June 26, 2026 |
Share on

പാക്-അഫ്ഗാൻ അതിർത്തിയിൽ വീണ്ടും സംഘർഷം; 50ലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇക്കാര്യം വ്യക്തമാക്കിയത്

പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ അതിർത്തിയിലുണ്ടായ ഏറ്റുമുട്ടലിൽ സൈനികരും സാധാരണ ജനങ്ങളുമുൾപ്പെടെ 50ലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇരു രാജ്യങ്ങളിലെയും സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അഫ്ഗാൻ സൈന്യം യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിർക്കുകയായിരുന്നെന്നാണ് പാക് സൈന്യത്തിന്റെ വാദം. പാകിസ്ഥാൻ സൈന്യത്തിന്റെ റിപ്പോർട്ട് പറയുന്നതനുസരിച്ച് പ്രധാന അതിർത്തി പോസ്റ്റുകളിൽ താലിബാൻ നടത്തിയ രണ്ട് ആക്രമണങ്ങൾ തടഞ്ഞു. അഫ്ഗാൻ ഭാഗത്തുള്ള സ്പിൻ ബോൾഡക്കിന് സമീപം നടത്തിയ ആക്രമണത്തിൽ 20 ഓളം താലിബാൻ പോരാളികൾ കൊല്ലപ്പെട്ടതായി എഎഫ്പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. വടക്കുപടിഞ്ഞാറൻ അതിർത്തിയിൽ രാത്രിയിലുണ്ടായ ഏറ്റുമുട്ടലുകളിൽ 30ലധികം പേർ കൊല്ലപ്പെട്ടതായും പാകിസ്ഥാൻ സൈന്യം അറിയിച്ചു.

ഇരു രാജ്യങ്ങളുടെയും അതിർത്തിയിൽ നടന്ന അക്രമ സംഭവങ്ങളിൽ 15 സാധാരണക്കാർ മരിച്ചതായും ഡസൻ കണക്കിന് ആളുകൾക്ക് പരിക്കേറ്റതായും അഫ്ഗാൻ ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയോട് പറഞ്ഞു.

താലിബാൻ്റെ ഒരു പ്രധാന നേതാവ് പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടതായി പിടിവി റിപ്പോർട്ട് ചെയ്തു. അഫ്ഗാൻ സേന നിരവധി പാകിസ്ഥാൻ അധിനിവേശ സൈനികരെ വധിക്കുകയും, ആയുധങ്ങളും ടാങ്കുകളും പിടിച്ചെടുക്കുകയും അവരുടെ പോസ്റ്റുകൾ കൈവശപ്പെടുത്തുകയും ചെയ്തതായി താലിബാൻ ഭരണകൂട വക്താവ് സബിഹുള്ള മുജാഹിദ് ഒരു എക്‌സ് പോസ്റ്റിലൂടെ അറിയിച്ചു. ഒക്ടോബർ 7 രാത്രി പാകിസ്ഥാൻ സൈന്യം കാബൂളിൽ നടത്തിയ വ്യോമാക്രമണത്തിന് പ്രതികാരമാണ് എന്ന് വിശേഷിപ്പിച്ചുകൊണ്ട് ശനിയാഴ്ച രാത്രി വൈകിയാണ് അഫ്ഗാനിസ്ഥാൻ തങ്ങളുടെ അതിർത്തിയിൽ പാക് സൈനികർക്ക് നേരെ ആക്രമണം ആരംഭിച്ചത്.

തങ്ങളുടെ ആക്രമണത്തിൽ 58 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാൻ അവകാശപ്പെട്ടപ്പോൾ, മരണസംഖ്യ 23 ആണെന്ന് പാകിസ്ഥാൻ വ്യക്തമാക്കുന്നത്. പാകിസ്ഥാൻ നടത്തിയ പ്രത്യാക്രമണത്തിൽ 200ൽ അധികം താലിബാൻകാർ കൊല്ലപ്പെട്ടെന്നും പാകിസ്ഥാൻ കൂട്ടിച്ചേർത്തു. സംഘർഷാവസ്ഥയെത്തുടർന്ന് ഒക്ടോബർ 12 ഞായറാഴ്ച അഫ്ഗാനിസ്ഥാനും പാകിസ്ഥാനുമിടയിലെ വഴികൾ അടച്ചു. ശക്തമായ
ഖത്തറും സൗദി അറേബ്യയും ഇടപെട്ടതിനെത്തുടർന്ന് ഇരുപക്ഷവും തമ്മിലുള്ള പോരാട്ടം താൽക്കാലികമായി നിർത്തിവച്ചിരുന്നു.

പുതിയ ഏറ്റുമുട്ടലുകളിൽ 15 സാധാരണക്കാർ കൊല്ലപ്പെട്ടതായി സ്പിൻ ബോൾഡക് മേഖലയിലെ പ്രാദേശിക വിവരവകുപ്പ് വക്താവ് അലി മുഹമ്മദ് ഹഖ്മൽ എഎഫ്പി വാർത്താ ഏജൻസിയോട് പറഞ്ഞു. സ്പിൻ ബോൾഡക് ജില്ലാ ആശുപത്രിയിലെ ഉദ്യോഗസ്ഥനായ അബ്ദുൾ ജാൻ ബറാക്ക് ഈ മരണസംഖ്യ സ്ഥിരീകരിക്കുകയും, 80ലധികം സ്ത്രീകൾക്കും കുട്ടികൾക്കും പരിക്കേറ്റതായും അറിയിച്ചു.

പാക്കിസ്ഥാന്റെ മൂന്ന് അതിർത്തി പോസ്റ്റുകൾ അഫ്ഗാനിസ്ഥാന്റെ താലിബാൻ സേന പിടിച്ചെടുത്തു. ഖൈബർ, പഖ്തൂൺഖ്വ, ബലൂചിസ്ഥാൻ അതിർത്തികളിലെ പോസ്റ്റുകളാണ് അഫ്ഗാൻ സേന പിടിച്ചെടുത്തത്. കഴിഞ്ഞ ശനിയാഴ്ചയാണ് പാക്കിസ്ഥാൻ അഫ്ഗാനിൽ വ്യോമാക്രമണം നടത്തിയത്. പാക്- അഫ്ഗാൻ അതിർത്തി പ്രദേശങ്ങളിലെ കുനാർ, നൻഗർഹാൽ, പക്തിക, ഖോസ്റ്റ്, ഹെർമണ്ട് പ്രവിശ്യകളിലാണ് പാക് സൈനിക ഏറ്റുമുട്ടൽ ഉണ്ടായതായായാണ് താലിബാൻ വ്യക്തമാക്കിയത്.

അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്താഖി ഒരാഴ്ച നീണ്ടു നിൽക്കുന്ന ഇന്ത്യൻ സന്ദർശനം നടത്തുമ്പോഴാണ് ആക്രമണം. അമീർ ഖാൻ മുത്താഖി കഴിഞ്ഞ ദിവസമാണ് ഡൽഹിയിലെത്തിയത്. 2021 ഓഗസ്റ്റിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിന് ശേഷം ഇന്ത്യയിലേയ്ക്കുള്ള ആദ്യ ഉന്നതതല സന്ദർശനമാണ്.

content summary: Clashes erupt once more along the Pakistan-Afghanistan border, reportedly leaving over 50 dead

Leave a Reply

Your email address will not be published. Required fields are marked *

×