1999 ലാണ് പൊതുസ്ഥലങ്ങളിലും പൊതുഗതാഗതങ്ങളിലും പുകവലി നിരോധിച്ചുകൊണ്ടുള്ള ഒരു വിധി കേരള ഹൈക്കോടതി പുറപ്പെടുവിച്ചത്. പൊതുസ്ഥലങ്ങളിലെ പുകവലി നിരോധിച്ചുകൊണ്ടുള്ള ഒരു സുപ്രധാന വിധിയായിരുന്നു അത്.
കേരള ഹൈക്കോടതിയില്‍ ഇപ്പോള്‍ തീയും പുകയും ഉയരുന്നു. തീ പിടുത്തമല്ല. പുകവലിയാണ് പ്രതി. ഇപ്പോള്‍ ഹൈക്കോടതിക്ക് മുന്നിലെത്തിയ കേസിനാസ്പദം പുകവലി തന്നെ. പ്രധാന പ്രതിയാകട്ടെ, പുക വലിച്ച ഒരു പുസ്തകത്തിന്റെ കവര്‍ ചിത്രവും. കേരള ഹൈക്കോടതിയില്‍ പുകവലി ഉയര്‍ത്തിയ, പുലിവാല് പിടിച്ച കേസുകള്‍ ഇനിയും അവസാനിക്കുന്നില്ല.
സംഭവം ഇങ്ങനെ: ബുക്കര്‍ സമ്മാന ജേതാവായ അരുന്ധതി റോയിയുടെ അടുത്തിടെ പുറത്തിറങ്ങിയ Mother Mary Comes to Me’ എന്ന പുസ്തകത്തിന്റെ കവര്‍ പടത്തില്‍ അരുന്ധതി റോയി പുക വലിക്കുന്നത് കാണാം. പുസ്തകത്തിന്റെ കവര്‍ ചിത്രത്തില്‍ ‘പുക’ വലിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നതിനാല്‍ പുസ്തകത്തിന്റെ വില്‍പ്പന തടയണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിക്കാരനായ അഭിഭാഷകന്‍ രാജസിംഹന്‍ സെപ്റ്റംബര്‍ 18 ന് കോടതിയില്‍ ഒരു പൊതുതാല്‍പ്പര്യ ഹര്‍ജി (പി.ഐ.എല്‍) ഫയല്‍ ചെയ്തിരുന്നു.

ഈ പുസ്തകത്തില്‍ നിയമപരമായ ആരോഗ്യ-അപകട മുന്നറിയിപ്പ് ലേബല്‍ ഇല്ലെന്നും ഇത് 2013 ലെ സിഗരറ്റുകളുടെയും മറ്റ് പുകയില ഉല്‍പ്പന്നങ്ങളുടെയും (പരസ്യ നിരോധനവും വ്യാപാര, വാണിജ്യ നിയന്ത്രണവും, ഉത്പാദനം, വിതരണം) നിയമത്തിലെ സെക്ഷന്‍ 5 ന്റെ ലംഘനമാണെന്നും അദ്ദേഹം ആരോപിക്കുന്നു.
1999 ലാണ് പൊതുസ്ഥലങ്ങളിലും പൊതുഗതാഗതങ്ങളിലും പുകവലി നിരോധിച്ചുകൊണ്ടുള്ള ഒരു സുപ്രധാന വിധി കേരള ഹൈക്കോടതി പുറപ്പെടുവിച്ചത്. പൊതുസ്ഥലങ്ങളിലെ പുകവലി നിരോധിച്ചുകൊണ്ടുള്ള ഒരു സുപ്രധാന വിധിയായിരുന്നു അത്.
ഈ പ്രസ്തുത പുസ്തകത്തിന്റെ പിന്‍കവറില്‍ പരാമര്‍ശിച്ചിരിക്കുന്ന പുകവലിയുടെ ദോഷഫലങ്ങളെക്കുറിച്ച് രേഖാമൂലമുള്ള നിരാകരണം ശ്രദ്ധിക്കാത്തത് എന്തുകൊണ്ടാണെന്ന് കേരള ഹൈക്കോടതി ഹര്‍ജിക്കാരനായ അഭിഭാഷകനോട് നേരിട്ട് ചോദിച്ചു. ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹര്‍ജിക്കാരന്‍ എന്തുകൊണ്ടാണു സ്റ്റീയറിങ് കമ്മിറ്റിയെ സമീപിക്കാത്തത് ? കോടതി ആരാഞ്ഞു.
