അഫ്ഗാനിസ്ഥാനിൽ തിങ്കളാഴ്ച നടന്ന ഭൂകമ്പത്തിൽ 800 ൽ അധികം പേർ മരിക്കുകയും ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തുടർന്ന് അന്താരാഷ്ട്ര സഹായം ആവശ്യപ്പെട്ടിരിക്കുകയാണ് താലിബാൻ. മരിച്ചവരിൽ കുട്ടികളും ഉൾപ്പെടുന്നു. പരിക്കേറ്റവരെ ഹെലികോപ്റ്ററുകളിൽ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി വരെ രക്ഷാപ്രവർത്തനങ്ങൾ തുടർന്നിരുന്നു. നിരവധി പേരാണ് തകർന്ന് വീണ വീടുകൾക്കുള്ളിൽ കുടുങ്ങി കിടന്നത്.
മോശം കാലാവസ്ഥയും മലമ്പ്രദേശങ്ങളിലെ ദുർഘടമായ വഴികളും കാരണം വിദൂര സ്ഥലങ്ങളിൽ എത്താൻ രക്ഷാപ്രവർത്തകർ ബുദ്ധിമുട്ടിയായി ദി ഗാർഡിയൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. പാകിസ്ഥാൻ അതിർത്തിയിലുള്ള കുനാർ പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്.
വിദേശ സഹായം ഗണ്യമായി കുറഞ്ഞതും അയൽരാജ്യങ്ങൾ ലക്ഷക്കണക്കിന് അഫ്ഗാനികളെ തിരിച്ചയക്കുന്നതും ഉൾപ്പെടെയുള്ള പ്രതിസന്ധികൾ നേരിടുന്ന താലിബാൻ ഭരണകൂടത്തിന് ഈ ദുരന്തം കൂടുതൽ തിരിച്ചടിയായി.
10 കിലോമീറ്റർ ആഴത്തിൽ ഉണ്ടായ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ നേരിടാൻ അന്താരാഷ്ട്ര സഹായം ആവശ്യമാണെന്ന് കാബൂളിലെ ആരോഗ്യ മന്ത്രാലയ വക്താവ് ഷറഫത് സമാൻ റോയിട്ടേഴ്സിനോട് പറഞ്ഞു. നിലവധി പേരുടെ ജീവൻ നഷ്ടപ്പെടുകയും വീടുകൾ നഷ്ടപ്പെടുകയും ചെയ്തതിനാൽ തങ്ങൾക്ക് സഹായം ആവശ്യമാണെന്ന് ഷറഫത് സമാൻ അറിയിച്ചു. കുനാർ, നംഗർഹാർ എന്നീ കിഴക്കൻ പ്രവിശ്യകളിലായി 812 പേർ മരിച്ചതായി താലിബാൻ ഭരണകൂട വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു.
പാകിസ്ഥാൻ അതിർത്തിയിലെ മലമ്പ്രദേശങ്ങളിലേക്ക് രക്ഷാപ്രവർത്തകർക്ക് എത്താൻ പ്രയാസമാണ്. മാത്രമല്ല, അവിടെ മൊബൈൽ നെറ്റ്‌വർക്കുകൾ ലഭ്യമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ പ്രദേശങ്ങളിലെങ്ങും മൺചുമരുകൾ കൊണ്ട് നിർമ്മിച്ച വീടുകളാണ് അധികവുമുള്ളത്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ഭൂകമ്പമുണ്ടായ പ്രദേശങ്ങളിൽ കനത്ത മഴ പെയ്തതിനാൽ മണ്ണിടിച്ചിലിനും പാറ വീഴ്ചകൾക്കുമുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ പല റോഡുകളും ഗതാഗതയോഗ്യമല്ലെന്നും യുഎൻ ഓഫീസ് ഫോർ ദി കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്സ് (UNOCHA) ഉദ്യോഗസ്ഥയായ കേറ്റ് കാരി പറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വെള്ളത്തിന്റെ സ്രോതസ്സുകളിൽ മലിനീകരണം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിനായി മൃഗങ്ങളുടെ ജഡങ്ങൾ വേഗത്തിൽ നീക്കം ചെയ്യാൻ രക്ഷാപ്രവർത്തന സംഘങ്ങളും അധികാരികളും ശ്രമിക്കുന്നുണ്ടെന്ന് കാരി അറിയിച്ചു. രക്ഷാപ്രവർത്തകർ ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് കൂടി എത്തുമ്പോൾ മരണസംഖ്യ ഇനിയും ഉയർന്നേക്കാം എന്നാണ് അധികാരികൾ പറയുന്നത്. സുരക്ഷ, ഭക്ഷണം, ആരോഗ്യം തുടങ്ങിയ എല്ലാ മേഖലകളിലും സമഗ്രമായ സഹായം നൽകുന്നതിനായി എല്ലാ ടീമുകളെയും സജ്ജമാക്കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് അബ്ദുൾ മതേൻ ഖാനീ പറഞ്ഞു.
സൈനിക രക്ഷാസംഘങ്ങൾ മേഖലയിലുടനീളം പ്രവർത്തിക്കുന്നുണ്ടെന്നും, 40 വിമാനങ്ങളിലായി 420 പേരെയും മരിച്ചവരെയും മാറ്റിയിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഭൂകമ്പത്തിൽ കുനാറിലെ മൂന്ന് ഗ്രാമങ്ങൾ പൂർണ്ണമായും തകർന്നു. മറ്റ് പലയിടങ്ങളിലും കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. കുനാറിൽ 610 പേരും നംഗർഹാറിൽ 12 പേരും മരിച്ചതായി അധികാരികൾ അറിയിച്ചു.
2021ൽ വിദേശ സൈന്യങ്ങൾ പിന്മാറിയതിന് ശേഷം താലിബാൻ അധികാരത്തിലെത്തിയത് മുതൽ അഫ്ഗാനിസ്ഥാനിൽ നടക്കുന്ന മൂന്നാമത്തെ വലിയ ഭൂകമ്പമാണിത്. വിദേശ ഫണ്ടിംഗ് കുറഞ്ഞത് സർക്കാരിന് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. മറ്റ് രാജ്യങ്ങളിലെ പ്രതിസന്ധികളും, സ്ത്രീകളോടുള്ള താലിബാന്റെ നയങ്ങളിലുള്ള അതൃപ്തിയും സഹായം കുറയാൻ കാരണമായെന്ന് നയതന്ത്രജ്ഞരും സഹായ ഉദ്യോഗസ്ഥരും പറയുന്നു. രാഷ്ട്രീയ സ്ഥാപനങ്ങളെ മറികടന്ന് മാനുഷിക ആവശ്യങ്ങൾ നിറവേറ്റാൻ ലക്ഷ്യമിട്ടുള്ള സഹായം പോലും 2022-ലെ 3.8 ബില്യൺ ഡോളറിൽ നിന്ന് ഈ വർഷം 767 ദശലക്ഷം ഡോളറായി ചുരുങ്ങി.
Content Summary: afghanistan earthquake; Taliban appeals for global aid
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.