June 03, 2026 |
Share on

ഇന്ത്യ-പാക് സംഘർഷം ഉൾപ്പെടെ, യുഎസ് ഉയർത്തുന്ന ഏഴ് അവകാശവാദങ്ങൾ

2025ലെ സമാധാന നൊബേൽ ജേതാവിനെ ഇന്ന് പ്രഖ്യാപിക്കും

സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ഇന്ന് പ്രഖ്യാപിക്കും. നൊബേൽ പുരസ്കാരം ലഭിക്കാൻ താൻ എന്തു കൊണ്ടും അർഹനാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശവാദം ഉന്നയിച്ചതോടെയാണ് ഇത്തവണത്തെ സമാധാനത്തിനുള്ള നൊബേൽ പ്രഖ്യാപനം ഇത്തവണ ശ്രദ്ധയാകർഷിക്കുന്നത്.

നൊബേൽ പുരസ്കാരത്തിന് വേണ്ടിയുള്ള യുഎസ് പ്രസിഡന്റിന്റെ ശ്രമം വർഷങ്ങളായി തുടരുന്നുണ്ട്. 2025ലെ സമാധാന നൊബേൽ ജേതാവിനെ ഇന്ന് പ്രഖ്യാപിക്കാനിരിക്കെയാണ് ഗാസയ്‌ക്കായുള്ള ട്രംപിന്റെ 20 ഇന സമാധാന പദ്ധതിക്ക് പുരോഗതിയുണ്ടായിരിക്കുന്നത്.

അമേരിക്കൻ പ്രസിഡന്റ് ട്രംപ് യുക്രൈനിയൻ, യൂറോപ്യൻ നേതാക്കളുമായി നടത്തിയ ഉച്ചകോടിക്കിടെ ഓഗസ്റ്റ് 18നാണ് താൻ യുദ്ധങ്ങൾ അവസാനിപ്പിച്ചതിനെക്കുറിച്ച് ആദ്യമായി സംസാരിച്ചത്. താൻ ആറ് യുദ്ധങ്ങൾ അവസാനിപ്പിച്ചു എന്നാണ് ആദ്യം പറഞ്ഞിരുന്നതെങ്കിലും തൊട്ടടുത്ത ദിവസം ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ അത് തിരുത്തി ഏഴെന്ന് പറയുകയുണ്ടായി. കഴിഞ്ഞ മാസം ന്യൂയോർക്കിൽ നടന്ന യുഎൻ പൊതുസമ്മേളനത്തിലും അദ്ദേഹം ഈ അവകാശവാദം ആവർത്തിച്ചു. ട്രംപിന്റെ ഈ അവകാശവാദത്തിന് പിന്നാലെ തന്നെ ഒത്തുതീർപ്പാക്കിയ യുദ്ധങ്ങളുടെ വിശദാംശങ്ങൾ വൈറ്റ് ഹൗസ് പുറത്തുവിട്ടിരുന്നു. ആ യുദ്ധങ്ങൾ ഏതെല്ലാമാണ്.

അർമേനിയ-അസർബൈജാൻ

നഗോർണോ-കരാബാക് പ്രദേശത്തിന്റെ പ്രത്യേക പദവിയെച്ചൊല്ലി ഈ രണ്ട് രാജ്യങ്ങളും ഏകദേശം 40 വർഷത്തോളമായി സംഘർഷത്തിലാണ് ഏർപ്പെട്ടിരിക്കുന്നത്. 2023 സെപ്റ്റംബറിൽ അസർബൈജാൻ ഈ പ്രദേശം പിടിച്ചെടുത്തത് വലിയ പ്രക്ഷോഭങ്ങൾക്ക് കാരണമായി തീർന്നിരുന്നു. സോവിയറ്റ് കാലഘട്ടത്തിനു മുൻപ് മുതൽ അർമേനിയക്കാർ താമസിക്കുന്ന പ്രദേശമാണിത്. എന്നാൽ ഈ വർഷം ഓഗസ്റ്റ് 8ന് ഇരുപക്ഷവും തമ്മിലുള്ള ഒരു സമാധാന ഉടമ്പടി വൈറ്റ് ഹൗസിൽ വെച്ച് പ്രഖ്യാപിച്ചു. ഇതിനെത്തുടർന്ന് ഇരു നേതാക്കളും ട്രംപിനെ നോബൽ സമ്മാനത്തിനായി നാമനിർദ്ദേശം ചെയ്യുകയുണ്ടായി.

തായ്ലൻഡ്-കമ്പോഡിയ

തായ്ലൻഡിനും കംബോഡിയക്കും ഇടയിലുള്ള 500 മൈൽ നീളമുള്ള അതിർത്തി ഭൂമിയെച്ചൊല്ലിയുള്ള സംഘർഷങ്ങൾ ഒരു നൂറ്റാണ്ടിലേറെയായി തുടരുകയാണ്. ഇത് ഇരു രാജ്യങ്ങൾക്കിടയിലെയും സംഘർഷങ്ങൾക്ക് കാരണമാവുന്നുണ്ട്.