‘അതോറിറ്റിയുടെ അധികാരപരിധിക്ക് പുറത്തുള്ള വിഷയങ്ങളും ഇതില്‍ ഉണ്ടെന്നാണ് ഹര്‍ജിക്കാരന്റെ മറുപടി’
പുകവലി നിയന്ത്രണത്തിനുള്ള ‘കോട്പ’ നിയമ പ്രകാരം പരാതികള്‍ പരിഗണിക്കാന്‍ സ്റ്റീയറിങ് കമ്മിറ്റിയുണ്ടെന്നും ഓണ്‍ലൈനില്‍ പരാതി നല്‍കാനുള്ള സംവിധാനമുണ്ടന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. (Cigarettes and Other Tobacco Products Act 2003) പുകയില ഉല്‍പ്പന്നങ്ങളുടെ പരസ്യം, പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വില്‍ക്കല്‍, പൊതുസ്ഥലങ്ങളില്‍ പുകവലി എന്നിവ നിരോധിക്കുന്നതിലൂടെ പുകയില ഉപഭോഗം കുറയ്ക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത നിയമാണ് COTPA.
പുകവലി നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ പുസ്തകങ്ങള്‍ക്ക് ബാധകമല്ലെന്നാണ് പ്രസാധകരുടെ വാദം. പുറംചട്ടയുടെ പിന്‍ഭാഗത്ത് മൂന്നറിയിപ്പ്: നല്‍കിയിട്ടുണ്ടെന്നും പ്രസാധകരായ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് സത്യവാങ്മൂലത്തില്‍ കോടതിയില്‍ അറിയിച്ചിരുന്നു. ഏതായാലും അടുത്ത തിങ്കളാഴ്ച ഹൈക്കോടതി ഈ കേസില്‍ വിധി പറയും.
കേരളത്തിലെ കോടതിക്ക് പുകവലി കേസ് പുത്തരിയല്ല. കടുവയെ കിടുവ പിടിച്ച മാതിരി 41 വര്‍ഷം മുന്‍പ് ഒരു പുകവലി കേസ് കോടതി കേറി കേരളം മുഴുവന്‍ ശ്രദ്ധയാകര്‍ഷിച്ചു. ശരിക്ക് പറഞ്ഞാല്‍ പുകവലിച്ചതല്ല കേസ്. പകരം പുകവലിക്കുന്ന സിഗരറ്റിന്റെ പരസ്യത്തില്‍ അഭിനയിച്ചതാണ് കേസ്.
ഈ സിഗരറ്റ് പരസ്യത്തിന്റെ മോഡല്‍ വ്യത്യസ്തനും ഒരു അപ്രശസ്തനുമായിരുന്നു. അന്നത്തെ ബോളിവുഡ് സൂപ്പര്‍ താരങ്ങളായ അമിതാഭ് ബച്ചനോ ശത്രുഘ്‌നന്‍ സിന്‍ഹയോ. സിഗരറ്റ് മുകളിലെറിഞ്ഞ് ചുണ്ടുകൊണ്ട് പിടിക്കുന്ന സ്‌റ്റൈല്‍ മന്നന്‍ രജനി കാന്തോ ആയിരുന്നില്ല. ഈ സിഗരറ്റ് പരസ്യ മോഡല്‍ അതായിരുന്നു കേസിന്റെ പ്രത്യേകതയും.
1984 ഫെബ്രുവരിയില്‍ ഇന്ത്യന്‍ ടുബാക്കോ കമ്പനി (ITC) അവരുടെ പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ വന്‍ രീതിയില്‍ കേരളത്തില്‍ പരസ്യം ചെയ്തു. കേരളമെങ്ങും പരസ്യബോര്‍ഡുകള്‍ ഉയര്‍ന്നു. വില്‍സ്, ഗോള്‍ഡ് ഫ്‌ലേയ്ക്ക്, ചാംസ് തുടങ്ങിയ സിഗരറ്റുകളുടെ ഒരു ഹൈ-പ്രൊഫൈല്‍ പരസ്യങ്ങള്‍ കേരളത്തിലെ പത്രങ്ങളില്‍ നിറഞ്ഞു നിന്നു.
