തൊഴിൽ നിയമ നിർമ്മാണത്തിൽ നടന്ന ഏറ്റവും വലിയ പരിഷ്കരണമാണ് അടുത്തിടെ നടന്ന നാല് ലേബർ കോഡുകളുടെ വിജ്ഞാപനം. 2025 നവംബർ 21ന് കേന്ദ്ര തൊഴിൽ, ഉദ്യോഗ മന്ത്രാലയം ഈ കോഡുകൾക്ക് കീഴിലുള്ള നിയമങ്ങൾ വിജ്ഞാപനം ചെയ്തതോടെ, നിലവിലുണ്ടായിരുന്ന 29 കേന്ദ്ര തൊഴിൽ നിയമങ്ങളാണ് ഒറ്റയടിക്ക് ഇല്ലാതായത്. തൊഴിൽ നിയമങ്ങൾ ലളിതമാക്കുക, തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷ ഉറപ്പാക്കുക, ബിസിനസ് കൂടുതൽ എളുപ്പമാക്കുക തുടങ്ങിയവയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
ഏതൊക്കെയാണ് പുതിയ നാല് ലേബർ കോഡുകൾ
വേതന കോഡ്, 2019 (The Code on Wages, 2019), ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് (The Industrial Relations Code, 2020), സാമൂഹ്യ സുരക്ഷാ കോഡ്, 2020 (The Code on Social Security, 2020) തൊഴിൽപരമായ സുരക്ഷ, ആരോഗ്യം, ജോലി സാഹചര്യങ്ങൾ 2020 (The Occupational Safety, Health and Working Conditions Code, 2020)ഇവയാണ് 29 നിയമങ്ങൾ റദ്ദാക്കിയും പുതുക്കിയും നാല് ലേബർ കോഡുകളാക്കി സർക്കാർ പുനരാവിഷ്കരിച്ചത്.
ഇന്ത്യയുടെ ലേബർ ഗവേണൻസ് ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് നാല് ലേബർ കോഡുകൾ അവതരിപ്പിച്ചിരിക്കുന്നതെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം. തൊഴിൽ നിയന്ത്രണങ്ങൾ നവീകരിക്കുക, തൊഴിലാളികളുടെ ക്ഷേമം വർധിപ്പിക്കുക, തൊഴിൽ മേഖലയെ പുറംലോകവുമായി ബന്ധിപ്പിക്കുക, ആത്മനിർഭർ ഭാരത് പ്രാവർത്തികമാക്കുക, പുതിയ വ്യവസായങ്ങൾക്ക് അടിത്തറ പാകുക എന്നിവയാണ് ലേബർ കോഡുകളുടെ ലക്ഷ്യമെന്ന് കേന്ദ്രം പറയുന്നു.
ഇന്ത്യയിൽ പല തൊഴിൽ നിയമങ്ങളും രൂപപ്പെട്ടത് സ്വാതന്ത്ര്യത്തിനു മുമ്പും സ്വാതന്ത്ര്യാനന്തരവുമാണ്. സമീപ വർഷങ്ങളിൽ ചില തൊഴിൽ മേഖലകൾ പുരോഗതി നേടുകയും നിയമങ്ങൾ ഏകീകരിക്കുകയും ചെയ്തിരുന്നു. പക്ഷേ, 29 കേന്ദ്ര തൊഴിൽ നിയമങ്ങളിലായി കാലഹരണപ്പെട്ട ചില തൊഴിൽ വ്യവസ്ഥകൾ ഇന്ത്യയിലുണ്ടായിരുന്നു. കൊളോണിയൽ കാലഘട്ടത്തിലെ ഘടനകൾക്കപ്പുറത്തേക്ക് നീങ്ങാനും ആധുനിക പ്രവണതകളുമായി പൊരുത്തപ്പെടാനുമുള്ള ദീർഘകാല ആവശ്യങ്ങളാണ് നാല് തൊഴിൽ കോഡുകളിലായി നടപ്പിലാക്കുന്നത്.