ജൂലൈ 24ന്, തങ്ങളുടെ അതിർത്തിയിലെ ഒരു സൈനിക താവളത്തിന് നേരെ കംബോഡിയൻ സൈന്യം വെടിയുതിർത്തുവെന്ന് തായ് ഉദ്യോഗസ്ഥർ ആരോപിച്ചതിനെത്തുടർന്ന് വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ടു. നാല് ദിവസങ്ങളിലായി 35 പേർ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് ആളുകൾക്ക് പലായനം ചെയ്യേണ്ടി വരികയും ചെയ്തു. പോരാട്ടം തുടങ്ങി രണ്ട് ദിവസത്തിന് ശേഷം ട്രംപ് തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ ഇങ്ങനെ പോസ്റ്റ് ചെയ്തു: “നിലവിൽ ആളിക്കത്തുന്ന യുദ്ധം അവസാനിപ്പിക്കാനും വെടിനിർത്തലിനും വേണ്ടി ഞാൻ ഇപ്പോൾ തന്നെ തായ്‌ലൻഡിലെ ആക്ടിംഗ് പ്രധാനമന്ത്രിയെ വിളിക്കാൻ പോകുകയാണ്.”

മലേഷ്യയാണ് സമാധാന ചർച്ചകൾക്ക് ആതിഥേയത്വം വഹിച്ചതെങ്കിലും, വെടിനിർത്തൽ തുടർന്നില്ലെങ്കിൽ തായ്, കംബോഡിയൻ ഇറക്കുമതികളിന്മേലുള്ള യുഎസ് താരിഫുകൾ കുറയ്ക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളിൽ നിന്ന് പിന്മാറുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. അതോടെ ഓഗസ്റ്റ് 7ന് ഇരു രാജ്യങ്ങളും ഒരു കരാറിൽ ഒപ്പുവെച്ചു.

റുവാണ്ട- കോം​ഗോ

റുവാണ്ടൻ സർക്കാർ പിന്തുണയ്ക്കുന്ന എം23 (M23) എന്ന വിമതസംഘം കോംഗോയിലെ ധാതുസമ്പന്നമായ ഒരു പ്രദേശം പിടിച്ചെടുത്തത് സംഘർഷങ്ങൾക്ക് വഴിവച്ചിരുന്നു. മാസങ്ങൾ നീണ്ട പോരാട്ടത്തിന് ശേഷം, ജൂണിൽ ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ വൈറ്റ് ഹൗസിലേക്ക് യാത്ര ചെയ്യുകയും 2024ലെ മുൻ വെടിനിർത്തൽ കരാറിനെ മാനിക്കാമെന്ന് ഉറപ്പ് നൽകുന്ന ഒരു ഉടമ്പടിയിൽ ഒപ്പുവെക്കുകയും ചെയ്തു. ഏറ്റവും മോശമായ യുദ്ധങ്ങളിലൊന്നിൽ” സമാധാനം സ്ഥാപിച്ചത് താനാണെന്ന് ട്രംപ് ഇതിന് പിന്നാലെ സ്വയം അവകാശപ്പെട്ടു. എന്നിരുന്നാലും, റുവാണ്ടൻ എം23 വിമത ഗ്രൂപ്പ് ഈ ചർച്ചകളിൽ നേരിട്ട് ഉൾപ്പെട്ടിരുന്നില്ല, മാത്രമല്ല ഈ ഉടമ്പടി തങ്ങൾക്ക് ബാധകമല്ലെന്നും അവർ പറഞ്ഞിട്ടുണ്ട്.

ഇറാൻ- ഇസ്രയേൽ

ഇസ്രയേലും ഇസ്ലാമിക് റിപ്പബ്ലിക്കും തമ്മിൽ ജൂൺ 13ന് യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ യുഎസ് ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ ബോംബാക്രമണം നടത്തി. ഔദ്യോഗികമായ വെടിനിർത്തലിന് ഇറാൻ സമ്മതം മൂളിയിട്ടുണ്ട്, 12ാം മണിക്കൂറിൽ ഇസ്രായേൽ വെടിനിർത്തൽ ആരംഭിക്കും, 24-ാം മണിക്കൂറിൽ 12 ദിവസം നീണ്ട് നിന്ന യുദ്ധത്തിന്റെ ഔദ്യോഗിക അന്ത്യത്തെ ലോകം അഭിവാദ്യം ചെയ്യുമെന്ന് യുഎസിന്റെ ആക്രമണങ്ങൾക്ക് ശേഷം ട്രംപ് പറയുകയുണ്ടായി. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎസിനെ പ്രശംസിച്ചു. എന്നാൽ, യുഎസിന്റെ ആക്രമണങ്ങൾ ഒന്നും നേടിയില്ലെന്നും ഇറാൻ വിജയിച്ചു എന്നും ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി അവകാശപ്പെട്ടു.