അക്കൂട്ടത്തില്‍ ഒരു സാധാരണ പരസ്യമുണ്ടായിരുന്നു. അഭിഭാഷകന്റെ കറുത്ത കോട്ടും വെളുത്ത കോളറും ധരിച്ച ഒരാള്‍ പുകയുന്ന സിഗരറ്റ് വിരലുകള്‍ക്കിടയില്‍ പിടിച്ചു ഒരു സീറ്റില്‍ ഇരിക്കുന്നു. പശ്ചാത്തലത്തില്‍ നിയമ പുസ്തകങ്ങള്‍ അടുക്കി വച്ചിരിക്കുന്നതിനാല്‍ ഒറ്റ നോട്ടത്തില്‍ അത് ഒരു അഭിഭാഷകന്റെ ഓഫീസാണെന്ന് ആര്‍ക്കും മനസിലാവും. ആ പരസ്യത്തില്‍ ഒരു വശത്ത് ഗോള്‍ഡ് ഫ്‌ലേക്കിന്റെ ഒരു പാക്കറ്റ് കാണിച്ച്: ‘എനിക്ക് എപ്പോഴും പ്ലെയിന്‍ സിഗരറ്റുകള്‍ ഇഷ്ടമാണ്. ഞാന്‍ വില്‍സ് ഗോള്‍ഡ് ഫ്‌ലേക്ക് മാത്രമേ വലിക്കൂ. ലഭ്യമായതില്‍ വച്ച് ഏറ്റവും മികച്ച പ്ലെയിന്‍ സിഗരറ്റാണിത്.’ എന്ന ആ പുകവലിക്കാരന്റെ വചനവും പരസ്യ വാചകമായി ഉണ്ടായിരുന്നു.
ആധികാരികതയുടെ ഒരു സ്പര്‍ശം നല്‍കുന്നതിനായി വക്കീല്‍ ഓഫീസില്‍ ചിത്രീകരിച്ച ഈ പരസ്യത്തിലെ മോഡല്‍ യാഥാര്‍ത്ഥത്തില്‍ ഒരു വക്കീലായിരുന്നു. കേരള ഹൈക്കോടതിയില്‍ പ്രാക്റ്റീസ് ചെയ്യുന്ന അഡ്വ. സി.കെ. കൃഷ്ണപിള്ളയായിരുന്നു സിഗരറ്റും കത്തിച്ച് വക്കീലാഫീസില്‍ ഇരിക്കുന്ന പരസ്യ മോഡല്‍. യാഥാര്‍ത്ഥ വക്കീല്‍ കയ്യില്‍ കത്തിച്ച ഡിഗരറ്റുമായി തന്റെ ഓഫീസിലിരിക്കുന്ന പരസ്യം കേരളമൊട്ടാകെ പത്രമാധ്യമങ്ങളില്‍ അച്ചടിച്ച് വരികയും ജനങ്ങളും പുകവലിക്കാരും കാണുകയും ചെയ്തു. പരസ്യത്തിലെ ആ പുകവലിക്കാരനെ അവരാരും മൈന്റ് ചെയ്തില്ല. അല്ലെങ്കിലും, പരസ്യം കണ്ടിട്ടാണോ വലിയവന്മാര്‍ സിഗരറ്റ് പുകയ്ക്കുന്നത് ? കിട്ടുന്നത് വാങ്ങുന്നുന്നു. ചുണ്ടില്‍ വെയ്ക്കുന്നു കത്തിക്കുന്നു. ഘോരഘോരം പുകയൂതി തള്ളുന്നു.

എന്നാല്‍ അഭിഭാഷകന്മാരുടെ സംഘടനയായ ബാര്‍ കൗണ്‍സിലിന് ഈ പുകവലി ഒട്ടും രസിച്ചില്ല. പുകവലി ആരോഗ്യത്തിന് മാത്രമല്ല സംഘടനക്കും ഹാനികരം! ഉടനെ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിയമങ്ങള്‍ ലംഘിച്ചതിന് കഴിഞ്ഞ രണ്ടാഴ്ച മുമ്പ് പിള്ളയെ സസ്‌പെന്‍ഡ് ചെയ്തു. ചട്ടം (നമ്പര്‍ 36) പ്രകാരം, ഒരു അഭിഭാഷകന്‍ പരോക്ഷമായോ നേരിട്ടോ പരസ്യത്തില്‍ പ്രതൃക്ഷപ്പെടാന്‍ പാടില്ല.
