ഇന്ത്യൻ മണ്ണിൽ നിന്നുള്ള ഏറ്റവും വലിയ വിക്ഷേപണമെന്ന ചരിത്രം കുറിക്കാനാണ് നവംബർ 2 ന് ഐഎസ്ആർഒ തയ്യാറെടുക്കുന്നത്. 4.4 ടൺ ഭാരമുള്ള വാർത്താവിനിമയ ഉപഗ്രഹമായ ജി സാറ്റ് 7 ആർ ഞായറാഴ്ച ശ്രീഹരിക്കോട്ടയിൽ നിന്നും കുതിച്ചുയരുന്നത് കാണാൻ കാത്തിരിക്കുകയാണ് രാജ്യം. ഇന്ത്യയിൽ നിന്ന് ഇതുവരെ വിക്ഷേപിച്ചതിൽ ഏറ്റവും ഭാരമേറിയ കമ്മ്യൂണിക്കേഷൻ ഉപഗ്രഹം ആയിരിക്കും ജി സാറ്റ് 7 ആർ.
എന്താണ് ജി സാറ്റ് 7 ആറിൻ്റെ പ്രത്യേകതകൾ?
ഇന്ത്യൻ നാവികസേനയ്ക്ക് വേണ്ടി വികസിപ്പിച്ചെടുത്ത ഒരു അത്യാധുനിക മൾട്ടി-ബാൻഡ് വാർത്താവിനിമയ ഉപഗ്രഹമാണിത്. CMS-03 എന്നും ജി സാറ്റ് 7 ആർ അറിയപ്പെടുന്നു. നിലവിൽ ഉപയോഗിക്കുന്ന ജിസാറ്റ്-7 (രുക്മിണി) എന്ന ഉപഗ്രഹത്തിന് പകരമായിട്ടാണ് ഇത് വിക്ഷേപിക്കുന്നത്. പൂർണമായും സൈനിക ആവശ്യങ്ങൾക്കായാണ് ജി സാറ്റ് 7 ആർ വിക്ഷേപിക്കുന്നത്. സൈനിക വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്, കര, വ്യോമ, നാവിക സേനകൾക്ക് ആവശ്യമായ വിവരങ്ങൾ ഞൊടിയിടയിൽ നൽകാനാണ് സജ്ജമാക്കിയിരിക്കുന്നത്.
ഓപ്പറേഷൻ സിന്ദൂറിന് ശേഷം രാജ്യസുരക്ഷയ്ക്കെതിരായ വെല്ലുവിളികളെ ഫലപ്രദമായി നേരിടാനും മുൻകൂട്ടി അറിയാനും ഉദ്ദേശിച്ചുള്ള നടപടികളുടെ ഭാഗമാണിത്.
ഇന്ത്യൻ നാവികസേനയുടെ വാർത്താവിനിമയ ശേഷി വർദ്ധിപ്പിക്കുക, സമുദ്രമേഖലയിലെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക, സൈനിക ആശയവിനിമയം സുരക്ഷിതമാക്കുക തുടങ്ങിയ കാര്യങ്ങളാണ് ഉപഗ്രഹത്തിൻ്റെ പ്രധാന ലക്ഷ്യങ്ങൾ. സുരക്ഷാപരമായ പ്രാധാന്യമാണ് ഇതിൻ്റെ ഏറ്റവും വലിയ പ്രത്യേകത. കപ്പലുകൾ, അന്തർവാഹിനികൾ, വിമാനങ്ങൾ, കരയിലെ കമാൻഡ് സെന്ററുകൾ എന്നിവ തമ്മിൽ തത്സമയവും സുരക്ഷിതവും എൻക്രിപ്റ്റ് ചെയ്തതുമായ ആശയവിനിമയം സാധ്യമാക്കും.
ഇന്ത്യൻ ഉപഭൂഖണ്ഡവും അതിന് ചുറ്റുമുള്ള സമുദ്രഭാഗങ്ങളുമാണ് ജി സാറ്റ് 7 ആറിൻ്റെ പരിധി. ഏഴുവർഷമാണ് കാലാവധി. അതായത് ഇന്ത്യയ്ക്കെതിരേ അയൽരാജ്യങ്ങളുടെ നീക്കങ്ങളെല്ലാം തൽസമയം മണത്തറിഞ്ഞ് സേനകൾക്ക് കൈമാറാൻ ഈ ഉപഗ്രഹത്തിന് കഴിയും. പ്രധാനമായും നാവികസേനയുടെ ആവശ്യത്തിനായാണ് ഉപഗ്രഹം സജ്ജമാക്കിയെങ്കിലും മറ്റ് സേനകൾക്കും വിവരങ്ങൾ ലഭിക്കും.