ഇന്ത്യ-പാകിസ്ഥാൻ

ഇന്ത്യയും പാക്കിസ്ഥാനും 1947ലെ വിഭജനം മുതൽ കശ്മീരിന്റെ പദവിയെച്ചൊല്ലി അവകാശ പോരാട്ടത്തിലാണ്. കശ്മീരിൽ പാകിസ്ഥാൻ നടത്തിയ ഭീകാരാക്രമണത്തെ തുടർന്ന് മെയ് മാസത്തിൽ ഇരു രാജ്യങ്ങൾക്കിടയിലും നാല് ദിവസത്തെ സംഘർഷം ആളിക്കത്തി.


തുടർന്ന് മെയ് 10ന് ഇരു രാജ്യങ്ങളും ഒരു വെടിനിർത്തൽ കരാറിലെത്തി, ഇത് യുഎസിന്റെ മധ്യസ്ഥതയിലുള്ള ചർച്ചകളുടെ ഫലമാണെന്ന് ട്രംപ് അവകാശപ്പെട്ടു. ഇതേ തുടർന്ന് പാകിസ്ഥാൻ അദ്ദേഹത്തെ നോബൽ സമ്മാനത്തിനായി നാമനിർദ്ദേശം ചെയ്‌തെങ്കിലും, യുഎസ് ഇടപെടൽ ഉണ്ടായതിനെയും ചർച്ചകൾ നടന്നതിനെയും ഇന്ത്യ ശക്തമായി നിഷേധിച്ചിരുന്നു.

ഈജിപ്ത്- എതോപ്യ

എത്യോപ്യയിലെ നൈൽ നദിയിൽ നിർമ്മിച്ച ഗ്രാൻഡ് എത്യോപ്യൻ റിനൈസൻസ് ഡാമിനെ ചൊല്ലി കഴിഞ്ഞ 12 വർഷമായി എത്യോപ്യയും ഈജിപ്തും തമ്മിൽ തർക്കം നിലനിൽക്കുന്നു. 2022ലാണ് ഈ ഡാം പ്രവർത്തനക്ഷമമായത്. എത്യോപ്യയെ സംബന്ധിച്ചിടത്തോളം ഈ ഡാം വളരെ പ്രധാനപ്പെട്ടതാണ്, എന്നാൽ നൈൽ നദിയിൽ നിന്നുള്ള ജലത്തിന്റെ ലഭ്യത കുറയുമെന്നാണ് ഈജിപ്ത് പറയുന്നത്. ഈ തർക്കം യുഎസ് ഉടൻ പരിഹരിക്കുമെന്നും പ്രഖ്യാപിച്ച് കൊണ്ട് ജൂണിൽ ട്രംപ് രം​ഗത്ത് വന്നിരുന്നു. എന്നാൽ, ഡാം നിർമ്മിച്ചത് യാതൊരു വിദേശ സഹായവുമില്ലാതെയാണ് എന്ന് പറഞ്ഞുകൊണ്ട് എത്യോപ്യൻ ഉദ്യോഗസ്ഥർ ഈ വാദങ്ങളെ ശക്തമായി എതിർത്തിരുന്നു.

കൊസോവോ-സെർബിയ

1990കളിലെ ബാൾക്കൻ യുദ്ധങ്ങൾക്ക് ശേഷം വർഷങ്ങൾ നീണ്ട സംഘർഷങ്ങൾക്കൊടുവിൽ 2008-ലാണ് കൊസോവോ സെർബിയയിൽ സ്വതന്ത്രമായത്. തൊണ്ണൂറ്റിരണ്ട് രാജ്യങ്ങൾ കൊസോവോയുടെ സ്വാതന്ത്ര്യം അംഗീകരിക്കുന്നുണ്ടെങ്കിലും, സെർബിയൻ സർക്കാർ ഇപ്പോഴും അതിന്റെ പരമാധികാരം അംഗീകരിച്ചിട്ടില്ല. ഈ വർഷം ജൂണിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ വീണ്ടും സംഘർഷങ്ങൾ ആളിക്കത്തി.

സെർബിയയും കൊസോവോയും തമ്മിൽ യുദ്ധത്തിനുള്ള തയ്യാറെടുപ്പിലാണ്. നിങ്ങൾ യുദ്ധത്തിന് കച്ചകെട്ടുകയാണെങ്കിൽ യുഎസ് വ്യാപാരം ബന്ധം വിച്ഛേദിക്കുമെന്ന് ഞാൻ പറഞ്ഞു. അതോടെ അവർ യുദ്ധത്തിൽ നിന്ന് പിന്മാറിയതായി ട്രംപ് പോസ്റ്റ് ചെയ്തു. ഏറ്റുമുട്ടൽ തടയാൻ ട്രംപ് ഇടപെട്ടുവെന്നതിന് തനിക്ക് വിവരങ്ങൾ ലഭിച്ചതായി കൊസോവോ പ്രസിഡന്റ് വ്ജോസ ഒസ്മാനി പറഞ്ഞു.

content summary: Trump’s Nobel ambitions: Seven claims made by the U.S., including involvement in the India-Pakistan conflict

Leave a Reply

Your email address will not be published. Required fields are marked *

×