അങ്കമാലിയിൽ പെൺകുഞ്ഞിനെ പ്രസവിച്ചതിൻ്റെ പേരിൽ ഭർത്താവ് ഭാര്യയെ മർദിച്ച സംഭവം സാക്ഷരകേരളത്തിന് അപമാനകരം തന്നെയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന, ശാസ്ത്രീയ അടിത്തറയില്ലാത്ത ഒരു വലിയ തെറ്റിദ്ധാരണയിലേക്കാണ് വിഷയം വിരൽചൂണ്ടുന്നത്. കുഞ്ഞിന്റെ ലിംഗനിർണയം പുരുഷൻ്റെ ക്രോമസോമുകൾ തീരുമാനിക്കുന്ന, പൂർണ്ണമായും ജൈവശാസ്ത്രപരമായ പ്രക്രിയയാണെന്ന് മനസിലാക്കാതെ സ്ത്രീയുടെ കുറ്റമാണെന്ന് വിശ്വസിക്കുന്നവർ ഇപ്പോഴും നമ്മുടെ സമൂഹത്തിലുണ്ട്.
ശാസ്ത്രീയപരമായ മനസിലാക്കലുകൾ ജീവിതത്തിൽ പ്രാവർത്തിമാക്കാത്തതാണ് ഇത്തരം സംഭവങ്ങളുടെ മൂല കാരണമെന്നും സമൂഹത്തിൽ നിലനിൽക്കുന്ന പുരുഷാധിപത്യത്തെയുമാണ് ഇത് ചൂണ്ടിക്കാണിക്കുന്നതെന്നും സാമൂഹ്യപ്രവർത്തകയും ഡോക്ടറുമായ എ കെ ജയശ്രീ അഴിമുഖത്തോട് പറഞ്ഞു.
‘കേരളം സാക്ഷരസമൂഹമാണെന്ന് പറയുമ്പോഴും പാഠപുസ്തകങ്ങളിലും മറ്റും പഠിച്ച കാര്യങ്ങൾ പലപ്പോഴും ജീവിതത്തിൽ പ്രാവർത്തികമാക്കുന്നില്ല. നമുക്കുണ്ടെന്ന് അവകാശപ്പെടുന്ന അറിവുകൾ ഒരിക്കലും ജീവിതത്തോട് ചേർത്ത് വെക്കാൻ ശ്രമിക്കുന്നില്ല എന്നതാണ് ഇത്തരം സംഭവങ്ങളിൽ നിന്നെല്ലാം വ്യക്തമാകുന്നത്. നമ്മുടെ വിദ്യാഭ്യാസരംഗത്തെ ഒരു വീഴ്ച കൂടിയാണ് ഇവിടെ ചൂണ്ടിക്കാണിക്കുന്നത്. പരീക്ഷ പേപ്പറിൽ പകർത്താൻ മാത്രമാണ് പല അറിവുകളും ഉപയോഗിക്കുന്നത്.
എങ്ങനെയാണ് ഒരു കുട്ടിയുടെ ലിംഗം നിർണയിക്കപ്പെടുന്നതെന്ന് നമ്മൾ തീർച്ചയായും മനസിലാക്കിയിട്ടുള്ളതാണ്. അതിനുള്ള വിദ്യാഭ്യാസം കേരളത്തിലുള്ള ഭൂരിഭാഗം പേർക്കും ലഭിച്ചിട്ടുണ്ടെന്നാണ് ഞാൻ കരുതുന്നത്. എന്നാൽ തങ്ങളുടെ ജീവിതത്തിലേക്ക് വരുമ്പോൾ അറിവുകൾക്ക് മേൽ വിശ്വാസങ്ങൾക്കും സാമൂഹിക മാനദണ്ഡങ്ങൾക്കും പ്രാധാന്യം നൽകുകയാണ്.
