന്നതെന്ന് യുഎൻആർഡബ്ല്യുഎ അറിയിച്ചു. എന്നാൽ ഇസ്രയേൽ ഗാസയിലേക്ക് സഹായങ്ങൾ എത്തുന്നത് തടയുകയാണ്. ​ഗാസയിലെ ജനങ്ങൾക്ക് മാനുഷിക സഹായങ്ങൾ പൂർണ്ണമായും സ്ഥിരമായും ലഭ്യമാകാൻ ഇസ്രയേൽ സഹകരിക്കണമെന്നും ഫിലിപ്പ് ലസാരിനി അഭ്യർത്ഥിച്ചു.

ഇസ്രയേല്‍ യുദ്ധം ആരംഭിച്ചതുമുതല്‍ തന്നെ ഗാസയില്‍ ഭക്ഷണ ലഭ്യതയ്ക്ക് കുറവുണ്ട്. 2023 ഒക്ടോബര്‍ മുതല്‍ അതിര്‍ത്തികടന്ന് സഹായം എത്തിക്കുന്നത് ഇസ്രയേല്‍ തടഞ്ഞിരുന്നു. എന്നാല്‍ ഭക്ഷണമെത്തിക്കുന്നത് മാര്‍ച്ചില്‍ പൂര്‍ണമായും തടഞ്ഞ ഇസ്രയേല്‍ മെയ് മാസത്തില്‍ ഭാഗികമായി ഉപരോധം എടുത്തുമാറ്റിയിരുന്നു. മിലിറ്റന്റ് ഗ്രൂപ്പുകളിലേക്ക് സഹായം എത്തുന്നത് തടയാനാണ് ഉപരോധം എടുത്തുമാറ്റിയെങ്കിലും നിയന്ത്രണങ്ങള്‍ തുടരുന്നതെന്നാണ് ഇസ്രയേല്‍ വാദം.

അതേസമയം, ആഗോള സമ്മർദ്ദം വർദ്ധിക്കുന്നതിനാൽ ഹമാസ് പുതുക്കിയ വെടിനിർത്തൽ നിർദ്ദേശം സമർപ്പിച്ചിട്ടുണ്ട്. 60 ദിവസത്തെ വെടിനിർത്തൽ, ഹമാസ് 10 ബന്ദികളെ മോചിപ്പിക്കുകയും 18 പേരുടെ ഭൗതികാവശിഷ്ടങ്ങൾ തിരികെ നൽകുകയും ചെയ്യുക, പലസ്തീൻ തടവുകാരുടെ മോചനം, സഹായ വിതരണത്തിൽ ഐക്യരാഷ്ട്രസഭയുടെ പങ്ക് പുനഃസ്ഥാപിക്കൽ, യുദ്ധം ശാശ്വതമായി അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ, കൂടുതൽ സഹായം എന്നിവയാണ് നിർദ്ദിഷ്ട കരാറിൽ ഉൾപ്പെടുന്നത്.

മധ്യ ഗാസയിൽ ഇസ്രയേൽ കനത്ത വ്യോമാക്രമണം തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കുറഞ്ഞത് 89 പേർ കൊല്ലപ്പെട്ടു എന്ന് ഗാസ ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

ഗാസയില്‍ പട്ടിണി മരണങ്ങള്‍ ക്രമാതീതമായി വര്‍ധിക്കുകയാണ്. ഓരോ 24 മണിക്കൂറിലും പത്തിലധികം ആളുകള്‍ ഭക്ഷണവും വെള്ളവും കിട്ടാതെ മരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഗാസയിലെ പട്ടിണിയെ ലോകാരോഗ്യ സംഘടന “മനുഷ്യനിർമിതം” എന്നാണ് വിശേഷിപ്പിച്ചത്. ഗാസയിലേക്കുള്ള സഹായങ്ങള്‍ തടയുന്നത് വഴി ജനങ്ങള്‍ മനുഷ്യനിര്‍മിത പട്ടിണിയില്‍ വലയുകയാണെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെട്രോസ് അദാനോം ഗബ്രിയേസസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Content Summary: Severe hunger; UN says people in Gaza are walking corpses

Leave a Reply

Your email address will not be published. Required fields are marked *

×