ചരിത്രപരമായ ഈ നടപടി സിഗരറ്റ് പരസ്യത്തെക്കാള്‍ ശ്രദ്ധയാകര്‍ഷിച്ചു. സോഷ്യല്‍ മീഡിയയോ സ്വകാര്യ ചാനലുകളോ ഇല്ലാത്ത ശിലായുഗമായതിനാല്‍ വക്കീലിന്റെ പുകവലിയെ അനുകുലിച്ചോ പ്രതികൂലിച്ചോ ചര്‍ച്ച നടന്നില്ല. ബാര്‍ കൗണ്‍സിലിന്റെ ഭാഗത്തുനിന്നുള്ള ഈ ഉമ്മാക്കി നടപടിക്കെതിരെ സിഗരറ്റ് തല്‍കാലം കുത്തിക്കെടുത്തി വിവാദപുരുഷനായി മാറിയ അഡ്വ. സി.കെ. കൃഷ്ണപിള്ള രംഗത്ത് വന്നു. സിഗററ്റ് കമ്പനിക്കാര്‍ ഈ ഫോട്ടോയും അടിക്കുറിപ്പും തന്റെ സമ്മതമില്ലാതെയാണ് ഉപയോഗിച്ചതെന്ന് പിള്ള വാദമുയര്‍ത്തി. കൂടാതെ സിഗരറ്റ് നിര്‍മ്മാതാക്കളായ ഐടിസിക്കെതിരെ കോടതിയില്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസും കൊടുത്തു. കൃഷ്ണപിള്ള ഹൈക്കോടതിയില്‍ പ്രാക്റ്റീസ് ചെയ്യുന്ന ഒരു റിട്ടയര്‍ഡ് ജഡ്ജി കൂടിയായിരുന്നു.
ഇതിനിടയില്‍ ബാര്‍ കൗണ്‍സില്‍ പുകയുള്ളിടത്ത് തീ കാണുമെന്ന് മനസിലാക്കി സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുകയും, ഈ പരസ്യത്തില്‍ പിള്ള തന്റെ പേരും പ്രൊഫഷനും പ്രചാരണത്തിന് സ്വമേധയാ നല്‍കിയിരുന്നുവെന്ന് തെളിവ് സഹിതം കണ്ടെത്തി. ബാര്‍ കൗണ്‍സില്‍ കണ്ടെത്തുകയും ചെയ്തു. അതോടെ കൃഷ്ണപിള്ള വക്കീലിന്റെ വാദങ്ങള്‍ കട്ടപ്പുകയായി!
സിഗരറ്റിന്റെ പരസ്യം നിര്‍മ്മിച്ച പരസ്യ ഏജന്‍സിയായ ക്ലാരിയോണ്‍ അഡ്വര്‍ടൈസിംഗ് കമ്പനി, അവരുടെ ഫോട്ടോഗ്രാഫറെ കോടതിയില്‍ ഹാജരാക്കി, കൂടാതെ അവര്‍ പരസ്യത്തിന് വേണ്ടിയെടുത്ത പിള്ളയുടെ വിവിധ തരത്തിലുള്ള 30-ഓളം ചിത്രങ്ങള്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ചു. ക്ലാരിയന്റെ പ്രാദേശിക പ്രതിനിധിയും അഡ്വ. സി.കെ. കൃഷ്ണപിള്ള തന്റെ പേരും ഫോട്ടോയും ഉപയോഗിക്കാന്‍ സമ്മതിച്ചിരുന്നുവെന്ന് കോടതിയില്‍ വാദിച്ചു.
പരസ്യമോഡല്‍ ഒരു വക്കീലല്ലെ, സിഗരറ്റ് ഹാനികരമാണെന്നത് പോലെ, പിന്നീട് തങ്ങള്‍ക്ക് ഹാനികരമായത് എന്തെങ്കിലും സംഭവിച്ചാലോ എന്ന് കരുതി ITC കമ്പനിക്കാര്‍ അഭിഭാഷക മോഡലിന്റെ കാര്യത്തില്‍ മുന്‍കരുതല്‍ എടുത്തിരിക്കണം.