വിവാഹത്തിന് മുൻപ് ചില സമുദായങ്ങളിൽ പ്രീമാരിറ്റൽ കൗൺസിലിംങ് നടത്താറുണ്ട്. സർക്കാർ സംവിധാനങ്ങൾ വഴിയും പ്രീമാരിറ്റൽ കൗൺസിലിംങ് ചെയ്യാറുണ്ട്. എന്നാൽ, ഇത്തരം ക്ലാസുകളിൽ എല്ലാ തരത്തിലുള്ള അറിവുകളും പകർന്ന് നൽകാറുണ്ടോ എന്ന് കൂടി പരിശോധിക്കേണ്ടതാണ്. ഒരു കുഞ്ഞിൻ്റെ ലിംഗനിർണയം എങ്ങനെയാണ് നടക്കുന്നത്. അതിൽ മാതാപിതാക്കൾക്കുള്ള പങ്ക് ഇവയെക്കുറിച്ചെല്ലാം എല്ലാവരും അറിഞ്ഞിരിക്കണം. വിദ്യാഭ്യാസത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രീമാരിറ്റൽ കൗൺസിലിംങ് പരിപാടികളിൽ അത് കൊണ്ടുവരണം.
അതോടൊപ്പം തന്നെ ഗാർഹിക പീഢനത്തെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങൾ ഊർജിതമായി തന്നെ നടത്തേണ്ടതാണ്. അത് ഒരിക്കലും മാറ്റി നിർത്താൻ കഴിയില്ല. ഇതിൻ്റെ ഒരു സാമൂഹികവശമെന്ന് പറഞ്ഞാൽ നമ്മൾ എത്ര തന്നെ ജീവശാസ്ത്രം പഠിച്ചാലും സാമൂഹ്യപരമായി പുരുഷന്മാർക്ക് നൽകുന്ന ഒരു പവർ ഉണ്ടല്ലോ, അത് മാറാതെ ഇവിടെ ഒന്നിനും മാറ്റം വരില്ല. സ്ത്രീധനത്തെ ചൊല്ലിയുള്ള കൊലപാതകങ്ങളും മർദനങ്ങളുമെല്ലാം സൂചിപ്പിക്കുന്നത് ഇപ്പോഴും നമ്മുടേത് ഒരു പുരുഷാധിപത്യം നിലനിൽക്കുന്ന സമൂഹമാണ് എന്നത് തന്നെയാണ്. പവർ സ്ട്രക്ചർ ഉള്ളത് കൊണ്ട് തന്നെ സ്ത്രീയുടെ മേൽ കുറ്റം ചാർത്തിക്കൊണ്ടിരിക്കും. ശാസ്ത്രീയപരമായ മനസിലാക്കലുകളേക്കാൾ ശക്തിയായിട്ടാണ് സമൂഹത്തിൽ പുരുഷാധിപത്യമുള്ളത്. അതുകൊണ്ട് തന്നെ ഒരാൾ വെച്ച് പുലർത്തുന്ന ആശയങ്ങൾക്കും കാഴ്ചപ്പാടുകൾക്കുമാണ് അവർ ജീവിതത്തിൽ പ്രാധാന്യം നൽകുന്നത്. ശാസ്ത്രീയ വശങ്ങൾ അറിഞ്ഞിട്ടും പലരും അതിന് വിപരീതമായി സംസാരിക്കുന്നതും പ്രവർത്തിക്കുന്നതും അവരുടെ ആശയങ്ങളുടെ പ്രശ്നമാണ്.
നല്ല വിദ്യാഭ്യാസമുണ്ടായിട്ടും ഇപ്പോഴും ജാതകം നോക്കി വിവാഹം കഴിക്കുന്നവരും അസുഖം വന്നാൽ ചരട് ജപിച്ച് കെട്ടുന്നവരുമാണ് നമ്മുടെ സമൂഹത്തിലുള്ളത്. അന്തവിശ്വാസങ്ങളെ പൂർണമായും ഇല്ലായ്മ ചെയ്യാൻ നമുക്ക് കഴിയില്ലെങ്കിലും മനുഷ്യത്വവിരുദ്ധമായ കാര്യങ്ങൾ മാറ്റുക തന്നെ വേണം.