പുതിയ തൊഴിൽ നിയമത്തിലെ സുപ്രധാന മാറ്റങ്ങൾ
രാജ്യത്തുടനീളമുള്ള തൊഴിലാളികൾക്ക് ഒരു അടിസ്ഥാന വേതനം കേന്ദ്ര സർക്കാർ നിശ്ചയിക്കും. ഈ പരിധിക്ക് താഴെ ഒരു സംസ്ഥാനത്തിനും കുറഞ്ഞ വേതനം നിശ്ചയിക്കാൻ കഴിയില്ല. സംഘടിത മേഖലയിൽ മാത്രമല്ല, അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും സാമൂഹ്യ സുരക്ഷാ പദ്ധതികൾ ഉറപ്പാക്കും. അഞ്ച് വർഷം തുടർച്ചയായി തൊഴിൽ എടുക്കുന്നവർക്കാണ് മുൻപ് ഗ്രാറ്റുവിറ്റിക്ക് അർഹതയുണ്ടായിരുന്നത്. ഇപ്പോൾ സ്ഥിരകാല ജീവനക്കാർക്ക് ഒരു വർഷത്തെ തുടർച്ചയായ ജോലിക്ക് ശേഷം ഗ്രാറ്റുവിറ്റിക്ക് അർഹതയുണ്ടാകും. പെൻഷൻ, സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ എന്നിവ കണക്കാക്കുന്നതിൽ സ്ഥിരത ഉറപ്പാക്കും. മൊത്തം പ്രതിഫലത്തിന്റെ 50 ശതമാനം വേതനം കണക്കാക്കി നൽകും.
അടച്ചുപൂട്ടൽ, പിരിച്ചുവിടൽ എന്നിവയ്ക്ക് സർക്കാർ അനുമതി തേടേണ്ട സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ എണ്ണം 100ൽ നിന്ന് 300 ആയി ഉയർത്താൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകി. 300ൽ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്ക് മുൻകൂർ സർക്കാർ അനുമതിയില്ലാതെ തൊഴിലാളികളെ പിരിച്ചുവിടുകയോ സ്ഥാപനം അടച്ചുപൂട്ടുകയോ ചെയ്യാം. പണിമുടക്ക് നടത്തുന്നതിന് 14 ദിവസത്തെ മുൻകൂർ നോട്ടീസ് നൽകണമെന്ന വ്യവസ്ഥ എല്ലാ വ്യവസായങ്ങൾക്കും ബാധകമാക്കി.
ഒരു ദിവസം എട്ട് മുതൽ 12 മണിക്കൂർ വരെ തൊഴിലെടുക്കാം. ആഴ്ചയിൽ 48 മണിക്കൂറിൽ കൂടുതൽ പ്രവർത്തിക്കാൻ പാടില്ല. ഷിഫ്റ്റുകൾ ഒൻപത് മണിക്കൂറായി പരിമിതപ്പെടുത്തി. തൊഴിലാളിയുടെ സമ്മതത്തോടെ ഓവർടൈം ചെയ്യുകയാണെങ്കിൽ വേതന നിരക്കിന്റെ ഇരട്ടി കമ്പനി നൽകണം. കരാർ തൊഴിലാളികൾക്ക് ഇപ്പോൾ അഞ്ച് വർഷത്തേക്ക് ഒരൊറ്റ ലൈസൻസ് ലഭ്യമാകും.
കരാർ തൊഴിലാളികൾക്കുള്ള പദ്ധതികൾക്ക് ധനസഹായം നൽകുന്നതിന് ലേബർ കോഡ് ഒരു ഫണ്ട് ഉറപ്പാക്കുന്നു. ആരോഗ്യം, വാർധക്യ ആനുകൂല്യങ്ങൾ എന്നിവ ഉൾക്കൊള്ളുന്നു. കൂടാതെ കൊവിഡ് -19 പാൻഡെമിക് സമയത്ത് വീട്ടിൽ നിന്ന് ജോലി ചെയ്യാനുള്ള സംവിധാനം പോലെ ഇപ്പോൾ പല കമ്പനികളിലും ഉൾപ്പെടുത്തുന്നു.
