അഫ്ഗാന്‍-പാക് അതിര്‍ത്തിയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ 58 പാകിസ്താന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാര്‍ വക്താവ് സബീഹുല്ല മുജാഹിദ് അറിയിച്ചു. ഏറ്റുമുട്ടലില്‍ ഒമ്പത് താലിബാന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സിയായ ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഡ്യൂറന്‍ഡ് രേഖയ്ക്ക് സമീപമുള്ള പാകിസ്താന്‍ സൈനിക താവളങ്ങള്‍ക്ക് നേരെയുണ്ടായ ‘പ്രത്യാക്രമണത്തിന്’ തൊട്ടുപിന്നാലെ, രാജ്യത്തിന്റെ അതിര്‍ത്തികള്‍ ‘സംരക്ഷിക്കാന്‍ അഫ്ഗാന്‍ സൈന്യം പൂര്‍ണ്ണ സജ്ജമാണ്’ എന്ന് അഫ്ഗാനിസ്ഥാന്റെ പ്രതിരോധ മന്ത്രി മൗലവി മുഹമ്മദ് യാക്കൂബ് മുജാഹിദ് അറിയിച്ചിരുന്നു.
പാകിസ്താന്റെ ‘തുടര്‍ച്ചയായ പ്രകോപനങ്ങള്‍ക്ക്’ താലിബാന്‍ സര്‍ക്കാര്‍ ‘ശക്തമായ മറുപടി’ നല്‍കിയെന്ന് യാക്കൂബ് മുജാഹിദ് വ്യക്തമാക്കി. ഹെല്‍മന്ദ്, കാണ്ഡഹാര്‍, പക്തിക, ഖോസ്ത്, പക്തിയ, സാബുള്‍, നംഗര്‍ഹാര്‍, കുനാര്‍ എന്നീ പ്രവിശ്യകളിലെ സൈനിക, അര്‍ദ്ധസൈനിക ഔട്ട്പോസ്റ്റുകള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം സൈനിക നടപടികള്‍ അവസാനിച്ചു. ഈ ഘട്ടത്തില്‍, പാകിസ്താന്‍ ‘വീണ്ടും തെറ്റുകള്‍ ആവര്‍ത്തിച്ചാല്‍’, കാബൂളിന്റെ പ്രതികരണം ‘മുമ്പത്തേക്കാള്‍ കഠിനമായിരിക്കും’ എന്ന് പ്രതിരോധ മന്ത്രി മൗലവി മുഹമ്മദ് യാക്കൂബ് മുജാഹിദ് മുന്നറിയിപ്പ് നല്‍കി. ഡ്യൂറന്‍ഡ് രേഖയില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ ‘ഇസ്ലാമിക് ആര്‍മിക്ക്’ അദ്ദേഹം നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
‘അഫ്ഗാനിസ്ഥാന് അതിന്റെ വ്യോമ, കര അതിര്‍ത്തികള്‍ സംരക്ഷിക്കാന്‍ അവകാശമുണ്ട്, ഒരു ആക്രമണത്തിനും മറുപടി നല്‍കാതിരിക്കില്ല,’ എന്ന് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേ മുജാഹിദ് പറഞ്ഞു.
ഹെല്‍മന്ദ് പ്രവിശ്യയിലെ ബഹ്റാംച ജില്ലയില്‍ ഡ്യൂറന്‍ഡ് രേഖയ്ക്ക് സമീപം അഫ്ഗാന്‍ സൈന്യം ആക്രമണം നടത്തിയതായി അഫ്ഗാനിസ്ഥാനിലെ ഹെല്‍മന്ദ് പ്രവിശ്യാ സര്‍ക്കാര്‍ വക്താവ് മൗലവി മുഹമ്മദ് കാസിം റിയാസ് മാധ്യമങ്ങളെ അറിയിച്ചു. ഈ ആക്രമണത്തിനിടെ, അഫ്ഗാന്‍ സൈന്യം മൂന്ന് പാകിസ്താന്‍ സുരക്ഷാ പോസ്റ്റുകള്‍ പിടിച്ചെടുത്തതായി കാബൂള്‍ ആസ്ഥാനമായുള്ള ഹുരിയത്ത് റേഡിയോയും റിപ്പോര്‍ട്ട് ചെയ്തു.
അഫ്ഗാനിസ്ഥാനുമായുള്ള പ്രധാന അതിര്‍ത്തി ക്രോസിംഗുകള്‍ പാകിസ്താന്‍ അടച്ചതായി റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇരു രാജ്യങ്ങളിലെയും സുരക്ഷാ സേനകള്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലുകളെ തുടര്‍ന്നാണ് നടപടി.
അഫ്ഗാനിസ്ഥാനുമായുള്ള പാകിസ്താന്റെ രണ്ട് പ്രധാന ക്രോസിംഗുകളായ ടോര്‍ഖം, ചമന്‍ എന്നിവിടങ്ങള്‍ ഞായറാഴ്ച അടച്ചു. കൂടാതെ, ഖാര്‍ലാച്ചി, അംഗൂര്‍ അഡ്ഡ, ഗുലാം ഖാന്‍ എന്നിവിടങ്ങളിലെ മൂന്ന് ചെറിയ പാതകളും അടച്ചതായി പ്രാദേശിക ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
ഈ ആഴ്ച ആദ്യം, തലസ്ഥാനമായ കാബൂളിലും രാജ്യത്തിന്റെ കിഴക്കുള്ള ഒരു മാര്‍ക്കറ്റിലും പാകിസ്താന്‍ ബോംബാക്രമണം നടത്തിയെന്ന് അഫ്ഗാന്‍ അധികൃതര്‍ ആരോപിച്ചിരുന്നു. എന്നാല്‍, ഈ ആക്രമണങ്ങളുടെ ഉത്തരവാദിത്തം പാകിസ്താന്‍ ഏറ്റെടുത്തിട്ടില്ല.
Content Summary: Pak-Afghan clash: Taliban claims 58 Pakistani soldiers killed
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.