വികേന്ദ്രീകൃത ആസൂത്രണവും പഞ്ചായത്ത് ഭരണവുമൊക്കെയുള്ള ഒരിടത്ത് കുട്ടികളുടെ ലിംഗ നിർണയത്തെക്കുറിച്ചുള്ള ബോധവത്കരണം വളരെ എളുപ്പത്തിൽ കൊടുക്കാൻ കഴിയാവുന്നതാണ്. പഞ്ചായത്തുകളിൽ ജാഗ്രതാ സമിതികളുണ്ട്. പുതുതായി വിവാഹം കഴിച്ചെത്തിയവരുടെ വിവരങ്ങൾ ജാഗ്രതാ സമിതികൾക്ക് അന്വേഷിക്കാവുന്നതാണ്.
നിയമസംവിധാനങ്ങളിൽ എനിക്ക് തോന്നിയിട്ടുള്ള ഒരു പിഴവ് എന്തെന്നാൽ ബോധവത്കരണ ക്ലാസുകളിൽ പെൺകുട്ടികൾക്കൊപ്പം
കൗമാരപ്രായക്കാരായ ആൺകുട്ടികളെ കൂടി ഉൾപ്പെടുത്തുന്നില്ലായെന്നതാണ്. പുരുഷന്മാർക്ക് ഇത്തരം ക്ലാസുകളിൽ പങ്കെടുക്കാൻ താൽപര്യമില്ലായെന്നുള്ളത് ഒരു പ്രശ്നമാണ്. എന്നാൽ കൂടി അവരിലേക്ക് വിവരങ്ങൾ എത്തിക്കാനുള്ള മാർഗങ്ങൾ കണ്ടെത്തി നടപ്പാക്കണം, ഡോ. എ. കെ ജയശ്രീ അഴിമുഖത്തോട് പ്രതികരിച്ചു.
സംഭവത്തിൽ മർദനത്തിനിരയായ അങ്കമാലി, ഞാലൂക്കര സ്വദേശിയായ യുവതിയെ ബന്ധപ്പെടാൻ അഴിമുഖം ശ്രമിച്ചിരുന്നു. എന്നാൽ മാധ്യമങ്ങളോട് ഇപ്പോൾ പ്രതികരിക്കാൻ താൽപര്യമില്ലെന്നും കേസുമായി മുന്നോട്ട് പോകുമെന്നുമാണ് യുവതിയുടെ പിതാവ് മറുപടി നൽകിയത്. യുവതി അടുത്ത ദിവസം പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകുമെന്നും പിതാവ് പറഞ്ഞു.
പെൺകുഞ്ഞിനെ പ്രസവിക്കുന്നതിൻ്റെ പേരിൽ ഒരു സ്ത്രീയെ പീഡിപ്പിക്കുന്നത് വ്യക്തിപരമായ കുറ്റകൃത്യത്തിനപ്പുറം ഒരു സാമൂഹിക തിന്മയാണ്. ശാസ്ത്രത്തെയും നിയമത്തെയും വിദ്യാഭ്യാസത്തെയും ഉപയോഗപ്പെടുത്തി ഈ തെറ്റിദ്ധാരണകളെ തുടച്ചുനീക്കിയാൽ മാത്രമേ സ്ത്രീകൾക്ക് സുരക്ഷിതമായി ജീവിക്കാൻ കഴിയുന്ന ഒരു സമൂഹം കെട്ടിപ്പടുക്കാൻ സാധിക്കുകയുള്ളൂ. ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ അധികാരികളുടെ ഭാഗത്തുനിന്ന് ശക്തമായ നടപടി ഉണ്ടാകേണ്ടതും അത്യാവശ്യമാണ്.
Content Summary: ‘society that doesn’t know that gender determination is controlled by the male chromosome’, dr. A.K Jayasree response