സുരക്ഷാ നടപടികളോടെ സ്ത്രീകൾക്ക് ഇപ്പോൾ രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യാൻ കഴിയും. അസംഘടിത മേഖലകളിലെ എല്ലാ സ്ത്രീ തൊഴിലാളികൾക്കും 26 ആഴ്ച ശമ്പളത്തോടുകൂടിയ അവധി ഉൾപ്പെടെയുള്ള പ്രസവാനുകൂല്യങ്ങൾ ഈ ലേബർ നിയമം നൽകുന്നു.
പാർലമെൻ്റിൽ പാസാക്കിയ ശേഷം ഏകദേശം ആറ് വർഷങ്ങൾക്ക് ശേഷമാണ് ലേബർ കോഡുകൾ ഒടുവിൽ പ്രാബല്യത്തിൽ വരുന്നത്. 2019-ലാണ് വേതന കോഡ് പാസാക്കിയത്. ബാക്കിയുള്ള മൂന്ന് കോഡുകൾ 2020 സെപ്റ്റംബർ മാസത്തിലാണ് പാർലമെന്റ് പാസാക്കിയത്.
വ്യത്യസ്തമായ 29 തൊഴിൽ നിയമങ്ങളെ ഒന്നിച്ച് നാല് കോഡുകളാക്കി സംയോജിപ്പിച്ചത് ഒരു ചെറിയ മാറ്റമല്ല, മറിച്ച് തൊഴിൽനിയമങ്ങളുടെ ഘടന തന്നെ പുനർനിർമ്മിക്കുന്ന ഒരു വലിയ പരിഷ്‌കരണം ആണെന്ന് ദി വയർ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഈ ഏകീകരണത്തോടെ, നിയമ നിർമ്മാണത്തിന്റെ വലിയൊരു അധികാരം പാർലമെന്റിൽ നിന്ന് എക്സിക്യൂട്ടീവിലേക്ക് അതായത് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് മാറുന്നു. കേന്ദ്ര സർക്കാർ നിയമങ്ങൾ കൊണ്ടുവന്നെങ്കിലും പല സംസ്ഥാനങ്ങളും അത് അന്തിമമാക്കിയിട്ടില്ല. ലേബർ കോഡുകൾ തൊഴിലാളികളുടെ അവകാശങ്ങളെയും ക്ഷേമത്തെയും സാമൂഹികനീതി തത്വത്തെയും അട്ടിമറിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ലേബർ കോഡ് പരിഷ്കരണത്തെ എതിർത്തു. തൊഴിൽ കൺകറൻറ് പട്ടികയിലായതിനാൽ സംസ്ഥാനത്ത് പ്രത്യേക ചട്ടമോ നിയമോ ഉണ്ടാക്കാനുള്ള സാധ്യത തേടണമെന്ന് കേരളത്തിലെ തൊഴിലാളി സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. പാർലമെൻറ് പാസ്സാക്കി കേന്ദ്രം നടപ്പാക്കുന്ന ലേബർ കോഡായതിനാൽ ഇക്കാര്യത്തിൽ ഭരണഘടനാ പരമായ പ്രശ്നം അടക്കം പരിശോധിക്കാൻ മുതിർന്ന അഭിഭാഷകരെയും കോഡിനെ എതിർക്കുന്ന സംസ്ഥാനങ്ങളിലെ മന്ത്രിമാരെയും യൂണിയൻ നേതാക്കളെയും പങ്കെടുപ്പിച്ച് ഡിസംബർ 19ന് ലേബർ കോൺക്ലേവ് നടത്തും.
Content Summary: India new labour codes; Know the Important Changes in Labor Lawmaking