ഇത്രയൊക്കെ സംഭവിച്ചിട്ടും അഡ്വ. സി.കെ. കൃഷ്ണപിള്ള തന്റെ നിലപാടുകളില്‍ ഉറച്ചുനിന്നു. സസ്‌പെന്‍ഡ് ചെയ്തതിന് രണ്ട് ദിവസത്തിന് ശേഷം, കൗണ്‍സിലിന്റെ അച്ചടക്ക സമിതിക്ക് മുമ്പാകെ അപ്പീല്‍ നല്‍കാന്‍ പിള്ളയ്ക്ക് അവസരം നല്‍കുന്നതിനായി ബാര്‍ കൗണ്‍സില്‍ തങ്ങളുടെ നടപടി തല്‍ക്കാലം മരവിപ്പിച്ചു. ഇതനുസരിച്ച് കേസ് തോറ്റാല്‍, അദ്ദേഹത്തിന് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാം. ‘നീതിക്കായി ഞാന്‍ സുപ്രീം കോടതി വരെ പോകും,’ അദ്ദേഹം കേസിന്റെ വിവാദപ്പുകച്ചുരുളുകള്‍ ഉയരുമ്പോഴും അഡ്വ. സി.കെ. കൃഷ്ണ പിള്ള തന്റെ നിലപാട് തറപ്പിച്ചു പറഞ്ഞു. അങ്ങനെ ധീരമായ നിലപാടു പ്രഖ്യാപിച്ചെങ്കിലും പുകവലിക്കുന്നത് ആരോഗ്യത്തിനും അതിന്റെ പരസ്യത്തില്‍ അഭിനയിക്കുന്നത് തന്റെ പ്രൊഫഷനും ഹാനികരമാണെന്ന് ഇതിനകം അഡ്വ. സി.കെ. കൃഷ്ണ പിള്ളയ്ക്ക് തിരിച്ചറിവുണ്ടായിക്കഴിഞ്ഞിരുന്നു. കാരണം കക്ഷികള്‍ കേസുമായി വരുന്നത് കുറഞ്ഞു.
തന്റെ പ്രാക്ടീസില്‍ ഇടിവുണ്ടായതായി അദ്ദേഹം പരാതിപ്പെട്ടു. ആ പരസ്യം വിപരീത ഫലമുണ്ടാക്കി.: ‘പരസ്യം വിവാദമായതോടെ എനിക്ക് കേസുകള്‍ ഗണ്യമായി കുറഞ്ഞു, ബാര്‍ കൗണ്‍സില്‍ എനിക്കെതിരെ നടപടിയെടുക്കുമെന്ന് ഭയന്ന് എന്റെ ചില കക്ഷികള്‍ അവരുടെ വക്കാലത്ത് എന്റെ ഓഫീസില്‍ നിന്ന് പിന്‍വലിച്ചു.’പിള്ള പറഞ്ഞു.
‘ITC കമ്പനിക്കാര്‍ക്ക് അഡ്വ. സി.കെ. കൃഷ്ണ പിള്ള അയച്ച നോട്ടീസിന്റെ കോപ്പി ബാര്‍ കൗണ്‍സിലിന് കിട്ടിയപ്പോള്‍ അവര്‍ പിന്നീട് നടപടിക്ക് മുതിര്‍ന്നില്ല. അതോടെ കേസ് അവസാനിച്ചു’ ഈ കേസ് നടന്ന കാലത്ത് കോടതിയില്‍ തന്റെ അഭിഭാഷക ജീവിതം ആരംഭിച്ച പ്രശസ്ത മാധ്യമ നിരീക്ഷകനായ അഡ്വക്കേറ്റ് ജയശങ്കര്‍ പറയുന്നു: ഇത് സംബന്ധിച്ച് ബാര്‍ കൗണ്‍സില്‍ നടപടികള്‍ ഒന്നും തന്നെ എടുത്തില്ല’ ഹൈക്കോടതി വൃത്തങ്ങളില്‍ പിന്നീട് ഇദ്ദേഹം അറിയപ്പെട്ടത് ‘ ‘ വില്‍സ് കൃഷ്ണപിള്ള’ എന്നാണ്. പരസ്യം ഗോള്‍ഡ് ഫ്‌ലേക്ക് സിഗററ്റിന്റെതാണെങ്കിലും പ്രസിദ്ധി നേടിയത് വില്‍സ് സിഗററ്റാണ്’.