ജി സാറ്റ് 7നെ അപേക്ഷിച്ച് അത്യാധുനിക സജ്ജീകരണങ്ങളാണ് സി.എം.എസ്.03യിലുള്ളത്. അതീവ ശേഷിയുള്ള ഡാറ്റാ കൈമാറ്റ ശേഷിയാണ് സി.എം.എസ്-3ന്റെ ഏറ്റവും വലിയ പ്രത്യേകത. ഇതിലെ ട്രാൻസ്പോണ്ടറുകൾ ശബ്ദത്തിനും ഡാറ്റയ്ക്കും പുറമെ വീഡിയോയും കൈമാറാൻ ശേഷിയുള്ളതാണ്. ഉപഗ്രഹ വിവരങ്ങൾ ലഭിക്കുന്നതോടെ നാവികസേനയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ സൂക്ഷ്മത കൈവരും.
നാവിക സേനയുടെ വിവിധ കമാൻഡ് സെന്ററുകളിലേക്കും വിമാനവാഹനി കപ്പലുകളിലേക്കും പടക്കപ്പലുകളിലേക്കും തൽസമയം വിവരങ്ങൾ കൈമാറാൻ ഉപഗ്രഹത്തിന് കഴിയും. കപ്പലുകളും യുദ്ധവിമാനങ്ങളും അന്തർവാഹിനികളും അടക്കം ഇന്ത്യൻ യുദ്ധസന്നാഹങ്ങളുടെ ഏകോപനത്തിൽ ഈ ഉപഗ്രഹം നൽകുന്ന വിവരങ്ങൾ നിർണായകമായിരിക്കും.
വ്യോമസേന, നാവികസേന, കരസേന എന്നിവ തമ്മിലുള്ള ഏകോപനത്തിനും ഇത് വഴിയൊരുക്കും. പാകിസ്ഥാനെയും ചൈനയെയുമൊക്കെ നിരീക്ഷിക്കാൻ വിദേശ ഉപഗ്രഹങ്ങളെ ആശ്രയിക്കേണ്ട സ്ഥിതി ഇനിമുതൽ ഒഴിവാകും. പ്രതിരോധ വാർത്താവിനിമയത്തിന് ഇന്ത്യയുടെ സ്വന്തം സംവിധാനം ഉപയോഗിക്കാമെന്നതാണ് ഇതിന്റെ പ്രധാന നേട്ടം.
സൈനിക ആവശ്യങ്ങൾക്ക് പുറമെ ദുരന്ത നിവാരണ ആവശ്യങ്ങൾക്കും കടലിലെ രക്ഷാദൗത്യം അടക്കം മാരിടൈം സേവനങ്ങൾക്കും ഈ ഉപഗ്രഹത്തിൽ നിന്ന് വിവരങ്ങൾ കൈമാറും. കാർഗിൽ യുദ്ധത്തിലടക്കം പാകിസ്ഥാന്റെ നീക്കങ്ങൾ അറിയാൻ അമേരിക്കയുടെ ഉപഗ്രഹ വിവരങ്ങളെയാണ് ഇന്ത്യ ആശ്രയിച്ചിരുന്നത്. എന്നാൽ ഇത് യഥാസമയം ലഭ്യമാകാത്ത സ്ഥിതി പോലുമുണ്ടായി. ഇതേത്തുടർന്നാണ് ഇന്ത്യ ആദ്യമായി പ്രതിരോധ വിവരശേഖരണത്തിന് ഉപഗ്രഹം വിക്ഷേപിച്ചത്.
ഇപ്പോൾ അതിന്റെ പുതിയ പതിപ്പ് വിക്ഷേപിച്ച് രഹസ്യവിവര ശേഖരണം കൂടുതൽ കാര്യക്ഷമമാക്കുകയാണ്. നവംബർ 2ന് ശ്രീഹരിക്കോട്ടയിൽ നിന്നാണ് 4.4 ടൺ ഭാരമുള്ള ഉപഗ്രഹം വിക്ഷേപിക്കുന്നത്.
ഏകദേശം 4,400 കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹം, ഇന്ത്യയിൽ നിന്ന് ഭൂസ്ഥിര ട്രാൻസ്ഫർ ഓർബിറ്റിലേക്ക് (GTO) വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ വാർത്താവിനിമയ ഉപഗ്രഹങ്ങളിൽ ഒന്നാണ്.
ഇന്ത്യയുടെ ഏറ്റവും ശക്തമായ വിക്ഷേപണ വാഹനമായ എൽ.വി.എം-3 (LVM-3/Launch Vehicle Mark-3) ഉപയോഗിച്ചാണ് ഇത് വിക്ഷേപിക്കുന്നത്. ഭൂമധ്യരേഖയ്ക്ക് 35,786 കിലോമീറ്റർ ഉയരത്തിലുള്ള ജിയോസ്റ്റേഷനറി ഓർബിറ്റിൽ ആണ് ഇത് ഭ്രമണം ചെയ്യുക. മികച്ച ആന്റി-ജാമിംഗ് , ഫ്രീക്വൻസി ഹോപ്പിംഗ് തുടങ്ങിയ സാങ്കേതികവിദ്യകളോടുകൂടിയ നൂതന എൻക്രിപ്ഷൻ ഫീച്ചറുകൾ ഇതിലുണ്ട്.
Content Summary: ISRO to boost Navy’s satellite-linked communication network; Features of India’s military satellite GSAT-7R