June 03, 2026 |
Share on

അഫ്ഗാൻ ഭൂകമ്പം: ദുരന്തമുഖത്തും സ്ത്രീകളെ തൊടാനാകില്ല, രക്ഷാപ്രവർത്തനങ്ങൾക്ക് വിനയായി താലിബാൻ നിയമങ്ങൾ

മൃതദേഹങ്ങൾ പോലും വസ്ത്രങ്ങളിൽ പിടിച്ച് വലിച്ചാണ് പുറത്തെടുത്തത്

അഫ്ഗാനിസ്ഥാനെ പിടിച്ചുകുലുക്കിയ ഭൂകമ്പത്തിൽ നൂറുകണക്കിന് പേർക്ക് ജീവൻ നഷ്ടമായപ്പോൾ, ദുരന്തമുഖത്ത് രക്ഷാപ്രവർത്തനങ്ങൾക്ക് താലിബാൻ നിയമങ്ങൾ തടസ്സമാകുന്നതായി റിപ്പോർട്ട്. രക്ഷാപ്രവർത്തനങ്ങൾ പുരുഷന്മാർ മാത്രമായി ചുരുങ്ങിയത് കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ അകപ്പെട്ട സ്ത്രീകളുടെ രക്ഷാപ്രവർത്തനത്തെ കാര്യമായി ബാധിച്ചു.

അഫ്ഗാനിലെ കുനാർ പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തിൽ 2200-ൽ അധികം പേർ മരിക്കുകയും 3,600-ലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. താലിബാൻ നിയമങ്ങൾ അനുസരിച്ച്, അടുത്ത ബന്ധുക്കളല്ലാത്ത പുരുഷന്മാർക്ക് സ്ത്രീകളെ സ്പർശിക്കാൻ അനുവാദമില്ല. ഈ നിയമമാണ് രക്ഷാപ്രവർത്തനങ്ങളെ സാരമായി ബാധിച്ചത്.

ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ, തഹ്സീബുല്ല മുഹാസെബ് എന്ന സന്നദ്ധപ്രവർത്തകൻ ഈ ദുരവസ്ഥയെക്കുറിച്ച് വിവരിച്ചു. “ഭൂകമ്പം ഉണ്ടായതിനു പിന്നാലെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയെങ്കിലും നിയമം കാരണം അവർ സ്ത്രീകളുടെ ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയതേയില്ല.

രക്ഷപ്പെട്ടെത്തിയ സ്ത്രീകളോട് ഒരു ഭാഗത്തേക്ക് മാറിയിരിക്കാൻ മാത്രമാണ് അവർ നിർദേശം നൽകിയത്. ഭക്ഷണമോ വെള്ളമോ പോലും നൽകാൻ കഴിഞ്ഞില്ല. പുരുഷന്മാർക്കും കുട്ടികൾക്കും ആദ്യംതന്നെ ചികിത്സ നൽകിയപ്പോൾ സ്ത്രീകൾ അപ്രത്യക്ഷരായതുപോലെയായിരുന്നു,” മുഹാസെബ് പറഞ്ഞു.

അവശിഷ്ടങ്ങൾക്കടിയിൽ അകപ്പെട്ട സ്ത്രീകളെ പുറത്തെടുക്കാനും, പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റാനും വൈദ്യസഹായം നൽകാനും പുരുഷന്മാരായ രക്ഷാപ്രവർത്തകർക്ക് കഴിഞ്ഞില്ല. ശരീരത്തിൽ സ്പർശിക്കാൻ അനുവാദമില്ലാത്തതിനാൽ മൃതദേഹങ്ങൾ പോലും വസ്ത്രങ്ങളിൽ പിടിച്ച് വലിച്ചാണ് പുറത്തെടുത്തതെന്നും റിപ്പോർട്ടുകൾ പറയുന്നു.

വിലക്കുകൾ ദുരിതം ഇരട്ടിയാക്കുന്നു

താലിബാൻ ഭരണകൂടത്തിന്റെ സ്ത്രീവിരുദ്ധ നയങ്ങൾ ദുരിതത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നതായി വിമർശനം ഉയരുന്നുണ്ട്. സ്ത്രീകൾക്ക് സർക്കാർ ജോലികളോ എൻജിഒകളിലോ യുഎൻ ഏജൻസികളിലോ പോലും ജോലി ചെയ്യാൻ വിലക്കുണ്ട്. കൂടാതെ, ആറാം ക്ലാസിന് ശേഷം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുകയും സർവകലാശാലകളിൽ വനിതാപ്രവേശനം നിരോധിക്കുകയും ചെയ്തിരിക്കുന്നു.

മെഡിക്കൽ വിദ്യാഭ്യാസത്തിനും സ്ത്രീകൾക്ക് വിലക്കുള്ളതിനാൽ വനിതാ ഡോക്ടർമാരും നഴ്‌സുമാരും വളരെ കുറവാണ്. അതിനാൽ, പുരുഷ ഡോക്ടർമാർക്ക് പരിശോധിക്കാൻ സാധിക്കാത്ത പരിക്കേറ്റ സ്ത്രീകൾക്ക് ചികിത്സ കിട്ടാക്കനിയാണ്.

സ്ത്രീകളും പെൺകുട്ടികളുമാണ് ഇത്തരം ദുരന്തങ്ങളുടെ യഥാർത്ഥ ദുരിതം അനുഭവിക്കുന്നതെന്നും, അവരുടെ ക്ഷേമത്തിനും പുനരധിവാസത്തിനും മുൻഗണന നൽകണമെന്നും യുഎൻ വിമൻ അഫ്ഗാനിസ്ഥാൻ പ്രതിനിധി സൂസൻ ഫെർഗുസൻ പറഞ്ഞു. ദുരന്തസമയത്ത് ഖത്തറിൽ നിന്നുള്ള ദുരിതാശ്വാസ സംഘത്തെ ഒരു വനിതാ മന്ത്രിയാണ് നയിച്ചതെന്നത് ഈ വിഷയത്തിലെ വിരോധാഭാസം വ്യക്തമാക്കുന്നു.

2023-ലെ ഭൂകമ്പത്തിലും സ്ത്രീകൾക്ക് വലിയ ദുരിതങ്ങൾ നേരിടേണ്ടി വന്നിരുന്നു. ഈ ദുരന്തത്തിൽ നിന്ന് ഭരണകൂടം ഒരു പാഠവും പഠിച്ചില്ലെന്നാണ് നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.

content summary: Taliban Rules Hinder Afghanistan Earthquake Rescue, Leaving Women Neglected

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×