ഇതേ സമയത്ത് തന്നെ’ ITC കമ്പനിക്കാര്‍ തങ്ങളുടെ പരസ്യ ക്യാബയിനില്‍ ഗോള്‍ഡ് ഫ്‌ലേയ്ക്ക് മറ്റൊരു മോഡലിനെ വെച്ച് ഒരു പരസ്യം ചെയ്തിരുന്നു. മലയാളത്തിലെ ഒരു പ്രശസ്ത സാഹിത്യകാരനായിരുന്നു ആ മോഡല്‍ന്ന ‘ സാഹിത്യ രചന നടത്തി കൈ കഴയ്ക്കുമ്പോള്‍ ഞാന്‍ വലിക്കുന്ന സിഗരറ്റ് ഗോള്‍ഡ് ഫ്‌ലേയ്ക്ക് ‘ എന്ന ഗംഭീര വാചകങ്ങളും അദ്ദേഹത്തിന്റെ പടത്തിനോടൊപ്പം കൊടുത്തിരുന്നു. ഭാഗ്യത്തിന് സാഹിത്യകാരന് ഇത്തരം വിലക്കുകളൊന്നും ബാധകമല്ല. അതിനാല്‍ തൃശൂരിലെ സാഹിത്യ അക്കാദമി നോട്ടീസ് വിടുകയോ വിശദീകരണം ആവശ്യപ്പെടുകയോ ചെയ്തില്ല.
ഇനി ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച മറ്റൊരു പരസ്യപുകില്‍ സംഭവം കൂടി അറിയണം. ഇതിന് പുകവലിയുമായോ കോടതിയുമായോ ബന്ധമില്ല. കോടതിയിലെത്തി കേസുമായില്ല.
പരസ്യത്തിലെ ഉല്‍പ്പന്നം ആരോഗ്യത്തിന് ഹാനികരമല്ലെന്ന് മാത്രമല്ല ഗുണം ചെയ്യുന്നതുമാണ്. പക്ഷേ, അത്തരമൊന്ന് ഒരു പരസ്യത്തില്‍ അഭിനയിച്ച മോഡല്‍ അതിന്റെ പേരില്‍ അച്ചടക്ക നടപടി നേരിട്ടതാണ് പിന്നീട് നടന്നത്. പക്ഷേ, ഉറച്ച നിലപാടുകളുള്ള ആ കലാകാരന്‍ തനിക്ക് നേരിട്ട വിലക്കിനെ പുല്ലുവിലയാണ് കല്‍പ്പിച്ചത്. ഒരു കലാകാരന്റെ വീട്ടുവീഴ്ചയില്ലാത്ത നിലപാടുള്ള സംഭവമെന്ന നിലയില്‍ ഈ കഥ പരാമര്‍ശമര്‍ഹിക്കുന്നതാണ്.
1980 കളില്‍, ബോളിവുഡിലെ ഏറ്റവും തിരക്കേറിയ നടന്മാരില്‍ ഒരാളായിരുന്നു ഡോ. ശ്രീറാം ലഗു എന്ന നടന്‍. എല്ലാത്തരം സിനിമകളിലും ആര്‍ട്ട് സിനിമകള്‍, എന്റര്‍ടെയ്നറുകള്‍ എന്നിങ്ങനെ ഒന്നിലധികം സ്വഭാവ വേഷങ്ങള്‍ ചെയ്ത നടന്‍ എന്ന നിലയില്‍ അദ്ദേഹം പ്രശസ്തനായി. അദ്ദേഹത്തിന്റെ ആദ്യ മറാത്തി സിനിമകളും നാടകങ്ങളുമാണ് അദ്ദേഹത്തെ വളരെ പ്രശസ്ത നടനാക്കിയത്.
റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ‘ഗാന്ധി ‘യില്‍ (1982) ഗോപാല കൃഷ്ണ ഗോഖലെയായി അഭിനയിച്ചത് ശ്രീറാം ലഗുവാണ്. ഒരു വേഷവും വലുതോ ചെറുതോ അല്ലെന്ന് വിശ്വസിച്ചിരുന്ന നടന്മാരില്‍ ഒരാളായിരുന്നു ഡോ. ശ്രീറാം ലഗു. എപ്പോഴും, അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍ രണ്ട് രംഗങ്ങളുള്ള ഒരു വേഷം ചെയ്യുന്നതില്‍ അദ്ദേഹത്തിന് ഒരു മടിയും ഉണ്ടായിരുന്നില്ല.

നടന്‍ എന്ന നിലയില്‍ പ്രശസ്തനായപ്പോഴും മെഡിക്കല്‍ പ്രാക്റ്റീസ് ചെയ്യുന്ന ഒരു ഇഎന്‍ടി സ്‌പെഷ്യലിസ്റ്റായിരുന്നു ഡോ. ശ്രീറാം ലഗു. ബോളിവുഡിലെ ഏറ്റവും തിരക്കേറിയ നടന്മാരില്‍ ഒരാളായിരുന്നപ്പോള്‍, ‘ഡാബര്‍ കമ്പനിയുടെ ച്യവനപ്രാശ്യം ഉല്‍പ്പന്നത്തിന്റെ പരസ്യത്തില്‍ അദ്ദേഹം അഭിനയിച്ചു, പരസ്യം വളരെ ശ്രദ്ധനേടിയെങ്കിലും ഇത് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് രുചിച്ചില്ല. (എംസിഐ) ‘അവരുടെ നിയമമനുസരിച്ച് തങ്ങളുടെ സംഘടനയിലെ ഒരാള്‍ മെഡിക്കല്‍ രംഗങ്ങളുമായി ബന്ധപ്പെട്ട മരുന്നുകള്‍, മറ്റ് ഉല്‍പ്പന്നങ്ങള്‍, ഉപകരണങ്ങള്‍, പോഷക പാനീയങ്ങള്‍ തുടങ്ങിയവയുടെ പരസ്യങ്ങളില്‍ അവയെ പ്രമോട്ട് ചെയ്യുന്ന വിധത്തില്‍ ഒരിക്കലും പ്രതൃക്ഷപ്പെടാന്‍ പാടില്ല.
പരസ്യത്തിലഭിനയിച്ചതിന് ഡോ. ശ്രീറാം ലഗുവിനോട് മെഡിക്കല്‍ കൗണ്‍സില്‍ വിശദീകരണം ചോദിച്ചു. പക്ഷേ, അദേഹം അതിന് വഴങ്ങാതെ അവരുടെ വാക്കുകള്‍ തള്ളിക്കളഞ്ഞു. ഈ കാരണങ്ങളാല്‍ ഡോക്ടര്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ രജിസ്‌ട്രേഷന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ റദ്ദാക്കുകയും ചെയ്തു. അദ്ദേഹം കോടതിയില്‍ കേസിനൊന്നും പോകാന്‍ തുനിഞ്ഞില്ല. അതിനൊട്ടും അദ്ദേഹത്തിന് സമയമില്ലാത്ത വിധം തിരക്കുള്ള നടനായ അദ്ദേഹം അവരെ പരിഹസിച്ച് ഇത്ര മാത്രം പറഞ്ഞു. ‘എന്നെ അഭിനയിക്കുന്നതില്‍ നിന്ന് അവര്‍ വിലക്കിയിരുന്നെങ്കില്‍ ഞാന്‍ വിഷമിച്ചേനെ,’ മികച്ച മെഡിക്കല്‍ പ്രാക്ടീസ് ഉണ്ടായിരുന്ന ശ്രീറാം ലഗു. പിന്നീട് നാടകത്തിലൂടെയും സിനിമയിലൂടെയും കലയുടെയും സംസ്‌കാരത്തിന്റെയും ലക്ഷ്യങ്ങള്‍ സംരക്ഷിക്കുന്നതിനായി തന്റെ അഭിനയ ജീവിതത്തിന്റെ ശേഷിച്ച സമയം നീക്കിവെച്ചു.
Content Summary: Your Honour; Smoking is no small matter
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.